തിരയുക

പാപ്പാ: സന്തോഷം പങ്കുവയ്ക്കുക, അത് സംവർദ്ധകമാകും!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്ഥാനത്തിരുന്നാൾ അഷ്ടദിനങ്ങളിലെ ആദ്യ തിങ്കളാഴ്ച, അതായത്, ഉയിർപ്പുഞായറിൻറെ പിറ്റേന്നാൾ ഇറ്റലിയിലും വത്തിക്കാനിലും പൊതു അവധിയാണ്. ഈ ദിനം “മാലാഖയുടെ തിങ്കൾ” എന്നും അറിയപ്പെടുന്നു. യേശുവിനെ അടക്കം ചെയ്തിരുന്ന കല്ലറയിങ്കൽ സുഗന്ധദ്രവ്യങ്ങളുമായി എത്തിയ സ്ത്രീകൾ ശൂന്യമായ കല്ലറ കണ്ടെത്തുന്നതും ദൈവദൂതൻ യേശു ഉയിർത്തെഴുന്നേറ്റുവെന്ന് അവരെ അറിയിക്കുന്നതുമായ സുവിശേഷ സംഭവം അനുസ്മരിക്കുന്ന ഒരു ദിനമാണിത്. ഈ ദിനം ആചരിക്കപ്പെട്ട ഈ തിങ്കളാഴ്ച (01/04/24) ഫ്രാൻസീസ് പാപ്പാ  വത്തിക്കാനിൽ,  പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30ന്, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, തിങ്കളാഴ്ച (01/04/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായം, 8-15 വരെയുള്ള വാക്യങ്ങൾ (മത്തായി 28,8-15) അതായത്, ശൂന്യമായ കല്ലറയിങ്കൽ അമ്പരന്നു നില്ക്കുന്ന സ്ത്രീകളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ദൈവദൂതൻ ക്രൂശിക്കപ്പെട്ടവൻ ഉയിർത്തെഴുന്നേറ്റുവെന്ന് അവരെ അറിയിക്കുന്നതും ഈ സന്തോഷവാർത്ത ക്രിസ്തുശിഷ്യരെ ധരിപ്പിക്കാൻ ആ സ്ത്രീകളെ ചുമതലപ്പെടുത്തുന്നതുമായ സംഭവം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  പ്രഭാഷണം:

മാലാഖയുടെ തിങ്കൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം, ഉയിർപ്പുതിരുന്നാൾ ആശംസകൾ!

ഇന്ന്, പെസഹാഷ്ടദിനത്തിലെ തിങ്കളാഴ്ച, സുവിശേഷം (കാണുക മത്തൻ 28:8-15) നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് യേശു ഉയിർത്തെഴുന്നേറ്റതിലുള്ള സ്ത്രീകളുടെ സന്തോഷമാണ്: “ശിഷ്യന്മാരെ വിവരമറിയിക്കാൻ, അവർ  "വലിയ സന്തോഷത്തോടെ" കല്ലറ വിട്ട് ഓടി" (വാക്യം 8) എന്ന് സുവിശേഷം പറയുന്നു. ഉയിർത്തെഴുന്നേറ്റവനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിൽ നിന്ന് തീർച്ചയായും ഉണ്ടാകുന്ന ഈ സന്തോഷം, അവർ കണ്ടത് പ്രചരിപ്പിക്കാനും പറയാനും പ്രേരിപ്പിക്കുന്ന അതിശക്തമായ ഒരു വികാരമാണ്.

പങ്കുവയ്ക്കപ്പെടുന്ന ആനന്ദം 

സന്തോഷം പങ്കിടുന്നത്, നമ്മൾ ചെറുപ്പം മുതലേ പഠിക്കുന്ന, വിസ്മയകരമായ ഒരു അനുഭവമാണ്: പള്ളിക്കൂടത്തിൽ മികച്ച മാർക്ക് നേടുകയും അത് എത്രയും വേഗം മാതാപിതാക്കളെ കാണിക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെക്കുറിച്ചോ കായിക മത്സരങ്ങളിൽ ആദ്യമായി വിജയങ്ങൾ കൈവരിക്കുന്ന  ഒരു യുവാവിനെക്കുറിച്ചോ ഒരു കുഞ്ഞു ജനിക്കുന്ന കുടുംബത്തെക്കുറിച്ചോ നമുക്കു ചിന്തിക്കാം. നമുക്ക് ഓരോരുത്തർക്കും, വാക്കുകൾകൊണ്ടുപോലും പ്രകടിപ്പിക്കുക ബുദ്ധിമുട്ടുള്ളതും എന്നാൽ ഉടനടി മറ്റുള്ളവരോടു പറയാൻ ആഗ്രഹിച്ചതുമായ അത്യധികം സന്തോഷഭരിതമായ ഒരു നിമിഷം ഓർക്കാൻ നമുക്ക് ശ്രമിക്കാം.

ജീവിതത്തെ മൊത്തത്തിൽ മാറ്റുന്ന ഉത്ഥാനം     

ഇതാ, ഉത്ഥാനത്തിൻറെ പ്രഭാതത്തിൽ, സ്ത്രീകൾ, ഈ അനുഭവം ജീവിക്കുന്നു, എന്നാൽ അത് വളരെ മികച്ച രീതിയിലാണ്. അത് എന്തുകൊണ്ട്? കാരണം, യേശുവിൻറെ പുനരുത്ഥാനം കേവലം വിസ്മയകരമായ ഒരു വാർത്തയോ ഒരു കഥയുടെ സന്തോഷകരമായ പര്യവസാനമോ മാത്രമല്ല, നമ്മുടെ ജീവിതത്തെ പൂർണ്ണമായും എന്നെന്നേക്കുമായി മാറ്റുന്ന ഒന്നാണ്! മൃത്യുവിൻറെമേൽ ജീവൻറെ വിജയമാണ്, ഇതാണ് യേശുവിൻറെ പുനരുത്ഥാനം. അത് നിരാശയുടെ മേൽ പ്രതീക്ഷയുടെയും വിജയമാണ്, യേശു കല്ലറയുടെ അന്ധകാരത്തെ തകർത്തു, അവിടന്ന് എന്നേക്കും ജീവിക്കുന്നു: അവിടത്തെ സാന്നിധ്യത്തിന് എന്തിനെയും വെളിച്ചത്താൽ നിറയ്ക്കാൻ കഴിയും. അവിടത്തോടു കൂടെ ഓരോ ദിനവും നിത്യമായ ഒരു യാത്രയുടെ ഘട്ടമായി മാറുന്നു, ഓരോ "ഇന്നിനും" ഒരു "നാളെ" പ്രതീക്ഷിക്കാം, ഓരോ അവസാനവും ഒരു പുതിയ തുടക്കമായി മാറുന്നു, ഓരോ നിമിഷവും കാലത്തിൻറെ പരിധിക്കപ്പുറം, നിത്യത ലക്ഷ്യമിടുന്നു.

മാമ്മോദീസായിൽ നല്കപ്പെട്ട സന്തോഷം

സഹോദരീ സഹോദരന്മാരേ, പുനരുത്ഥാനത്തിൻറെ സന്തോഷം വിദൂരസ്ഥമായ ഒന്നല്ല. അത് ഏറ്റം സമീപസ്ഥമാണ്, അത് നമ്മുടേതാണ്, കാരണം അത് നമ്മുടെ മാമ്മോദീസാദിനത്തിൽ നമുക്ക് നൽകപ്പെട്ടതാണ്. അപ്പോൾ മുതൽ ആ സ്ത്രീകളെപ്പോലെ നമുക്കും ഉത്ഥിതനുമായി കൂടിക്കാഴ്ച നടത്താനാകും, അവിടന്ന് ആ സ്ത്രീകളോടു ചെയ്തതുപോലെ, നമ്മോട് പറയുന്നു: "ഭയപ്പെടേണ്ട!" (മത്തായി 28,10). സഹോദരീസഹോദരന്മാരേ ഉയിർപ്പിൻറെ സന്തോഷം കൈവിടരുത്!

ഉത്ഥാനത്തിൻറെ സന്തോഷം ഊട്ടിവളർത്തുന്നതിന് ഉത്ഥിതനുമായി കണ്ടുമുട്ടുക

എന്നാൽ ഈ സന്തോഷം പരിപോഷിപ്പിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? ആ സ്‌ത്രീകൾ ചെയ്‌തതുപോലെ: ഉയിർത്തെഴുന്നേറ്റവനെ കണ്ടുമുട്ടുക, കാരണം അവിടന്ന് ഒരിക്കലും വറ്റാത്ത സന്തോഷത്തിൻറെ ഉറവിടമാണ്. ആകയാൽ, ദിവ്യകാരുണ്യത്തിലും അവിടന്നേകുന്ന ക്ഷമയിലും പ്രാർത്ഥനയിലും ജീവിക്കുന്ന ഉപവിയിലും അവിടത്തെ തേടാൻ നമുക്ക് തിടുക്കമുള്ളവരാകാം! പങ്കുവയ്ക്കുമ്പോൾ സന്തോഷം വർദ്ധമാനമാകുന്നു. ഉത്ഥിതൻറെ ആനന്ദം നമുക്ക് പങ്കുവയ്ക്കാം. തൻറെ ഉത്ഥിതനായ പുത്രനെപ്രതി ഉയിർപ്പുദിനത്തിൽ സന്തോഷിച്ച കന്യകാമറിയം അതിൻറെ സന്തോഷമുള്ള സാക്ഷികളാകാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉത്ഥാനദിനം മുതൽ പെന്തക്കൂസ്താദിനം വരെ കർത്താവിൻറെ മാലാഖ എന്ന പ്രാർത്ഥനയ്ക്ക് പകരമായി ചൊല്ലുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദാനന്തരം എല്ലാവർക്കും തൻറെ ഉത്ഥാനത്തിരുന്നാൾ ആശംസകൾ ഒരിക്കൽക്കൂടി നേർന്ന പാപ്പാ സാമീപ്യത്തിൻറെയും പ്രാർത്ഥനയുടെയും സന്ദേശങ്ങൾ വിഭിന്ന രീതികളിൽ തനിക്കയച്ചവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഉത്ഥിതനായ കർത്താവിൻറെ സമാധാനം ആ ആളുകളിലേക്കും കുടുംബങ്ങളിക്കും സമൂഹങ്ങളിലേക്കും എത്തിച്ചേരട്ടെയെന്ന് ആശംസിച്ച പാപ്പാ ശാന്തിയുടെതായ ഈ ദാനം ഏറ്റവുംകൂടുതൽ ആവശ്യമുള്ളിടത്ത്, അതായത്, യുദ്ധം, പട്ടിണി എന്നിവയാലും എല്ലാത്തരം അടിച്ചമർത്തലുകളാലും തളർന്നിരിക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചേരണമെന്ന തൻറെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും മാലാഖയുടെ തിങ്കൾ ആശംസകൾ നേർന്നു. ഉത്ഥാനത്തിൻറെ സന്തോഷത്തിൽ തുടരാൻ പ്രചോദനം പകർന്ന പാപ്പാ തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ചു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2024, 14:26

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >