തിരയുക

Vatican News
Mother of the Porr, Mother Teresa of Kolkotta Mother of the Porr, Mother Teresa of Kolkotta 

പാവങ്ങളുടെ അമ്മയ്ക്കൊരു സ്തുതിഗീതം!

മദര്‍ തെരേസയുടെ തിരുനാള്‍ - സെപ്തംബര്‍ 5. ഗാനം ആലപിച്ചത് ഡാവിന ഹാരി. രചനയും സംഗീതവും ഫാദര്‍ വില്യം നെല്ലിക്കല്‍. പശ്ചാത്തല സംഗീതം ഹാരി കൊറിയ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ലോകത്തെ ആശ്ലേഷിച്ച അമ്മയുടെ ശുഷ്ക്കിച്ച കരങ്ങള്‍

കൊല്‍ക്കത്ത നഗരത്തിന്‍റെ തെരുവുകളിലെ അഗതികളെയും മരണാസന്നരായ വൃദ്ധജനങ്ങളെയും, ഓടയില്‍ എറിയപ്പെട്ട കൈക്കുഞ്ഞുങ്ങളെയും വാരിയെടുത്തു സ്നേഹത്തോടെ പരിചരിച്ച അമ്മയുടെ ശുഷ്ക്കിച്ച കരങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മിഷണറീസ് ഓഫ് ചാരിറ്റി (Missionaries of Charity) എന്ന ആഗോള പ്രസ്ഥാനത്തിന്‍റെ സ്നേഹത്തിന്‍റെ വലിയ കരങ്ങളായി ലോകത്തെ ആശ്ലേഷിച്ചു. മദര്‍ തെരേസയുടെ സ്നേഹസമര്‍പ്പണം ലോകത്തുള്ള പാവങ്ങളെ ഇന്നും വാത്സല്യത്തോടെ ആലിംഗനംചെയ്യുന്നു!

ഗാനനിര്‍മ്മിതിയുടെ കഥ
ലോകം ആദരിച്ച പാവങ്ങളുടെ അമ്മ, മദര്‍ തെരേസയെ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ - 2016 സെപ്തംബര്‍ 4-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധയായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5, മദര്‍ തെരേസ കല്‍ക്കട്ടയില്‍ മരണമടഞ്ഞ നാളില്‍ വിശുദ്ധയുടെ അനുസ്മരണം തിരുനാളായി ആഗോളസഭ ആചരിക്കുന്നു. അമ്മയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയതിനോട് അനുബന്ധിച്ച് എന്‍റെ സുഹൃത്ത്, ജോര്‍ജ്ജ് സുന്ദരം  “കാക്കോ ഫിലിംസ് ഇന്‍റര്‍നാഷണ”ലിനുവേണ്ടി (Kakko Films International) നിര്‍മ്മിച്ച “കാരുണ്യക്കതിര്‍” എന്ന ഡോക്യുമെന്‍ററി ചിത്രത്തിനുവേണ്ടി എഴുതി ഈണംപകര്‍ന്നതാണ് ഈ ഗാനം. ചെലവു ചുരുക്കാനുള്ള ലക്ഷ്യത്തോടെയാണ്, സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോര്‍ജ്ജ് സുന്ദരം ഗാനത്തിന്‍റെ അഭ്യര്‍ത്ഥനയുമായി എന്നെ സമീപിച്ചത്. ജോര്‍ജ്ജിനോടു പറഞ്ഞു, ഈ ഗാനത്തിന് ചിലവില്ല. കാരണം ഗാനം വിശുദ്ധയായ അമ്മയ്ക്ക് എന്‍റെ പ്രണാമമായിരിക്കും!

അമ്മയ്ക്കൊരു സ്നേഹപ്രണാമം
1987-ല്‍ എന്‍റെ പൗരോഹിത്യ സ്വീകരണത്തിനു ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ബാംഗ്ലൂര്‍ എച്ച്.എ.എല്‍. വിമാനത്താവളത്തിലെ ലോഞ്ചില്‍വച്ച് അമ്മയെ അവിചാരിതമായെങ്കിലും ആദ്യമായി നേരില്‍ക്കാണാന്‍ ഭാഗ്യം ലഭിച്ചു. അടുത്തെത്തിയ അമ്മയുടെ കരങ്ങള്‍ ചുംബിച്ചത് വലിയ ആത്മീയാനുഭവമായിരുന്നു. 1987-ല്‍ ഞാന്‍ പഠിച്ചിരുന്ന ക്രിസ്തുജ്യോതി ദൈവശാസ്ത്ര വിദ്യാപീഠത്തിലെ മതബോധന കേന്ദ്രത്തിനുവേണ്ടി (Kristu Jyoti Catechetical Center, Bangalore) ഒരു ബഹുഭാഷാ സ്ലൈഡ് പ്രോഗ്രാം (Slide show 20 mnts. Mother of the Poor, Kristu Jyoti Catechetical Center) നിര്‍മ്മിച്ചപ്പോള്‍ അതിനു “പാവങ്ങളുടെ അമ്മ”യെന്നു പേരിട്ടു.

പിന്നീട് 2009-ല്‍ കൊല്‍ക്കത്തയിലെ “മിഷണറീസ് ഓഫ് ചാരിറ്റി”യുടെ മാതൃഭവനത്തില്‍  അമ്മയുടെ സ്മൃതിമണ്ഡപത്തില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിച്ചതും, ചെറുപ്പം മുതലേ കേട്ടുകേള്‍വിയിലൂടെ സ്നേഹിച്ച അഗതികളുടെ  അമ്മയോട് ഒരു പ്രത്യേക വാത്സല്യം വളര്‍ത്തി. എന്‍റെ അമ്മയുടെ പേരു തെരേസ എന്നായതും ഈ ആദരവിനെ ഊട്ടിയുറപ്പിച്ചു. അജപാലന  ശുശ്രൂഷയില്‍ വ്യാപൃതനായിരുന്ന കാലത്ത്, മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ അനുമതിയോടെ തുടങ്ങിയ,  മദര്‍ തെരേസാ സിസ്റ്റേഴ്സ് ഇടവകയില്‍ വെള്ളിയാഴ്ചകളില്‍ വന്ന് പാവങ്ങളെ പരിചരിക്കുന്ന പതിവ് രണ്ടു സ്ഥലത്തു പരീക്ഷിച്ചത് വിജയപ്രദവും അവിടത്തെ പാവങ്ങള്‍ക്ക് അനുഗ്രഹമായി. വെണ്ടുരുത്തിയിലെ വാത്തുരുത്തിയിലും, വൈപ്പിനിലെ ക്രിസ്തുനഗറിലുമായിരുന്നു അത്. അങ്ങനെയുള്ളൊരു വ്യക്തിഗത അനുഭവവും അനുഗ്രവും ഈ  വരികള്‍ കുറിക്കാന്‍ സഹായിച്ചു...,  വരികള്‍ക്കൊപ്പം ഈണവും!

ഹാരിയുടെ പണിപ്പുര – ‘സൗണ്ട്സ്കെയ്പ്പ്’ (Soundscape)
എന്‍റെ സംഗീത പങ്കാളി, ഹാരി കൊറയ തന്‍റെ സ്റ്റു‍ഡിയോ, സൗണ്ട്സ്കേപില്‍ അതിന്‍റെ പശ്ചാത്തല പണികള്‍ക്ക് വേണ്ടതുചെയ്ത്  ഭംഗിപിടിപ്പിക്കുകയും, ഡാവിനയെക്കൊണ്ടു പാടിക്കുകയും ചെയ്തു. പാവങ്ങളുടെ അമ്മയ്ക്കൊരു സ്നേഹപ്രണാമമായി  സെപ്തംബര്‍ 5-ന്‍റെ അനുസ്മരണനാളി‍ല്‍ ഈ ഗാനം ഇവിടെ ചേര്‍ക്കുന്നു!

ഗാനം - പാവങ്ങള്‍ തന്‍ അമ്മേ!

പാവങ്ങള്‍ തന്‍ അമ്മേ ! - ഗാനം

പല്ലവി
പാവങ്ങള്‍ തന്‍ അമ്മേ!
പാവനയാമമ്മേ
പാരിടമാകെ കാരുണ്യത്തിന്‍
കാഹളമോതിയ തായേ! (2)

അനുപല്ലവി
മദര്‍ തെരേസാ, മദര്‍ തെരേസാ
മദര്‍ തെരേസാ...! (2)

ചരണം ഒന്ന്
എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം
ചെയ്തിടുന്നു എനിക്കായ് (2)
എന്നരുള്‍ ചെയ്ത നാഥന്‍ തന്‍
കാരുണ്യക്കതിരമ്മേ (2).

ചരണം രണ്ട്
രോഗികള്‍ അഗതികളായവരില്‍
ക്രൂശിതനേശുവെ ദര്‍ശിച്ചു (2)
ചാരത്തണയും സകലര്‍ക്കും
സാന്ത്വനമാകുന്നമ്മേ (2).

നന്ദിയുടെ ഒരു വാക്ക്!
ഈ ഗാനത്തിന്‍റെ നിര്‍മ്മിതിക്ക് എനിക്ക് അവസരമൊരുക്കിയ ജോര്‍ജ്ജ് സുന്ദരം, ഗായിക ഡാവിന ഹാരി, കോറസ് പാടിയ കൂട്ടുകാരി, പശ്ചാത്തലസംഗീതം ഒരുക്കുകയും ശബ്ദലേഖനം നിര്‍വ്വഹിക്കുകയുംചെയ്ത ഹാരി കൊറയ എന്നിവര്‍ക്കും സ്നേഹത്തോടെ നന്ദിപറയുന്നു!!

പാവങ്ങളുടെ അമ്മ, മദര്‍ തെരേസാ, ഞങ്ങളെ അനുഗ്രഹിക്കണമേ!

https://www.vaticannews.va/ml/world/news/2019-09/mother-of-the-poor-song.html


 

03 September 2019, 14:56