അമ്മയും ഉണ്ണിയും -  എണ്ണച്ചായത്തിലുള്ള ചിത്രീകരണം  - റോഷെന്‍ ബര്‍ണഡിറ്റ് അമ്മയും ഉണ്ണിയും - എണ്ണച്ചായത്തിലുള്ള ചിത്രീകരണം - റോഷെന്‍ ബര്‍ണഡിറ്റ് 

കറുപ്പിന്‍റെ അഴക് : ക്രിസ്തുമസ് ചിത്രീകരണം

ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന കുടുംബിനിയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരിയുമായ രോഷെന്‍ ബ്രിട്ടോയുടെ സൃഷ്ടിയായ എണ്ണച്ചായത്തിലുള്ള ചിത്രം.

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1.  “അമ്മയും കുഞ്ഞും…”
“അമ്മയും കുഞ്ഞും…” ചിത്രീകരണങ്ങള്‍ എന്നും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളവയാണ്. നവോത്ഥാന കാലത്തെ അനുഗൃഹീതരായ ഡാവിഞ്ചി, റാഫേല്‍, ബൊത്തിചേലി, ബെല്ലീനി തുടങ്ങി ആധുനിക കാലത്തെ ചിത്രകാരന്മാര്‍ക്കുവരെ ഇഷ്ടപ്രമേയമാണിത്. ഈ പരമ്പരയുടെ ഇങ്ങേയറ്റത്ത് ചേര്‍ത്തുവായിക്കാവുന്നതാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിനി രോഷെന്‍ ബ്രിട്ടോയുടെ എണ്ണചായത്തിലുള്ള ചിത്രീകരണം.

2.  “കറുത്ത ജീവിതങ്ങളും കാമ്യമാണ്…”
പീഡിതരായ കറുത്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈയിടെ ലോകമെങ്ങും അരങ്ങേറിയ Black lives matter - “കറുത്ത ജീവിതങ്ങള്‍ കാമ്യമാണ്…” എന്ന പ്രസ്ഥാനത്തോട് സഹാനുഭാവം പുലര്‍ത്തിക്കൊണ്ടും ആസന്നമാകുന്ന ക്രിസ്തുമസിന്‍റെ പ്രത്യാശ നേര്‍ന്നുകൊണ്ടുമാണ് താന്‍ ഈ ചിത്രീകരണം നടത്തിയതെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗം മലയാളത്തിന്‍റെ അഭ്യൂദയകാംക്ഷിയായ രോഷെന്‍ പറഞ്ഞു. 2020-ലെ ക്രിസ്തുമസ്സിന് ഒരുക്കമായിട്ട് അലങ്കാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇടയിലാണ് ഈ പെയിന്‍റിങ്ങ് പൂര്‍ത്തിയാക്കിയതെന്ന് അതിന്‍റെ പകര്‍പ്പ് പങ്കുവച്ച കലാകാരി അറിയിച്ചു.

3. പ്രത്യാശയുടെ പ്രതീകം
ദിവ്യരക്ഷകനായ യേശുവിന്‍റെ അമ്മയും, അതുവഴി വിശ്വത്തിന്‍റെ മുഴുവന്‍ അമ്മയുമായ കന്യകാമറിയത്തെ ആത്മീയതയില്‍ തങ്ങളുടെ സ്വന്തമായി ലോകം വണങ്ങന്നു; പ്രത്യേകിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളും. ക്രിസ്തുമസ് അനുഭവവും ആത്മീയതയും ആവിഷ്ക്കരിക്കുന്ന റോഷെന്‍ ബ്രിട്ടോയുടെ ഈ എണ്ണചായത്തിലുള്ള ചിത്രം ഒരു മഹാമാരിയുടെ ക്ലേശങ്ങള്‍ക്കു നടുവില്‍ ഉഴലുന്ന സകലര്‍ക്കും പ്രത്യാശയുടെയും അനുഗ്രഹത്തിന്‍റെയും പ്രതീകമാവട്ടെയെന്നും ആശംസിക്കുന്നു.

രോഷനും, ഭര്‍ത്താവ് ബ്രിട്ടോ ബെര്‍ണഡിറ്റ്, മക്കള്‍ ഷോണ്‍, ജോന എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2020, 14:44