കറുപ്പിന്‍റെ അഴക് : ക്രിസ്തുമസ് ചിത്രീകരണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. “അമ്മയും കുഞ്ഞും…”
“അമ്മയും കുഞ്ഞും…” ചിത്രീകരണങ്ങള്‍ എന്നും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളവയാണ്. നവോത്ഥാന കാലത്തെ അനുഗൃഹീതരായ ഡാവിഞ്ചി, റാഫേല്‍, ബൊത്തിചേലി, ബെല്ലീനി തുടങ്ങി ആധുനിക കാലത്തെ ചിത്രകാരന്മാര്‍ക്കുവരെ ഇഷ്ടപ്രമേയമാണിത്. ഈ പരമ്പരയുടെ ഇങ്ങേയറ്റത്ത് ചേര്‍ത്തുവായിക്കാവുന്നതാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിനി രോഷെന്‍ ബ്രിട്ടോയുടെ എണ്ണചായത്തിലുള്ള ചിത്രീകരണം.
2. “കറുത്ത ജീവിതങ്ങളും കാമ്യമാണ്…”
പീഡിതരായ കറുത്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈയിടെ ലോകമെങ്ങും അരങ്ങേറിയ Black lives matter - “കറുത്ത ജീവിതങ്ങള്‍ കാമ്യമാണ്…” എന്ന പ്രസ്ഥാനത്തോട് സഹാനുഭാവം പുലര്‍ത്തിക്കൊണ്ടും ആസന്നമാകുന്ന ക്രിസ്തുമസിന്‍റെ പ്രത്യാശ നേര്‍ന്നുകൊണ്ടുമാണ് താന്‍ ഈ ചിത്രീകരണം നടത്തിയതെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗം മലയാളത്തിന്‍റെ അഭ്യൂദയകാംക്ഷിയായ രോഷെന്‍ പറഞ്ഞു. 2020-ലെ ക്രിസ്തുമസ്സിന് ഒരുക്കമായിട്ട് അലങ്കാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇടയിലാണ് ഈ പെയിന്‍റിങ്ങ് പൂര്‍ത്തിയാക്കിയതെന്ന് അതിന്‍റെ പകര്‍പ്പ് പങ്കുവച്ച കലാകാരി അറിയിച്ചു.
3. പ്രത്യാശയുടെ പ്രതീകം
ദിവ്യരക്ഷകനായ യേശുവിന്‍റെ അമ്മയും, അതുവഴി വിശ്വത്തിന്‍റെ മുഴുവന്‍ അമ്മയുമായ കന്യകാമറിയത്തെ ആത്മീയതയില്‍ തങ്ങളുടെ സ്വന്തമായി ലോകം വണങ്ങന്നു; പ്രത്യേകിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളും. ക്രിസ്തുമസ് അനുഭവവും ആത്മീയതയും ആവിഷ്ക്കരിക്കുന്ന റോഷെന്‍ ബ്രിട്ടോയുടെ ഈ എണ്ണചായത്തിലുള്ള ചിത്രം ഒരു മഹാമാരിയുടെ ക്ലേശങ്ങള്‍ക്കു നടുവില്‍ ഉഴലുന്ന സകലര്‍ക്കും പ്രത്യാശയുടെയും അനുഗ്രഹത്തിന്‍റെയും പ്രതീകമാവട്ടെയെന്നും ആശംസിക്കുന്നു.
രോഷനും, ഭര്‍ത്താവ് ബ്രിട്ടോ ബെര്‍ണഡിറ്റ്, മക്കള്‍ ഷോണ്‍, ജോന എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍!