തിരയുക

ഫരിസേയർക്കും നിയമജ്ഞർക്കുമിടയിൽ യേശു ഫരിസേയർക്കും നിയമജ്ഞർക്കുമിടയിൽ യേശു 

സാബത്തിന്റെ കർത്താവും കരുണ നിറഞ്ഞ മനുഷ്യവിമോചകനുമായ ക്രിസ്തു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ പള്ളിക്കൂദാശക്കാലം രണ്ടാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 12, 1-13 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാബത്തുദിനത്തിൽ നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്ന, സാബത്തുദിനം പരിശുദ്ധമായി ആചരിക്കണം എന്ന നിയമം തെറ്റിക്കുന്ന ക്രിസ്‌തുവിനെയും ശിഷ്യന്മാരെയുമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഒന്ന് മുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങളിൽ നാം കണ്ടുമുട്ടുന്നത്. സാബത്തുദിനത്തിൽ ഗോതമ്പിന്റെ കതിരുകൾ പറിച്ച്, ഗോതമ്പുമണികൾ അടർത്തിയെടുത്ത് ഭക്ഷിക്കുന്ന ശിഷ്യന്മാരും അവരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന ക്രിസ്‌തുവുമാണ് ഈ സുവിശേഷഭാഗത്തിന്റെ ആദ്യം നാം കാണുന്നത് (മത്തായി 12, 1-8; മർക്കോസ് 2, 23-28; ലൂക്കാ 6, 1-5) തുടർന്ന് യഹൂദമതനിയമങ്ങൾ കൂടുതലായി പാലിക്കപ്പെടേണ്ട സിനഗോഗിൽവച്ച് സാബത്തുദിവസം രോഗശാന്തി നൽകുന്ന ക്രിസ്തുവും (മത്തായി 12, 9-13; മർക്കോസ് 3, 1-6; ലൂക്കാ 6, 6-11). നിയമത്തിന്റെ കർശനമായ പാലനം ആവശ്യപ്പെടുന്ന ഫരിസേയരുടെ  നീതിബോധത്തിന് അംഗീകരിക്കാനാകാത്ത ഈ രണ്ടു പ്രവൃത്തികളെയും, ദൈവപുത്രനായ ക്രിസ്‌തു ന്യായീകരിക്കുന്നത് വിശുദ്ധ മർക്കോസ്, ലൂക്കാ സുവിശേഷകന്മാരും രേഖപ്പെടുത്തുന്നുണ്ട്.

വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽനിന്ന് പ്രേരിതമായി എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ രണ്ടു സംഭവങ്ങളും, യേശുവിന് സാബത്താചരണത്തെക്കുറിച്ചുള്ള  കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നവയാണ്. മതനിയമങ്ങൾ കർക്കശമായി പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഫരിസേയരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ശിഷ്യന്മാരും യേശുവും ചെയ്യുന്ന ഈ രണ്ട് പ്രവർത്തികളും മനസ്സിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുള്ളവയാണ്.

സാബത്തും വിശക്കുന്ന മനുഷ്യരും

ഗോതമ്പുമണികൾ ഗോതമ്പിൽനിന്ന് പറിച്ചെടുക്കുക എന്ന  പ്രവർത്തി, കൊയ്ത്തിന് തുല്യമാണ്. കായികാധ്വാനം ഒന്നും ചെയ്യാതെ വിശ്രമിക്കേണ്ട സാബത്തുദിനത്തിൽ നിയമം തെറ്റിച്ചു എന്ന കാരണത്താലാണ് ഫരിസേയർ യേശുവിന്റെ ശിഷ്യന്മാരെ കുറ്റപ്പെടുത്തുന്നത്. മറ്റൊരുവന്റെ നിലത്തുനിന്ന് ഗോതമ്പുമണികൾ പറിച്ചു എന്നതല്ല അവരെ സംബന്ധിച്ചിടത്തോളം ശിഷ്യന്മാർ ചെയ്ത കുറ്റം. എന്നാൽ ഇതിന് മറുപടിയായി, ദാവീദും അനുചരന്മാരും ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ച്ചയപ്പം ഭക്ഷിച്ച സംഭവം യേശു അവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഇവിടെ സാബത്തുദിനത്തിൽ പാലിക്കേണ്ട വിശ്രമത്തിന്റെ നിയമത്തെക്കുറിച്ചല്ല യേശു സംസാരിക്കുന്നത്. മറിച്ച് പുരോഹിതന്മാർക്ക് മാത്രം ഭക്ഷിക്കാൻ അനുവാദമുള്ള കാഴ്ച്ചയപ്പം ദാവീദും അനുചരന്മാരും കഴിക്കാനുണ്ടായ കാരണത്തെക്കുറിച്ചാണ് യേശു പറയുന്നത്. അത് അവരുടെ വിശപ്പ് മൂലമാണ്. നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യമുണ്ടോ ഇല്ലയോ എന്നതിനേക്കാൾ, മനുഷ്യന്റെ വിശപ്പിന് മുൻപിൽ നിയമത്തിന്റെ സ്ഥാനമെന്താണ് എന്ന് വ്യക്തമാക്കുകയാണ് യേശു. പുരോഹിതന്മാർ സാബത്തുദിവസം ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ചും യേശു ചോദിക്കുന്നുണ്ട്. സാബത്തുദിനത്തിൽ ആരും വേലചെയ്യാൻ പാടില്ലെങ്കിൽ, എങ്ങനെയാണ് പുരോഹിതർ ദേവാലയത്തിൽവച്ച് നിയമലംഘനം നടത്തുന്നത്? ഇതിന് ന്യായീകരണം ഒന്ന് മാത്രമേയുള്ളൂ, സാബത്തുദിനം ആചരിക്കാൻ ആവശ്യപ്പെടുന്ന നിയമസംഹിത തന്നെയാണ് ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിന്റെ പ്രാധാന്യവും എടുത്തുപറയുന്നത്. ദേവാലയ ശുശ്രൂഷ, സാബത്തുദിനത്തിന്റെ ആചാരണത്തെക്കുറിച്ചുള്ള നിയമത്തിനും മുകളിലാണ്. ഇവിടെയിതാ ദേവാലയത്തെക്കാൾ വലുതും ശ്രേഷ്ഠവുമായ ഒന്നുണ്ട് എന്ന് യേശു ഓർമ്മിപ്പിക്കുന്നു. സാബത്തിന്റെയും കർത്താവായ ദൈവം ഇവിടെയുണ്ട്, ദൈവരാജ്യം ഇവിടെ പ്രഘോഷിക്കപ്പെടുന്നുണ്ട്. നിയമത്തെക്കാൾ വലുത് മനുഷ്യപുത്രനായ ക്രിസ്തുവാണ്.

സാബത്തും രോഗശാന്തിയും

സാബത്തുമായി ബന്ധപ്പെട്ട വിശ്രമത്തിന്റെ നിയമം തെറ്റിക്കുന്നതുപോലെ തന്നെ ഒന്നാണ് സാബത്ത് ദിനത്തിൽ രോഗശാന്തി എന്ന ഒരു പ്രവൃത്തിയിലൂടെ ഒരുവനെ സുഖപ്പെടുത്തുന്നതും. ജീവൻ അപകടത്തിലായിരിക്കുന്ന ഒരുവനെ സൗഖ്യമാക്കുന്നതിനെ ഒരുപക്ഷെ അന്നത്തെ ഫരിസേയർ കുറ്റപ്പെടുത്തുകയില്ലായിരുന്നിരിക്കാം. പക്ഷെ ഇവിടെ യേശു സുഖപ്പെടുത്തുന്നത് വലത്തുകൈ ശോഷിച്ച ഒരുവനെയാണ്. അതായത് ജീവൻമരണപോരാട്ടത്തിലായിരിക്കുന്ന ഒരുവനെയല്ല യേശു സുഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, യാഥാസ്ഥിതികമനഃസ്ഥിതിക്കാരായ യഹൂദരെ സംബന്ധിച്ചിടത്തോളം, അത്യാവശ്യമല്ലാത്ത അത്തരമൊരു രോഗശാന്തി സാബത്ത് ദിനത്തിൽ നടത്തുന്നത് പ്രകോപനപരമായ ഒരു പ്രവർത്തിയാണ്.

മത്തായി തന്റെ സുവിശേഷത്തിൽ എഴുതാത്ത ഒരു പ്രത്യേകത മർക്കോസ്, ലൂക്കാ സുവിശേഷകന്മാർ എഴുതുന്നുണ്ട്. ഈ രണ്ടു സുവിശേഷകരും നിയമജ്ഞരെയും ഫരിസേയരെയും കുറിച്ച് പറയുക ഇങ്ങനെയാണ്, യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്ന് അറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു (മർക്കോസ് 3, 2; ലൂക്ക 6, 7). ജനക്കൂട്ടം യേശുവിൽ കണ്ട ദൈവികതയോ, അവന്റെ മഹിമയോ തിരിച്ചറിയാനോ അംഗീകരിക്കാനോ നിയമജ്ഞർക്കും ഫരിസേയർക്കും സാധിക്കുന്നില്ല എന്ന് മാത്രമല്ല, അവനെതിരെ എന്ത് കുറ്റം കണ്ടുപിടിക്കാൻ സാധിക്കും എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ യേശു അവരോട് ചോദിക്കുന്നുണ്ട്, "നിങ്ങളിലാരാണ്, തന്റെ ആട് സാബത്തിൽ കുഴിയിൽ വീണാൽ പിടിച്ചു കയറ്റാത്തത്? (മത്തായി 12, 11). ആടിനേക്കാൾ വിലപ്പെട്ട ഒരു മനുഷ്യന്റെ ദുരിതാവസ്ഥയിൽനിന്ന് അവനെ മോചിപ്പിക്കുന്നതിന്, ദൈവപുത്രൻ സാബത്ത് കഴിയാൻ നോക്കിയിരിക്കണമെന്ന അധഃപതിച്ച ഒരു സാമൂഹ്യ, മത ചിന്തയിലേക്കാണ് നിയമജ്ഞരും ഫരിസേയർരും വീണുപോയിരിക്കുന്നത്. സാബത്ത് ദിനത്തിൽ നന്മ ചെയ്യുക അനുവദനീയമാണെന്ന്, കൈ ശോഷിച്ച ആ മനുഷ്യനെ സുഖപ്പെടുത്തുന്നതിന് മുൻപ് യേശു നിയമജ്ഞരെയും ഫരിസേയരെയും പഠിപ്പിക്കുന്നതും നാം ഈ സുവിശേഷഭാഗത്ത് കാണുന്നുണ്ട്.

ജീവിതവും ദൈവഹിതവും

നിയമത്തിന്റെ നൂലാമാലകൾക്കപ്പുറം, മനുഷ്യനെ അവന്റെ കുറവുകളോടും വീഴ്ചകളോടും കൂടി മനുഷ്യനായിക്കാണുന്ന ഒരു ദൈവമുണ്ടന്ന് മറന്ന് അവനവനെയും മറ്റുള്ളവരെയും അളക്കാനും വിധിക്കാനും കാത്തിരിക്കുന്ന ഓരോ മനുഷ്യരോടുമാണ് ഇന്നത്തെ സുവിശേഷത്തിന് സംസാരിക്കാനുള്ളത്. നിയമത്തിനുമപ്പുറം വലുത്, നിയമം തന്ന ദൈവമാണ്. അനുഷ്‌ഠാനങ്ങൾക്കാൾ വലുത് മനുഷ്യജീവനാണ്. സമയവും സാഹചര്യവും ഒത്തുവരുന്നതിന് വേണ്ടി കാത്തിരിക്കുക എന്നതിനേക്കാൾ, മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന ഒരു അവസരം പോലും പാഴാക്കിക്കളയാതിരിക്കുക എന്നതാണ്, മനുഷ്യനെ സൃഷ്ടിക്കുകയും, മാനുഷികത എന്തെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ദൈവത്തിന് മുൻപിൽ വിലയേറിയ പ്രവൃത്തി. ഇത്തരമൊരു തിരിച്ചറിവിലേക്ക് വളരാൻ നമ്മെ സഹായിക്കുന്നതാകണം നമ്മുടെ വിശ്വാസവും, നിയമങ്ങളും, ഉദ്ബോധനങ്ങളും. മാനുഷികമായ ആവശ്യങ്ങളാണ് അലങ്കാരികമായ ചടങ്ങുകളെക്കാൾ പ്രധാനപ്പെട്ടതെന്ന് തിരിച്ചയറിയാൻ നാമൊക്കെ ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് സുവിശേഷം വിളിച്ചുപറയുന്നുണ്ട്. “ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക” (മത്തായി 9, 13) എന്ന് ഫരിസേയരോട് പറഞ്ഞ ക്രിസ്തുവിനെ ഉൾക്കൊള്ളാൻ നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട് എന്ന ഒരു ചോദ്യം നമ്മുടെ മുന്നിലുണ്ട്. പഴയനിയമഉടമ്പടികളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമായി കാഴ്‌ചകളും ബലികളുമർപ്പിക്കുന്ന പുരോഹിതവംശത്തിന്റെ ആവർത്തനമല്ല ക്രിസ്തുവിൽ കാണേണ്ടതെന്ന്, മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന, കൂടുതൽ ശ്രേഷ്‌ഠമായ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് ക്രിസ്തു (ഹെബ്രാ. 8, 1-6) എന്ന തിരിച്ചറിലേക്ക് നാം വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധ പൗലോസ് ഹെബ്രായർക്കുള്ള ലേഖനം എട്ടാം അദ്ധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത് മറക്കാതിരിക്കാം. മാറ്റങ്ങൾക്ക് വിധേയമാകുന്ന നിയമങ്ങളേക്കാളും, ആചാരങ്ങളെക്കാളും, ദൈവത്തിനും അവനിലൂടെ നാമറിഞ്ഞ കാരുണ്യത്തിനും നിത്യജീവനും പ്രാധാന്യം കൊടുക്കുന്ന, വേദനയിലും ദുരിതത്തിലുമായിരിക്കുന്ന സഹോദരങ്ങൾക്ക് തുണയാകുന്ന, യഥാർത്ഥ ക്രിസ്തുശിഷ്യരായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. അളവുകൾക്കും പരിധികൾക്കുമപ്പുറം ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2023, 13:06