തിരയുക

ഭീതിയിലാണ്ട ബാല്യം - ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം ഭീതിയിലാണ്ട ബാല്യം - ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം  (ANSA)

യുദ്ധങ്ങൾക്കും മറന്നുപോയ സംഘർഷങ്ങൾക്കുമിടയിൽ ലോകശിശുദിനം: യൂണിസെഫ്

നവംബർ 20-ന് ലോകശിശുദിനം ആചരിക്കാനിരിക്കെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളിലും സംഘർഷങ്ങളിലുംപെട്ട് സഹനങ്ങളിലൂടെ കടന്നുപോകുന്ന ശൈശവത്തെയും ബാല്യത്തെയും അനുസ്മരിച്ചും, സമാധാനത്തിനായുള്ള കുട്ടികളുടെ അവകാശത്തെ എടുത്തുകാട്ടിയും യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും, നാം മറന്നുപോയ പല സംഘർഷങ്ങളിലും പെട്ട് സഹനത്തിലൂടെയാണ് ശിശുക്കളും കുട്ടികളും കടന്നുപോകുന്നതെന്ന് യൂണിസെഫ്. നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെയാണ് പലസ്തീനെ-ഇസ്രായേൽ, ഹൈറ്റി, സിറിയ, സുഡാൻ, ഉക്രൈൻ, യെമൻ എന്നീ പ്രദേശങ്ങളിൽ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ അവസ്ഥയെ പ്രത്യേകം പരാമർശിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിറക്കിയത്.

ലോകമെമ്പാടും കുട്ടികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന യൂണിസെഫ്, ഏതാണ്ട് നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷപ്രദേശങ്ങളിൽ ജീവിക്കുന്നതെന്ന് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ലോകത്ത്  കൊല്ലപ്പെടുകയോ അംഗവൈകല്യങ്ങൾ നേരിടുകയോ ചെയ്ത കുട്ടികളുടെ എണ്ണം കുറഞ്ഞത് ഒരുലക്ഷത്തിഇരുപതിനായിരത്തോളമാണ്. പ്രതിദിനം ഇരുപതോളം കുട്ടികളാണ് യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകളാകുന്നത്. ലോകത്തെ മാനവിക അടിയന്തിരാവസ്ഥയുടെ 80 ശതമാനത്തിനും കാരണം ഇത്തരത്തിലുള്ള സംഘർഷങ്ങളാണെന്ന് യൂണിസെഫ് വ്യക്തമാക്കി. സംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്ന പ്രദേശങ്ങളിൽ, പ്രാഥമിക ആവശ്യങ്ങൾക്കായുള്ള ഭക്ഷണവും ജലവും പോലും എത്തിക്കുന്നതിന് സാധ്യമല്ലെന്നും, ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് ഇത്തരം അവസ്ഥകൾ തള്ളിയിടുന്നതെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

ഗാസാ പ്രദേശത്ത് ഒക്ടോബർ 7-നും നവംബർ 15-നും ഇടയിൽ 4609 കുട്ടികൾ കൊല്ലപ്പെട്ടതായും 9000-ത്തോളം പേർക്ക് പരിക്കേറ്റതായുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേലിൽ ഇതേ കാലയളവിൽ 33 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുഭാഗങ്ങളിലും മരിച്ചവരിൽ മൂന്നിൽ രണ്ടു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

ഉക്രൈനിൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ, കഴിഞ്ഞ ഒക്ടോബർ 8 വരെയുള്ള കണക്കുകൾ പ്രകാരം 1750 കുട്ടികൾ ഇരകളായിട്ടുണ്ട്. ഇവരിൽ 560 കുട്ടികൾ കൊല്ലപ്പെട്ടു.

സിറിയയിൽ പന്ത്രണ്ടു വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ഏതാണ്ട് ഒന്നരക്കോടി ആളുകൾക്ക് മാനവികസഹായം ആവശ്യമായിട്ടുണ്ട്. ഇവരിൽ എഴുപത് ലക്ഷം കുട്ടികളാണ്. ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ അംഗവൈകല്യമുള്ളവരാണ്.

യെമെനിലെയും, സുഡാനിലെയും, ഹൈറ്റിയിലെയും സംഘർഷങ്ങളിലും ദശലക്ഷക്കണക്കിന് കുട്ടികളാണ് ദുരിതമനുഭവിക്കുന്നത് എന്ന് യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

യുദ്ധങ്ങളും സംഘർഷങ്ങളും ആരംഭിക്കുന്നതിന് കുട്ടികൾക്ക് പങ്കില്ലെങ്കിലും, അവയുടെ ദുരിതഫലങ്ങൾ കൂടുതൽ ഏറ്റുവാങ്ങുന്നത് കുട്ടികളാണെന്നും, എന്നാൽ ശിശുക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അവർക്ക് നല്ലൊരു ഭാവി ഉറപ്പാക്കുന്നതിനും ഏവരും ശ്രമിക്കേണ്ടതുണ്ടെന്നും യൂണിസെഫ് പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2023, 22:46