തിരയുക

ഹൈറ്റിയിൽനിന്നുള്ള ഒരു പാതയോരദൃശ്യം ഹൈറ്റിയിൽനിന്നുള്ള ഒരു പാതയോരദൃശ്യം  (ANSA)

ഹൈറ്റിയിൽ പകുതിയോളം ജനങ്ങൾക്ക് മാനവികസഹായമെത്തേണ്ടതുണ്ട്: യൂണിസെഫ്

മുപ്പത് ലക്ഷം കുട്ടികളുൾപ്പെടെ ഹൈറ്റിയിലെ പകുതിയോളം ജനങ്ങൾ സഹനത്തിലൂടെയായാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കരീബിയൻ രാജ്യമായ ഹൈറ്റിയിൽ പകുതിയോളം ജനങ്ങൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഏതാണ്ട് മുപ്പത് ലക്ഷത്തോളം കുട്ടികളാണ് ഹൈറ്റിയിൽ പോഷകാഹാരക്കുറവുൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്നത്. ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിലിൽ യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ നൽകിയ വിവരങ്ങൾ സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ശിശുക്ഷേമനിധി പ്രസിദ്ധീകരിച്ചത്.

ഹൈറ്റിയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പതിനാറ് ലക്ഷത്തോളം ആളുകൾ ഉൾപ്പെടെ ഏതാണ്ട് ഇരുപത് ലക്ഷത്തോളം ആളുകൾ, സായുധരായ അക്രമികളാൽ നിയന്ത്രിക്കപ്പെടുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരിരം കഴിഞ്ഞു. ഈ രംഗത്ത് ദേശീയതലത്തിൽ ഏതാണ്ട് മുപ്പത് ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. ഹൈറ്റിയിലെ നാലിലൊന്ന് കുട്ടികളും തുടർച്ചയായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

രാജ്യത്ത് കോളറ പകർച്ചവ്യാധി മൂലവും ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. കോളറ ബാധിച്ചവരിൽ പകുതിയോളം പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഹൈറ്റിയിലെ സ്ഥിതിഗതികൾ അനുദിനം വഷളാവുകയാണെന്നും, പകുതിയോളം ജനങ്ങൾക്കും മാനവികസഹായം ആവശ്യമുണ്ടനെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ വിശദീകരിച്ചു. സഹായം ആവശ്യമുള്ളവരിൽ പകുതിയോളം ആളുകൾക്കെ അത് ലഭ്യമാകുന്നുള്ളൂ എന്നും, സുരക്ഷാപ്രശ്‌നങ്ങളാലും, മാനവികസഹായമെത്തിക്കുന്നതിനുള്ള സാമ്പത്തികപ്രതിസന്ധികളാലും, രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങൾ തകരാറിലാകുകയാണെന്ന് യുണിസെഫ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

സംഘർഷങ്ങളുടെ ഭാഗമായി രാജ്യത്ത് നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പല കുട്ടികളും സായുധസംഘങ്ങളിൽ ചേരാൻ നിർബന്ധിതമായിട്ടുണ്ട്. രാജ്യതലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിലേക്കുള്ള പ്രധാന വഴികൾ ഇത്തരം സായുധ സംഘങ്ങൾ തടഞ്ഞിരിക്കുകയാണ്.

ഹൈറ്റിയുടെ നിലനിൽപ്പിനായി അന്താരാഷ്ട്രസമൂഹം സഹായങ്ങളെത്തിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2023, 17:45