തിരയുക

തിന്മയുടെ ശക്തിയിൽപ്പെട്ട മനുഷ്യന് മോചനമേകുന്ന ക്രിസ്തു തിന്മയുടെ ശക്തിയിൽപ്പെട്ട മനുഷ്യന് മോചനമേകുന്ന ക്രിസ്തു  (©ruskpp - stock.adobe.com)

ദൈവമക്കളായ മനുഷ്യർക്ക് ആശ്വാസമേകുന്ന മനുഷ്യപുത്രൻ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവാ-മൂശാക്കാലത്തിലെ ഒൻപതാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 8, 23 - 9, 8 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യജീവിതത്തെ ദുസ്സഹമാക്കുന്ന ശക്തികളുടെമേൽ വിജയം നേടുകയും, സഹനത്തിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് യേശു ആശ്വാസമേകുകയും ചെയ്യുന്ന മൂന്ന് അത്ഭുതങ്ങളെക്കുറിച്ചാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഒൻപതാം അദ്ധ്യായം എട്ടു വരെയുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നത്. വിശുദ്ധ മത്തായി സുവിശേഷകനെപ്പോലെ വിശുദ്ധ മർക്കോസ്, ലൂക്കാ ശ്ലീഹന്മാരും ഈ അത്ഭുതങ്ങൾ ചെറിയ മാറ്റങ്ങളോടെ വിവരിക്കുന്നുണ്ട്. ശിഷ്യർക്കൊപ്പം കടലിൽ യാത്ര ചെയ്യുമ്പോൾ അവരുടെ ജീവനുപോലും ഭീഷണിയായി ഉയരുന്ന കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നത്, ഗദറാ ദേശത്തുവച്ച് പിശാചുബാധിതരായ രണ്ടുപേരെ അവരുടെയും, സഞ്ചാരികളായി അതിലെ കടന്നുപോകുന്നവരുടെയും ജീവിതം അപകടം പിടിച്ചതാക്കിയ ബാധയിൽനിന്ന് അവരെ മോചിപ്പിക്കുന്നത്, സാധാരണ മനുഷ്യരെപ്പോലെ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത, ശയ്യാവലംബനായ ഒരു തളർവാദരോഗിക്ക് സൗഖ്യം നൽകുന്നതും, അവന്റെ പാപങ്ങൾ ക്ഷമിക്കുന്നതും ഈ അത്ഭുതങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിക്കുന്നത്.

ഒൻപത് അത്ഭുതങ്ങളും ശിഷ്യത്വവും

വിശുദ്ധ മത്തായി തന്റെ സുവിശേഷത്തിന്റെ എട്ട്, ഒൻപത് അദ്ധ്യായങ്ങളിലായി യേശു പ്രവർത്തിക്കുന്ന വിവിധ അത്ഭുതങ്ങളെക്കുറിച്ചാണ് എഴുതുന്നത്. കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നത്, ശതാധിപന്റെ ഭൃത്യനെ തളർവാദത്തിൽനിന്ന് സുഖപ്പെടുത്തുന്നത്, പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നത്, കൊടുങ്കാറ്റിനെ ശാന്തമാക്കുന്നത്, പിശാചുബാധിതരെ സുഖപ്പെടുത്തുന്നത്, തളർവാദരോഗിയെ സുഖപ്പെടുത്തുന്നത്, രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നത്, ഭരണാധികാരിയുടെ മകളെ ജീവനിലേക്ക് തിരികെ കൊണ്ടുവരുന്നത്, അന്ധർക്ക് കാഴ്ച നൽകുന്നത്, ഊമനെ സുഖമാക്കുന്നത് എന്നീ അത്ഭുതങ്ങളെ മൂന്ന് ഗണങ്ങളായാണ് വിശുദ്ധ മത്തായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഗണത്തിനും ശേഷം ശിഷ്യത്വത്തെക്കുറിച്ചുള്ള യേശുവിന്റെ ഉദ്‌ബോധനങ്ങളും വിശുദ്ധ മത്തായി എഴുതിച്ചേർക്കുന്നുണ്ട്. ഇതിൽ രണ്ടാമത്തെ ഗണം അത്ഭുതങ്ങളാണ് എട്ടാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഒൻപതാം അദ്ധ്യായം എട്ടു വരെയുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. രക്ഷയുടെ വചനം പ്രഘോഷിക്കുകയും, പഠിപ്പിക്കുകയും, സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന യേശു. വചനത്തിലൂടെയും പ്രവർത്തിയിലൂടെയും താൻ മിശിഹാ, രക്ഷകൻ ആണെന്ന സത്യം വിളിച്ചോതുന്ന ക്രിസ്തു. എന്നാൽ അവനെ തിരിച്ചറിയാനും അംഗീകരിക്കാനും മനസ്സുവയ്ക്കാത്ത ഒരു തിരഞ്ഞെടുക്കപ്പെട്ട ജനവും.

കൊടുങ്കാറ്റും അന്ത്യദിനവും

കടലിലൂടെ യാത്ര ചെയ്യുന്ന ശിഷ്യർക്ക് മരണഭയമുണർത്തുന്ന കൊടുങ്കാറ്റിൽനിന്ന്, കടൽക്ഷോഭത്തിൽനിന്ന് സംരക്ഷണം നൽകുന്ന യേശുവിനെയാണ് ഒന്നാമത്തെ അത്ഭുതത്തിൽ നാം കാണുക. പ്രപഞ്ചശക്തികളുടെമേൽ ദൈവത്തിനുള്ള നിയന്ത്രണം വ്യക്തമാക്കുന്ന ഒരു സംഭവമാണിത്. ദൈവസൃഷ്ടിയായ പ്രപഞ്ചത്തിൽ സൃഷ്ടാവായ ദൈവമാണ് നാഥനെന്ന് മനുഷ്യർക്ക് ബോധ്യം നൽകുന്ന ഒരു അനുഭവമാണിത്. കൊടുങ്കാറ്റും വലിയ ഓളങ്ങളുമൊക്കെ ദൈവരാജ്യത്തിന്റെ വരവുമായി ബന്ധപ്പെട്ട ഒരു ചിന്തകൂടി നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. മനുഷ്യപുത്രൻ അന്ത്യദിനത്തിൽ ആഗതനാകുമ്പോൾ ഉണ്ടാകാനിരിക്കുന്ന സംഭവങ്ങളിലേക്കാണ് ഈയൊരു സംഭവം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായത്തിൽ ക്രിസ്തുവിന്റെ രണ്ടാം ആഗമനവുമായി ബന്ധപ്പെട്ടു പറയുന്ന ഇടത്തും ക്ഷാമങ്ങളെക്കുറിച്ചും ഭൂകമ്പത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട് (മത്തായി 24, 7). അതുപോലെ തന്നെ വിശുദ്ധ മത്തായിയുടെ സുവിശേഹസ്മ് ഇരുപത്തിയേഴാം അധ്യായത്തിൽ, യേശുവിന്റെ മരണസമയത്തും ഭൂമി കുലുങ്ങുന്നതും, പാറകൾ പിളർക്കുന്നതുമൊക്കെ വിവരിക്കപ്പെടുന്നുണ്ട് (മത്തായി 27, 51). അങ്ങനെയുള്ള പ്രകൃതിക്ഷോഭത്തിന്റെ ശക്തമായ ഒരു അനുഭവത്തിലൂടെ കടന്നുപോകുന്ന ശിഷ്യന്മാർക്ക് മുന്നിൽ, ദൈവപുത്രൻ ശാന്തത കൊണ്ടുവരികയും, തന്റെ പ്രാഭവം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഭയവും അവിശ്വാസവും ഏതാണ്ട് ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു കാര്യങ്ങളാണ്. വിശ്വാസമുള്ളിടത്ത് ഭയത്തിന് സ്ഥാനമില്ല. നീ യേശുവിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നെങ്കിൽ, നിന്റെ ജീവിതത്തിലെ കാറ്റിലും കോളിലും, നിന്റെ ജീവനുപോലും ഭീഷണിയാകുന്ന പരീക്ഷണങ്ങളിലും യേശുക്രിസ്തുവിലുള്ള നിന്റെ വിശ്വാസം കുറയില്ലെന്ന്, കുറയരുതെന്ന് ഈ സുവിശേഷവചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

പിശാചുബാധിതരും ജീവന്റെ നാഥനും

ഗദറായിൽ പിശാചുബാധിതരെ സുഖപ്പെടുത്തുന്ന സംഭവവും ഇങ്ങനെ ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തപ്പെടുന്ന ഒന്നാണ്. ആളുകൾക്ക് വഴി നടക്കാൻ പോലും ഭയമുളവാക്കുന്ന രീതിയിൽ രണ്ടു മനുഷ്യരെ അപകടകാരികളാക്കിയത് പിശാചാണ്. പന്നികൾ കടലിൽ മുങ്ങിച്ചാകാനും കാരണം ഇതേ പിശാചാണ്. എന്നിട്ടും രണ്ടു മനുഷ്യജീവനുകളെ തിന്മയുടെ ശക്തിയിൽനിന്ന് രക്ഷിച്ച ക്രിസ്തുവിനെ ആ പട്ടണത്തിൽനിന്നുള്ള ആളുകൾ തങ്ങളുടെ അതിർത്തിയിൽനിന്ന് അകറ്റുന്നു. ഈ ജനങ്ങൾ വിജാതീയരായിരുന്നിരിക്കണം. യഹൂദർ അവർക്ക് നിഷിദ്ധമായ പന്നികളെ വളർത്താറില്ല. അതുകൊണ്ടുതന്നെ അത് വിജാതീയരുടെ നാടായിരുന്നിരിക്കണം. അവർക്കിടയിലേക്ക് കടന്നുചെന്ന് അവരുടെ ഇടയിലെ രണ്ടു മനുഷ്യർക്കുവേണ്ടി മാത്രമല്ല, ആ വഴിയേ സഞ്ചരിച്ചിരുന്ന ആളുകൾക്കുവേണ്ടിക്കൂടി യേശു പ്രവർത്തിച്ച നന്മ സ്വീകരിക്കപ്പെടുന്നില്ല എന്നാണ് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ യേശുവിനെ ദൈവപുത്രനായി തിരിച്ചറിയുന്നത് പിശാചാണ്. നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു എന്ന പിശാചുക്കളുടെ ചോദ്യത്തിനുള്ള ഉത്തരം യേശു നൽകുന്നില്ല. എന്നാൽ പിശാചുബാധിതനെ യേശു സ്വാതന്ത്ര്യത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ നമുക്ക് ആ ഉത്തരം വായിച്ചറിയാനാകുന്നുണ്ട്. തിന്മയുടെ അടിമത്തത്തിൽ കഴിയുന്ന മനുഷ്യരെ, ദൈവമക്കളെന്ന അവരുടെ യഥാർത്ഥ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് യേശു ഓരോ മനുഷ്യരുടെയും ജീവിതത്തിൽ ഇടപെടുന്നത്. അവൻ രക്ഷയും ജീവനും ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യവും നൽകുന്ന ദൈവമാണ്.

രോഗവും പാപവും മോചകനായ ക്രിസ്തുവും

മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായത്തിന്റെ ആദ്യഭാഗത്ത് കാണുന്ന തളർവാദരോഗിയെ സുഖപ്പെടുത്തുന്ന സംഭവം പാപങ്ങൾ മോചിക്കാൻ കഴിവുള്ള ദൈവമാണ് യേശു എന്ന ദൈവപുത്രൻ എന്ന് വെളിപ്പെടുത്തുന്ന ഒരു സംഭവമാണ്. താൻ പാപിയാണെന്ന ബോധ്യം ആ തളർവാദരോഗിക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. പാപിയായ ഒരുവന് ദൈവത്തിൽനിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കാനാകില്ല എന്ന യഹൂദസങ്കൽപ്പത്തെ മാറ്റിയെഴുതുകയാണ് യേശു. നിയമജ്ഞർ തിരിച്ചറിയാതിരുന്ന, പാപമോചനം നൽകാൻ കഴിവുള്ള, മനുഷ്യപുത്രനാണ് താനെന്ന് യേശു തെളിയിക്കുന്നത്, ആ തളർവാദരോഗിയുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ടും, അവനെ സൗഖ്യപ്പെടുത്തി, തിരികെ വീട്ടിലേക്ക് പറഞ്ഞുവിട്ടുകൊണ്ടുമാണ്. അവിടെയുണ്ടായിരുന്ന ജനം ഇതുകണ്ട് ദൈവത്തെ മഹത്വപ്പെടുത്തി എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.

എല്ലാത്തിനും മീതെ അധികാരമുള്ള ദൈവപുത്രൻ

മനുഷ്യജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന എല്ലാത്തിനെയും തോൽപ്പിക്കാനും, നിയന്ത്രിക്കാനും തനിക്ക് ശക്തിയുണ്ടെന്നാണ്, കടലിന്റെയും, പിശാചിന്റെയും, രോഗ-പാപങ്ങളുടെയും മേൽ അധികാരം പ്രയോഗിക്കുന്നതിലൂടെ യേശുക്രിസ്തു വെളിവാക്കുന്നതെന്നാണ് ഈ മൂന്ന് അത്ഭുതങ്ങളിലൂടെയും നമ്മൾ മനസ്സിലാക്കുന്നത്. ഇത്തരം തിന്മകളുടെമേൽ വിജയം വരിക്കാൻ മനുഷ്യന് അസാധ്യമാണെന്ന് നമുക്കറിയാം. എന്നാൽ ദൈവപുത്രനും മനുഷ്യപുത്രനുമായ യേശു ക്രിസ്തുവിന് മാത്രമേ ഇത് സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് അവനെ മഹത്വപ്പെടുത്താനുമുള്ള ഒരു വിളികൂടിയാണ് ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. ചുരുക്കത്തിൽ, ദൈവം നൽകുന്ന രക്ഷ സ്വന്തമാക്കുവാൻ, നസ്രായനായ യേശുവിനെ നാഥനും രക്ഷകനുമായി ജീവിതത്തിൽ സ്വീകരിക്കേണ്ടതുണ്ട് എന്ന് നമുക്ക് തിരിച്ചറിയാം.

ഏശയ്യാ പ്രവാചകന്റെ പുസ്തകം നാൽപ്പത്തിയൊന്നാം അധ്യായം എട്ട് മുതലുള്ള വാക്യങ്ങളിൽ, ദൈവത്തിന് ഇസ്രയേലിനോടുള്ള സ്നേഹവും കരുതലും പ്രവാചകൻ എഴുതിവയ്ക്കുന്നുണ്ട്. "ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിറുത്തും" (ഏശയ്യാ 41, 10) എന്ന ഇസ്രായേലിന് നൽകപ്പെടുന്ന വാഗ്‌ദനം ഇന്ന് നമ്മുടെ ജീവിതത്തിലും ധൈര്യമേകട്ടെ. യേശുവിൽ വിശ്വസിച്ചാൽ, അവനെ ജീവന്റെ അമരക്കാരനാക്കിയാൽ നമ്മുടെ ജീവിതതോണി നിത്യമായ നാശത്തിലേക്ക് പതിക്കില്ലെന്ന, നമ്മുടെ ജീവിതത്തിലെ തിന്മകളും, പാപങ്ങളും, രോഗങ്ങളും അകന്നുപോകുമെന്ന, അവൻ എന്നും രക്ഷകനായ ദൈവമായി കൂടെയുണ്ടാകുമെന്ന ചിന്ത നമ്മുടെ ജീവിതങ്ങളിൽ ആശ്വാസവും ആനന്ദവും നിറയ്ക്കട്ടെ. കാനായിലെ കല്യാണവിരുന്നിന്റെ അവസരത്തിൽ "അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ" എന്ന് പരിശുദ്ധ അമ്മ പറയുന്നത് നമുക്ക് ഓർക്കാം. ജീവിതത്തിൽ എപ്പോഴും ദൈവഹിതമറിയുവാനും, അവന്റെ വഴിയേ സഞ്ചരിക്കാനും, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാനും നമുക്ക് സാധിക്കട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2023, 17:05