തിരയുക

സങ്കീർത്തനചിന്തകൾ - 57 സങ്കീർത്തനചിന്തകൾ - 57 

ചിറകിൻ കീഴിൽ അഭയമേകുന്ന സർവ്വശക്തനായ ദൈവം

വചനവീഥി: അൻപത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാവൂളിൽനിന്ന് ഓടിപ്പോയപ്പോൾ ദാവീദ് ഗുഹയിൽവച്ച് പാടിയ ഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ട അൻപത്തിയേഴാം സങ്കീർത്തനം, ശത്രുക്കളുടെ മുന്നിൽ അഭയമേകുന്ന ദൈവത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.  സാവൂളിൽനിന്ന് രക്ഷപെട്ടോടിയ ദാവീദ് അദുല്ലാം ഗുഹയിൽ അഭയം പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട് 1 സാമുവേൽ 22-ആം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് കാണുന്ന വിവരണമോ, 1 സാമുവേൽ 24-ആം അദ്ധ്യായത്തിൽ എൻഗേദ് മരുഭൂമിയിലുള്ള ഒരു ഗുഹയിൽ വച്ച് ദാവീദും അനുചരന്മാരും ഉണ്ടായിരുന്ന ഗുഹയിൽ സാവൂൾ ഒറ്റയ്ക്ക് പ്രവേശിച്ചുവെങ്കിലും, ദാവീദ് സാവൂളിനെ വധിക്കാതെ വിട്ട സംഭവമോ ആയി ബന്ധപ്പെട്ട ഒരു ഗീതമായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു. അൻപത്തിയാറാം സങ്കീർത്തനവുമായി സാദൃശ്യമുള്ള ഈ സങ്കീർത്തനത്തിന്റെ ഏഴ് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ നൂറ്റിയെട്ടാം സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചുവാക്യങ്ങളിൽ ആവർത്തിക്കപ്പെടുന്നത് നമുക്ക് കാണാം. ശത്രുക്കളിൽനിന്ന് രക്ഷയ്ക്കായി ദൈവത്തോടുള്ള അപേക്ഷയും, സംരക്ഷകനും അഭയവുമായ ദൈവത്തിലുള്ള ശരണവും ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളാണ് ഈ സങ്കീർത്തനത്തിൽ നമുക്ക് കാണാനാകുക (സങ്കീ 57, 1–4, 6–10). ഈ ഭാഗങ്ങളുടെ അവസാനമുള്ള പല്ലവികൾ (സങ്കീ. 57, 5; 11), ദൈവമഹത്വവും ശക്തിയും ഭൂമിയിലെങ്ങും നിറയപ്പെടണമേയെന്നുള്ള പ്രാർത്ഥനയാണ്. പീഡിതനായ ഒരു വിശ്വാസി, ദൈവം തനിക്കേകിയ സംരക്ഷണത്തെ അനുസ്മരിച്ച്, ബലിയർപ്പണവേളയിൽ ആലപിക്കുന്ന കൃതജ്ഞതാഗാനമാണിത്.

ഭീകരമായ ശക്തികളിൽനിന്നും സംരക്ഷണമേകുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള ആദ്യഭാഗത്ത് ദൈവം തനിക്ക് സംരക്ഷണമേകുമെന്ന ഉറപ്പോടെ, തന്നോട് കൃപയുണ്ടാകണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. അൻപത്തിയാറാം സങ്കീർത്തനത്തിൽ നാം കണ്ടതുപോലെ, അപകടകരമായ വഴികളിലൂടെയാണ് ദാവീദ് സാവൂളിൽനിന്ന് രക്ഷപെട്ടോടിയത്. തന്റെ ജീവനുനേരെയുള്ള ഭീഷണി ഇനിയും അകന്നിട്ടില്ലെന്ന്, ഗുഹയുടെ താൽക്കാലിക സംരക്ഷണത്തിന് കീഴിലും ദാവീദ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ കരുണയിലും കൃപയിലും അവൻ അഭയം തേടുന്നു. മറ്റാരിലും ഉറപ്പുള്ള അഭയമില്ലെന്ന് അവന്റെ ഹൃദയം തിരിച്ചറിയുന്നുണ്ട്. ഒരമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെയെന്നപോലെ, ദൈവം തന്നെയും സംരക്ഷിക്കുമെന്ന ചിന്തയോടെയാണ് ദാവീദ് ദൈവത്തിൽ അഭയം തേടുന്നത്. സോളമൻ ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട് രാജാക്കന്മാരുടെ ഒന്നാം പുസ്തകം ആറാം അദ്ധ്യായത്തിൽ കാണുന്ന വിവരണത്തിൽ, ശ്രീകോവിലിൽ സ്ഥാപിക്കപ്പെട്ട, വിടർത്തിയ ചിറകുകളുള്ള തടിയിൽ തീർത്ത കെരൂബുകളുടെ ചിത്രവും നമുക്ക് മുന്നിലുണ്ട്. എല്ലാ അപകടങ്ങളിൽനിന്നും തന്റെ കുഞ്ഞുങ്ങൾക്ക് ഒരമ്മപ്പക്ഷി സംരക്ഷണമേകുന്നതുപോലെ, തന്റെ ദാസനായ ദാവീദിനെ ദൈവം ശത്രുക്കളിൽനിന്നും സംരക്ഷിക്കുന്നുണ്ട്. പതിനേഴ് സങ്കീ 17, 8), മുപ്പത്തിയാറ് (സങ്കീ 36, 7), അറുപത്തിമൂന്ന് (സങ്കീ 63, 7), എന്നീ സങ്കീർത്തനങ്ങളിലും ദൈവത്തിന്റെ ചിറകിൻ കീഴിൽ അഭയം തേടുന്ന വിശ്വാസിയുടെ ചിത്രം നാം കാണുന്നുണ്ട്.

ഭയത്തിന്റെ ആഴങ്ങളിൽ പതിച്ച ദാവീദ്, രക്ഷയ്ക്കായി അത്യുന്നതനായ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണ് രണ്ടും മൂന്നും വാക്യങ്ങളിൽ നാം കാണുന്നത്. അവിടുന്ന് സ്വർഗ്ഗത്തിൽനിന്ന് തനിക്ക് സഹായമേകുമെന്നും, തന്നെ ചവിട്ടിമെതിക്കുന്നവരെ ദൈവം ലജ്ജിപ്പിക്കുമെന്നും, കർത്താവിന്റെ കരുണവും വിശ്വസ്തതയും തനിക്കൊപ്പമുണ്ടാകുമെന്നും ദാവീദ് ഏറ്റുപറയുന്നത് ഇവിടെ കാണാം. ദൈവമാണ് തനിക്കായി എല്ലാം ചെയ്തുതരുന്നതെന്ന ഏറ്റുപറച്ചിലും ദാവീദ് നടത്തുന്നുണ്ട്. ദുരിതങ്ങളുടെയും, അപകടങ്ങളുടെയും മുന്നിൽ, സ്വന്തം ശക്തിയിലെന്നതിനേക്കാൾ, ദൈവത്തിന്റ കരുണയിലും ശക്തിയിലും അഭയം തേടാൻ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവത്തിൽ അഭയം തേടുമ്പോഴും, അവന്റെ ശക്തിയും കാരുണ്യവും അനുഭവിച്ചറിയുമ്പോഴും, തനിക്ക് ചുറ്റും പതിയിരിക്കുന്ന ശത്രുവിന്റെ കെണികൾ ദാവീദ് മറന്നുപോകുന്നില്ലെന്ന് നാലാം വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു: "മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണ് ഞാൻ; അവയുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്; അവയുടെ നാവുകൾ മൂർച്ചയുള്ള വാളുകളും" (സങ്കീ. 57, 4). തന്റെ ശത്രുക്കൾ തന്നെക്കാൾ ശക്തരാണെന്ന തിരിച്ചറിവിൽ കൂടുതൽ ശരണത്തോടെ ദാവീദ് ദൈവത്തിന്റെ കരുണയിൽ അഭയം തേടുന്നു. ഏറ്റവും ശക്തിയോടെ തന്റെ ഇരയെ കടിച്ചുമുറിക്കുന്ന സിംഹത്തെപ്പോലെ ശത്രുക്കളുടെ പ്രവർത്തികളും, ശരീരത്തെ കീറിമുറിക്കുന്ന മൂർച്ചയേറിയ വാൾ പോലെ അവരുടെ നാവുകളും, ജീവിതത്തെ തകർക്കുമ്പോൾ, എല്ലാ വിപത്തുകളിലുംനിന്ന് രക്ഷ നൽകാൻ കഴിവുള്ള, തന്നോട് ചേർന്ന് നിൽക്കുന്നവരെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിക്കാൻ സങ്കീർത്തകൻ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവത്തിന്റെ ശക്തമായ ഈ സംരക്ഷണം തന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതിനാലാണ്, "ദൈവമേ, അങ്ങ് ആകാശത്തിനുമേൽ ഉയർന്നു നിൽക്കണമേ; അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ" (സങ്കീ. 57, 5) എന്ന് അഞ്ചാം വാക്യത്തിൽ ദാവീദ് ഉദ്‌ഘോഷിക്കുന്നത്.

ചതിയുടെ ആഴങ്ങളിൽനിന്നും ദൈവത്തിന്റെ ഉന്നതിയിലേക്ക്

സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത്, തന്റെ ശത്രുക്കൾ തനിക്കെതിരായി ചെയ്യുന്ന പ്രവൃത്തികളും, ദൈവമേകുന്ന സംരക്ഷണവുമാണ് ദാവീദ് എഴുതിവയ്ക്കുന്നത്: "അവർ എന്റെ കാലടികൾക്കു വലവിരിച്ചു; എന്റെ മനസ്സിടിഞ്ഞുപോയി. അവർ എന്റെ വഴിയിൽ കുഴികുഴിച്ചു; അവർ തന്നെ അതിൽ പതിച്ചു" (സങ്കീ. 57, 6). ഏഴ് (സങ്കീ. 7, 15), ഒൻപത് (സങ്കീ.9, 15-16), നൂറ്റിനാൽപ്പത് (സങ്കീ. 140, 4-5), എന്നീ സങ്കീർത്തങ്ങളിലും ആവർത്തിക്കപ്പെടുന്ന ഒരു ചിന്തയാണിത്. ദൈവത്തോടുള്ള സ്തുതിയുടെ മനോഭാവത്തോടെ ഹൃദയം ഉന്നതത്തിലേക്കുയർത്തിയ ദാവീദ് വീണ്ടും, തനിക്കെതിരെ കെണികൾ ഒരുക്കി കാത്തിരിക്കുന്ന ശത്രുക്കളുള്ള ഈ ഭൂമിയിലേക്ക് തിരികെവരുന്നു. തനിക്കെതിരെ വരുന്ന സാവൂളിൽനിന്നും കൂട്ടരിൽനിന്നും രക്ഷപെടാനായി ഗുഹയിൽ അഭയം തേടിയ ദാവീദ്, വിശ്വാസത്തോടെ, ദൈവം തന്നെ സംരക്ഷിക്കുമെന്ന്, ശത്രുക്കൾ തങ്ങളുടെ തന്നെ കെണികളിൽ പതിക്കുമെന്ന് ഏറ്റുപറയുന്നു.

ശത്രുക്കൾ ഉയർത്തുന്ന ഭീതിയുടെ മുന്നിലെ ഭയവും, ദൈവത്തിലുള്ള ശരണവും സംബന്ധിച്ച വിവരണമുൾക്കൊള്ളുന്ന ആദ്യഭാഗത്തിൽനിന്ന് വ്യത്യസ്തമായി, സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത്, ദൈവമേകുന്ന സംരക്ഷണത്തിന്റെയും രക്ഷയുടെയും അനുഭവത്തിനും, പ്രതീക്ഷകൾക്കും മുന്നിൽ, ഹൃദയത്തിൽനിന്നുയരുന്ന സ്തുതികളുടെ വാക്കുകളാണ് നാം കാണുന്നത്. അചഞ്ചലമായ ഹൃദയത്തോടെ, വീണയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ, പ്രഭാതത്തെ ഉണർത്തി, ജനതകളുടെ മധ്യത്തിൽ ദൈവത്തിന് കൃതജ്ഞതയർപ്പിക്കാൻ ദാവീദ് ആഗ്രഹിക്കുന്നു. ദൈവമേകുന്ന രക്ഷയുടെ അനുഭവത്തിന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നവർക്ക്, ആകാശത്തോളം ഉയരുന്ന ദൈവത്തിന്റെ കാരുണ്യവും, മേഘങ്ങളോളം വലുതായ അവന്റെ വിശ്വസ്തതയും പാടിസ്തുതിക്കാതിരിക്കാൻ ആകില്ലല്ലോ. അഞ്ചാം വാക്യത്തിൽ നാം കണ്ട സ്തുതിയുടെ വാക്കുകൾ അവർത്തിച്ചുകൊണ്ടാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്. 

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നിട്ടും, ശത്രുക്കളുടെ ആക്രമണങ്ങളും, ദുഷ്ടരുടെ കെണികളും ദാവീദിന്റെ ജീവിതത്തിൽ വിട്ടകന്നിരുന്നില്ല. എന്നാൽ എത്രയധികം വലിയ ഭീകരതയുടെ മുന്നിലും ദൈവത്തിലുള്ള തന്റെ വിശ്വാസവും ശരണവും ദാവീദ് കൈവിടുന്നില്ല എന്ന് നമുക്ക് കാണാം. സ്വന്തം കരബലത്തിലും, ബുദ്ധിശക്തിയിലും, കഴിവുകളിലും എന്നതിനേക്കാൾ, അത്യുന്നതനായ ദൈവത്തിന്റെ കാരുണ്യത്തിലാണ് അവൻ അഭയം തേടുന്നത്. തന്റെ കുഞ്ഞുങ്ങൾക്ക് ഒരമ്മപ്പക്ഷിയെന്നപോലെ, ദൈവം തനിക്ക് സംരക്ഷണമേകുമെന്ന ദാവീദിന്റെ ചിന്ത, ജീവിതത്തിൽ സമാനമായ വേദനകളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് സ്വന്തമാക്കാൻ സാധിക്കേണ്ടതാണ്. ദുരിതങ്ങൾക്കും, ദുഃഖങ്ങൾക്കും, ഒറ്റപ്പെടലുകൾക്കും, ശത്രുക്കൾ ഉയർത്തുന്ന ഭീഷണികൾക്കും മുന്നിലും, തനിക്ക് സംരക്ഷണമേകാനും, കരം പിടിച്ചുയർത്താനും കഴിവുള്ള ഒരു ദൈവം തന്നെ കാത്തിരിപ്പുണ്ടെന്ന ചിന്ത ഹൃദയത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന മനുഷ്യർക്ക് ജീവിതത്തിൽ ആശ്വാസമനുഭവിക്കാനും, ദൈവത്തിന് സ്തുതിയും കൃതജ്ഞതയും ഉയർത്താനും സാധിക്കും. എല്ലാ വേദനകളുടെയും മുന്നിലും, ദാവീദിനൊപ്പം, "ദൈവമേ, അങ്ങ് ആകാശത്തിനുമേൽ ഉയർന്നു നിൽക്കണമേ! അങ്ങയുടെ മഹത്വവും ഭൂമിയിലെങ്ങും നിറയട്ടെ!" എന്ന് നമുക്കും പ്രാർത്ഥിക്കാം. നമ്മുടെമേലും ദൈവം തന്റെ കൃപ ധാരാളമായി വർഷിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2024, 16:09