സ്ലൊവാക്യയുടെ ജീവകാരുണ്യ സഹായം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്ലൊവാക്യയുടെ പ്രസിഡൻറ് ശ്രീമതി സുസാന്ന ചപ്പുത്തൊവാ (Zuzana Čaputová) പാപ്പായ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ജീവകാരുണ്യസഹായം വത്തിക്കാന് കൈമാറി.
ഫ്രാൻസീസ് പാപ്പാ സെപ്റ്റമ്പർ 12-15 വരെ സ്ലൊവാക്യയിൽ നടത്തിയ ഇടയസന്ദർശന വേളയിൽ അന്നാടിൻറെ പ്രസിഡൻറ് വാഗ്ദാനം ചെയ്തിരുന്ന ഈ സഹായം കൈമാറിയതായി അന്നാട് പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ കാര്യാലായം വ്യാഴാഴ്‌ച (21/10/21) ഒരു പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൻറെ ഭാഗമായി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷത്തിലേറെ മുഖാവരണങ്ങൾ, അണുനാശിനി വിളക്കുകൾ, അണുനശീകരണ ഔഷധങ്ങൾ തുടങ്ങിയവയാണ് ഈ സംഭാവനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇതു കൈമാറുന്നതിനോടനുബന്ധിച്ച് സ്ലൊവാക്യയുടെ സ്ഥാനപതി മാരെക്ക് ലിസാൻസ്കി (Marek Lisánsky) വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായി കൂടിക്കാഴ്ച നടത്തി.
ദുർബ്ബലരുടെയും പാർശ്വവത്കൃതരുടെയും കാര്യത്തിൽ സ്ലൊവാക്യയ്ക്കുള്ള ഈ ഔത്സുക്യത്തെ, പരക്ഷേമകാംക്ഷയെ, കർദ്ദിനാൾ പരോളിൻ തദ്ദവസരത്തിൽ അഭിനന്ദിച്ചു.