തിരയുക

ഫ്രാൻസിസ് പാപ്പായും മത്തെയോ ബ്രൂണിയും ഫ്രാൻസിസ് പാപ്പായും മത്തെയോ ബ്രൂണിയും  (vatican media)

എമ്മാനുവേല ഒർലാന്തിയുടെ തിരോധാനം: സഹായസഹകരണങ്ങൾ ഉറപ്പുനൽകി വത്തിക്കാൻ

നാല്പതോളം വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ വച്ച് കാണാതായ എമ്മാനുവേല ഒർലാന്തിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വത്തിക്കാന്റെ സഹായസഹകരണങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ രാജ്യത്തിനുള്ളിൽ താമസിച്ചിരുന്ന എമ്മാനുവേല ഒർലാന്തിയെ ഇറ്റലിയിൽ വച്ച് കാണാതായ കേസുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ കൈവശമുള്ള രേഖകൾ ഇറ്റലിയിലെ അന്വേഷണാധികാരികൾക്ക് കഴിഞ്ഞ ദിവസം കൈമാറിയതിന് പിന്നാലെ, ഈയൊരു കേസിൽ സമഗ്രമായ അന്വേഷണമാണ് വത്തിക്കാൻ ആഗ്രഹിക്കുന്നതെന്നും അതുവഴി സത്യത്തിലേക്ക് എത്തിച്ചേരാൻ കഴിയട്ടെയെന്നും ജൂലൈ 12-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പരിശുദ്ധസിംഹാസനം പ്രസ്താവന നടത്തി.

എമ്മാനുവേലയുടെ തിരോധാനവുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരണമെന്ന ഒർലാന്തി കടുംബത്തിന്റെ ആഗ്രഹവും പ്രതീക്ഷയും വത്തിക്കാനും പങ്കിടുന്നുവെന്നും, എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടക്കുമെന്നാണ് തങ്ങളുടെയും പ്രതീക്ഷയെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി ജൂലൈ 12-ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എമ്മാനുവേലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വാർത്തകൾ സംബന്ധിച്ച് വത്തിക്കാൻ നീതിന്യായസംരക്ഷണസമിതി ഓഫീസിന് ലഭിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ്, വത്തിക്കാന്റെ തുടർ സഹായവും സഹകരണവും ഇറ്റലിയിലെ അന്വേഷണങ്ങൾക്ക് ഉണ്ടാകുമെന്ന് പരിശുദ്ധ സിംഹാസനം ഉറപ്പുനൽകിയത്. 1983 ജൂണിലാണ് ഒരു വത്തിക്കാൻ ജീവനക്കാരന്റെ മകളായ എമ്മാനുവേലയെ ഇറ്റലിയിൽ കാണാതായത്.

എമ്മാനുവേലയുടെ ഒരു ബന്ധുവിനെക്കുറിച്ച് പുറത്തുവന്ന വാർത്തയിൽ കുമ്പസാരമെന്ന കൂദാശയുടെ രഹസ്യാത്മകത ലംഘിക്കുന്ന പ്രസ്താവനകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണെന്ന് മത്തെയോ ബ്രൂണി അറിയിച്ചു. എമ്മാനുവേലയുടെ സഹോദരിക്ക് ഒരു ബന്ധുവിൽനിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇറ്റാലിയൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2023, 16:42