തിരയുക

സങ്കീർത്തനചിന്തകൾ - 54 സങ്കീർത്തനചിന്തകൾ - 54 

ഉറപ്പുള്ള സഹായകനായ ദൈവം

വചനവീഥി: അൻപത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

താൻ ഒറ്റിക്കൊടുക്കപ്പെട്ടതിന്റെ ഭീതിയിൽ ദൈവത്തോട് രക്ഷയ്ക്കായി തീവ്രമായി പ്രാർത്ഥിക്കുന്ന ദാവീദിന്റെ വാക്കുകളാണ് അൻപത്തിനാലാം സങ്കീർത്തനത്തിൽ നാം കാണുന്നത്. സാവൂളിൽനിന്ന് രക്ഷപെടാനായി സിഫ്യർക്കിടയിൽ ദാവീദ് ഒളിച്ചിരുന്ന സമയത്ത് അവർ ദാവീദിനെ ഒറ്റിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രബോധനസങ്കീർത്തനം എഴുതപ്പെട്ടതെന്ന് സങ്കീർത്തനത്തിന്റെ ആമുഖം വ്യക്തമാക്കുന്നു. സാമുവേലിന്റെ ഒന്നാം പുസ്തകം ഇരുപത്തിമൂന്നാം അദ്ധ്യായം പത്തൊൻപതാം വാക്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരണം നാം വായിക്കുന്നുണ്ട്. സാവൂളിന്റെ പിടിയിൽപ്പെടാതിരിക്കാനായി സിഫ് മരുഭൂമിയിലെ കുന്നുകളിൽ ദാവീദ് ഒളിച്ചുതാമസിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. ദാവീദിനെ പിടിക്കാനായി പുറപ്പെട്ട സാവൂളിനും സംഘത്തിനും, തങ്ങളുടെ രാജ്യത്തിനുനേരെ ഫിലിസ്ത്യരുടെ ആക്രമണമുണ്ടായതിനാൽ തിരികെപ്പോകേണ്ടിവരുന്നുണ്ട്. മറ്റാരേക്കാളും ദൈവത്തിൽ ആശ്രയിക്കാനും, പീഡനങ്ങളുടെയും ആക്രമണങ്ങളുടെയും മുന്നിൽ ജീവിക്കേണ്ടിവരുമ്പോൾ പ്രതികാരം ദൈവത്തിന് വിട്ടുകൊടുക്കാനും ഈ സങ്കീർത്തനത്തിലൂടെ ദാവീദ് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച്, അവനു നന്ദിയുടെയും കൃതജ്ഞതയുടെയും ബലികൾ അർപ്പിച്ച് മുന്നോട്ട് പോകുമ്പോൾ, ദൈവം നമ്മെ എല്ലാ കഷ്ടതകളിൽനിന്നും ദുരിതങ്ങളിൽനിന്നും മോചിപ്പിക്കുകയും, നമുക്കെതിരായി നിൽക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും ഈ സങ്കീർത്തനവാക്യങ്ങൾ നമുക്ക് ഉറപ്പുനൽകുന്നുണ്ട്. ദൈവമാണ് ഒരു വിശ്വാസിയുടെ ഉറപ്പുള്ള അഭയവും സഹായകനും.

ദൈവത്തോടുള്ള പീഡിതന്റെ പ്രാർത്ഥന

സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ സാവൂളിനാൽ പീഡിതനായ ദാവീദിന്റെ പ്രാർത്ഥനയാണെന്ന് കാണാം. ഇവയിൽ ആദ്യ രണ്ടു വാക്യങ്ങളിൽ നീതിക്കായും, സംരക്ഷണത്തിനായും പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് നാം കാണുക: "ദൈവമേ, അങ്ങയുടെ നാമത്താൽ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയിൽ എനിക്കു നീതി നടത്തിത്തരണമേ! ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ! എന്റെ അധരങ്ങളിൽനിന്ന് ഉതിരുന്ന വാക്കുകൾ ശ്രദ്ധിക്കണമേ!" (സങ്കീ. 54, 1-2). "ദൈവമേ" എന്ന വാക്കുകളോടെയാണ് ഈ രണ്ടു വാക്യങ്ങളും ആരംഭിക്കുന്നത്. തന്റെ കഴിവുകളിൽനിന്ന് ദൈവത്തിന്റെ നാമത്തിലേക്കും ശക്തിയിലേക്കും ശ്രദ്ധ തിരിക്കുന്നതാണ് ഒരു യഥാർത്ഥ പ്രാർത്ഥനയുടെ മനോഭാവം. "അങ്ങയുടെ നാമത്താൽ" എന്ന പ്രയോഗവും പ്രത്യേകതയുള്ളതാണ്. "യാഹ്‌വെ" എന്ന സ്വന്തം പേരുവെളിപ്പെടുത്തിക്കൊണ്ട് ഇസ്രയേലിന്റെ ദൈവം തന്റെ ജനത്തിന് പേരെടുത്ത് വിളിക്കാൻ തക്ക സ്വന്തം ദൈവമായി മാറിയതിന്റെ അമൂല്യതകൂടി ഈ പ്രാർത്ഥനയിൽ നമുക്ക് കാണാം.  തുടർന്ന് വരുന്ന മൂന്നാം വാക്യത്തിൽ സങ്കീർത്തകൻ തന്റെ ഭീതിയുടെ കാരണം വ്യക്തമാക്കുന്നു: "അഹങ്കാരികൾ എന്നെ എതിർക്കുന്നു; നിർദ്ദയർ എന്നെ വേട്ടയാടുന്നു; അവർക്കു ദൈവചിന്തയില്ല" (സങ്കീ. 54, 3). ഇസ്രായേൽക്കാർത്തന്നെയായ സിഫുകാർ, ദൈവം തിരഞ്ഞെടുത്ത ദാവീദിനെ ഒറ്റിക്കൊടുക്കുമ്പോൾ, അവർ ദൈവത്തിനെതിരായിക്കൂടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ദാവീദിന്റെ രക്ഷ, അവന്റെ ദൈവത്തിന്റെ മഹത്വവും ശക്തിയും കൂടിയാണ് ശത്രുക്കൾക്ക് മുന്നിൽ വെളിവാക്കുന്നത്. ദൈവചിന്തയില്ലാതെ ജീവിക്കുന്ന മനുഷ്യർക്ക് ദൈവഭയമോ, പാപബോധമോ ഇല്ല. അതുകൊണ്ടുതന്നെയാണ് അവർ ദുർബ്ബലരും എതിർക്കാനാകാത്തവരുമായ മനുഷ്യരെ നിർദ്ദയം വേട്ടയാടുന്നത്. സാവൂൾ ദാവീദിനെ പിന്തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രാർത്ഥനയെങ്കിലും, മർദ്ദനങ്ങളുടെയും, പീഡനങ്ങളുടെയും സഹനങ്ങളുടെയും ഇടയിലായിരിക്കുന്ന ഏതൊരു ദൈവവിശ്വാസിക്കും സ്വന്തമാക്കാവുന്ന വാക്കുകളാണ് ഈ പ്രാർത്ഥനയുടേത്. തനിക്ക് മുന്നിൽ കേണപേക്ഷിക്കുന്ന ഭക്തരുടെ ന്യായമായ ആവശ്യങ്ങൾക്ക് ദൈവം ഉത്തരം തരാതിരിക്കില്ലെന്നുള്ള ഒരുറപ്പുകൂടി ഈ വാക്യങ്ങൾ നമുക്ക് നൽകുന്നുണ്ട്.

നീതിമാനായ ദൈവത്തിൽ ആശ്രയം

സാവൂളിന്റെ വേട്ടയാടലിനും, സ്വന്തം ജനത്തിന്റെ ഒറ്റിക്കൊടുക്കപ്പെടലിനും മുന്നിലും നിരാശയിലേക്ക് പതിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്ന ദാവീദിനെയാണ് സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങളിൽ നാം കാണുന്നത്: "ഇതാ, ദൈവമാണ് എന്റെ സഹായകൻ, കർത്താവാണ് എന്റെ ജീവൻ താങ്ങി നിർത്തുന്നവൻ. അവിടുന്ന് എന്റെ ശത്രുക്കളോടു തിന്മകൊണ്ടു പകരം വീട്ടും; അങ്ങയുടെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ!" (സങ്കീ. 54, 4-5). ചരിത്രത്തിലുടനീളം സന്നിഹിതനായി, നീതി നടപ്പാക്കുന്ന ഒരു ദൈവത്തിലാണ് ദാവീദ് അഭയം തേടുന്നത്. ദാവീദിന്റെ ജീവിതത്തിന്റെ നിരവധിയായ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലായിരിക്കണം ഈ വാക്കുകൾ എഴുതപ്പെട്ടത്. താൻ തിരഞ്ഞെടുത്ത ദാവീദിന്റെ ജീവിതത്തിന്റെ വീഴ്ചകളിലും താഴ്ചകളിലും അവൻ അനുതപിച്ച്, വിശ്വാസത്തോടെ തന്നിൽ അഭയം തേടിയണഞ്ഞപ്പോൾ സംരക്ഷണമേകി, കാത്തുപരിപാലിക്കുകയും ദൈവികമായ നീതിയോടെ, കരുണയോടെ പ്രവർത്തിക്കുകയും ചെയ്‌തവനാണ് യാഹ്‌വെ എന്ന ദൈവം. ദൈവത്തോടുള്ള അവിശ്വസ്തതയും, അകൽച്ചയും തിന്മകൾക്കും, നാശത്തിനും കാരണമാകുമെന്നുകൂടി സങ്കീർത്തനവാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വീഴ്ചകളുടെയും, പതനങ്ങളുടെയും, അന്യായമായ ആക്രമണങ്ങളുടെയും, അപഹാസങ്ങളുടെയും മുന്നിൽ നിരാശയിലേക്ക് പതിക്കാതെ, ദൈവത്തിൽ അഭയം തേടാൻ ഈ സങ്കീർത്തനവാക്യങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവമാണ് തന്റെ ഭക്തരുടെ ജീവൻ താങ്ങി നിറുത്തുന്നവൻ. നമ്മുടെ ദുരിതപൂർണ്ണമായ ജീവിതത്തെ അവന്റെ സമാനതകളില്ലാത്ത വിശ്വസ്തതയ്ക്കും ശ്രേഷ്‌ഠമായ നീതിക്കുമാണ് വിട്ടുകൊടുക്കേണ്ടത്.

ദൈവത്തോടുള്ള നന്ദിയുടെ മനോഭാവം

വീഴ്ചകളുടെയും ദുരിതങ്ങളുടെയും മദ്ധ്യത്തിലും ദൈവാശ്രയബോധവും, അവനോടുള്ള നന്ദിയുടെയും ശരണത്തിന്റെയും മനോഭാവവും കൈവെടിയരുതെന്ന് ഓർമ്മിപ്പിക്കുന്നവയാണ് സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങൾ: "ഞാൻ അങ്ങേക്കു ഹൃദയപൂർവ്വം ബലി അർപ്പിക്കും; കർത്താവേ അങ്ങയുടെ ശ്രേഷ്‌ഠമായ നാമത്തിനു ഞാൻ നന്ദി പറയും. അങ്ങ് എന്നെ എല്ലാ കഷ്ടതകളിലുംനിന്ന് മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾ കണ്ടു" (സങ്കീ. 54, 6-7). തനിക്ക് തന്റെ ദൈവം നൽകിയതും, നൽകാനിരിക്കുന്നതുമായ അനുഗ്രഹങ്ങളെ ഓർത്ത് താൻ അവിടുത്തേക്ക് ബലിയർപ്പിക്കുകയും അവിടുത്തെ നാമത്തിന് നന്ദിപറയുകയും ചെയ്യുമെന്ന മനോഹരമായ ഒരു വാഗ്‌ദാനം കൂടിയാണ് ഇവിടെ നമുക്ക് കാണാനാകുക. ഔപചാരികതയുടെയും, കടമയുടെയും പേരിലെന്നതിനേക്കാൾ, ഹൃദയപൂർവ്വമുള്ള ബലിയർപ്പണത്തിന്റെ ശ്രേഷ്ഠത കൂടി ഇവിടെ പരാമർശിക്കപ്പെടുന്നുണ്ടെന്ന് നമുക്ക് കാണാം. പൂർണ്ണമായും ദൈവത്തിൽ ശരണമർപ്പിച്ചാൽ, എല്ലാ കഷ്ടതകളിൽനിന്നും അവൻ നമ്മെ മോചിപ്പിക്കുമെന്നും, അന്യായമായി നമ്മെ പീഡിപ്പിക്കുന്നവരുടെ പതനം നാം കാണുമെന്നും ഈ ഉദ്ബോധനാഗീതം നമുക്ക് ഉറപ്പുനൽകുന്നുണ്ട്. ദൈവമാണ് തന്റെ വിശ്വസ്തജനത്തിനായി നീതി നടപ്പാക്കുക.

സങ്കീർത്തനം ജീവിതത്തിൽ

അൻപത്തിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ശത്രുക്കൾക്കെതിരായ ഒരു പ്രാർത്ഥന എന്നതിനേക്കാൾ ദൈവത്തിലുള്ള ആശ്രയബോധം വിളിച്ചോതുന്ന ഒരു ചെറിയ എന്നാൽ മനോഹരമായ സങ്കീർത്തനമാണിതെന്ന് നമുക്ക് കാണാം. സ്വന്തം കരബലത്തിലോ ബുദ്ധിശക്തിയിലോ, തന്ത്രങ്ങളിലോ ഉള്ള ബോധ്യങ്ങളെക്കാൾ, പൂർണ്ണമായ ദൈവാശ്രയബോധമാണ് യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും സുരക്ഷിതത്വത്തിലേക്കും ഒരു വിശ്വാസിയെ എത്തിക്കുക എന്ന ഒരു ഉദ്‌ബോധനം ഈ സങ്കീർത്തനം നൽകുന്നുണ്ട്. ദൈവത്തെ മറന്നും, അവഗണിച്ചും, എതിർത്തും, മനുഷ്യർക്കെതിരെ അനീതി പ്രവർത്തിച്ചും, കുറ്റംപറഞ്ഞുമുള്ള ഒരു ജീവിതം ഒരിക്കലൂം നിത്യമായ വിജയത്തിലേക്കോ ആനന്ദത്തിലേക്കോ നമ്മെ എത്തിക്കില്ലെന്ന് വിശുദ്ധഗ്രന്ഥത്തിലെ മറ്റനേകം ഉദ്‌ബോധനങ്ങൾ പോലെ ഈ അൻപത്തിനാലാം സങ്കീർത്തനവും നമ്മെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ എന്നും കൂടുതലായി ദൈവപാലനയിൽ ആശ്രയം വയ്ക്കാനും, അവനിൽ ആശ്വാസവും രക്ഷയും കണ്ടെത്താനും ദാവീദിനൊപ്പം നമുക്കും സാധിക്കട്ടെ. തന്റെ ജനത്തെ അവരുടെ തകർച്ചകളിലും വേദനകളിലും നിന്ന് വീണ്ടെടുത്ത്, അവരുടെ ഹൃദയങ്ങളിൽ സമാധാനം നിറയ്ക്കുന്ന ഇസ്രയേലിന്റെ ദൈവത്തിൽ ഹൃദയം നിറഞ്ഞ് ആനന്ദിക്കാനും, അവനുള്ള പരിപൂർണ്ണമായ സമർപ്പണം ജീവിക്കാനും നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2024, 16:18