തിരയുക

To the youth of Scholas Occurentes - 3 June 2020. To the youth of Scholas Occurentes - 3 June 2020. 

ദൈവ-മനുഷ്യബന്ധത്തിന്‍റെ കഥപറയുന്ന പാപ്പാ ഫ്രാന്‍സിസ്

ആഗോള മാധ്യമ ദിനസന്ദേശത്തിന്‍റെ ആദ്യഭാഗം ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

അവതരണം : മരിയ ഡാവിനയും
ഫാദര്‍ വില്യം നെല്ലിക്കലും

കഥപറയല്‍ എന്ന മാധ്യമം - ചിന്താമലരുകള്‍

54-Ɔമത് ആഗോള മാധ്യമദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “കഥപറച്ചില്‍ ആശയവിനിമയ ലോകത്തെ ശക്തമായ മാധ്യമം” എന്ന സന്ദേശത്തിന്‍റെ ആദ്യഭാഗമാണ് ഇന്നത്തെ ചിന്താമലരുകള്‍.   പാപ്പായുടെ  സന്ദേശം ശീര്‍ഷകംചെയ്തിരിക്കുന്നത്,   “നിങ്ങളുടെ മക്കളോടും ചെറുമക്കളോടും പറയുവാന്‍വേണ്ടി...” എന്ന പുറപ്പാടു ഗ്രന്ഥത്തിലെ ഉദ്ധരണിയാണ് (പുറപ്പാട് 10 : 2).

1. ആമുഖം 
കഥപറച്ചിലുകള്‍ ജനതകളുടെ നിശ്വാസവും സ്പന്ദനവുമാണ് പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും അല്ലെങ്കില്‍ നാട്ടറിവുകളും സംസ്കാരങ്ങള്‍ക്ക് ജീവവായു നല്കുന്നു. മാധ്യമബാഹുല്യം മൂലം വിവരവിസ്ഫോടനത്തിന് വിധേയമായ ഇക്കാലത്ത് യാഥാര്‍ത്ഥ്യം ആവിഷ്കൃത യാഥാര്‍ത്ഥ്യമായിത്തീരുന്നു. മിഥ്യാവാര്‍ത്തകളും കാലുഷ്യ പ്രചാരണങ്ങളും അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്തെ “സത്യാനന്തരകാലം” എന്നു ചില ചിന്തകര്‍ വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. 

ഈ വര്‍ഷത്തെ ലോക മാധ്യമദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ എത്രയെത്ര കഥകളാണ് യേശു പറഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉല്പത്തിയും പുറപ്പാടും മുതല്‍ അവസാനം വെളിപാടിന്‍റെ പുസ്തകംവരെ എത്രയോ കഥകളാണ്! ഇങ്കാ, മായന്‍ സംസ്കാരങ്ങളുടെയും ഇതിഹാസ കഥാകാരന്മാരുടെയും ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡ‍ത്തില്‍നിന്നു വരുന്ന പാപ്പാ ഫ്രാന്‍സിസ് മാധ്യമദിന സന്ദേശത്തിന് കഥപറച്ചില്‍ വിഷയമാക്കിയത് ഏറെ പ്രസക്തമാണ്.

2. ചരിത്രമായി മാറുന്ന ജീവിതം
ഈ വര്‍ഷത്തെ സന്ദേശം കഥപറച്ചില്‍ എന്ന വിഷയത്തിനായി സമര്‍പ്പിക്കുകയാണ്. കാരണം നല്ല കഥകളില്‍ അടങ്ങിയിരിക്കുന്ന സത്യത്തെ നമ്മുടേതാക്കി മാറ്റിയെങ്കില്‍ മാത്രമേ ജീവിതവ്യഗ്രതകള്‍ക്കിടയില്‍ മനുഷ്യന്‍റെ സമചിത്തത നഷ്ടപ്പെടാതിരിക്കൂ എന്നു താന്‍ വിശ്വസിക്കുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പറയുന്നു. കഥകള്‍ നമ്മെ വളര്‍ത്തുന്നവയാണ്, അല്ലാതെ തളര്‍ത്തുന്നവയല്ല. നമ്മുടെ വേരുകളെയും മുന്നോട്ടു നീങ്ങാന്‍ ആവശ്യമായ കരുത്തിനെയും വീണ്ടെടുക്കുന്ന കഥകള്‍ കേള്‍ക്കേണ്ടതും പറയേണ്ടതുമാണ്.
നമ്മെ വലയംചെയ്തിരിക്കുന്ന ശബ്ദകോലാഹലത്തിനു നടുവില്‍, നമുക്കു ചുറ്റുമുള്ള സൗന്ദര്യത്തെക്കുറിച്ചും നമ്മെക്കുറിച്ചു തന്നെയും സംസാരിക്കുന്ന മാനുഷികമായ കഥകള്‍ നമുക്ക് ആവശ്യമുണ്ട്. ആര്‍ദ്രമായ കടാക്ഷത്തോടെ നമ്മുടെ ലോകത്തെയും അതിലെ സംഭവ വികാസങ്ങളെയും പരിഗണിക്കുന്ന ആഖ്യാനമായിരിക്കണം അവ. പരസ്പര ബന്ധമുള്ള, സജീവമായ ഒരു ചിത്രകമ്പളം അല്ലെങ്കില്‍ ശീലയുടെ ഭാഗമാണ് നമ്മള്‍ എന്നു പറയാന്‍ കഴിയുന്നതാണ് ഒരു ആഖ്യാനം അല്ലെങ്കില്‍ കഥ. ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇഴകളെ വെളിവാക്കാന്‍ കഴിവുള്ള ആഖ്യാനമാണ് നമുക്ക് ആവശ്യം.

3. കഥകള്‍ നെയ്തെടുക്കുമ്പോള്‍
മനുഷ്യര്‍ കഥപറയുന്നവരാണ്. ആഹരിക്കാനാവാതെ വരുമ്പോള്‍ വിശക്കുന്നതുപോലെ, കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ ആര്‍ത്തികാട്ടാറുണ്ട്. പലപ്പോഴും നാം അറിയുന്നില്ലെങ്കിലും മുത്തശ്ശിക്കഥകള്‍, നോവലുകള്‍, വാര്‍ത്തകള്‍, സിനിമകള്‍, ഗാനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രൂപത്തില്‍ പുറത്തുവരുന്ന കഥകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അവയില്‍നിന്നെല്ലാം നാം സ്വാംശീകരിക്കുന്ന കഥകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മിക്കവാറും ജീവിതത്തില്‍ നാം തെറ്റും ശരിയും തീരുമാനിക്കുന്നത്. (2) കഥകള്‍ അവയുടെ മുദ്ര നമ്മില്‍ പതിപ്പിക്കുന്നു, നമ്മുടെ സ്വഭാവത്തെയും ബോധ്യങ്ങളെയും അവ രൂപപ്പെടുത്തുന്നു. നാം ആരാണെന്ന് സ്വയം മനസ്സിലാക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും കഥകള്‍ നമ്മെ സഹായിക്കുന്നു.

ജീവിതത്തിലെ വ്രണിതഭാവത്തിന്‍റെ നഗ്നത മറയ്ക്കുവാന്‍ വസ്ത്രം ആവശ്യമുള്ളവര്‍ മനുഷ്യര്‍ മാത്രമാണ് (ഉല്പത്തി 3, 2). അതുപോലെ ജീവിതം സുരക്ഷമാക്കുവാന്‍ കഥകള്‍ കുപ്പായമാക്കുന്നവരും മനുഷ്യര്‍തന്നെയാണ്. വസ്ത്രം മാത്രമല്ല നാം നെയ്തെടുക്കുന്നത്, കഥകള്‍ നെയ്തെടുക്കുവാനും മനുഷ്യനു കഴിവുണ്ട്. “തെക്സേരേ...” (texere) എന്ന ലത്തീന്‍ വാക്കാണ് നെയ്തെടുക്കുക എന്ന വാക്കിന്‍റെ ഉല്പത്തി. അതില്‍നിന്നാണ് തീര്‍ച്ചയായും “‌ടെക്സ്റ്റൈല്‍...” (textile) തുണി എന്ന വാക്കും, “ടെക്സ്റ്റ്…” (text) എഴുത്ത് എന്ന വാക്കും മൂലമെടുക്കുന്നത്.
അങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള കഥകള്‍ക്കെല്ലാം തന്നെ പൊതുവായ ഒരു തറിയുണ്ടെന്നു പറയാം (loom).

ഒരു സ്വപ്നത്തെ പിന്തുടര്‍ന്ന് വിഷമകരമായ സാഹചര്യങ്ങളോട് പൊരുതി തിന്മയോട് പോരാടുന്ന ജീവിതത്തിലെ നിത്യനായകന്മാര്‍ ഉള്‍പ്പെടെ, വില്ലന്മാരും ചേര്‍ന്നാണല്ലോ ഒരു കഥ രൂപമെടുക്കുന്നത്. ആ കഥനത്തിലെ നൂലുകള്‍ സ്നേഹമാണ്. ജീവിതത്തില്‍ ധൈര്യംപകരുന്ന പ്രേരകശക്തിയും സ്നേഹമാണ്. അങ്ങനെ പൂര്‍ണ്ണമായും ജീവിതകഥയില്‍ മുഴുകിയാല്‍ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കരുത്താര്‍ജ്ജിക്കുവാന്‍ സിധിക്കും. മനുഷ്യര്‍ കഥപറച്ചിലുകാരാണ്. കാരണം അനുദിന ജീവിതത്തിന്‍റെ ശീലയില്‍ ഇഴചേര്‍ന്ന നാം നമ്മെതന്നെ കഥകളിലൂടെ കണ്ടെത്തുകയും നമ്പന്നമാക്കുകയുമാണ്. ഉല്പത്തി മുതലേ മനുഷ്യജീവിതത്തിന്‍റെ കഥ ഭീഷണി നേരിടുന്നുണ്ട്. തിന്മ മനുഷ്യചരിത്രത്തിലൂടെ മെല്ലെ ഇഴഞ്ഞിഴഞ്ഞു കയറുന്നത് നമുക്കീ കഥയില്‍ കാണുവാന്‍ സാധിക്കും.

4. എല്ലാക്കഥകളും നല്ലതല്ല
“നിങ്ങള്‍ തോട്ടത്തിന്‍റെ നടുവിലുള്ള മരത്തിലെ കനി ഭക്ഷിച്ചാല്‍ ദൈവത്തെപ്പോലെയാകും…” (ഉല്പത്തി 3, 4). ബൈബിളിലെ ആദ്യപുസ്തകം ഉല്പത്തി, Genesis പറയുന്ന ഈ കഥ അനുസരിച്ച്, അഴിക്കാനാവാത്ത ഒരു കുരുക്കുമായാണ് ചരിത്രത്തിന്‍റെ ശീലയിലേയ്ക്ക് തിന്മയുടെ പ്രലോഭനം ഇഴുകിച്ചേര്‍ന്നിരിക്കുന്നത്. “തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിലെ പഴം കൈക്കലാക്കിയാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരും… നിങ്ങള്‍ക്ക് ഇനിയും നേടാം, വാരിക്കൂട്ടാം, സമ്പാദിക്കാം...” എന്നാണ് സാത്താന്‍ മൊഴിഞ്ഞ കഥാസാരം (3).

ഒരു കാര്യം നാം ശ്രദ്ധിക്കണം, ചൂഷണം ലക്ഷ്യമാക്കി കഥപറയുന്നവര്‍ ഇന്നും ഉപയോഗിക്കുന്ന തന്ത്രമാണിത്. നേടുകയും കൈവശപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്താലേ നമുക്ക് എന്നും സന്തോഷവാന്മാരായിരിക്കാന്‍ കഴിയൂ, എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും, നമ്മെ പറഞ്ഞു മയക്കുകയും ചെയ്യുന്നവര്‍ ഇന്നും ധാരാളമുണ്ട്. അങ്ങനെയുള്ള കഥകള്‍ കേട്ട് നാം അറിയാതെ തന്നെ സൊറപറച്ചിലിനും പരദൂഷണത്തിനും അടിമകളായിത്തീരുന്നു. മാത്രമല്ല, നാം മെല്ലെ അക്രമങ്ങളും അപവാദങ്ങളും ഇഷ്ടപ്പെടുന്നവരായി മാറുകയും ചെയ്യുന്നു. മിക്കവാറും ആശയവിനിമയ വേദികളില്‍ എന്താണ് സംഭവിക്കുന്നത്? സാംസ്കാരിക ശീലകളുടെയും സാമൂഹ്യ ബന്ധങ്ങളുടെയും ഇഴകള്‍ അടുപ്പിച്ച് ശക്തമാക്കുന്ന ക്രിയാത്മകമായ കഥകള്‍ക്കു പകരം, സമൂഹം എന്ന നിലയില്‍ നമ്മെ ചേര്‍ത്തുപിടിക്കുന്ന ലോലമായ നൂലുകളെ ദ്രവിപ്പിക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന ഹിംസാത്മകവും പ്രകോപനപരവുമായ കഥകളാണ് ഇന്ന് നാം അധികവും കേള്‍ക്കുന്നത്. സംശോധനചെയ്യാത്ത വിവരങ്ങളുടെ തുണ്ടുകളെ കൂട്ടിയിണക്കിയും, ദൂഷിതവും വഞ്ചനാത്മകവും പ്രേരണാശക്തിയുള്ളതുമായ വാദമുഖങ്ങള്‍ ആവര്‍ത്തിച്ചും, വെറുപ്പുളവാക്കുന്നതും മുറിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ പരക്കെ പങ്കുവച്ചും, വിതരണംചെയ്തും മനുഷ്യചരിത്രം നെയ്തെടുക്കുകയല്ല, മറിച്ച് നാം മനുഷ്യാന്തസ്സിനെ വലിച്ചുകീറുകയാണ് ചെയ്യുന്നത്.

5. നല്ല കഥകളും മോശം കഥകളും
അധികാരത്തിനും ചൂഷണത്തിനുമായി ഉപയോഗിക്കപ്പെടുന്ന കഥകള്‍ അല്പായുസ്സുകളായി മാറുമ്പോള്‍, നല്ലൊരു കഥയ്ക്ക് കാലത്തിന്‍റെയും ദൂരത്തിന്‍റെയും പരിമിതികളെ അതിലംഘിക്കുവാന്‍ കഴിയും. അത്തരത്തിലുള്ള കഥകള്‍ ജീവിതത്തെ പരിപോഷിപ്പിക്കുന്നതു കാരണം നൂറ്റാണ്ടുകള്‍ക്കുശേഷവും അവ കാലികമായി തുടരുന്നു.  വര്‍ദ്ധിച്ച രീതിയില്‍ മിഥ്യാവത്ക്കരണം പരിഷ്കൃതമാകുന്ന ഒരു യുഗത്തില്‍ മനുഷ്യരെ വഴിതെറ്റിക്കുന്ന കഥകള്‍ കണ്ടമാനം തലങ്ങളില്‍ എത്തിച്ചേരുമ്പോള്‍, സുന്ദരവും സത്യവും നന്മയുമായ കഥകളെ സ്വാഗതംചെയ്യുവാനും സൃഷ്ടിക്കുവാനുമുള്ള വിവേകവും തിരിച്ചറിവും നമുക്കുണ്ടാകണം. ദുഷ്ടവും വ്യാജവുമായ കഥകളെ നിരാകരിക്കുവാനുള്ള ധൈര്യം നമുക്കു വേണം. ഇന്ന് മഹാമാരി കാരണമാക്കുന്ന ജീവിതക്ലേശങ്ങള്‍ക്കും നിരവധി മറ്റു കാലുഷ്യങ്ങള്‍ക്കും നടുവില്‍ ചരടു നഷ്ടപ്പെടാതിരിക്കുവാനും, നമ്മെ നന്മയില്‍ നിലനിര്‍ത്തുവാനും സഹായിക്കുന്ന കഥകള്‍ വീണ്ടെടുക്കുവാനുള്ള ക്ഷമയും വിവേചന ബുദ്ധിയും ആവശ്യമാണ്. അനുദിന ജീവിതത്തില്‍ അറിയപ്പെടാതെയും പറയപ്പെടാതെയും നാം ചെയ്യുന്ന നായക കൃത്യങ്ങളില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് വെളിവാക്കുന്ന കഥകള്‍ നമുക്ക് ആവശ്യമാണ്.

6. സകല കഥകളുടെയും കഥ
കഥകളുടെയും കഥയാണ് വിശുദ്ധഗ്രന്ഥം. നമുക്കു മുന്നില്‍ അത് നിരത്തുന്നത് എത്രയോ സംഭവങ്ങളെയും ജനതകളെയും വ്യക്തികളെയുമാണ്. ഒരേസമയം കഥാകാരനും സ്രഷ്ടാവുമായ ദൈവത്തെയാണ് ആരംഭം മുതല്‍ അവസാനംവരെ ബൈബിള്‍ വരച്ചുകാട്ടുന്നത്. ഒരു കഥാകാരനെന്ന നിലയില്‍, തന്നോടൊപ്പം ചരിത്രം രചിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും സ്വതന്ത്ര സംഭാഷണ പങ്കാളികളായി ലോകത്തിന്‍റെ കഥയില്‍ സൃഷ്ടിച്ചുകൊണ്ട് ദൈവം എല്ലാറ്റിനും തുടക്കമിടുകയും ജീവന്‍വയ്പ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ഒരു പുസ്തകമായ സങ്കീര്‍ത്തനങ്ങളില്‍ സൃഷ്ടി സ്രഷ്ടാവിനെ സ്തുതിക്കുന്നത് നാം ഇപ്രകാരം വായിക്കുന്നു :

ദൈവമേ, അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപംനല്കിയത്.
എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞെടുത്തു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍,
അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
അവിടുത്തെ സൃഷ്ടികള്‍ അത്ഭുതകരമാണ്.
എനിക്കതു നന്നായിട്ടറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു
സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍,
എന്‍റെ രൂപം അങ്ങേയ്ക്ക് അജ്ഞാതമായിരുന്നില്ല.
-സങ്കീര്‍ത്തനം 139, 13-15.

നാം ആരും സമ്പൂര്‍ണ്ണതയില്‍ ജനിക്കുന്നില്ല. നാം ഓരോരുത്തരും നിരന്തരമായി ജീവിതത്തില്‍ നെയ്തെടുക്കപ്പെടുകയും തുന്നിച്ചേര്‍ക്കപ്പെടുകയുമാണ് ചെയ്യുന്നത്. നാമായിരിക്കുന്ന അത്ഭുതകരമായ രഹസ്യം തുടര്‍ന്നും നെയ്തെടുക്കുവാനുള്ള ഒരു ക്ഷണമായിട്ടാണ് നാം ജീവനെ സ്വീകരിക്കേണ്ടതും, അതിനെ കാണേണ്ടതും, വളര്‍ത്തിയെടുക്കേണ്ടതും.   ആയതിനാല്‍ മാനവരാശിയും ദൈവവും തമ്മിലുള്ള മഹത്തായ ബന്ധത്തിന്‍റെ ഒരു പ്രേമകഥയാണ് ബൈബിള്‍. ഒരേ സമയം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെയും, നമുക്ക് ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും നിറവേറ്റലിന്‍റെ കഥയുമായി യേശു അതിന്‍റെ കേന്ദ്രസ്ഥാനത്ത് നില്ക്കുന്നു. അതില്‍ അങ്ങനെതന്നെ അതൊരു ദൈവികകഥയാണ്! അപ്പോള്‍ മുതല്‍ ഓരോ തലമുറയിലെയും സ്ത്രീ-പുരുഷന്മാര്‍ അതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്നു. ഈ കഥകളുടെ കഥയിലെ (5) ഏറ്റവും നിര്‍ണ്ണായകമായ സംഭവഗതിയുടെ ഓര്‍മ്മ പുതുക്കുവാനും ഓര്‍ത്തു പറയുവാനും നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

പരിപാടിയിലെ സംഗീതശകലങ്ങള്‍... പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടേതാണ്.

ഡോ. കെ. ജെ. യേശുദാസ് ആലപിച്ച ഗാനം കമല്‍ സംവിധാനംചെയ്ത “ഉണ്ണികളേ ഒരു കഥപറയാം,” എന്ന ചലച്ചിത്രത്തിലേതാണ്. രചന ബിച്ചു തിരുമല, സംഗീതം ഔസേപ്പച്ചന്‍.

ശബ്ദരേഖയുടെ ലിങ്ക് :
https://www.vaticannews.va/ml/world/news/2020-07/communications-day-message-papa-2020-part-one.html

12 July 2020, 13:37