വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 5 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലൊ ബെച്ചുവിനെ വെള്ളിയാഴ്ച (10/07/20) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയത് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങൾ ഈ സംഘം പുറപ്പെടുവിച്ചത്.
ഈ അഞ്ചെണ്ണത്തിൽ ഒന്നു ഒരു അത്ഭുതവും മറ്റു നാലെണ്ണം വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നവയാണ്.
ഇവയിൽ ആദ്യത്തേത്, ഇറ്റലി സ്വദേശിനിയും അത്മായവിശ്വാസിയുമായ ദൈവദാസി മരിയ അന്തോണിയ സമായുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതത്തെ സംബന്ധിച്ചതാണ്.
ഇറ്റലിയിലെ സാന്ത് അന്ത്രയാ യോനിയോയിൽ 1875 മാർച്ച് 2-ന് ജനിക്കുകയും 1953 മെയ് 27-ന് അവിടെവച്ചുതന്നെ മരണമടയുകയും ചെയ്ത ദൈവദാസി മരിയ അന്തോണിയ സമായെ (Maria Antonia Samà) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ അത്ഭുതമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.
തുടർന്നു വരുന്ന നാലു പ്രഖ്യാപനങ്ങൾ, ഇറ്റലിയിൽ ജനിക്കുകയും മെക്സിക്കോയിൽ വച്ച് മരണമടയുകയും ചെയ്ത (10/08/1645-15/03/1711) ഈശോസഭാവൈദികൻ എവുസേബിയൊ ഫ്രാൻചെസ്കൊ കീനി (Eusebio Francesco Chini)
യേശുവിൻറെ ദാസികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകനായ സ്പെയിൻ സ്വദേശിയായ രൂപതാവെദികൻ മരിയാനൊ ജുസേപ്പെ ദെ ഇബാർഗെൻഗൊയിത്തിയ ത്സുല്വാഗ (Mariano Giuseppe de Ibargüengoitia y Zuloaga 08/09/1815-31/01/1888)
സ്പെയിൻ സ്വദേശിനിയും രക്ഷകൻറെ സമൂഹം എന്ന സമർപ്പിതജീവിത സമൂഹത്തിൻറെ സ്ഥാപകയുമായ മരിയ ഫെലിക്സ് തോറസ് (Maria Félix Torres 25/08/1907-12/01/2001)
കുരിശിൻറെ നിശബ്ദ വേലക്കാരുടെ സമിതിയിലെ അത്മായാംഗവും ഇറ്റലിക്കാരനുമായിരുന്ന ആഞ്ചോളിനോ ബൊണേത്ത (Angiolino Bonetta 18/09/1948-18/01/1963)
എന്നീ ദൈവദാസരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.