തിരയുക

ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും പഠിപ്പിക്കുന്ന യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും പഠിപ്പിക്കുന്ന യേശു 

വിശ്വാസം സ്വജീവിതമാതൃകയിലൂടെ പ്രഘോഷിക്കുവാൻ ആവശ്യപ്പെടുന്ന ക്രിസ്തു

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മുപ്പത്തിയൊന്നാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 23, 1-12
സുവിശേഷപരിചിന്തനം Mathew 23, 1-12 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നിയമജ്ഞരുടെയും ഫരിസേയരുടെയും പ്രവൃത്തികളിലെ തിന്മയെ ചൂണ്ടിക്കാട്ടുകയും, എന്നാൽ അതേസമയം തന്നെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യർക്ക് വിശ്വാസികൾ നൽകേണ്ട സ്ഥാനത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുകയും ചെയ്യുന്ന യേശുവിനെയാണ് വിശുദ്ധ മത്തായി ഇരുപത്തിമൂന്നാം അധ്യായം ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള തിരുവചനങ്ങളിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിശുദ്ധ മത്തായി (23, 1-12), മർക്കോസ് (12, 38 - 12, 40), ലൂക്കാ (11, 37 - 11, 52; 20, 45 - 20, 47) സുവിശേഷകന്മാർ ഏതാണ്ട് ഒരുപോലെ രേഖപ്പെടുത്തുന്ന ഒരു വചനഭാഗമാണിത്. വാക്കുകളും പ്രവൃത്തികളും തമ്മിൽ സമരസപ്പെട്ടുപോകാത്ത ഒരു ജീവിതശൈലിയെ തെറ്റെന്ന് വിളിക്കുന്ന ദൈവപുത്രനെയാണ് ഇവിടെ നാം കണ്ടുമുട്ടുന്നത്. അത്തരമൊരു ജീവിതശൈലിയെ കപടനാട്യമെന്നാണ് സുവിശേഷം വിശേഷിപ്പിക്കുന്നത്. ദൈവം നൽകിയ അധികാരം വിവേകപൂർവ്വം ഉപയോഗിക്കാൻ മറക്കുന്ന ഒരു നേതൃത്വത്തിനെതിരെയുള്ള പ്രബോധനമാണ് ഇവിടെ എന്ന് നമുക്ക് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം. എന്നാൽ അതേസമയം നിയമജ്ഞരോടും ഫരിസേയരോടുമല്ല, ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമാണ് യേശു ഈ വാക്കുകൾ അരുളിചെയ്യുന്നത് എന്ന സത്യം പരിഗണിക്കുമ്പോൾ, ഈ വാക്കുകളിലൂടെ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നമ്മോട് പറയുന്ന യേശുവിനെ മാത്രമല്ല നാം കാണേണ്ടത്.

പഴയനിയമ അനുശാസനങ്ങളും ദൈവവിശ്വാസവും

ഇന്നത്തെ സുവിശേഷഭാഗത്തെ രണ്ടായി നമുക്ക് തിരിക്കാനാകും. അതിൽ ഒന്നാമത്തേത്, ഒരു വ്യക്തി ഉത്തരവാദിത്വപരമായി വിശ്വാസം ജീവിക്കേണ്ടത് എപ്രകാരമാണ് എന്നതിനെക്കുറിച്ചുള്ള യേശുവിന്റെ കാഴ്ചപ്പാടാണ് (മത്തായി 23, 1-7). വാക്കുകളും പ്രവൃത്തികളും യോജിച്ചുപോകുന്ന രീതിയിൽ വിശ്വാസം ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് യേശു തന്നെ പിന്തുടർന്നിരുന്ന ജനക്കൂട്ടത്തോടും, ശിഷ്യന്മാരോടും പറയുന്നത്. രണ്ടുതരത്തിലാണ് നിയമജ്ഞരും ഫരിസേയരും തെറ്റ് ചെയ്യുന്നതെന്ന് നമുക്ക് സുവിശേഷത്തിലൂടെ കാണാം. ഒന്നാമതായി അവർ, തങ്ങൾക്ക് ദൈവത്തിന്റെ ഹിതപ്രകാരം ലഭിച്ച സ്ഥാനത്തെ അപഹസിക്കുന്നു എന്ന് നമുക്ക് കാണാം. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ, അവർ നിയമജ്ഞരാകട്ടെ, ഫരിസേയാരാകട്ടെ,സാധാരണജനമാകട്ടെ, സഭാനേതൃത്വമാകട്ടെ, ആൽമയാരാകട്ടെ, തങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാൻ ദൈവം ഏൽപ്പിച്ചിരിക്കുന്ന വിശ്വാസസത്യങ്ങളെ ഹൃദയം കൊണ്ട് സ്വീകരിക്കുകയും, അതനുസരിച്ച് ജീവിക്കുകയും, തങ്ങളുടെ ജീവിതമാതൃകയുടെ കൂടി പിൻബലത്തിൽ മറ്റുള്ളവരോട്, ലോകത്തോട് വിളിച്ചുപറയാൻ വിളിക്കപ്പെട്ടവരാണ്. നാമോരുത്തരും നമ്മുടെ വ്യക്തിജീവിതങ്ങളിൽ മനസ്സിലാക്കാനും ഹൃദയത്തിൽ സ്വീകരിക്കാനും ശ്രമിക്കാത്ത ആശയങ്ങളെ, മറ്റുള്ളവരെക്കൊണ്ട് ജീവിപ്പിക്കാൻ പരിശ്രമിക്കുക എന്നത് കാപട്യമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

രണ്ടാമതായി നിയമജ്ഞരും ഫരിസേയരും തെറ്റ് ചെയ്യുന്നത് അവരുടെ ജീവിതശൈലിയിലൂടെയാണ്. മോശയുടെ നിയമപരമ്പര്യമനുസരിച്ച് പ്രാർത്ഥനയുടെ സമയത്ത് വചനം എഴുതിയ ചുരുളുകൾ നെറ്റിയിലും കൈകളിലുമൊക്കെ ധരിച്ച്, വീതിയേറിയ തൊങ്ങലുകളുള്ള വസ്ത്രങ്ങളണിഞ്ഞാണ് അവർ നിന്നിരുന്നത്. ഇത് അവരുടെ വിശ്വാസത്തെയും ഭക്തിയേയുമൊക്കെ കാണിക്കുന്നതിനുവേണ്ടിക്കൂടിയായിരുന്നു. ഒരുതരത്തിൽ മറ്റുള്ളവർക്ക് സാക്ഷ്യത്തിനായിക്കൂടിയാണ് അവർ ഇത് ചെയ്‌തിരുന്നത്‌. ഇത്തരം പ്രവർത്തികൾ അവയിൽത്തന്നെ തെറ്റാണെന്ന് യേശു വിധിക്കുന്നില്ല. എന്നാൽ, ഇത്തരം പ്രവർത്തികളിലൂടെ, "വിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ പ്രധാനപീഠവും, നഗരവീഥികളിൽ അഭിവാദനവും, റബ്ബീ, ഗുരോ, എന്ന അഭിസംബോധനയും" (മത്തായി 23, 6-7) ആഗ്രഹിച്ചാണ് അവർ ഇത് ചെയ്യുന്നത് എന്നതിനാലാണ് വചനം അവരെ കുറ്റം വിധിക്കുന്നത്. ജീവിതത്തിൽ ദൈവവചനം, ദൈവഹിതം എഴുതപ്പെടേണ്ടത്, നെറ്റിയിലും, വസ്ത്രത്തിലും മാത്രമല്ല, അതിലുപരിയായി ഹൃദയത്തിലാണെന്ന സത്യം മറക്കുന്ന ഓരോ "നേതൃത്വവും വിശ്വാസികളും" ഇന്ന് ചെയ്യുന്ന തെറ്റും, നിയമജ്ഞരുടെയും ഫരിസേയരുടെയും തെറ്റ് തന്നെയാണ്. വാക്കുകളിലൂടെയും, പ്രഘോഷത്തിലൂടെയും, ആഘോഷങ്ങളിലൂടെയുമൊക്കെ നാം മറ്റുള്ളവർക്ക് നൽകുന്ന സാക്ഷ്യത്തെക്കാൾ, സത്യസന്ധ്യവും, ആധികാരികവുമായ ജീവിതത്തിലൂടെ നൽകുന്ന സാക്ഷ്യമാണ് മറ്റുള്ളവരെ ദൈവത്തിലേക്കും, വിശ്വാസജീവിതത്തിലേക്കും നയിക്കുക എന്ന് ഇന്നത്തെ സഭാ, അൽമായ നേതൃത്വങ്ങളെയും, നാമോരുത്തരെയും തിരുവചനത്തിലൂടെ യേശു ഉദ്ബോധിപ്പിക്കുകയാണ്. ആയിരത്തിഅഞ്ഞൂറുകളുടെ അവസാനത്തിൽ മിലാൻ അതിരൂപതാധ്യക്ഷനായിരുന്നപ്പോൾ വിശുദ്ധ കാർലോ ബൊറോമിയോ തന്റെ സഹമെത്രാന്മാരോടും പുരോഹിതരോടുമായി പറഞ്ഞ വാക്കുകൾ ഇന്നത്തെ സുവിശേഷവുമായി ഏറെ ബന്ധപ്പെട്ട ഒന്നാണ്: "നിങ്ങൾ ആദ്യം സുവിശേഷം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതരീതിയിലൂടെയാണെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കിൽ ആളുകൾ നിങ്ങളെ പരിഹാസ്യരായ മനുഷ്യരായെ രീതിയിലെ കാണൂ"

തെറ്റുകൾ അനുകരിക്കരുത്, ബോധ്യങ്ങളോടെ ജീവിക്കുക

ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട ഭാഗം ജനക്കൂട്ടത്തിനും തന്റെ ശിഷ്യന്മാർക്കും യേശു നൽകുന്ന ഉപദേശവും ആഹ്വാനവുമാണ് (മത്തായി 23, 8-12). മറ്റുള്ളവരെക്കുറിച്ച്, അവരുടെ ജീവിതത്തിലെ കുറവുകളെക്കുറിച്ച് യേശു സംസാരിക്കുന്നത്, മറ്റുളളവരെ കുറ്റപ്പെടുത്താനും കരിവാരിതേയ്ക്കാനുമല്ല, മറിച്ച് യഥാർത്ഥ വിശ്വാസജീവിതം എപ്രകാരമായിരിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ്. അതുകൊണ്ടാണ് അവൻ ഓർമ്മിപ്പിക്കുക "എന്നാൽ നിങ്ങൾ" അങ്ങനെയാകരുത്. റബ്ബീ എന്നോ നേതാക്കന്മാരെന്നോ വിളിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കരുത്. നിങ്ങൾ ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുത്. നിയമജ്ഞരും ഫരിസേയരും, അന്നത്തെ യഹൂദമതത്തിൽ ഉന്നതസ്ഥാനം വഹിച്ചിരുന്നവർ ആഗ്രഹിച്ചിരുന്നതുപോലെ, മറ്റുള്ളവരുടെമേൽ അധികാരം കാട്ടാനോ, മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടാനോ ആകരുത് നിങ്ങളുടെ പ്രയത്നങ്ങൾ. ദൈവത്തിന് മുൻപിൽ ഏവരും സഹോദരന്മാരാണെന്ന ബോധ്യത്തിൽ, ആരും ആരുടെയും മുകളിലോ താഴെയോ അല്ലെന്ന, ഏവരും ഒരുപോലെ വിശ്വാസജീവിതത്തിലേക്ക്, ദൈവാരാധനയിലേക്ക്, ദൈവാരാജ്യത്തിലേക്ക് ആണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യത്തിൽ ജീവിക്കാനാണ് ഏവരും പരിശ്രമിക്കേണ്ടത് എന്നാണ് തിരുവചനത്തിലൂടെ യേശു ഇന്ന് പഠിപ്പിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ, ലോകത്തിന് മുന്നിൽ ആളാകാൻ പരിശ്രമിക്കുന്നവർ ദൈവത്തിന് മുന്നിൽ ചെറുതായിപ്പോകുമെന്ന് യേശു ഇന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. സ്വയം ചെറുതായി കണ്ട് എളിമയോടെ ജീവിക്കുന്നവരെ ദൈവം ഉയർത്തുമെന്ന സത്യം വചനം ഇന്ന് നമ്മോട് ആവർത്തിക്കുന്നു.

യേശുവിന്റെ ജീവിതം മാതൃകയാക്കുക

സുവിശേഷത്തിലെ യേശു മറ്റുള്ളവരുടെ ജീവിതത്തെ എടുത്ത് കാണിച്ച്, എപ്രകാരം ജീവിക്കരുത്, എപ്രകാരം ജീവിക്കണം എന്ന ഉപദേശങ്ങൾ നൽകുമ്പോൾ, അവൻ പറയാതെ വ്യക്തമാക്കിത്തരുന്ന ചില സത്യങ്ങൾ, അവൻ പറയാതെ കാട്ടിത്തരുന്ന ചില പ്രവൃത്തികൾ നമുക്ക് മുന്നിലുണ്ട്. പിതാവിനെക്കുറിച്ച് പഠിപ്പിക്കുന്ന പുത്രനായ യേശു, തനിക്ക് പിതാവിനോടുള്ള വിധേയയത്വവും, പിതാവിന്റെ ഹിതത്തിന് കുരിശുമരണത്തോളം വഴങ്ങുന്ന എളിമയും അനുസരണയും ജീവിതത്തിൽ പ്രാവർത്തികമാക്കിയാണ് തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ, ഒരു ക്രൈസ്തവന്റെ ജീവിതം എപ്രകാരമായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാനാകും. മറ്റുള്ളവരുടെ ചുമലിൽ ഭാരമുള്ള ചുമടുകൾ വയ്ക്കാനല്ല, ജീവിതഭാരത്താൽ വലഞ്ഞ ദൈവമക്കളുടെ പാപഭാരങ്ങളും വേദനകളും സ്വന്തം ചുമലിലേറ്റാൻ, കുരിശിൽ അവയ്ക്കായി പരിഹാരബലിയായിത്തീരാനാണ് അവൻ സ്വജീവനെ സമർപ്പിക്കുന്നതെന്ന് നമുക്കറിയാം. പ്രധാനപീഠങ്ങളെയല്ല അവൻ പ്രണയിച്ചത്. പാവപ്പെട്ടവരെയും, പാപിയെയും, സമൂഹം തള്ളിക്കളഞ്ഞവരെയുമാണ് അവൻ ചേർത്തുപിടിച്ചത്. മനുഷ്യഹൃദയമാണ് അവന്റെ പ്രിയപ്പെട്ട ഇരിപ്പിടം. ഗുരുവെന്നോ, പിതാവെന്നോ വിളിക്കപ്പെടുന്നതിനേക്കാൾ, പിതൃ, മാതൃ, സാഹോദര്യ സ്നേഹങ്ങളുടെ ചുവയോടെയാണ് യേശുക്രിസ്തു മനുഷ്യരോട് ഇടപെട്ടത്.

സുവിശേഷത്തിനായി തങ്ങൾ എപ്രകാരമാണ് ജീവിതം നൽകിയതെന്ന് വിശുദ്ധ പൗലോസ് തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിന്റെ രണ്ടാം അധ്യായത്തിൽ ഓർമ്മിപ്പിക്കുന്നത് നമുക്ക് അനുസ്മരിക്കാം. മറ്റുള്ളവർക്ക് ഭാരമായിത്തീരാതെ, സ്വയം കഠിനാധ്വാനം ചെയ്‌ത്‌ ജീവിച്ച്, ഒരമ്മ തന്റെ മക്കളോട് പെരുമാറുന്നതുപോലെ സൗമ്യതയോടെ, സ്നേഹത്തോടോടെയാണ് അവർ ദൈവത്തിന്റെ സുവിശേഷവും തങ്ങളുടെ ജീവിതമാതൃകയും മറ്റുള്ളവർക്ക് പകർന്നത് (1 തെസ.  2,7b - 9;13). മറ്റുള്ളവരുടെ വീഴ്‌ചകളും കുറവുകളും നോക്കി കുറ്റം വിധിക്കുന്നതിന് പകരം, ദൈവം അവരിലൂടെയും ഓരോ ജീവിതസാഹചര്യങ്ങളിലൂടെയും പകരുന്ന ഉദ്ബോധനങ്ങളും വിളിയും മനസ്സിലാക്കി സ്വീകരിച്ച് ജീവിക്കാൻ പരിശ്രമിക്കാം. വചനം തന്റെ ഉദരത്തിൽ മാംസമായപ്പോൾ സേവനത്തിന്റെ പാതയെ തിരഞ്ഞെടുത്ത, കൂടുതൽ എളിമയുള്ളവളായിത്തീർന്ന, ദൈവത്തിനായി സ്വജീവിതം മുഴുവൻ സമർപ്പിച്ച പരിശുദ്ധ അമ്മയുടെ ജീവിതമാതൃക നമുക്ക് മുന്നിലുണ്ട്. ദൈവവിശ്വാസം ആത്മാർത്ഥതയോടെ ജീവിക്കാൻ, നമ്മുടെ വിശ്വാസജീവിതം ലോകത്തിന് സ്വീകാര്യമായ മാതൃകയാക്കി മാറ്റാൻ, എളിമയോടെയും സ്നേഹത്തോടെയും ലോകത്തിനും സഹോദരങ്ങൾക്കും യേശുവിനെ പകരാൻ നമുക്കാകട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2023, 12:23