ഇറാക്ക് സന്ദർശനത്തിന് പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറാക്കിൽ, വിശ്വാസികൾക്കു മദ്ധ്യേയുള്ള സാഹോദര്യത്തിൽ ഇതരമത നേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാർപ്പാപ്പാ.
ബുധനാഴ്ച (03/03/21) വത്തിക്കാനിൽ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ അവസാനത്തിലാണ് ഫ്രാൻസീസ് പാപ്പാ താൻ ഇറാക്കിലേക്ക് വെള്ളിയാഴ്ച (5/03/21) ആരംഭിക്കുന്ന ത്രിദിന ഇടയസന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്.
താൻ നടത്താൻ പോകുന്നത് മൂന്നു ദിവസത്തെ തീർത്ഥാടനമാണെന്നും ഏറെ പീഢിപ്പിക്കപ്പെട്ട ആ ജനതയെ, അബ്രഹാമിൻറെ മണ്ണിൽ രക്തസാക്ഷിയായ സഭയെ, സന്ദർശിക്കണമെന്നത് തൻറെ ദീർഘനാളായുള്ള അഭിലാഷമാണെന്നും പാപ്പാ വെളിപ്പെടുത്തി.
ഈ അപ്പസ്തോലികയാത്ര മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതിനും പ്രതീക്ഷിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും വേണ്ടി പ്രാർത്ഥനാസഹായം പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.
ഇറാക്കിലെ ജനത പാപ്പാസന്ദർശനം പാർത്തിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ ആ ജനത വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ അന്നാട്ടിൽ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആ സന്ദർശനം നടക്കാതെ പോയെന്നും അവരെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്നും പറഞ്ഞു.
ഇറാക്കിൻറെ മണ്ണിൽ പാദമൂന്നുന്ന ആദ്യത്തെ പാപ്പായായിരിക്കും ഫ്രാൻസീസ്. മാർച്ച് 5-8 വരെയാണ് പാപ്പായുടെ ഇറാക്ക് സന്ദർശനം