തിരയുക

Vatican News
A women poses with flags bearing the face of Pope Francis outside a Catholic church in Lhanguene A women poses with flags bearing the face of Pope Francis outside a Catholic church in Lhanguene 

പാപ്പായുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഒരാമുഖം

ആഫ്രിക്കന്‍ അപ്പസ്തോലിക പര്യടനത്തിന് ഒരുക്കമായ പശ്ചാത്തലപഠനം - മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളെക്കിറിച്ച്....

- ഫാദര്‍ വില്യം നെല്ലിക്കല്‍

അപ്പസ്തോലികയാത്ര പശ്ചാത്തലപഠനം

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക്...
പാപ്പാ ഫ്രാന്‍സിസിന്‍റെ 31-Ɔο അപ്പസ്തോലിക പര്യടനമാണിത്. തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേയ്ക്കാണ് ഒരാഴ്ച നീളുന്ന ഈ പ്രേഷിതയാത്ര. സെപ്തംബര്‍ 4-Ɔο തിയതി ബുധനാഴ്ച ആരംഭിക്കുന്ന യാത്ര 10- Ɔο തിയതി ചൊവ്വാഴ്ചവരെ നീണ്ടുനില്ക്കും. ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ കിഴക്കെ അതിരിലുള്ള മൊസാംബിക്, ഇന്ത്യാമഹാസമുദ്രത്തിലായി അകന്നുകിടക്കുന്ന മഡഗാസ്കര്‍, മൗറീഷ്യസ് എന്നിങ്ങനെ ബുഹഭൂരിപക്ഷം പാവങ്ങളുള്ള നാടുകളിലേയ്ക്കാണ് സമാധാനദൂതുമായുള്ള ഈ അപ്പസ്തോലികയാത്ര. അതിരുകള്‍ തേടിയുള്ള ഒരു തീര്‍ത്ഥാടനമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ മൂന്നു രാജ്യങ്ങളെയും അവിടത്തെ ജനങ്ങളെയുംകുറിച്ചു നമുക്കിന്നു മനസ്സിലാക്കാം.

(A) മൊസാംബിക്
പ്രാവിന്‍റ ചിത്രവും മൊസാംബിക്കിന്‍റെ ഭുപടവും പാപ്പായുടെ ഛായാചിത്രവുമുള്ള ഔദ്യോഗിക ചിഹ്നം, “പ്രത്യാശയും, അനുരഞ്ജനവും സമാധാനവും...” നേരുന്നതാണ്.
ആഫ്രിക്ക ഭൂഖണ്ഡത്തന്‍റെ തെക്കു-കിഴക്കന്‍ തീരങ്ങളില്‍ കിടക്കുന്ന രാജ്യമാണ് മൊസാംബിക്. ഏകദേശം 8 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യത്തിന്‍റെ ജനസംഖ്യ മൂന്നു കോടിയില്‍ അധികമാണ്. ഉഷ്ണമേഖല കാലാവസ്ഥയുള്ള മൊസാംബിക്കിന്‍റെ വടക്കന്‍ പ്രവിശ്യ ഉയര്‍ന്നും, തെക്കുഭാഗം താഴ്ന്നും കിടക്കുന്നു. മൊസാംബിക്കിന്‍റെ വനപ്രദേശങ്ങളില്‍ സീബ്ര, എരുമ, കണ്ടാമൃഗം, ആന, ജിറാഫ്, സിംഹം, പുള്ളിമാന്‍, മുതല എന്നീ ജീവികളുണ്ട്. കല്ക്കരി, ഇരുമ്പ്, ടാന്‍റലൈന്‍റ് എന്നീ ധാതുക്കള്‍ സുലഭമാണിവിടെ. രാജ്യത്തുടനീളം ഒഴുകുന്ന 5 വലിയ നദികളും അവയുടെ ശാഖോപശാഖകളും, തടാകങ്ങളും മൊസാംബിക്കിന്‍റെ മണ്ണിനെ ഫലസംപുഷ്ടമാക്കുന്നു.

ഇന്നും കുടിയേറ്റത്തിന്‍റെ നാട്
മൊസാംക്കിലെ ബഹുഭൂരിപക്ഷം ആഫ്രിക്കന്‍ വംശജരെക്കൂടാതെ കോളനിവത്ക്കരണത്തിന്‍റെ കാലത്ത് ധാരാളം യൂറോപ്യന്മാര്‍, പ്രത്യേകിച്ച് പോര്‍ച്ചുഗീസുകാര്‍ ഇവിടെ കുടിയേറിയിരുന്നു. അവരില്‍ അധികംപേരും തിരിച്ചുപോയെങ്കിലും തന്‍സനീയ, മലാവി, സിംബാബുവേ എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ കുടിയേറ്റം ഇന്നും നടക്കുന്നുണ്ട്. ദേശീയഭാഷ ബാന്തുവാണെങ്കിലും ഫ്രഞ്ചും ധാരാളമായി ഉപയോഗിക്കുന്നു. 1975-ലാണ് പോര്‍ച്ചുഗലിന്‍റെ അധീനത്തില്‍നിന്നു ഈ നാടു സ്വതന്ത്രമായത്. കേന്ദ്രാസൂത്രിതമായ സാമ്പത്തിക വ്യവസ്ഥിതിയാണിവിടെ. കൃഷി, അന്തര്‍ദേശീയ വാണിജ്യം, ലഘുവ്യവസായങ്ങള്‍ എന്നിവയാണ് വരുമാന മാര്‍ഗ്ഗം. സാമാന്യം നല്ല റെയില്‍വെ, റോഡ്, വിമാന ഗതാഗത മാര്‍ഗ്ഗങ്ങള്‍ രാജ്യത്തു ലഭ്യമാണ്. റേഡിയോ, ടി.വി, ഡിജിറ്റല്‍ മാധ്യമങ്ങള്‍ തുടങ്ങിയ വാര്‍ത്താവിനിമയോപാധികളും നഗരങ്ങളില്‍ ലഭ്യമാണ്.

വനസമ്പത്തുക്കള്‍
മൊസാംബിക്കിലെ കക്കകളും ചിപ്പികളും (molluses of mozambique) അറിയപ്പെട്ടതാണ്. കാടുകളില്‍ വരയന്‍ പുലി (zebra) തുടങ്ങി ആഫ്രിക്കന്‍ കാടുകളിലെ വന്യമൃഗങ്ങളും ജന്തുക്കളും ധാരാളമുണ്ടിവിടെ. 13 സംരക്ഷിത വനങ്ങളും, 7 ദേശീയ പാര്‍ക്കുകളും, 6 സന്ദര്‍ശകര്‍ക്കുള്ള വനമേഖലകളും വിഖ്യാതമാണ്.

വൈകി എത്തിയ സ്വാതന്ത്ര്യം
ക്രിസ്താബ്ദം 1-മുതല്‍ 4-വരെ ശതകങ്ങളില്‍ ബാന്തുഭാഷ സംസാരിക്കുന്ന തദ്ദേശവംശജര്‍ മൊസാംബിക്കില്‍ ഉണ്ടായിരുന്നു. 1498-ലാണ് വാസ്ക്കോഡിഗാമ മൊസാംബിക്കിന്‍റെ തീരങ്ങളില്‍ എത്തിയത്. തുടര്‍ന്ന് 1587-ല്‍ പോര്‍ച്ചുഗീസുകാര്‍ ഈ നാട് കീഴ്പ്പെടുത്തി. 1930-ല്‍ കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയതോടെ ഒരു ഏകീകൃത ഭരണം മൊസാംബിക്കില്‍ സംജാതമായി. മൊസാംബിക്കിന്‍റെ മോചനത്തിനായി 1960-ല്‍ തുടങ്ങിയ സ്വാതന്ത്ര്യസമരം പോര്‍ച്ചുഗീസുകാര്‍ അടിച്ചമര്‍ത്തി. തുടര്‍ന്ന് മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് ചിന്താഗതികളുള്ള രാഷ്ട്രീയവിഭാഗീയ കക്ഷികള്‍ വിദേശ ശക്തികള്‍ക്കെതിരെ നിരന്തരമായി ഉയര്‍ന്നുവന്നു. നീണ്ട 15 വര്‍ഷക്കാലത്തെ രാഷ്ട്രീയ ഒളിപ്പോരുകള്‍ക്കും വിപ്ലവങ്ങള്‍ക്കുംശേഷം 1975-ല്‍ മൊസാംബിക് സ്വതന്ത്രമായി. പിന്നെയും രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആഭ്യന്തര കാലാപങ്ങള്‍ക്കുശേഷം 1993-ല്‍ മൊസാംബികില്‍ ജനാധിപത്യഭരണം ഉദയംചെയ്തു. തലസ്ഥാന നഗരമായ മപ്പൂത്തോ കേന്ദ്രീകരിച്ച് പ്രസിഡന്‍റ് ഫിലിപ്പെ ജസീന്തോ ന്യൂസിയാണ് 2014-മുതല്‍ രാജ്യം ഭരിക്കുന്നത്. ആകെ ജനസംഖ്യയുടെ 62 ശതമാനം ക്രൈസ്തവരാണ്. 17 ശതമാനം മുസ്ലീങ്ങളും, ബാക്കി 6 ശതമാനം ഇതര മതസ്ഥരുമാണ്.

തലസ്ഥാനനഗരം കേന്ദ്രീകരിച്ചുള്ള പാപ്പായുടെ പരിപാടികള്‍
സെപ്തംബര്‍ 4, ബുധനാഴ്ച വൈകുന്നേരം തലസ്ഥാനനഗരമായ മപ്പൂത്തോയില്‍ എത്തിച്ചേരുന്ന പാപ്പാ, 7-Ɔο തിയതി ശനിയാഴ്ച രാവിലെവരെ വിവിധ പരിപാടികളുമായി മൊസാംബിക്കില്‍ ചെലവഴിക്കും. തലസ്ഥാന നഗരമായ മപ്പൂത്തോ കേന്ദ്രീകരിച്ചാണ് പാപ്പാ ഫ്രാന്‍സിന്‍റെ മൊസാംബിക്കിലെ പരിപാടികള്‍.

(B) മഡഗാസ്ക്കര്‍
ബോബാ വൃക്ഷങ്ങളുടെ നാട്
മഡഗാസ്കറിന്‍റെ 5 വിശുദ്ധന്മാരുടെ ചിത്രങ്ങളും, ദേശീയവൃക്ഷം - ബോബായും ഭൂപടവും പാപ്പായുടെ ചിത്രത്തില്‍ സംയോജിപ്പിച്ചിട്ടുള്ളതാണ് യാത്രയുടെ ചിഹ്നം “സമാധാനത്തിന്‍റെ വിതക്കാരാകാന്‍…” അതു സകലരെയും ക്ഷണിക്കുന്നു.

പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടം മഡഗാസ്കറിലാണ്. കറുത്ത ഭൂഖണ്ഡത്തിന്‍റെ കിഴക്കന്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്ന ആഫ്രിക്കന്‍ ദ്വീപുരാജ്യമാണ് മഡഗാസ്കര്‍. ആഫ്രിക്ക വന്‍കരയില്‍നിന്നും 400 കി.മി. അകലെ, സമാന്തരമായി ഇന്ത്യാമഹാസമുദ്രത്തില്‍ അതു സ്ഥിതിചെയ്യുന്നു. വലുപ്പംകൊണ്ട് ലോകത്തെ നാലമത്തെ ദ്വീപാണ് മഡഗാസ്കര്‍. ദക്ഷിണായന രേഖയുടെ ഇരുഭാഗത്തുമായിട്ടാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ജനസംഖ്യ രണ്ടു കോടിയില്‍ അധികമാണ്.

ഭൂസ്ഥിതി
കിഴക്കും പടിഞ്ഞാറുമായി നിവര്‍ന്നു കിടക്കുന്ന താണപ്രദേശം അഭ്രം കലര്‍ന്ന ചരലുകള്‍ നിറഞ്ഞതാണ്. വടക്കന്‍ മലബ്രദേശങ്ങള്‍ക്ക് 4000-മുതല്‍ 5000 അടികള്‍വരെ കൂടിയ ഉയരമുണ്ട്. മിക്കസ്ഥലങ്ങളിലും പാറക്കുന്നുകള്‍ ദൃശ്യമാണ്. ലിഗനൈറ്റ്, ഗ്രാഫൈറ്റ്, അഭ്രം, റേഡിയം, ഗന്ധകം, വെടിയുപ്പ് എന്നീ ധാതുക്കള്‍ മഡഗാസ്കറില്‍ സുലഭമാണ്. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരം, മൂന്നില്‍ ഒരു ഭാഗം കടല്‍വെള്ളം പതിവായി കേറിയും ഇറങ്ങിയുമിരിക്കുന്നു. പടിഞ്ഞാറന്‍ പ്രദേശത്ത് 6 പ്രധാനപ്പെട്ട തുറമുഖങ്ങളുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ധാരാളമായി ലഭിക്കുമ്പോള്‍, പടിഞ്ഞാറന്‍ ഭാഗങ്ങള്‍‍ മരുപ്രദേശമാണ്.

പ്രകൃതി സമ്പത്തുള്ള രാജ്യം
മഡഗാസ്കറിന്‍റെ പത്തില്‍ ഒന്ന് വനാന്തരങ്ങളാണ്. കിഴക്കന്‍ മലഞ്ചരിവുകളില്‍ റോസ്-വുഡ്, ഈട്ടി തുടങ്ങിയവ ഇടതിങ്ങി വളരുന്നു. താണപ്രദേശങ്ങളില്‍ കേരവും സുലഭമാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മൃഗങ്ങള്‍ മഡഗാസ്ക്കറിലുമുണ്ട്. അരി, ചോളം, വാനില, കാപ്പി, നിലക്കടല, കരിമ്പ്, നാളികേരം, വാഴപ്പഴം എന്നിവ പ്രധാന വിളവുകളാണ്. എന്നാല്‍ വ്യവസായ മേഖലയില്‍ പട്ടുനെയ്ത്ത്, പരുത്തിത്തുണി നെയ്ത്ത്, ലോഹനിര്‍മ്മിതി പഞ്ചസാര ഉല്പാദനം എന്നിവ രാജ്യത്തെ സമ്പന്നമാക്കുന്നു.

തദ്ദേശീയ മലഗാസികള്‍
തദ്ദേശീയരായ മലഗാസികള്‍ ജനസംഖ്യയുടെ 98 ശതമാനത്തിലും അധികമായുണ്ട്. കുടിയേറിയിട്ടുള്ള ചൈനീസ് വംശജരും മഡഗാസ്കറിന്‍റെ ജനസംഖ്യയില്‍പ്പെടുന്നു. 79 ശതമാനം ജനങ്ങള്‍ കാര്‍ഷിക വൃത്തിയും മൃഗപരിപാലനവും ഉപജീവനമാക്കിയിരിക്കുന്നു. വ്യവസായത്തില്‍ വ്യാപൃതരായ തൊഴിലാളികള്‍ 7 ശതമാനം മാത്രമാണ്. മതങ്ങള്‍ : 51 ശതമാനം ക്രൈസ്തവരും 47 ശതമാനത്തോളം പരമ്പരാഗത മതസ്ഥരുമാണ്. മുസ്ലീംങ്ങള്‍ ജനസംഖ്യയുടെ 2 ശതമാനവും.

ചരിത്രം
പോര്‍ച്ചുഗീസ് യാത്രകന്‍ ഡിയേഗോ ഡയാസ് 1500-ല്‍ മഡഗാസ്കര്‍ ദ്വീപു കണ്ടുപിടിച്ചത്. 6 പ്രവിശ്യകളായി തിരിച്ച രാജഭരണം മഡഗാസ്കറില്‍ നിലനിന്നു. 1916 കാലഘട്ടത്തില്‍ റാണാവലോന 3-Ɔമത്തെ രാജ്ഞി ഭരിച്ചിരുന്നു. രമണീയവും പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവുമായ മഡഗാസ്കറിന്‍റെ മേല്‍ ഫ്രാന്‍സ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു, പ്രത്യേകിച്ച് വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍. മെല്ലെ ഒരു ഫ്രഞ്ചു-കോളനിയായി മഡഗാസ്കര്‍ പ്രഖ്യാപിക്കപ്പെട്ടു. ഇത് സ്വതന്ത്രരാഷ്ട്ര ചിന്തകള്‍ക്ക് വഴി തെളിച്ചു. 1960-ല്‍ മലാസി എന്ന പേരില്‍ ജനായത്ത ഭരണത്തിന് തുടക്കമിട്ടെങ്കിലും, ഇടക്കാലത്ത് സൈനിക അട്ടമറി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1975-ല്‍ മാത്രമാണ് മഡഗാസ്കര്‍ റിപ്പബ്ലിക് രൂപംകൊണ്ടത്. ഈ ദ്വീപുരാജ്യത്തിന്‍റെ ആകെ വലുപ്പം 6 ലക്ഷം ച.കീ.മീറ്ററാണ്. പ്രസിഡന്‍റ് രാഷ്ട്രത്തലവനും, പ്രധാനമന്ത്രി ഭരണകര്‍ത്താവുമായുള്ള ഒരു ജനകീയ ഭരണസംവിധാനമുള്ള ബഹുകക്ഷി രാഷ്ട്രീയ രാജ്യമാണ് മഡഗാസ്കര്‍ ഇന്ന്.

സെപ്തംബര്‍ 7- Ɔο തിയതി ശനിയാഴ്ച രാവിലെ തലസ്ഥാന നഗരമായ അന്തനാനരീവോയില്‍ വിമാനമിറങ്ങുന്ന പാപ്പ ഫ്രാന്‍സിസ്, ഞായറാഴ്ച വൈകുന്നേരംവരെ വിവിധ പരിപാടികളിലായി മഡഗാസ്കറില്‍ ചെലവഴിക്കും. അന്തനാനരീവോ- കേന്ദ്രീകരിച്ചാണ് പാപ്പാ ഫ്രാന്‍സിന്‍റെ സന്ദര്‍ശന പരിപാടികള്‍.

(C ) മൗറീഷ്യസ്
വിശ്വശാന്തിയുടെ പ്രതീകമായ ഒലിവില കൊത്തിപ്പറക്കുന്ന വെള്ളരിപ്രാവും, ഭൂപടത്തോടു ചേര്‍ന്ന് ആശീര്‍വ്വാദമേകി നില്കുന്ന പാപ്പായുടെ ചിത്രവുമുള്ള ചിഹ്നം...
“പാപ്പാ ഫ്രാന്‍സിസ് സമാധാനദൂത”നെന്ന് പ്രസ്താവിക്കുന്നു.

ഇന്ത്യന്‍ വംശജരുള്ള നാട്
ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍നിന്നും 1000-ല്‍ അധികം കി.മീ. അകലെ തെക്കു കിഴക്ക് ദിശയില്‍ ഇന്ത്യാസമുദ്രത്തിലുള്ള ചെറിയ ആഫ്രിക്കന്‍ ദ്വീപു രാജ്യമാണ് മൗറീഷ്യസ്. ചരിത്രകാലം മുതല്‍ ഫ്രഞ്ച് കോളനിയായിരുന്നു. ചെറുദ്വീപുസമൂഹമായ മൗറിഷ്യസിന്‍റെ വിസ്തൃതി 2040 ചി.കി.മീറ്ററാണ്. ജനസംഖ്യ 11 ലക്ഷത്തില്‍ താഴെയും. തലസ്ഥാന നഗരം പോര്‍ട്ട് ലൂയിസാണ് (Port Louis). ജനസംഖ്യയുടെ 60 ശതമാനവും ഇന്ത്യന്‍ വംശജരാണ്. ഡച്ചുകാര്‍ ജോലിക്കായി കൊണ്ടുവന്ന കേരളീയരും അക്കൂട്ടത്തിലുണ്ടെന്നത് ചരിത്രമാണ്. ബാക്കിയുള്ളവര്‍ ഫ്രഞ്ചു വംശജരാണ്. ഔദ്യോഗിക ഭാഷ ഇംഗ്ലിഷാണ്. ഫ്രഞ്ചുകാരില്‍നിന്നും ഇംഗ്ലിഷുകാര്‍ അധീനത്തിലാക്കിയ മൗറീഷ്യസില്‍ ഫ്രഞ്ചിന്‍റെ ഉപഭാഷയായ ക്രിയോളും, ഹിന്ദിയും ഇന്നും സംസാരഭാഷകളാണ്. ക്രൈസ്തവര്‍ 49 ശതമാനവും മുസ്ലീങ്ങള്‍ 17 ശതമാനവും, 1 ശതമാനത്തില്‍ താഴെ ബുദ്ധമതക്കാരും ഉണ്ടവിടെ.

ഭൂപ്രകൃതി
ഇന്ത്യാസമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള അഗ്നിപര്‍വ്വതങ്ങളുടെ വിസ്ഫോടനങ്ങളില്‍ രൂപംകൊണ്ടതാണ് മൗറിഷ്യസ് ദ്വീപുകള്‍ എന്നതു ഭൂവൈജ്ഞാനികള്‍ രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാന ദ്വീപിന്‍റെ മധ്യഭാഗം പീഠഭൂമിയാണ്. 16 കി.മീ. മാത്രം നീളമുള്ള ഗ്രീന്‍സ് നദി ഇതിലൂടെ ഒഴുകുന്നുണ്ട്.

ചരിത്രം
ക്രിസ്തുവര്‍ഷം 1500-ല്‍ ലഭ്യമായ ഭൂപടത്തില്‍ അറബിപ്പേരോടെ പ്രത്യക്ഷമാകുന്ന ഈ ദ്വീപ്, യാത്രികരും കച്ചവടക്കാരുമായ അറബികള്‍ കണ്ടുപിടിച്ചതായി അനുമാനിക്കാം. 1598-ല്‍ ഡച്ചുകാര്‍ ഈ ദ്വീപില്‍ കുടിയേറി. അക്കാലത്തെ ഡച്ച് ഭരണാധികാരി മോറിസ്സിന്‍റെ പേരിലാണ് ദ്വീപ് മൗറീഷ്യസ്സ് ആയത്. ഡച്ചുകാര്‍ ഇവിടെ കരിമ്പും, പരുത്തിയും കൊണ്ടുവന്നു കൃഷിചെയ്തു. ഇവിടത്തെ വനങ്ങളില്‍ സമ്പന്നമായ ഈട്ടിത്തടി വേണ്ടുവോളം വെട്ടിയെടുത്തിട്ട്
1710-ല്‍ ഡച്ചുകാര്‍ മൗറിഷ്യസ് ഉപേക്ഷിച്ചു. പിന്നെ 1715 ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി അവിടെയെത്തി. തുടര്‍ന്ന് 1767-ല്‍ ദ്വീപിന്‍റെ ഭരണം ഫ്രഞ്ച് ഗവണ്‍മെന്‍റ് ഏറ്റെടുത്തു.  

19-Ɔο നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ഫ്രാന്‍സും ബ്രിട്ടനും തമ്മിലുണ്ടായ പോരാട്ടത്തില്‍ ഇംഗ്ലിഷുകാര്‍ ദ്വീപു പിടിച്ചെടുത്തു. 1835-ല്‍ മൗറീഷ്യസിലെ അടിമകള്‍ക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്കി. 1957-ല്‍ ബ്രിട്ടന്‍റെ നിയന്ത്രണത്തിലുള്ള മന്ത്രിസഭാഭരണം ദ്വീപില്‍ ഏര്‍പ്പെടുത്തി.
1958-മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം നടപ്പിലാക്കി. 1968-ല്‍ മൗറീഷ്യസിന് സ്വാതന്ത്ര്യം നല്കി. ആ വര്‍ഷം തന്നെ അതൊരു കോമണ്‍വെല്‍ത്ത് രാജ്യമായും പ്രഖ്യാപിക്കപ്പെട്ടു. ജനായത്ത ഭരണക്രമം നടപ്പിലായിരുന്നപ്പോഴും ഭരണകര്‍ത്താക്കളും ജനങ്ങളും ബ്രിട്ടണിലെ രാജ്ഞിയോടു കൂറും ആദരവും പ്രകടിപ്പിച്ചുപോന്നു.

ഭരണക്രമം
പ്രസിഡന്‍റ് രാഷ്ട്രത്തലവനായും, പ്രധാനമന്ത്രി ഭരണനടത്തിപ്പിന്‍റെ അധികാരമുള്ളതുമായ ഒരു പാര്‍ളിമെന്‍ററി ജനായത്ത ഭരണമാണ് ഇന്ന്. മൗറിഷ്യസില്‍ നിലവിലുള്ളത്. തൊഴില്‍ സംഘടനകള്‍ ധാരാളമുള്ള മൗറിഷ്യസ് ഭരിക്കുന്നത് വൈവിധ്യമാര്‍ന്ന ലേബര്‍ പാര്‍ട്ടികളുടെ കൂട്ടുകെട്ടാണെങ്കിലും, ഒരു സമ്പൂര്‍ണ്ണ ജനായത്തഭരണമുള്ള രാഷ്ട്രമായി രാഷ്ട്രീയ വിദഗ്ദ്ധര്‍ മൗറിഷ്യസിനെ ആദരിക്കുന്നുണ്ട്.

യാത്രയുടെ പരിസമാപ്തി
ഇന്നു ബഹുഭൂരിപക്ഷം പാവങ്ങളും തൊഴിലാളി വര്‍ഗ്ഗവുമുള്ള മൗറിഷ്യസിന്‍റെ മണ്ണില്‍ സെപ്തംബര്‍ 9-Ɔο തിയതി തിങ്കളാഴ്ച അതിരാവിലെ മഡഗാസ്കറിലെ അന്തനാനറിവോയില്‍നിന്നും തലസ്ഥാനനഗരമായ പോര്‍ട്ട് ലൂയിസില്‍‍ പറന്നെത്തുന്ന പാപ്പാ ഫ്രാന്‍സിസ്, അന്നേദിവസം പൂര്‍ണ്ണമായും ആ കൊച്ചുദ്വീപിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കും. ചൊവ്വാഴ്ച രാവിലെ മൗറിഷ്യസിലെ ജനങ്ങളോടു യാത്രപറഞ്ഞു വത്തിക്കാനിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് മടങ്ങുമ്പോള്‍, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും അധികമായുള്ള നാടുകളുടെ അതിരുകള്‍ തേടിയുള്ള 31-Ɔമത് രാജ്യന്തര അപ്പസ്തോലിക യാത്രയ്ക്ക് പരിസമാപ്തിയാകും.

പാപ്പായ്ക്ക് പ്രാര്‍ത്ഥനയോടെ ശുഭയാത്ര നേരുന്നു!

ഫിറീത്തോ ഫിലമണും സംഘവും ആലപിച്ച ആഫ്രിക്കന്‍ സ്നേഹ-സമാധാനഗീതം അദ്ദേഹംതന്നെ രചിച്ച് ഈണംപകര്‍ന്നതാണ്.

പാപ്പാ ഫ്രാന്‍സിസിന്‍റെ 31-Ɔമത് പ്രേഷിതയാത്രയ്ക്ക് ഒരുക്കമായ പശ്ചാത്തലപഠനം -  ഒരുക്കിയത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.

to listen to the audio track in the website : https://www.vaticannews.va/ml/world/news/2019-09/backgrounder-viaggio-mozambique-papa-francesco.html
 

01 September 2019, 19:33