സിസ്റ്റർ റഫയേല്ല പെത്രീനി വത്തിക്കാൻ ഭരണകാര്യലയ കാര്യദർശി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാൻ ഭരണകാര്യാലയത്തിന്, അഥവാ, ഗവർണ്ണറേറ്റിന് രണ്ടു പുതിയ നിയന്താക്കൾ.
ഈ ഭരണകാര്യാലയത്തിൻറെ പൊതുകാര്യദർശി അഥവാ, സെക്രട്ടറി ജനറൽ ആയി ഫ്രാൻസീസ് പാപ്പാ നിയമിച്ചിരിക്കുന്നത് ദിവ്യകാരുണ്യ ഫ്രാൻസിസ്കൻ സന്ന്യാസിനീസമൂഹാംഗമായ സിസ്റ്റർ റഫയേല്ല പെത്രീനിയെ (Sr.Raffaella Petrini) ആണ്.
പൊതുഉപകാര്യദർശിയായി നിയമിതനായിരിക്കുന്നത് അഭിഭാഷകനായ ജുസേപ്പെ പുൾലീസി അലിബ്രാന്തി (Giuseppe Puglisi-Alibrandi) ആണ്.
വ്യാഴാഴ്ചയാണ് (04/11/21) ഇരുവരുടെയും നിയമന ഉത്തരവുണ്ടായത്.
സന്ന്യാസിനീസഹോദരിയായ റഫയേല്ല പെത്രീനി 2005 മുതൽ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
റോമിൽ 1969 ജനുവരി 15-ന് ജനിച്ച സിസ്റ്റർ റഫയേല്ല റോമിലെ സെൻറ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പ്രസ്തുത സർവ്വകലാശാലയിൽ പ്രൊഫസറുമാണ്.
വത്തിക്കാൻ ഗവർണ്ണറേറ്റിൻറെ ഉപകാര്യദർശിയായി നിയമിതാനായ അഭിഭാഷകൻ ജുസേപ്പെ പുൾലീസി അലിബ്രാന്തിയും റോമാക്കാരനാണ്. 1969 ഒക്ടോബർ 23-ന് ജനിച്ച അദ്ദേഹം റോമിലെ സപ്പിയേൻസ സർവ്വകലാശാലയിൽ നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം, 2014 മുതൽ ഈ കാര്യാലയത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്.