തിരയുക

സൗഹൃദം:യേശുവിന് നാം ആരാണ് എന്നു പറയുന്നതിനുള്ള ഒരു മാനദണ്ഡം!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ വിചിന്തനം. "നിങ്ങൾ ഇനിമേലിൽ ദാസരല്ല, സ്നേഹിതരാണ്".

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏതാനും ദിവസത്തെ മഴയ്ക്കും തണുപ്പിനും ശേഷം താപനില ഉയരുകയും നല്ല  തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്ത ഒരു ദിനമായിരുന്നു ഈ ഞായറാഴ്‌ച (05/05/24) റോമിൽ.  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (05/05/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം, 9-17 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 15:9-17) അതായത്, പരസ്പര സ്നേഹം, ദാസരല്ല സ്നേഹിതരെന്ന പരിഗണന, പിതാവിൻറെ സ്നേഹത്തിൽ നിലനിൽക്കൽ തുടങ്ങിയവയെക്കുറിച്ച് യേശു ശിഷ്യന്മാരോടു പറയുന്ന ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ പങ്കുവച്ച ചിന്തകൾ:                

നിങ്ങൾ ദാസരല്ല, സ്നേഹിതർ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

അപ്പോസ്തലന്മാരോട് ഇങ്ങനെ പറയുന്ന യേശുവിനെ കുറിച്ചാണ് ഇന്ന് സുവിശേഷം നമ്മോട് പറയുന്നത്: "ഇനി ഞാൻ നിങ്ങളെ ദാസരെന്നു വിളിക്കില്ല, സ്നേഹിതരെന്നു വിളിക്കും"  (യോഹന്നാൻ 15:15 കാണുക). എന്താണിതിനർത്ഥം?

ദൈവത്തിൻറെ ദാസന്മാർ

സുപ്രധാന ദൗത്യങ്ങൾ ദൈവം ഏൽപ്പിക്കുന്ന സവിശേഷ വ്യക്തികളാണ് ബൈബിളിൽ, ദൈവത്തിൻറെ "ദാസന്മാർ". അതിനു ഉദാഹരണമാണ് മോശ (പുറപ്പാട് 14.31 കാണുക), ദാവീദ് രാജാവ് (2 സാമുവേൽ 7,8 കാണുക), ഏലിയാ പ്രവാചകൻ (1 രാജാക്കന്മാർ 18.36 കാണുക), തുടങ്ങി പരിശുദ്ധ കന്യകാമറിയം (ലൂക്കോസ് 1.38 കാണുക) വരെയുള്ളവർ. ദൈവം ആരുടെ കൈകളിലാണോ തൻറെ നിധികൾ ഏൽപ്പിക്കുന്നത് ആ ആളുകളാണ് അവർ (മത്തായി 25:21 കാണുക). എന്നാൽ, യേശുവിൻറെ അഭിപ്രായത്തിൽ, നാം അവിടത്തേയ്ക്ക് ആരാണെന്നു പറയുന്നതിന് ഇതൊന്നും പോരാ, സമ്പത്തിനെയും പദ്ധതികളെതന്നെയും കവച്ചുവയ്ക്കുന്നതായ ഇതിലും മഹത്തായ, കൂടുതൽ എന്തെങ്കിലും ആവശ്യമായിരിക്കുന്നു: സൗഹൃദം ആവശ്യമാണ്.

സൗഹൃദാനുഭവങ്ങൾ

ഈ അനുഭവം എത്ര മനോഹരമാണെന്ന് നമ്മൾ കുഞ്ഞുന്നാൾ മുതൽതന്നെ മനസ്സിലാക്കുന്നു: നമ്മുടെ കളിപ്പാട്ടങ്ങളും ഏറ്റവും മനോഹരമായ സമ്മാനങ്ങളും നമ്മൾ കൂട്ടുകാർക്ക് നൽകുന്നു; പിന്നീട്, വളർന്ന് കൗമാരത്തിലെത്തുമ്പോൾ,  നമ്മൾ ആദ്യ രഹസ്യങ്ങൾ അവരോട് പറയുന്നു; യുവത്വത്തിൽ നമ്മൾ വിശ്വസ്തത വാഗ്ദാനം ചെയ്യുന്നു; മുതിർന്നവരാകുമ്പോൾ നമ്മൾ നമ്മുടെ സന്തോഷങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നു; വാർദ്ധക്യത്തിലെത്തുമ്പോൾ നമ്മൾ ഓർമ്മകളും പരിഗണനകളും സുദീർഘങ്ങളായ ദിനങ്ങളിലെ നിശബ്ദതകളും പങ്കിടുന്നു. ദൈവവചനം, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ, നമ്മോടു പറയുന്നു "സുഗന്ധദ്രവ്യവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, ഒരു സുഹൃത്തിൻറെ ഉപദേശം ആത്മാവിനെ മധുരതരമാക്കുന്നു" (27.9). നമുക്ക് നമ്മുടെ കൂട്ടുകാരന്മാരെക്കുറിച്ച് കൂട്ടുകാരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാം, അവർക്കായി നമുക്ക് കർത്താവിന് നന്ദി പറയാം! അവരെക്കുറിച്ച് ചിന്തിക്കാനുള്ള ഒരിടം ...

ചതിക്കപ്പെട്ടാലും കൈവിടാത്ത യഥാർത്ഥ സുഹൃത്ത്

സൗഹൃദം കണക്കുകൂട്ടലിൻറെ ഫലമല്ല, ബലപ്രയോഗത്തിൻറെയുമല്ല: അപരനിൽ നമ്മുടേതായ എന്തെങ്കിലും തിരിച്ചറിയുമ്പോൾ അത് സ്വയമേവ ജന്മമെടുക്കുന്നു. കൂടാതെ, സൗഹൃദം സത്യമാണെങ്കിൽ, ചതിക്കുമുന്നിൽ പോലും പരാജയപ്പെടാത്തത്ര ശക്തമാണത്. ഒരു ചുംബനത്തിലൂടെ തന്നെ ഒറ്റിക്കൊടുക്കുന്ന യൂദാസിനോട് യേശു “സ്നേഹിതാ ഇതിനാണോ നീ ഇവിടെ വന്നത്” (മത്തായി 26.50) എന്നു പറയുമ്പോൾ നമുക്ക് കാണിച്ചുതരുന്നതു പോലെ, "ഒരു മിത്രം എപ്പോഴും നിന്നെ സ്നേഹിക്കുന്നു" (സുഭാഷിതങ്ങൾ 17,17)- എന്ന് സുഭാഷിതങ്ങളുടെ പുസ്തകം ആവർത്തിക്കുന്നു. നീ തെറ്റിൽ വീണാലും ഒരു യഥാർത്ഥ സുഹൃത്ത് നിന്നെ കൈവിടില്ല: അവൻ നിന്നെ തിരുത്തുന്നു, ഒരുപക്ഷേ നിന്നെ ശകാരിച്ചേക്കാം, പക്ഷേ നിന്നോടു ക്ഷമിക്കുന്നു, ഉപേക്ഷിക്കുന്നില്ല.

യേശുവിന് നമ്മൾ സുഹൃത്തുക്കളാണ് 

ഇന്ന് യേശു, സുവിശേഷത്തിൽ, നമ്മോടു പറയുന്നത് കൃത്യമായും ഇതാണ്, നമ്മൾ അവിടത്തെ സുഹൃത്തുക്കളാണ്: എല്ലാ യോഗ്യതകൾക്കും എല്ലാ പ്രതീക്ഷകൾക്കും അതീതമായ പ്രിയപ്പെട്ട ആളുകൾ, അവിടന്ന് കൈ നീട്ടുകയും അവിടത്തെ സ്നേഹവും കൃപയും വചനവും നല്കുകയും ചെയ്യുന്നവർ; അവരുമായി, അതായത്, സ്നേഹിതരായ നമ്മളുമായി, അവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, പിതാവിൽ നിന്ന് കേട്ടതെല്ലാം പങ്കിടുന്നു (യോഹന്നാൻ 15:15 കാണുക). അവിടന്ന് നമുക്കായി ബലഹീനനായിത്തീരുംവിധം, യാതൊരു പ്രതിരോധവും അവകാശവാദങ്ങളുമില്ലാതെ നമ്മുടെ കരങ്ങളിൽ സ്വയം ഏൽപ്പിക്കുന്ന തരത്തിൽ, കാരണം അവിടന്ന് നമ്മെ സ്നേഹിക്കുന്നു. കർത്താവ് നമ്മെ സ്നേഹിക്കുന്നു, ഒരു സുഹൃത്തെന്ന നിലയിൽ അവിടന്ന് നമ്മുടെ നന്മ ആഗ്രഹിക്കുന്നു, നമ്മെ അവനിൽ പങ്കുചേർക്കാൻ അഭിലഷിക്കുന്നു.

എൻറെ വദനം മിത്രത്തിൻറേതോ അപരിചിതൻറെതോ

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: കർത്താവിന് മുന്നിൽ എൻറെ മുഖം ഏതാണ്? ഒരു സുഹൃത്തിൻറെ വദനമോ അപരിചിതൻറെ മുഖമോ? പ്രിയപ്പെട്ട ഒരാളെപ്പോലെ ഞാൻ അവിടന്നിനാൽ സ്നേഹിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ടോ? മറ്റുള്ളവരോട്, പ്രത്യേകിച്ച് തെറ്റുകൾ ചെയ്യുന്നവരോടും ക്ഷമ ആവശ്യമുള്ളവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്ന യേശുവിൻറെ മുഖം എന്താണ്? തൻറെ പുത്രനുമായുള്ള സൗഹൃദം വളർത്തിയെടുക്കാനും അത് നമുക്ക് ചുറ്റും പ്രസരിപ്പിക്കാനും മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ഉയിർപ്പുതിരുന്നാളാശംസകൾ

ജൂലിയൻ പഞ്ചാംഗം അനുസരിച്ച് ഈ ഞാറാഴ്ച ഉയിർപ്പു തിരുന്നാൾ  ആഘോഷിച്ച ഓർത്തഡോക്സ് സഭകളിലെയും ചില പൗരസ്ത്യ കത്തോലിക്കാ സഭകളിലെയും സഹോദരീസഹോദരന്മാർക്ക് പാപ്പാ  ആശീർവാദനാനന്തരം ഉത്ഥാനത്തിരുന്നാളാശംസകൾ അർപ്പിച്ചു.  ഉയിർത്തെഴുന്നേറ്റ കർത്താവ് എല്ലാ സമൂഹങ്ങളിലും സന്തോഷവും സമാധാനവും നിറയ്ക്കുകയും പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സാന്ത്വനമേകുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വെള്ളപ്പൊക്കക്കടുതിയനുഭവിക്കുന്നവർക്കായി പ്രാർത്ഥന

ബ്രസീലിലെ ഹിയോ ഗ്രാഞ്ചെ ദ് സ്വോ സംസ്ഥാനത്ത് വലിയ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പാപ്പാ തൻറെ പ്രാർത്ഥന ഉറപ്പു നല്കി. മരിച്ചവരെ കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും വീടുവിട്ടിറങ്ങേണ്ടി വന്നവരെയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

സ്വിസ് കാവൽഭടന്മാർക്ക് പാപ്പായുടെ ആശംസകൾ 

വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന സ്വിസ് കാവൽഭടന്മാരുടെ സേനയിലെ പുതിയ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ചരിത്രപരവും ശ്രേഷ്ഠവുമായ ഈ സേനയുടെ ആഘോഷത്തോടനുബന്ധിച്ച് അഭിവാദ്യം ചെയ്തു.

“മേത്തെർ” സംഘടന

കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നത് തടയുന്നതിനായി പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റലിയിൽ സ്ഥാപിതമായ “മേത്തെർ” എന്ന സംഘടനയുടെ പ്രതിനിധികൾക്ക് തൻറെ ആശംസകൾ അറിയിച്ച പാപ്പാ അവരുടെ പ്രവർത്തനത്തിന് നന്ദി പറയുകയും അവർക്ക് പ്രചോദനം പകരുകയും ചെയ്തു.

യുദ്ധവേദികളെ അനുസ്മരിച്ച്

യുദ്ധവേദികളായ ഉക്രൈയിൻ പലസ്തീൻ, ഇസ്രായേൽ എന്നീ നാടുകൾക്കുവേണ്ടിയുള്ള പ്രാർത്ഥന പാപ്പാ ആവർത്തിച്ചു.അവിടങ്ങളിൽ സമാധാനം സംജാതമാകുന്നതിനും സംഭാഷണം ശക്തിപ്പെടുകയും സൽഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധമല്ല സംഭാഷണമാണ് വേണ്ടതെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാല പ്രാർത്ഥനാ പരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 11:53

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >