പാപ്പാ സന്ദർശനം പാർത്തിരിക്കുന്ന ഇറാക്കിൽ  ഫ്രാൻസീസ് പാപ്പായെ സ്വാഗതം ചെയ്യുന്ന വലിയ ചുവർപരസ്യം പാപ്പാ സന്ദർശനം പാർത്തിരിക്കുന്ന ഇറാക്കിൽ ഫ്രാൻസീസ് പാപ്പായെ സ്വാഗതം ചെയ്യുന്ന വലിയ ചുവർപരസ്യം 

ഇറാക്ക് സന്ദർശനത്തിന് പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നു!

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ കാത്തിരുന്ന ഇറാക്കിലെ ജനതയെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്ന് ഫ്രാൻസീസ് പാപ്പാ. ഇറാക്കിൽ പാപ്പായുടെ ഇടയ സന്ദർശനം മാർച്ച് 5-8 വരെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറാക്കിൽ, വിശ്വാസികൾക്കു മദ്ധ്യേയുള്ള സാഹോദര്യത്തിൽ ഇതരമത നേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (03/03/21) വത്തിക്കാനിൽ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ അവസാനത്തിലാണ് ഫ്രാൻസീസ് പാപ്പാ താൻ ഇറാക്കിലേക്ക് വെള്ളിയാഴ്ച (5/03/21) ആരംഭിക്കുന്ന ത്രിദിന ഇടയസന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്.

താൻ നടത്താൻ പോകുന്നത് മൂന്നു ദിവസത്തെ തീർത്ഥാടനമാണെന്നും ഏറെ പീഢിപ്പിക്കപ്പെട്ട ആ ജനതയെ, അബ്രഹാമിൻറെ മണ്ണിൽ രക്തസാക്ഷിയായ സഭയെ, സന്ദർശിക്കണമെന്നത് തൻറെ ദീർഘനാളായുള്ള അഭിലാഷമാണെന്നും പാപ്പാ വെളിപ്പെടുത്തി.

ഈ അപ്പസ്തോലികയാത്ര മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതിനും പ്രതീക്ഷിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും വേണ്ടി പ്രാർത്ഥനാസഹായം പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇറാക്കിലെ ജനത പാപ്പാസന്ദർശനം പാർത്തിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ ആ ജനത വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ അന്നാട്ടിൽ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആ സന്ദർശനം നടക്കാതെ പോയെന്നും അവരെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്നും പറഞ്ഞു.

ഇറാക്കിൻറെ മണ്ണിൽ പാദമൂന്നുന്ന ആദ്യത്തെ പാപ്പായായിരിക്കും ഫ്രാൻസീസ്. മാർച്ച് 5-8 വരെയാണ് പാപ്പായുടെ ഇറാക്ക് സന്ദർശനം

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2021, 14:45