തിരയുക

പ്രത്യാശ: ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഹൃദയത്തിനു നൽകപ്പെടുന്ന ഉത്തരം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: പ്രത്യാശയെന്ന ദൈവിക പുണ്യം." ക്രിസ്തുവിൻറെ വാഗ്ദാനങ്ങളിൽ ശരണം വയ്ക്കുകയും നമ്മുടെ സ്വന്തം ശക്തിയിലല്ല, പരിശുദ്ധാരൂപിയുടെ കൃപയിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ സൗഭാഗ്യമെന്നനിലയിൽ സ്വർഗ്ഗരാജ്യത്തെയും നിത്യജീവനെയും നാം ആഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ അതാണ് പ്രത്യാശ എന്ന ദൈവികപുണ്യം” (കത്തോലിക്കാസഭയുടെ മതബോധനം, 1817)

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (08/05/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി സൂര്യപ്രഭാവലയിതമായിരുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

" സഹോദരങ്ങളേ, നമുക്ക് വെളിപ്പെടാനിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമെന്ന് ഞാൻ കരുതുന്നു..... സൃഷ്ടി മാത്രമല്ല ആത്മാവിൻറെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രലബ്ധി പ്രതീക്ഷിച്ചുകൊണ്ട്  ആന്തരികമായി വിലപിക്കുന്നു. ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത് .” പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം, അദ്ധ്യായം 8: 18.23.24 എന്നീ വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. ദൈവികപുണ്യങ്ങളിൽ ഒന്നായ പ്രത്യാശയായിരുന്നു ഇത്തവണ പാപ്പായുടെ പരിചിന്തനത്തിന് ആധാരം.  പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

പ്രത്യാശ

പ്രിയ സഹോദരീ സഹോദരന്മാരേ,

അവസാനത്തെ പ്രബോധനത്തിൽ നമ്മൾ ദൈവികപുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനത്തിന് തുടക്കംകുറിച്ചു. അവ മൂന്നെണ്ണമാണ്, അതായത്, വിശ്വാസം ശരണം ഉപവി. കഴിഞ്ഞ പ്രാവശ്യം നമ്മൾ വിശ്വാസത്തെക്കുറിച്ചു ചിന്തിച്ചു. ഇന്ന് പ്രത്യാശയുടെ ഊഴമാണ്.

പരിശുദ്ധാരൂപിയുടെ കൃപയിൽ ആശ്രയം

" ക്രിസ്തുവിൻറെ വാഗ്ദാനങ്ങളിൽ ശരണം വയ്ക്കുകയും നമ്മുടെ സ്വന്തം ശക്തിയിലല്ല, പരിശുദ്ധാരൂപിയുടെ കൃപയിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ സൗഭാഗ്യമെന്നനിലയിൽ സ്വർഗ്ഗരാജ്യത്തെയും നിത്യജീവനെയും നാം ആഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ അതാണ് പ്രത്യാശ എന്ന ദൈവികപുണ്യം” (1817). “എനിക്ക് എന്ത് സംഭവിക്കും? യാത്രയുടെ ലക്ഷ്യസ്ഥാനം എന്താണ്? ലോകത്തിൻറെ ഭാഗധേയം എന്താണ്?" എന്നീ സുവ്യക്ത ചോദ്യങ്ങൾ  നമ്മുടെ ഉള്ളിൽ ഉയരുമ്പോൾ നമ്മുടെ ഹൃദയത്തിന് നൽകപ്പെടുന്ന ഉത്തരമാണ് പ്രത്യാശയെന്ന് ഈ വാക്കുകൾ നമുക്ക് സ്ഥിരീകരണമേകുന്നു.

ഭാവിയെക്കുറിച്ചുള്ള ഉറപ്പ് പകരുന്ന പ്രത്യാശ 

ഈ ചോദ്യങ്ങൾക്കുള്ള നിഷേധാത്മകമായ ഒരു ഉത്തരം ദുഃഖം ഉളവാക്കുമെന്ന അവബോധം നമുക്കെല്ലാവർക്കുമുണ്ട്. ജീവിത യാത്രയ്ക്ക് അർത്ഥമില്ലെങ്കിൽ, തുടക്കഒടുക്കങ്ങളിൽ ഒന്നുമില്ലെങ്കിൽ, എന്തിന് നാം യാത്ര ചെയ്യണം എന്ന് നമ്മൾ സ്വയം ചോദിക്കുന്നു: ഇവിടെ നിന്നാണ് മനുഷ്യൻറെ നിരാശ, എല്ലാം ഉപയോഗശൂന്യമാണെന്ന തോന്നൽ ജന്മംകൊള്ളുന്നത്. പലരും എതിർവാദമുന്നയിച്ചേക്കാം: “ഞാൻ സദ്‌ഗുണവനാകാനും വിവേകിയാകാനും നീതിമാനായിരിക്കാനും ശക്തനാകാനും സംയമനമുള്ളവനാകാനും ശ്രമിച്ചിട്ടുണ്ട്. ഞാനും വിശ്വാസമുള്ള പുരുഷനോ സ്ത്രീയോ ആയിരുന്നു... എൻറെ പോരാട്ടംകൊണ്ട് എന്തുഫലമുണ്ടായി?". പ്രത്യാശയുടെ അഭാവത്തിൽ, മറ്റെല്ലാ പുണ്യങ്ങളും തകർന്ന് പോകുകയും ചാരമായി തീരുകയും ചെയ്യുന്ന അപകടമുണ്ട്. വിശ്വസനീയമായ നാളെയോ ശോഭനമായ ചക്രവാളമോ ഇല്ലെങ്കിൽ, പുണ്യം ഒരു നിഷ്ഫല യ്തനം എന്ന് കണക്കാക്കുക മാത്രമേ നിർവ്വാഹമുള്ളൂ. "ഭാവി ഒരു ഭാവാത്മക യാഥാർത്ഥ്യമാണെന്ന ഉറപ്പുണ്ടാകുമ്പോൾ മാത്രമേ വർത്തമാനകാലവും ജീവിത യോഗ്യമാകൂ" (ബെനഡിക്ട് XVI, ചാക്രിക ലേഖനം സ്പേ സാൽവി, 2).

ക്രിസ്തുവിൻറെ മരണോത്ഥാനങ്ങളും അവിടത്തെ ആത്മാവിൻറെ ദാനവും

ക്രിസ്ത്യാനി പ്രത്യാശപുലർത്തുന്നത് അവൻറെ സ്വന്തം യോഗ്യതയിലൂടെയല്ല. അവൻ ഭാവിയിൽ വിശ്വസിക്കുന്നുവെങ്കിൽ അത് ക്രിസ്തു മരണം വരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും അവിടത്തെ ആത്മാവിനെ നമുക്ക് നൽകുകയും ചെയ്തതുകൊണ്ടാണ്., "പ്രത്യാശ നമുക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥത്തിലാണ് നമുക്ക് രക്ഷ പ്രദാനംചെയ്യപ്പെടുന്നത്. പ്രത്യാശവഴി നമുക്ക് വർത്തമാനകാലത്തെ നേരിടാൻ കഴിയും" (ibid. 1). ഈ അർത്ഥത്തിൽ, പ്രത്യാശ ഒരു ദൈവികപുണ്യമാണെന്ന് നമുക്ക് ആവർത്തിക്കാനാകും: അത് നമ്മിൽ നിന്ന് പുറപ്പെടുന്നതല്ല, നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ നാം ശ്രമിക്കുന്ന ഒരു പിടിവാശിയല്ല അത്, മറിച്ച് അത് ദൈവത്തിൽ നിന്ന് നേരിട്ട് വരുന്ന ഒരു സമ്മാനമാണ്.

ഉത്ഥാനത്തിലുള്ള വിശ്വാസം അടിസ്ഥാനം 

പ്രത്യാശയിലേക്കു പൂർണ്ണമായി പുനർജനിക്കാത്തവരായിരുന്ന, സന്ദേഹികളായ പല ക്രിസ്ത്യാനികൾക്കും മുന്നിൽ പൗലോസപ്പോസ്തലൻ  ക്രിസ്തീയാനുഭവത്തിൻറെ പുതിയൊരു യുക്തി അവതരിപ്പിക്കുന്നു: "ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ, നിങ്ങളുടെ വിശ്വാസം വ്യർത്ഥമാണ്, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ തന്നെ വർത്തിക്കുന്നു. ക്രിസ്തുവിൽ നിദ്രപ്രാപിച്ചവർ നശിച്ചുപോകുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെക്കാളും നിർഭാഗ്യരാണ്" (1 കോറി 15:17-19). അദ്ദേഹം ഇങ്ങനെ പറയുന്നത് പോലെയാണ്: ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ നീ വിശ്വസിക്കുന്നുവെങ്കിൽ, പരാജയവും മരണവും ശാശ്വതമല്ലെന്ന് നിനക്ക് ഉറപ്പായും അറിയാം. എന്നാൽ നീ ക്രിസ്തുവിൻറെ ഉയിർപ്പിൽ വിശ്വസിക്കുന്നില്ലെങ്കിൽ, എല്ലാം ശൂന്യമാകും, അപ്പോസ്തലന്മാരുടെ പ്രസംഗം പോലും.

പ്രത്യാശയ്ക്കെതിരെ നാം പാപം ചെയ്യുന്നു

പ്രത്യാശയെന്ന പുണ്യത്തിനെതിരെ നാം പലപ്പോഴും  പാപം ചെയ്യുന്നു: നമ്മുടെ മോശമായ കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയിൽ, നമ്മുടെ വിഷാദത്തിൽ, നമ്മുടെ ഭൂതകാല സന്തോഷം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിക്കുമ്പോൾ. ദൈവം കരുണയുള്ളവനും നമ്മുടെ ഹൃദയത്തേക്കാൾ വലിയവനുമാണെന്നു മറന്നുകൊണ്ട് നമ്മൾ നമ്മുടെ പാപങ്ങളാൽ നിരാശരാകുമ്പോൾ,  നാം പ്രത്യാശയ്‌ക്കെതിരെ പാപം ചെയ്യുന്നു. നാം ഇതു മറക്കരുത്, ദൈവം സകലതും സദാ ക്ഷമിക്കുന്നു. നമ്മുടെ പാപങ്ങൾക്കുമുന്നിൽ നാം തളർന്നുപോകുമ്പോൾ നാം പ്രത്യാശയ്ക്കെതിരെ പാപം ചെയ്യുന്നു.  ശരത്കാലം നമ്മുടെ ഉള്ളിൽ വസന്തത്തെ മായിച്ചുകളയുമ്പോൾ നാം പ്രത്യാശയെക്കെതിരെ പാപം ചെയ്യുന്നു; ദൈവസ്നേഹം ഒരു ശാശ്വത അഗ്നിയല്ലാതായി മാറുമ്പോൾ, ജീവിതം മുഴുവനും വേണ്ടി നമ്മെ പ്രതിബദ്ധരാക്കുന്ന തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം നമുക്കില്ലാതെ വരുമ്പോൾ നാം പ്രത്യാശയ്ക്കെതിരെ പാപം ചെയ്യുന്നു.

ഇന്നത്തെ ലോകത്തിന് അനിവാര്യമായ പുണ്യം

ഈ ക്രിസ്തീയ പുണ്യം ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമുണ്ട്! പ്രത്യാശയോട് പറ്റിച്ചേർന്നു നടക്കുന്ന പുണ്യമായ ക്ഷമ ലോകത്തിന് ഏറെ ആവശ്യമുള്ളതു പോലെ. ക്ഷമയുള്ള മനുഷ്യർ നന്മയുടെ നെയ്ത്തുകാരാണ്. അവർ നിർബന്ധബുദ്ധിയോടെ സമാധാനം ആഗ്രഹിക്കുന്നു, ചിലർ തിരക്കുള്ളവരും എല്ലാം ഉടനടി വേണമെന്ന് ആഗ്രഹിക്കുന്നവരുമാണെങ്കിലും ക്ഷമയ്ക്ക് കാത്തിരിക്കാനുള്ള കഴിവുണ്ട്. നമുക്കു ചുറ്റും പലരും നിരാശയ്ക്ക് കീഴടങ്ങുമ്പോൾ പോലും, പ്രതീക്ഷയാൽ പ്രചോദിതരും ക്ഷമയുള്ളവരുമായവർക്ക് ഇരുണ്ട രാത്രികളിലൂടെ കടന്നുപോകാൻ കഴിയും. പ്രത്യാശയും ക്ഷമയും ഒരുമിച്ചു ചരിക്കുന്നു.

യുവത്വമാർന്ന ഹൃദയം പേറുന്നവർ പ്രത്യാശയുടെ സംവാഹകർ 

യുവഹൃദയമുള്ളവരുടെ പുണ്യമാണ് പ്രത്യാശ; ഇവിടെ പ്രായം പ്രശ്നമല്ല. കാരണം, പ്രകാശഭരിത നയനങ്ങളുള്ളവരും, ഭാവിയെക്കുറിച്ച് സ്ഥായിയായ ഔത്സുക്യം പുലർത്തുന്നവരുമായ വൃദ്ധജനമുണ്ട്. സുവിശേഷത്തിലെ ആ രണ്ട് മഹാ വൃദ്ധരെക്കുറിച്ച്, ശിമയോനെയും അന്നയെയും കുറിച്ച്, നമുക്ക് ചിന്തിക്കാം: കാത്തിരിക്കുന്നതിൽ അവർക്ക് ഒരിക്കലും മടുപ്പനുഭവപ്പെട്ടില്ല, മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്ന യേശുവിൽ അവർ തിരിച്ചറിഞ്ഞ മിശിഹായുമായുള്ള കണ്ടുമുട്ടലിലൂടെ അവരുടെ അനുഗ്രഹീത യാത്രയുടെ അവസാന ഘട്ടം അവർ കണ്ടു. നമുക്കെല്ലാവർക്കും ഇങ്ങനെയായിരുന്നെങ്കിൽ അത് എന്തൊരു അനുഗ്രഹമായിരുന്നേനേ! നീണ്ട ഒരു തീർത്ഥാടനാനന്തരം, സഞ്ചിയും വടിയും താഴെയിട്ട്, നമ്മുടെ ഹൃദയം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷത്താൽ നിറഞ്ഞിരുന്നുവെങ്കിൽ, നമുക്കും ഇങ്ങനെ ഉദ്ഘോഷിക്കാൻ സാധിച്ചേനേ കഴിഞ്ഞു: “കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ. എന്തെന്നാൽ സകല ജനതകൾക്കു വേണ്ടി  അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എൻറെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിൻറെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിൻറെ മഹിമയും ആണ്" (ലൂക്കാ 2,29-32).

ക്ഷമയോടു കൂടിയ പ്രത്യാശയ്ക്കായി പ്രാർത്ഥിക്കുക 

സഹോദരീസഹോദരന്മാരേ, നമുക്ക് മുന്നേറാം, പ്രത്യാശ, ക്ഷമയോടുകൂടിയ പ്രത്യാശ ഉള്ളവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം, നിയതമായ ആ കൂടിക്കാഴ്ചയ്ക്കായി എല്ലായ്പ്പോഴും ഉറ്റുനോക്കാം; കർത്താവ് എപ്പോഴും നമ്മുടെ ചാരെയുണ്ട് എന്നത്  സദാ ശ്രദ്ധിക്കുക, മരണം ഒരിക്കലും വിജയിക്കില്ല. നമുക്ക് മുന്നോട്ട് പോകാം, ക്ഷമ അകമ്പടിയായുള്ള പ്രത്യാശയെന്ന ഈ മഹത്തായ പുണ്യം നമുക്ക് പ്രദാനം ചെയ്യണമേയെന്ന് നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നന്ദി. 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ - ഉക്രൈയിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

തെക്കെ ഇറ്റലിയിലെ പൊംപെയിൽ വണങ്ങപ്പെടുന്ന ജപമാല നാഥയോടുള്ള പ്രത്യേക പ്രാർത്ഥന അനുവർഷം മെയ് 8-ന് നടത്തപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ലോകമെമ്പാടും, വിശിഷ്യ, ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ മ്യന്മാർ എന്ന നാടുകളിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി പരിശുദ്ധ അമ്മയോടു പ്രാർത്ഥിക്കാൻ എല്ലവരെയും ക്ഷണിച്ചു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. അവരെ പാപ്പാ പരിശുദ്ധ കന്യാക്യാമറിയത്തിന് ഭരമേല്പിക്കുകയും ഈ മെയ്മാസത്തിൽ പ്രത്യേകിച്ച്, കൊന്തനമസ്ക്കാരത്തിന് സവിശേഷ പ്രാധാന്യം കല്പിക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2024, 12:04

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >