തിരയുക

സങ്കീർത്തനചിന്തകൾ - 58 സങ്കീർത്തനചിന്തകൾ - 58 

ദുഷ്ടരുടെ പതനവും ദൈവത്തിന്റെ വിജയവും

വചനവീഥി: അൻപത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അൻപത്തിയേഴാം സങ്കീർത്തനം പോലെ, ഗായകസംഘനേതാവിന് "നശിപ്പിക്കരുതേ" എന്ന രാഗത്തിൽ ദാവീദിന്റെ ഗീതം എന്ന തലക്കെട്ടോടെയുള്ള അൻപത്തിയെട്ടാം സങ്കീർത്തനം, ദുഷ്ടരുടെമേൽ ദൈവത്തിന്റെ വിജയവും അധികാരവും പ്രഘോഷിക്കുന്ന കീർത്തനമാണ്. ഈയൊരർത്ഥത്തിൽ മറ്റു സങ്കീർത്തനങ്ങളെക്കാൾ വ്യക്തവും ശക്തവുമായ ശൈലിയിലാണ് അൻപത്തിയെട്ടാം സങ്കീർത്തനം ദൈവത്തെക്കുറിച്ച് സംസാരിക്കുന്നത്. ദൈവത്തിനെതിരെ നിൽക്കുന്ന ശക്തികൾക്ക് വിജയമില്ല. മനുഷ്യജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന വിധികൾ നടത്തുന്ന, അവരുടെ ജീവിതങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പ്രഖ്യാപനം കൂടിയാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്. അത്തരം തിന്മയുടെ ശക്തികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ദുഷ്ടരായ മനുഷ്യരെ കാത്തിരിക്കുന്നത് നാശമാണ്. ദുഷ്ടരുടെ പതനത്തിലൂടെ പ്രകടമാകുന്ന നീതിയുടെ വിജയം നല്ലവരായ മനുഷ്യർക്ക് ആശ്വാസത്തിനും സന്തോഷത്തിനും വകനൽകുമെന്ന് ദാവീദ് ഓർമ്മിപ്പിക്കുന്നു. ദുഷ്ടർക്കെതിരെയുള്ള വ്യക്തിപരമായ പ്രതികാരം എന്നതിനേക്കാൾ, ദൈവത്തിന്റെ നീതിയുടെ വിജയവും, അതുവഴി ദുഷ്ടർ നേരിടേണ്ടിവരുന്ന പരാജയവുമാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്. തെറ്റ് ചെയ്യുകയും ദുഷ്ടതയുടെ മാർഗ്ഗത്തിൽ തുടരുകയും ചെയ്യുന്നവർക്ക് നിത്യമായ വിജയമില്ലെന്ന ഒരു സത്യവും ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാവരുടെയും ഉള്ളറിയുന്ന ദൈവം, കുറവുകളില്ലാത്ത തന്റെ നീതിയനുസരിച്ചാണ് ഈ ലോകത്തെയും അതിലെ മനുഷ്യരെയും വിധിക്കുന്നത്.

ദുഷ്ടരുടെ പ്രവൃത്തികൾ

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ ദുഷ്ടർക്കെതിരെയുള്ള ആരോപണങ്ങളാണ് സങ്കീർത്തകൻ ഉയർത്തുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെ ദുരിതത്തിലാക്കുന്ന, അനീതി നിറഞ്ഞ വിധികളുയർത്തുന്ന ശക്തികൾക്കെതിരെയാണ് സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങൾ: "ശക്തരേ, നിങ്ങളുടെ വിധി നീതിനിഷ്ഠമാണോ? പരാമർത്ഥതയോടെയാണോ നിങ്ങൾ മനുഷ്യമക്കളെ വിധിക്കുന്നത്? നിങ്ങൾ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു. നിങ്ങൾ ഭൂമിയിൽ അക്രമങ്ങൾ അഴിച്ചുവിടുന്നു" (സങ്കീ. 58, 1-2). സങ്കീർത്തനത്തിന്റെ ആദ്യവാക്യത്തിലെ ശക്തർ എന്ന പരിഭാഷ വന്നിരിക്കുന്നത് ഹെബ്രായ ഭാഷയിലെ "എലീം" എന്ന വക്കിൽനിന്നാണ്. ഇതിന് ദേവന്മാർ എന്ന അർത്ഥമുണ്ട്. മനുഷ്യജീവിതത്തെ സ്വാധീനിക്കാൻ കഴിവുള്ള, ഉന്നതമായ വ്യക്തിത്വമുണ്ടാകേണ്ട, ശക്തരായ ആളുകൾ തങ്ങളുടെ അധികാരവും സ്ഥാനവും ദുരുപയോഗം ചെയ്‌ത്‌, സാധാരണക്കാരായ മനുഷ്യർക്കെതിരെ അനീതിപരമായി പ്രവർത്തിക്കുന്നതിനെയാണ് സങ്കീർത്തകൻ കുറ്റപ്പെടുത്തുന്നത്. നന്മയുടെ പ്രതിരൂപങ്ങളാകേണ്ട ഉന്നതർ, ഭൂമിയിൽ സമാധാനം കൊണ്ടുവരേണ്ടതിന് പകരം, തങ്ങളുടെ ഉള്ളിലെ തിന്മയുടെ പ്രതിഫലനമായി അക്രമങ്ങൾക്ക് കാരണങ്ങക്കാരാകുന്നു. പരസ്‌പരം പോരാടാൻ മനുഷ്യരെ ഉപദേശിക്കുന്ന, മനുഷ്യരുടെ ഭാവി പോലും ഇല്ലാതാക്കുന്ന, നമ്മെപ്പോലെതന്നെ ജീവിക്കാൻ സ്വാതന്ത്ര്യമുള്ള മറ്റു മനുഷ്യരുടെ ജീവനെടുക്കാൻ പ്രേരിപ്പിക്കുന്ന, സാധാരണ മനുഷ്യരേക്കാൾ താഴ്ന്ന ജീവിതമൂല്യങ്ങൾ വച്ചുപുലർത്തുന്ന ചില "ശ്രേഷ്ഠർക്കും ഉന്നതർക്കുമെതിരെയാണ്" സങ്കീർത്തകൻ ഇവിടെ ശബ്ദമുയർത്തുന്നത്. ഇസ്രയേലിന്റെ ദൈവത്തിന് മുൻപിൽ മറ്റു ദൈവസങ്കൽപ്പങ്ങളെക്കുറിച്ചോ, സാവൂളിൽനിന് രക്ഷപെട്ടോടിയ തന്നെ വധിക്കാനായി ശബ്ദമുയർത്തിയവരെക്കുറിച്ചോ, ഭൂമിയിൽ തിന്മ പ്രവർത്തിക്കുകയും, അതിനായി മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്യുന്നവരെക്കുറിച്ചോ എഴുതിയതാകാം ഈ വാക്യങ്ങൾ. ഹൃദയത്തിലെ നന്മതിന്മകളാണ് വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാകുന്നത്.

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ ദുഷ്ടരായ, അനീതി നിറഞ്ഞ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചാണ് ദാവീദ് എഴുതുന്നത്. തങ്ങളുടെ ജനനം മുതലേ, നുണയന്മാരായി, തിന്മയിൽ, അപഥമാർഗ്ഗത്തിലാണ് അവർ ചരിക്കുന്നത്. സർപ്പത്തിന് തുല്യം വിഷം നിറഞ്ഞ മനസ്സാണ് അവർക്കുള്ളത്. പാമ്പുകളെ നിയന്ത്രിക്കാൻ കഴിവുള്ള, അവയെ ഉപയോഗിച്ച് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന പാമ്പാട്ടികളെയും, മന്ത്രികരെയും ശ്രവിക്കാനോ, അവരെ അനുസരിക്കാനോ കഴിയാത്തവിധം ബധിരത ബാധിച്ചവരാണവർ. ഉൽപ്പത്തിപുസ്തകത്തിൽ നാം കാണുന്ന, പാപത്തിന്റെ പ്രതീകമായ പാമ്പിന്റെ ചിത്രവും, മനുഷ്യരെ കൊല്ലുവാൻ പോലും കഴിവുള്ള അവയുടെ വിഷവും, ഉണങ്ങാത്ത മുറിവ് അവശേഷിപ്പിക്കുന്ന അണലിയുമൊക്കെയാണ് ദുഷ്ടരായ മനുഷ്യരെക്കുറിച്ച് പറയാൻ ദാവീദ് ഉപയോഗിക്കുന്ന ഉദാഹരണങ്ങൾ. അന്യായമായ വിധികളിലൂടെയും, അർഹിക്കാത്ത ശിക്ഷകളിലൂടെയും, തെറ്റായ ഉപദേശങ്ങളിലൂടെയും, ദുഷ്ടർ സാധാരണ മനുഷ്യരുടെ ജീവിതത്തെ വിലയില്ലാത്തതും ദുരിതപൂർണ്ണവുമാക്കുന്നു എന്ന് സങ്കീർത്തകൻ ഈ വാക്യങ്ങളിലൂടെ എഴുതിവയ്ക്കുന്നു.

ദുഷ്ടർക്കെതിരെയുള്ള പ്രാർത്ഥന

സങ്കീർത്തനത്തിന്റെ ആറ് മുതൽ എട്ട് വരെയുള്ള വാക്യങ്ങൾ ദുഷ്ടർക്കെതിരെ ദാവീദ് ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ്: "ദൈവമേ, അവരുടെ പല്ലു തകർക്കണമേ! കർത്താവേ, യുവസിംഹങ്ങളുടെ ദ്രംഷ്ടകൾ പിഴുതെറിയണമേ! ഒഴുകിമറിയുന്ന ജലം പോലെ അവർ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവർ ചവിട്ടിമെതിക്കപ്പെടുകയും മാഞ്ഞുപോവുകയും ചെയ്യട്ടെ. ഇഴഞ്ഞുപോകുമ്പോൾ അലിഞ്ഞുതീരുന്ന ഒച്ചപോലെയാകട്ടെ അവർ; അവർ സൂര്യപ്രകാശം കാണാൻ ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!" (സങ്കീ. 58, 6-8). സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങളിൽ കണ്ട, വിഷം നിറഞ്ഞ, അനുസരണമില്ലാത്ത പാമ്പുകളെപ്പോലെയുള്ള ദുഷ്ടരുടെ പല്ലുകൾ തകർക്കണമെന്നും, അകാരണമായി പോലും ജീവികളെ കീറിമുറിക്കുന്ന യുവസിംഹങ്ങളെപ്പോലെയുള്ള അവരുടെ ദ്രംഷ്ടകൾ പിഴുതെറിയണമെന്നും ദാവീദ് പ്രാർത്ഥിക്കുന്നു. ഉപയോഗശൂന്യമായി ഒഴുകിപ്പോകുന്ന ജലം പോലെയും, മനുഷ്യരുടെ പാദങ്ങളാൽ ചവിട്ടിമെതിക്കപ്പെടുന്ന പുല്ലുപോലെയും അവരുടെ ജീവിതം ഇല്ലാതാകട്ടെയെന്നും, അവർ മാഞ്ഞുപോകട്ടെയെന്നും അവൻ ദൈവത്തോട് തുടർന്ന് പ്രാർത്ഥിക്കുന്നു. ദുഷ്ടരുടെ നാശം എന്നതിനൊപ്പം, നന്മ പ്രവത്തിക്കാത്ത, അനീതിയിൽ ജീവിക്കുന്ന അവരുടെ തിന്മ ചെയ്യാനുള്ള കഴിവുകളെയും സാധ്യതകളെയും ഇല്ലാതാക്കാൻ കൂടിയാണ് ദാവീദ് ദൈവത്തോട് അപേക്ഷിക്കുന്നത്. ശൂന്യമായ ഒച്ചിന്റെ കൂടുകൾ കണ്ടിരുന്ന അന്നത്തെ ജനം, അവയിൽ വസിച്ചിരുന്ന ഒച്ചുകൾ, ഇഴഞ്ഞുനീങ്ങുന്ന വഴിയിൽ അലിഞ്ഞില്ലാതായിത്തീർന്നതാണെന്ന് കരുതിയിരുന്നിരിക്കാം. സൂര്യപ്രകാശം കാണാത്ത, ജനിക്കുന്നതിനും മുൻപേ മരണമടയുന്ന ചാപിള്ള പോലെ ദുഷ്ടർ ഇല്ലാതാകട്ടെ എന്ന വാക്കുകളിലെ കാഠിന്യം, അനീതി പ്രവർത്തിക്കുന്ന ദുഷ്ടർക്കെതിരെയുള്ള നീതിമാന്റെ വിരോധവും അകൽച്ചയുടെ ആഴവും വ്യക്തമാക്കുന്നുണ്ട്. ദുഷ്ടർ ജനിക്കാതിരുന്നെങ്കിൽ എന്ന ഒരു ചിന്തയാണ് ഇവിടെ നാം കാണുക.

ദുഷ്ടരുടെയും നീതിമാന്മാരുടെയും അവസാനം

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ, ദൈവത്തിലുള്ള വിശ്വാസത്തോടെ, ദുഷ്ടർക്കും നീതിമാന്മാർക്കും എന്താണ് പ്രതിഫലമായി ലഭിക്കുക എന്ന ഒരു ചിന്തയാണ് ദാവീദ് പങ്കുവയ്ക്കുന്നത്. ദുഷ്ടരുടെ പ്രവൃത്തികൾ ഏറെനാൾ നീണ്ടുനിൽക്കില്ല. തങ്ങളുടെ ദുഷ്പ്രവൃത്തികൾ വഴി നേടാമെന്നും, ആസ്വദിക്കാമെന്നും കരുതുന്ന ഫലങ്ങൾ, തങ്ങൾ ആർജ്ജിച്ചവ, അവർക്ക് അനുഭവിക്കാനാകില്ല. "പ്രതികാരം കണ്ടു നീതിമാൻ സന്തോഷിക്കും; ദുഷ്ടരുടെ രക്തത്തിൽ അവൻ കാലുകഴുകും" (സങ്കീ. 58, 10) എന്ന പത്താം വാക്യത്തിന്, കർത്താവ് ദുഷ്ടരുടെമേൽ നീതി നടപ്പാക്കുമ്പോൾ നീതിമാൻ സന്തോഷിക്കും എന്ന അർത്ഥമാണുള്ളത്. ഈ വാക്യങ്ങൾ ഓരോ മനുഷ്യർക്കുമുള്ള ഉദ്‌ബോധനം കൂടിയാണ്. ദുഷ്ടരുടെയും അനീതിപ്രവർത്തിക്കുന്നവയുടെയും പതനം ഒരുവനെ എപ്രകാരം ജ്ഞാനിയാക്കണം എന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. "നിശ്ചയമായും നീതിമാന് പ്രതിഫലമുണ്ട്; തീർച്ചയായും ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട് എന്ന് മനുഷ്യർ പറയും" എന്ന പതിനൊന്നാം വാക്യം, സത്യദൈവത്തിന് കീഴിൽ ന്യായപൂർണ്ണമായ ഒരു വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്ന ദാവീദിന്റെ ബോധ്യമാണ് വിളിച്ചുപറയുന്നത്. തിന്മ പ്രവർത്തിക്കുന്നവരുടെ നാശവും, നന്മപ്രവർത്തിക്കുന്നവരുടെ പ്രതിഫലവും അവൻ ആഗ്രഹിക്കുന്നു.

സങ്കീർത്തനം ജീവിതത്തിൽ

നീതിപൂർവ്വം വിധിക്കുന്ന ഒരു ദൈവത്തെ പുകഴ്ത്തുന്ന, ഭൂമിയുടെയും മനുഷ്യരുടെയും മേൽ ദൈവത്തിനുള്ള അധികാരത്തെ പ്രഘോഷിക്കുന്ന, സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന ശക്തികൾക്കെതിരെ ദാവീദ് എഴുതുന്ന ഒരു പ്രാർത്ഥനയും കീർത്തനവുമായി അൻപത്തിയെട്ടാം സങ്കീർത്തനത്തെ നമുക്ക് കാണാം. ഇസ്രയേലിന്റെ ദൈവത്തെ ആരാധിക്കുന്ന, അവനിലുള്ള വിശ്വാസം മൂലം, സഹനങ്ങളുടെ പാതയിലും വിശ്വാസവും പ്രത്യാശയും കൈവിടാത്ത മനുഷ്യർക്കുള്ള ആശ്വാസവാക്കുകൾകൂടിയാണ് ഈ ഗീതം. ദുരിതങ്ങളുടെയും, അനീതിയുടെയും മുന്നിലും, നിർമ്മലമായ ഒരു ജീവിതം നയിക്കുവാനും, നീതിമാനും, വാഗ്ദാനങ്ങൾ പാലിക്കുന്നവനുമായ സത്യദൈവത്തിൽനിന്നുള്ള സമ്മാനത്തെ മുന്നിൽ കണ്ട് ജീവിക്കുവാനും ദാവീദ് നമ്മെ ആഹ്വാനം ചെയ്യുന്നു. ദുഷ്ടർക്കുള്ള ശിക്ഷയും, നന്മപ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലവും നമുക്ക് ഒരു ഉദ്ബോധനമായി സ്വീകരിക്കുകയും, ന്യായം വിധിക്കുന്ന, നമുക്കൊപ്പം വസിക്കുന്ന ദൈവത്തിൽ, നീതിമാന്മാർക്കൊപ്പം സന്തോഷിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2024, 15:46