തിരയുക

BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY 

മെയ്മാസ വണക്കവും ദൈവശാസ്ത്ര വീക്ഷണവും

റോമിലെ സാന്താ ക്രോചേ യൂണിവേഴ്സിറ്റിയില്‍ ആശയവിനിമയ ശാസ്ത്ര വിദ്യാര്‍ത്ഥിയായ ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കരയുടെ മെയ്മാസ ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

മെയ്മാസ വണക്കം ആരംഭിച്ചിരിക്കുന്ന വേളയിൽ, ഇന്ന് നമുക്ക് തിരുസഭയിൽ മരിയഭക്തിയുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കാം :

മെയ്മാസ വണക്കവും ദൈവശാസ്ത്രവും

1. വിശ്വാസജീവിതത്തില്‍ ദൈവമാതാവിന്‍റെ സ്ഥാനം
നമ്മുടെ ജീവിതത്തിൽ, നമ്മുടെ വിശ്വാസ ജീവിതത്തിൽ, പരിശുദ്ധ മറിയത്തിന് വലിയ സ്ഥാനമുണ്ട്. നൂറ്റാണ്ടുകളിലുടനീളം സഭ പരിശുദ്ധ മറിയത്തിന് വലിയ പ്രാധാന്യം നൽകുന്നത് കാണാം. പരിശുദ്ധ മറിയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, “ദൈവത്തിന്‍റെ അമ്മ” (Teotokos) എന്ന പ്രയോഗം, നമുക്ക് വളരെ സുപരിചിതമാണ്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമിലെ ഹിപ്പോളിറ്റസാണ്, ആദ്യമായി “ദൈവത്തിന്‍റെ അമ്മ” എന്ന്, പരിശുദ്ധ മറിയത്തെ വിശേഷിപ്പിച്ചത്. തുടർന്ന്, നാലാം നൂറ്റാണ്ടിൽ അത്തനാസിയൂസ്, ബേസിൽ തുടങ്ങിയവർ, ഈ സംബോധന നിരന്തരം ഉപയോഗിച്ചിരുന്നതായും കാണാം. 431-ലെ Ephesus കൌൺസിലില്‍ പരിശുദ്ധ മറിയത്തിന്‍റെ "ദൈവമാതൃത്വം" പ്രഖ്യാപിച്ചു. ആറാംനൂറ്റാണ്ടു മുതൽക്കെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ "സ്വർഗാരോപണത്തെ" കുറിച്ചുള്ള പാരമ്പര്യ ഐതീഹ്യങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു.

പരിശുദ്ധ മറിയത്തോടുള്ള സ്നേഹത്തെപ്രതി നടത്തുന്ന ജപമാലയുടെ ഉത്ഭവത്തെപ്പറ്റി സാധാരണ പറയപ്പെടുന്നത്, പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഡൊമിനിക്കിനെ ബന്ധിപ്പിച്ചാണെങ്കിലും തുടർ ഗവേഷണങ്ങൾ കാണിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുമുൻപുതന്നെ യൂറോപ്പിലെ ക്രിസ്ത്യാനികൾ, ഇപ്പോൾ ഉപയോഗിക്കുന്ന ജപമാലകൾക്ക് സമാനമായവ, പ്രാർത്ഥന ചൊല്ലുന്നതിന് ഉപയോഗിച്ചിരുന്നു എന്നാണ്. 1170-ൽ വിശുദ്ധ ഡൊമിനിക് ജനിച്ചപ്പോഴേക്കും, ജപമാല പ്രാർത്ഥന വ്യാപകമായിരുന്നു. എന്നാൽ വിശുദ്ധ ഡൊമിനിക്കാണ് പത്ത് നന്മനിറഞ്ഞ മറിയം പ്രാർത്ഥനകൾ ചേർത്ത് ജപമാലപ്രാർത്ഥന ക്രമീകരിച്ചത്. അതേസമയം ഇന്ന് നാം ചൊല്ലുന്ന ജപമാല പ്രാർത്ഥന കത്തോലിക്കാസഭയിൽ കൃത്യതയോടെ സന്തോഷത്തിന്‍റെയും, ദുഖത്തിന്‍റെയും, മഹത്വത്തിന്‍റെയും രഹസ്യങ്ങളായി നിലവിൽവന്നത് വിശുദ്ധ പയസ് അഞ്ചാമൻ പാപ്പായുടെ കാലത്താണ്.
പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്ത് 'പ്രകാശത്തിന്‍റെ രഹസ്യങ്ങൾ' കൂടി ചേർക്കപ്പെട്ടു.

ജപമാലയെയും ജപമാല പ്രാർത്ഥനയെയും കുറിച്ച് ചിന്തിക്കുമ്പോൾ മറക്കാൻ കഴിയാത്ത ഒന്നാണ് പയസ് അഞ്ചാമൻ പാപ്പാ 1569-ൽ ജപമാല ഔദ്വോഗികമായി നൽകികൊണ്ട് Consueverunt Romani Pontifices എന്ന പേരിൽ പുറത്തിറക്കിയ പ്രബോധനരേഖ. 1214-ൽ പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് സമ്മാനിച്ച്, സമൂഹത്തിൽ പ്രചാരത്തിലിരുന്ന അതേ ജപമാലയുടെ പതിപ്പായിരുന്നു പാപ്പാ നൽകിയത്. അതേസമയം ആ കാലഘട്ടത്തിൽ പോപ്പിന് നേരിടേണ്ടിവന്ന ഒരു വെല്ലിവിളിയായിരുന്നു 'ഓട്ടോമൻ സാമ്രാജ്യ തുർക്കികൾ' യൂറോപ്പിനെയും റോമിനെയും ആക്രമിക്കാൻ തീരുമാനിച്ചത്. പോപ്പ് പയസ് അഞ്ചാമൻ യൂറോപ്പിലെ എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളെയും ഒന്നിച്ചുകൂടി 'ഹോളിലീഗ്' രൂപീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊട്ടസ്റ്റന്‍റുകാരും കത്തോലിക്കരും ഒട്ടോമൻമാരോട് യുദ്ധം ചെയ്യാൻ ഒത്തുകൂടി. പയസ് പാപ്പാ എല്ലാ കത്തോലിക്കരോടും യുദ്ധം മുന്നിൽക്കണ്ട് പരിശുദ്ധ അമ്മയോട് ജപമാല പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് 1571 ഒക്ടോബർ 7-ന് 'ലെപാന്തോ' യുദ്ധം നടന്നു. ഈ സമയം പാപ്പായും ആയിരക്കണക്കിന് അനുയായികളും ജപമാല പ്രാർത്ഥിക്കുകയായിരുന്നു. ഒടുവിൽ അതിശക്തന്മാരായ ഒട്ടോമൻമാരെ തോൽപ്പിച്ച്, പാപ്പായുടെ സൈന്യം രാജ്യം സംരക്ഷിച്ചു. തുടർന്ന് ഒക്ടോബർ 7-നെ പയസ് അഞ്ചാമൻ പാപ്പാ പരിശുദ്ധ വിജയരാജ്ഞിയുടെ (Our Lady of Victory) തിരുനാളായി പ്രഖ്യാപിച്ചു. ആ തിരുനാളാണ് ഇപ്പോൾ 'പരിശുദ്ധ ജപമാല രാജ്ഞി'യുടെ തിരുനാളായി ആചരിച്ചുപോരുന്നത്.

2. കന്യകാനാഥയെക്കുറിച്ച് ആദിമസഭ
പരിശുദ്ധ കന്യകാമറിയത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങൾ സഭയിൽ ആദ്യകാലം മുതൽക്കേ ധാരാളം നടന്നിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ട് മുതൽ തന്നെ പൗരസ്ത്യ സഭകൾ മാതാവിന്‍റെ അമലോത്ഭവത്തെ സംബന്ധിച്ച പഠനങ്ങളെ അംഗീകരിച്ചു. എന്നാൽ, പാശ്ചാത്യ സഭകളിൽ എതിർപ്പുകൾ നിലനിന്നിരുന്നു. ഒടുവിൽ, 1477-ൽ സിക്സ്റ്റസ് നാലാമൻ പാപ്പാ 'അമലോത്ഭവ മാതാവിന്‍റെ തിരുന്നാൾ' ദിനം പ്രഖ്യാപിച്ചു. പിന്നീട് 1854-ൽ പിയൂസ് ഒമ്പതാമൻ പാപ്പാ ‘Ineffabilis Deus’ എന്ന അപ്പോസ്തോലിക് കോൺസ്റ്റിറ്റിയൂഷനിലൂടെ മാതാവിന്‍റെ അമലോത്ഭവത്തെ നിർവചിച്ചത് ഇങ്ങനെയാണ്: 'അനന്യമായ ദൈവകൃപയാലും, സർവശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും, മനുഷ്യവർഗ്ഗത്തിന്‍റെ രക്ഷകനായ, യേശുക്രിസ്തുവിന്‍റെ യോഗ്യതകൾ മുൻനിറുത്തിയും, ഏറ്റവും പരിശുദ്ധകന്യകാമറിയം, അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളിൽനിന്നും പരിരക്ഷിക്കപ്പെട്ടു'.

പിന്നീട്, 1950 നവംബർ 1-ന് പയസ് പന്ത്രണ്ടാമൻ പാപ്പാ, Munificentissimus Deus എന്ന പ്രബോധനരേഖയിലൂടെ, പരിശുദ്ധ കന്യകാമറിയത്തിന്‍റെ 'സ്വർഗാരോപണത്തെ' വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

3. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വീക്ഷണത്തില്‍
രണ്ടാം വത്തിക്കാൻ കൗൺസിൽ പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രത്യേക പ്രമാണരേഖകൾ ഒന്നുംതന്നെ നൽകിയിട്ടില്ല. എന്നാൽ രണ്ടുകാര്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചിട്ടുണ്ടായിരുന്നു : ഒന്നാമതായി, ഭാവിയിലെ മരിയോളജിക്ക് അല്ലെങ്കില്‍ മരിയൻ പഠനങ്ങൾക്ക് ദൈവശാസ്ത്രപരമായ പ്രാധാന്യങ്ങളിൽനിന്ന് വേറിട്ടുനിൽക്കാൻ കഴിയില്ല. രണ്ടാമതായി, Lumen Gentium എന്ന സഭയെക്കുറിച്ചുള്ള Dogmatic Constitution-ൽ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള ഹ്രസ്വമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി. ഇതിന്‍റെ ലക്ഷ്യം മരിയോളജിയെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങളുടെ പിറകെപോയി, ദൈവശാസ്ത്ര കാഴ്ച്ചപ്പാടുകൾക്ക് തടസ്സം സൃഷ്ടിക്കാതെ, അവതരിച്ച വചനത്തിന്‍റെയും, ക്രിസ്തുവിന്‍റെ മൗതീകശരീരത്തിന്‍റെയും പശ്ചാത്തലത്തിൽ മാത്രം, പരിശുദ്ധ കന്യകാമറിയത്തെ മനസിലാക്കുക എന്നതായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ Lumen Gentium എട്ടാം അദ്ധ്യായത്തെ വിശേഷിപ്പിച്ചത്, "മരിയോളജിയുടെ പഠനത്തിനായി, നമ്മുടെ കാലഘട്ടത്തിനുവേണ്ടിയുള്ള ‘മാഞ്ഞക്കാർത്ത’ (magna carta) എന്നാണ്.

4. പോള്‍ ആറാമന്‍ പാപ്പായുടെ ചിന്തകള്‍
വിശുദ്ധ പോൾ ആറാമൻ പാപ്പാ 1965 ഏപ്രിൽ 29-ന് നൽകിയ “മെയ് മാസം” (MENSE MAIO) എന്ന അപ്പോസ്തോലിക ലേഖനത്തിലൂടെ പരിശുദ്ധ മറിയത്തെ "സഭയുടെ മാതാവ്" (Mater Dei) എന്നാണ് അഭിസംബോധന ചെയ്തത്. കൂടാതെ, സ്വർഗ്ഗത്തിലെ പരിശുദ്ധ അമ്മയുടെ സിംഹാസനത്തിൽനിന്ന്, ദൈവത്തിന്‍റെ കരുണയുടെയും ദാനങ്ങളുടെയും സമൃദ്ധി നമ്മിലേക്ക് ഇറങ്ങിവരുന്ന മാസമാണിതെന്നും, പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്.

വിശുദ്ധ പോൾ ആറാമൻ പാപ്പാ 1966 സെപ്റ്റംബർ 15-ന് നൽകിയ ക്രിസ്തുവിന്‍റെ അമ്മ (CHRISTI MATRI) എന്ന പ്രബോധനരേഖയിൽ, പരിശുദ്ധ മറിയത്തെ 'സമാധാനത്തിന്‍റെ രാജ്ഞി' (Regina pacis) എന്നാണ് അഭിസംബോധനചെയ്യുന്നത്. 1967 May 13-ന് നൽകിയ അപ്പസ്തോലിക ഉദ്‌ബോധനമായ “മഹത്തായ അടയാള”ത്തില്‍ (Signum Magnum) വീണ്ടും പരിശുദ്ധ മറിയത്തെ "തിരുസഭയുടെ മാതാവെന്ന്" (Mater Ecclesiae) പഠിപ്പിക്കുന്നു. അതോടൊപ്പം മാതാവിന് സഭയോടുള്ള ആത്മീയ മാതൃത്വത്തെക്കുറിച്ചും, പരിശുദ്ധ മറിയം എല്ലാവരുടെയും അമ്മയാണെന്നും ഉദ്ബോധിപ്പിക്കുന്നു. അതേസമയം, 1969 ഒക്ടോബർ
7-ന് നൽകിയ അപ്പസ്തോലിക ഉദ്‌ബോധനമായ Recurrens mensis october-ൽ ജപമാലയോട് ഉണ്ടായിരിക്കേണ്ട അഗാധമായ ഭക്തിയെക്കുറിച്ച് പഠിപ്പിക്കുന്നു.

വിശുദ്ധ പോൾ ആറാമൻ പാപ്പാ 1974 ഫെബ്രുവരി 2-ന് പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയെക്കുറിച്ച് ശരിയായ ബോധ്യം നൽകുന്നതിനായി “മരിയഭക്തി” (Marialis Cultus) എന്നപേരിൽ ഒരു അപ്പസ്തോലിക പ്രബോധനം നൽകുകയുണ്ടായി. ഇതിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം സഭയുടെ പുതുക്കിയ ആരാധനാക്രമ ജീവിതത്തിൽ, പരിശുദ്ധ മറിയത്തിന്‍റെ പ്രാധാന്യമെന്തെന്ന് പാപ്പാ വിവരിക്കുന്നു. പാരമ്പര്യത്തിന്‍റെയും ആനുകാലിക പ്രസക്തിയുടെയും വെളിച്ചത്തിൽ മരിയൻ ഭക്തി ക്രമീകരിക്കുന്നത്തുള്ള മാർഗനിർദേശങ്ങൾ നൽകുന്നു. ത്രികാലജപം, ജപമാല എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും നൽകുന്നു.

5. രക്ഷകന്‍റെ അമ്മ
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1987 മാർച്ച് 25-ന് നൽകിയ REDEMPTORIS MATER (രക്ഷകന്‍റെ അമ്മ) എന്ന ചാക്രികലേഖനം, 'തീർത്ഥാടകയായ സഭയുടെ ജീവിതത്തിൽ പരിശുദ്ധ മാതാവിന്‍റെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുന്നു. ഇതിൽ, 'തീർത്ഥാടക സഭയുടെ കേന്ദ്രബിന്ദുവായ ദൈവത്തിന്‍റെ മാതാവ്' എന്ന് പരിശുദ്ധ മറിയത്തെ അഭിസംബോധനചെയ്യുന്നു. കൂടാതെ പരിശുദ്ധ മാതാവിന്‍റെ 'മാതൃമാധ്യസ്ഥ്യത്തെ'ക്കുറിച്ചും വിവരിക്കുന്നു.

6. സഭയുടെ മാതാവ്
2018 ഫെബ്രുവരി 11-ന് ഫ്രാൻസിസ് പാപ്പാ "സഭയുടെ മാതാവ്" (Mater Ecclesiae)എന്നപേരിൽ പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മത്തിരുനാൾ പ്രഖ്യാപിച്ചു. പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് ഈ ഓർമ്മത്തിരുനാൾ ആഘോഷിക്കുന്നത്. പാരമ്പര്യമായി സഭയിൽ പലയിടങ്ങളിലും, ഉപയോഗിച്ചുവന്നിരുന്ന അഭിസംബോധനയെയാണ്, പാപ്പാ ഔദ്യോഗികമായി ഉയർത്തിയത്.

7. രക്ഷാകര പദ്ധതിയില്‍ മറിയത്തിന്‍റെ പങ്ക്
യേശുവിന്‍റെ രക്ഷാകര പ്രവൃത്തിയിൽ മറിയത്തിന്റെ പങ്ക് രണ്ട് രീതിയിൽ നമുക്ക് മനസ്സിലാക്കാം: ഒന്നാമതായി; ഗബ്രിയേൽ ദൂതൻ പറഞ്ഞതനുസരിച്ച് മറിയത്തിന് തന്‍റെ മകന് 'രക്ഷകൻ' എന്ന അർത്ഥം വരുന്ന, 'യേശു' എന്ന പേരുതന്നെ നൽകണമായിരുന്നു. അങ്ങനെ യേശുവുമായുള്ള തന്‍റെ വ്യക്തി ബന്ധത്താൽ, യേശുവിന്‍റെ രക്ഷാകര പദ്ധതിയിൽ, മാതാവ് ആരംഭംമുതൽ തന്നെ ഭാഗമായിമാറി. എങ്കിലും ഒരു കാരണവശാലും മറിയത്തിന്‍റെ പങ്കും, യേശുവിന്‍റെ രക്ഷാകരപ്രവർത്തിയും സമാനമായി കണക്കാക്കാൻ സാധിക്കില്ല. ഇതിന് വിരുദ്ധമായ ചിന്തകൾ യേശുവിന്‍റെ അതുല്യവും, അനന്യവുമായ മാദ്ധ്യസ്ഥത്തിന് (mediation) മങ്ങലേൽപിക്കും. എന്നാൽ മറിയത്തിന്‍റെ വിശ്വാസവും പൂർണ്ണ സാന്നിദ്ധ്യവും രക്ഷാകര പ്രവർത്തികളുടെ പൂർത്തീകരണത്തിന് ദൈവം അവശ്യഘടകങ്ങളാക്കി മാറ്റി. ലോകരക്ഷയ്ക്ക് നിദാനമായതെല്ലാം 'മറിയത്തിന്‍റെ വിശ്വാസത്തിലൂടെ കൈവരിക്കുക' എന്നത് ദൈവിക പദ്ധതിയായിരുന്നു. യേശുവിന്‍റെ രക്ഷാകര പ്രവൃത്തിയിലുള്ള പങ്കുചേരലിലൂടെ, മറിയം തന്‍റെ തന്നെ രക്ഷ കരസ്ഥമാക്കുകയും, ലോക രക്ഷക്കുള്ള മാർഗമായി പരിണമിക്കുകയും ചെയ്തു.

രണ്ടാമതായി; ദൈവശാസ്ത്രപരമായി മറിയത്തിന്‍റെ മാദ്ധ്യസ്ഥം എന്നത്, ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതിയിലുള്ള പങ്കുചേരലിന്‍റെ തുടർച്ചയാണ്. നസ്രത്തിൽവച്ച് മറിയം ദൈവത്തിൽനിന്നും ഏറ്റെടുത്ത കർത്തവ്യം, അവളുടെ മരണത്തോടെ അവസാനിച്ചില്ല.
മറിയത്തിന്‍റെ മാദ്ധ്യസ്ഥം 'സഭാത്മകതയെയും ഐക്യത്തെയും' അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യന്‍റെ മാദ്ധ്യസ്ഥം തേടൽ ഒരുതരത്തിലും ദൈവത്തിന്‍റെ പാരമ്യത്തിനും, സർവാധിപത്യത്തിനും കോട്ടംവരുത്തില്ല. അതുപോലെ പ്രാർത്ഥന, ദൈവപദ്ധതിയിൽ മാറ്റം വരുത്താനുള്ള ഒരു ശ്രമവുമാവില്ല. ദൈവത്തിന് നമ്മുടെ പ്രാർത്ഥന ആവശ്യമില്ല, എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളിൽ ദൈവാശ്രയ ബോധമുള്ളവരാകാൻ പ്രാർത്ഥന നമുക്ക് അത്യന്താപേക്ഷിതമാണ്. ക്രിസ്തുവിലൂടെയും, ക്രിസ്തുവിന്‍റെ സഭയിലൂടെയും, ക്രിസ്തുവിന്‍റെ അമ്മയിലൂടെയും ദൈവം നമ്മോടുകൂടെ ആയിരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് മനുഷ്യഭാഷയിൽ സംസാരിക്കുന്നു.

മറിയത്തെ അഭിസംബോധനചെയ്തുകൊണ്ടുള്ള നമ്മുടെ പ്രാർത്ഥനകൾ, മറിയത്തിലൂടെ അഗ്രാഹ്യമായ രീതിയിൽ ദൈവത്തിങ്കൽ എത്തിച്ചേരുന്നു. ദൈവശാസ്ത്രത്തിൽ മറിയത്തെ 'ദൈവകൃപയുടെ മദ്ധ്യസ്ഥ'യായാണ് കരുതുക. അങ്ങനെ "ദൈവകൃപയുടെ മാർഗ്ഗമാണ് മറിയം" എന്നു പറയുന്നത് സഭാ രഹസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

8. മെയ്മാസ ഭക്തി
മെയ്മാസ മരിയഭക്തി അർത്ഥവത്താകുന്നത് പ്രധാനമായും അഞ്ചു കാരണങ്ങളാലാണ്: ഒന്നാമതായി; പരിശുദ്ധ മറിയം ഈശോയുടെ അമ്മയാണ്. വചനം മാംസംധരിച്ച് ദൈവം മനുഷ്യനായി അവതരിക്കുന്നതിന്, പരിശുദ്ധ അമ്മയുടെ "അതെ" എന്ന 'പൂർണ്ണ സമ്മതം നൽകൽ' കാരണമായി. ദൈവഹിതത്തിന് സ്വയം നൽകുവാൻ തയ്യാറായി. രണ്ടാമതായി; പരിശുദ്ധ മറിയമായിരുന്നു യേശുവിന്‍റെ ആദ്യത്തെ ശിഷ്യ. മറിയമായിരുന്നു ആദ്യം സുവിശേഷം കേട്ടതും, ക്രിസ്തുവിനെ അനുഗമിച്ചതും. അവളുടെ ജീവിതകാലം മുഴുവൻ ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുകയും, തന്നാൽ കഴിയുന്ന വിധത്തിലെല്ലാം ക്രിസ്തുവിന്‍റെ ദൗത്യം നിർവഹിക്കാൻ സഹായിക്കുകയും ചെയ്തു.

മൂന്നാമതായി; പരിശുദ്ധ മറിയം നമ്മുടെ അമ്മയാണ്. എന്തെന്നാൽ നമ്മൾ ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാണ്. മാതാവ് മംഗളവാർത്താ സമയത്ത് നൽകിയ സമ്മതം മുതൽ ദൈവകൃപയാൽ അവൾ നമ്മുടെയും അമ്മയാണ്. നാലാമതായി; പരിശുദ്ധ മറിയം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം, നമ്മെ സ്നേഹിക്കുന്നു. അല്ലായിരുന്നുവെങ്കിൽ, അവൾക്ക് ഒരിക്കലും ക്രിസ്തു സഹിച്ച പീഡകൾക്ക് സാക്ഷിയാകേണ്ടി വരില്ലായിരുന്നു, അത്രയും ഹൃദയ വേദനയോടെ ജീവിക്കേണ്ടി വരില്ലായിരുന്നു. അവൾക്ക് അറിയാമായിരുന്നു, കാൽവരിയിലെ മരണത്തിലൂടെ, മനുഷ്യകുലത്തിന് രക്ഷകൈവരുമെന്ന്. അങ്ങനെ ഭൂമിയിലെ ഏതൊരമ്മയെക്കാളും, പരിശുദ്ധ അമ്മ നമ്മെ സ്നേഹിക്കുന്നു. അഞ്ചാമതായി; പരിശുദ്ധ മറിയം അഭിഭാഷകയാണ്, സഹായിയാണ്, അഭ്യുദയകാംഷിയാണ്, മധ്യസ്ഥയാണ്. അതിനാൽ, യേശുവിനെ ഗർഭപാത്രത്തിൽ സ്വീകരിച്ചതുമുതൽ, ഇന്നും നമുക്കുവേണ്ടി സംസാരിക്കുന്നു... അത് ലോകാവസാനംവരെയും തുടർന്നുകൊണ്ടേയിരിക്കും. ഇക്കാരണങ്ങളാൽ പരിശുദ്ധ മറിയത്തിന് നാം നന്ദിയർപ്പിക്കുയുകയും, വണങ്ങുകയും, ആദരിക്കുകയും ചെയ്യേണ്ടതായുണ്ട്. മെയ് മാസം മാത്രമല്ല എല്ലാ ദിവസവും.

9. മഹാമാരിയുടെ പ്രതിസന്ധിയില്‍ അമ്മയോട്...
ഈ മാസം നമുക്ക് എങ്ങനെ മാതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാം:
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ മാതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ സാധിക്കുന്നത് സ്വഭവനങ്ങളിൽ, കുടുംബമൊന്നിച്ച് ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ്. ഓരോ ജപമാല പ്രാർത്ഥന അർപ്പിക്കുമ്പോഴും, പരിശുദ്ധ മറിയത്തിന്‍റെ കിരീടത്തിൽ നാം ഒരു റോസാപ്പൂവ് സമർപ്പിക്കുന്നു, എന്നാണ് പറയപ്പെടുക.

കൂടാതെ, ഈ മാസം പരിശുദ്ധ പിതാവ് നൽകിയിട്ടുള്ള രണ്ട് പ്രാർത്ഥനകൾ കൂടി ചൊല്ലുമ്പോഴാണ് ജപമാല പൂർണ്ണമാകുന്നത്. പാപ്പാ പറയുന്നു: 'മെയ് മാസത്തിൽ ദൈവജനം കന്യകാമറിയത്തോടുള്ള സ്നേഹവും ഭക്തിയും വളരെ കൂടുതലായി, വളരെ പ്രത്യേകതകളോടെ പ്രകടിപ്പിക്കുകയും, പകർച്ചവ്യാധിയുടെ ഈ കാലത്ത് ചൊല്ലുന്ന ജപമാല പ്രാർത്ഥനകളിൽ പരിശുദ്ധ അമ്മയുടെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിന്‍റെ മുഖം നാം ധ്യാനിക്കുകയാണെങ്കിൽ, അത് നമ്മെ കൂടുതൽ അവിടുന്നുമായി ഐക്യപ്പെടുത്തുകയും, ഇന്നത്തെ പരീക്ഷണങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യും'.

നമുക്കേവർക്കും പ്രാർത്ഥനയോടെ ധ്യാനപൂർവം മെയ്മാസ വണക്കത്തിൽ പങ്കുചേരാം... ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാം...

for audio link : https://www.vaticannews.va/ml/world/news/2020-05/marian-devotion-in-may-theological-perspective.html

ഗാനമാലപിച്ചത് സവിത രാമമൂര്‍ത്തി, കെസ്റ്റര്‍ സംഘമാണ്. രചന ഫാദര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ഓ.എസ്.ജെ., സംഗീതം ജെറി അമല്‍ദേവ്
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2020, 13:15