തിരയുക

സങ്കീർത്തനചിന്തകൾ - 55 സങ്കീർത്തനചിന്തകൾ - 55 

സുഹൃത്തുക്കളാൽ ചതിക്കപ്പെടുന്നവർ

വചനവീഥി: അൻപത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് തന്ത്രീനാദത്തോടെ ദാവീദിന്റെ പ്രബോധനാഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ടിരിക്കുന്ന അൻപത്തിയഞ്ചാം സങ്കീർത്തനം ദുരിതങ്ങളുടെയും ചതിയുടെയും മുൻപിൽ ഒരുവൻ നടത്തുന്ന വിലാപഗാനമാണ്. ജെറെമിയപ്രവാചകന്റെ പുസ്തകം ഒൻപതാം അധ്യായത്തിൽ യൂദായുടെ അകൃത്യങ്ങൾ വിവരിക്കുന്ന ഭാഗത്തെ അനുകരിച്ചാണ് സങ്കീർത്തനകർത്താവ് ഈ ഗീതം രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. സാമുവലിന്റെ രണ്ടാം പുസ്തകം പതിനഞ്ചുമുതൽ പതിനെട്ട് വരെയുള്ള അദ്ധ്യായങ്ങളിൽ വായിക്കുന്ന, ദാവീദിന്റെ ഉപദേഷ്ടാവായിരുന്ന അഹിഥോഫെൽ, ദാവീദിന്റെ പുത്രനായ ആബ്‌സലോം നടത്തിയ സൈനികവിപ്ലവത്തിൽ,  അവനോട് ചേർന്ന സംഭവം ഈ സങ്കീർത്തനത്തിന്റെ പശ്ചാത്തലമായി കാണുന്നവരുമുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളാൽ ചതിക്കപ്പെട്ട സങ്കീർത്തകൻ, ഉടമ്പടികൾ ലംഘിച്ചവരെ ശിക്ഷിക്കുകയും, തിന്മകൾ ഏറ്റുവാങ്ങേണ്ടിവരുന്നവർക്ക് സംരക്ഷണമേകുകയും ചെയ്യുന്നവനായി ദൈവം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. തന്റെ സാഹചരരും ഉറ്റചങ്ങാതികളുമായിരുന്നവർ തനിക്കെതിരായി തിന്മ ചെയ്‌തതിനാൽ അവരെ മരണം പിടികൂടട്ടേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. മൃദുലമായ സംഭാഷണത്തിനും ഭംഗിയുള്ള വാക്കുകൾക്കും പിന്നിൽ ചതിയുണ്ടായിരുന്നുവെന്ന് അവൻ തിരിച്ചറിയുന്നു. അതേസമയം അഗാധമായ ദുഃഖത്തിന്റെ അനുഭവത്തിന് മുന്നിലും ദൈവത്തിലുള്ള ശരണം സങ്കീർത്തകൻ കൈവെടിയുന്നില്ല എന്നും നമുക്ക് കാണാം. നീതിമാനെ താങ്ങുന്നവനാണ് കർത്താവെന്ന് ദാവീദ് ഏറ്റുപറയുന്നുണ്ട്. കർത്താവിലുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് അവൻ സങ്കീർത്തനം അവസാനിപ്പിക്കുന്നത്. തെറ്റുചെയ്യുന്നവർ ഈ ലോകത്തിൽത്തന്നെ ശിക്ഷിക്കപ്പെടണമെന്ന ഒരു ചിന്തയാണ് സങ്കീർത്തകനെ നയിക്കുന്നത്.

ദാവീദനുഭവിക്കുന്ന ദുരിതാവസ്ഥ

"ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ! എന്റെ യാചനകൾ നിരസിക്കരുതേ! എന്റെ പ്രാർത്ഥന കേട്ട് എനിക്ക് ഉത്തരമരുളേണമേ!" (സങ്കീ. 55, 1-2a) എന്ന തീവ്രമായ പ്രാർത്ഥനയോടെയാണ് ദാവീദ് തന്റെ വിലാപം ആരംഭിക്കുന്നത്. ശക്തമായ കാഠിന്യമേറിയ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താത്ത ഒരു ജീവിതമാതൃകകൂടിയാണ് ദാവീദ് നൽകുന്നത്. സങ്കീർത്തനത്തിന്റെ തുടർന്നുള്ള വാക്യങ്ങളിൽ താൻ അനുഭവിക്കുന്ന വിഷമാവസ്ഥയായെക്കുറിച്ചാണ് സങ്കീർത്തകൻ എഴുതുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ദാവീദിന്റെ വിഷമാവസ്ഥ കടന്നുപോകുന്നത്. ശത്രുക്കളുടെ അട്ടഹാസവും, ദുഷ്ടരുടെ പീഡനങ്ങളും അവനെ പരിഭ്രാന്തനാക്കുന്നു. അവനേൽക്കുന്ന ദ്രോഹങ്ങളും, അവനോടുള്ള അവരുടെ ശത്രുതാമനോഭാവവും സമൂഹത്തിനു മുൻപിൽ അവനനുഭവിക്കുന്ന ഒറ്റപ്പെടലിലേക്കും തിരസ്കാരത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത് (സങ്കീ. 55, 2b-3). ശക്തമായ മാനസികസംഘർഷങ്ങളിലൂടെയാണ് ദാവീദ് കടന്നുപ്പോകുന്നതെന്ന് നാലും അഞ്ചും വാക്യങ്ങൾ വ്യക്തമാക്കുന്നു: "എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്റെ മേൽ നിപതിച്ചിരിക്കുന്നു. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു" (സങ്കീ. 55, 4-5). ഒറ്റപ്പെടലിന്റെയും വേദനകളുടെയും അനുഭവങ്ങൾ സമൂഹത്തിൽനിന്ന് മാറി നിൽക്കാൻ അവനെ പ്രേരിപ്പിക്കുന്നുവെന്ന് ആറുമുതൽ എട്ടുവരെയുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. ഒരു പ്രാവിനെപ്പോലെ വിദൂരങ്ങളിലേക്ക് പറന്നകലാൻ, വിജനതകളിൽ വസിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. കൊടുങ്കാറ്റും ചുഴലിക്കാറ്റും പോലെ തന്റെ ജീവിതത്തെ ആടിയുലയ്ക്കുന്ന ആരോപണങ്ങളിൽനിന്നും ആക്രമണങ്ങളിലും നിന്ന് അകന്ന്, ദൈവത്തിൽ സങ്കേതം തേടാൻ അവൻ ആഗ്രഹിക്കുന്നു (സങ്കീ. 55, 6-8).

ശത്രുവിനെതിരായ ശക്തമായ പ്രാർത്ഥന

സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പതിനഞ്ചുവരെയുളള വാക്യങ്ങളിൽ തന്റെ ശത്രുക്കൾക്കെതിരെ ദൈവത്തോട് പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് നാം കാണുന്നത്. തെറ്റുചെയ്യുന്ന അവരുടെ ഉദ്യമങ്ങൾ പരാജയപ്പെടുത്തണമേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. തനിക്കെതിരെ ഒരുമിച്ചു നിൽക്കുന്ന അവരെ ചിതറിക്കാനായാണ്, അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേയെന്ന് അവൻ അപേക്ഷിക്കുന്നത് (സങ്കീ. 55, 9). തന്റെ ശത്രുക്കളുടെ പൂർണ്ണമായ നാശമാണ് ദാവീദ് ആഗ്രഹിക്കുന്നത്. "അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ" (സങ്കീ. 55, 15) എന്ന് അവൻ പ്രാർത്ഥിക്കുന്നതും അതുകൊണ്ടുതന്നെയാണ്. തന്റെ ശത്രുവിനോട് ഇത്രയധികം വെറുപ്പ് ദാവീദിലുണ്ടാകാൻ കാരണം, അവൻ തന്നോട് ചേർന്ന് നിന്നിരുന്ന സാഹചരനും, ചങ്ങാതിയും ഉറ്റസ്നേഹിതനുമായിരുന്നു എന്നതാണ് (സങ്കീ. 55, 13). ആത്മാർത്ഥതയോടെ പരസ്‌പരം ഉള്ളുതുറന്ന് സംസാരിച്ചിരുന്ന, ദേവാലയത്തിന്റെ വിശുദ്ധിയിൽ ഒരുമയോടെ സമയം ചിലവഴിച്ചിരുന്ന, ഹൃദയത്തോട് ചേർന്ന മനുഷ്യരിൽനിന്നുണ്ടാകുന്ന ചതികളും, അവരേൽപ്പിക്കുന്ന വേദനകളും ഹൃദയത്തിലുളവാക്കുന്ന മുറിവ് ആഴമേറിയതാണ്. "രാവും പകലും അവർ അതിന്റെ മതിലുകളിൽ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളിൽ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്" (സങ്കീ. 55, 10) എന്ന വാക്യത്തിലൂടെയും, തനിക്കരികിലുള്ള അവരുടെ സാന്നിദ്ധ്യത്തിലേക്കാണ് ദാവീദ് വിരൽ ചൂണ്ടുന്നത്. നന്മയും സത്യവും പുലരേണ്ട ഹൃദയങ്ങളിൽ തിന്മ കുടികൊള്ളുന്നത് മനുഷ്യരെ നന്മയുടെയും വിശുദ്ധിയുടെയുംഔന്നിത്യത്തിൽനിന്ന്, തിന്മയുടെ ആഴങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.

ദൈവത്തിൽ ശരണം

സങ്കീർത്തനത്തിന്റെ പതിനാറുമുതലുള്ള വാക്യങ്ങളിൽ, രക്ഷയ്ക്കും അഭയത്തിനുമായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുക. തന്നെ അവൻ കൈവിടില്ലെന്നും, തനിക്ക് രക്ഷ നൽകുമെന്നും, തന്റെ നിലവിളിയുടെ സ്വരം അവൻ കേൾക്കുമെന്നും ദാവീദിന് ഉറപ്പുണ്ട് (സങ്കീ. 55, 16-17). അനേകർ തനിക്കെതിരെ അണിനിരന്നിരിക്കുന്നുവെങ്കിലും, തന്നെ പരിപാലിക്കാൻ കഴിവുള്ളവനാണ് തന്റെ ദൈവമെന്ന ബോധ്യം സങ്കീർത്തകൻ ഏറ്റുപറയുന്നു (സങ്കീ. 55, 18). "അനാദികാലം മുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാർത്ഥന കേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാൽ അവർ കല്പന പാലിക്കുന്നില്ല, ദൈവത്തെ ഭയപ്പെടുന്നുമില്ല" (സങ്കീ. 55, 19) എന്ന വാക്യത്തിൽ, ദുഷ്ടരുടെ പ്രവൃത്തികൾ താനെന്ന ഒരു വ്യക്തിക്കുനേരെ മാത്രമല്ല എന്ന് ദാവീദ് വ്യക്തമാകുന്നുണ്ട്. എല്ലാമറിയുന്ന ദൈവം, ദുഷ്ടരുടെ പ്രവൃത്തികളും കാണുന്നവനാണ് എന്ന സത്യമാണ് സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നത്. മനുഷ്യർക്കെതിരെ തിരിയുന്നവർ, സൃഷ്ടാവും പരിപാലകനുമായ ദൈവത്തിനെതിരെകൂടിയാണ് പ്രവർത്തിക്കുന്നത്. ദൈവഭയമില്ലാത്തതിനാലാണ് ദുഷ്ടർ തങ്ങളുടെ തെറ്റുകളിൽ തുടരുന്നത്.

സൗഹൃദം നടിച്ച്, കൂടെനിന്ന് ചതിക്കുന്ന, ശത്രുവിന്റെ കുടിലതയെ സങ്കീർത്തകൻ വീണ്ടും എടുത്തുപറയുന്നുണ്ട് ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളിൽ: "എന്റെ കൂട്ടുകാരൻ തന്റെ സുഹൃത്തുക്കൾക്കെതിരായി കൈനീട്ടി; അവൻ തന്റെ ഉടമ്പടി ലംഘിച്ചു. അവന്റെ സംസാരം വെണ്ണയെക്കാൾ മൃദുലമായിരുന്നു, പക്ഷെ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകൾ എണ്ണയേക്കാൾ മയമുള്ളവ, എന്നാൽ, അവ ഉറയൂരിയ വാളുകൾ ആയിരുന്നു" (സങ്കീ. 55, 20-21). കൈകൾ ചേർത്തുപിടിച്ചു നടന്നവർ ചതിക്കുമ്പോൾ, സ്നേഹപുരസ്സരം സംസാരിച്ച നാവുകൾ അസത്യപ്രചരണങ്ങൾ നടത്തുമ്പോൾ, ഒരു സാധാരണ മനുഷ്യനനുഭവിക്കുന്ന വേദനയെ ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകും.

ശക്തമായ തിക്താനുഭവങ്ങളുടെ ഇടയിലൂടെ കടന്നുപോകുമ്പോഴും കർത്താവിലുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞ്, അവനിൽ അഭയം തേടാൻ ഏവരെയും സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ ദാവീദ് ആഹ്വാനം ചെയ്യുന്നുണ്ട്: "നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും; നീതിമാൻ കുലുങ്ങാൻ അവിടുന്ന് സമ്മതിക്കുകയില്ല" (സങ്കീ. 55, 22). ശത്രുക്കളെ ദൈവം അഗാധതയിലേക്ക് തള്ളിക്കളയുമെന്നും, അവരുടെ ജീവിതം ആയുസ്സെത്താതെ അവസാനിക്കുമെന്നും ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, "എന്നാൽ, ഞാൻ അങ്ങയിൽ ആശ്രയിക്കും" (സങ്കീ. 55, 23b) എന്ന വാക്കുകളോടെയാണ് സങ്കീർത്തനം അവാസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

എത്രയധികം നിരാശയുടെയും തകർച്ചയുടെയും അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും, ദൈവത്തിലുള്ള പ്രത്യാശ നശിക്കാതെ, എല്ലാമറിയുന്ന, അനാദിമുതലെ സിംഹാസനസ്ഥനായ ദൈവത്തിൽ ശരണമർപ്പിച്ച് ജീവിതം നയിക്കാൻ അൻപത്തിയഞ്ചാം സങ്കീർത്തനത്തിലൂടെ ദാവീദ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടാകേണ്ട സത്യസന്ധതയെക്കുറിച്ചും നേരിനെക്കുറിച്ചുമുള്ള ഒരോർമ്മപ്പെടുത്താൽ കൂടിയാണ് ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകുക. സുഹൃത്തുക്കളെന്ന ഭാവത്തിൽ ചേർന്ന് നിന്ന് മറ്റുള്ളവരെ ചതിക്കാത്ത, ആരുടേയും ഹൃദയങ്ങളെ മുറിപ്പെടുത്താത്ത, ദൈവഭയം നശിക്കാത്ത, വാക്കുകളിൽ തിന്മയൊളിപ്പിക്കാത്ത ഒരു നിഷ്കളങ്ക ജീവിതം നയിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നൊരു ഉദ്‌ബോധനം ദാവീദിന്റെ വാക്കുകളിൽ നമുക്ക് കാണാനാകും. മുറിവേറ്റ ഹൃദയത്തിന്റെ നിലവിളി ദൈവത്തിന് മുന്നിൽ കേൾക്കപ്പെടാതെ പോകില്ലെന്ന് നമുക്ക് മറക്കാതിരിക്കാം. ദൈവത്തിൽ ആശ്രയിച്ച്, ദുഷ്ടതയുടെ മാർഗ്ഗം ഉപേക്ഷിച്ച്, ആത്മാർത്ഥമായ ഒരു ജീവിതസമർപ്പണത്തിലേക്ക് വളരാനും, സത്യസന്ധമായ ദൈവ, മനുഷ്യ സ്നേഹത്തിൽ ആഴപ്പെടാനും നമുക്കാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2024, 15:50