തിരയുക

മരണഭയത്തപ്പോലും മറികടക്കാനും പരീക്ഷണങ്ങളെ നേരിടാനും മനഃസ്ഥൈര്യം കരുത്തേകുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാ പ്രഭാഷണം: മനോധൈര്യം എന്ന പുണ്യം. സുകൃതങ്ങളിൽ ഏറ്റവും പോരാട്ടവീര്യമുള്ള ഒരു പുണ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (10/04/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. കാർമേഘാവൃതമായിരുന്നെങ്കിലും പ്രതിവാര പൊതുകൂടിക്കാഴചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.   

"കർത്താവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു, ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ!....... അവിടന്ന് എനിക്ക് പാറയും കോട്ടയുമാണ്. അങ്ങയുടെ നാമത്തെ പ്രതി എന്നെ നയിക്കേണമേ, എനിക്കു വഴികാട്ടിയായിരിക്കേണമേ. കർത്താവിൽ പ്രത്യാശയർപ്പിക്കുന്നവരായ നിങ്ങളെല്ലാവരും ദുർബ്ബലരാകാതെ ആത്മബലം ഉള്ളവരായിരിക്കുവിൻ.” സങ്കീർത്തനങ്ങൾ, അദ്ധ്യായം 31, 2. 4. 25 എന്നീ വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. ആത്മധൈര്യം ആയിരുന്നു പാപ്പാ ഇത്തവണ വിശകലനം ചെയ്ത പുണ്യം. പാപ്പായുടെ പ്രഭാഷണം ഇറ്റാലിൻ ഭാഷയിൽ ആയിരുന്നു:

മനഃസ്ഥൈര്യം ഒരു ധാർമ്മിക സുകൃതം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മൗലിക പുണ്യങ്ങളിൽ മൂന്നാമത്തെതായ മനഃസ്ഥൈര്യത്തെ അധികരിച്ചാണ് ഇന്നത്തെ പ്രബോധനം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിനു നൽകുന്ന വിവരണത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം: "മനഃസ്ഥൈര്യം എന്നത് പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ സ്ഥിരതയും ഉറപ്പുവരുത്തുന്ന ധാർമ്മിക സുകൃതമാണ്. ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കാനും പ്രതിബന്ധങ്ങളെ കീഴടക്കാനുമുള്ള തീരുമാനത്തെ അത് ശക്തിപ്പെടുത്തുന്നു. ഭയത്തെ, മരണഭയത്തപ്പോലും മറികടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃക്കരുത്ത് എന്ന പുണ്യം ഒരുവനെ പ്രാപ്തനാക്കുന്നു" (1808).

സമരോത്സുക സുകൃതം

ആകയാൽ, ഇതാ, സുകൃതങ്ങളിൽ ഏറ്റവും "യുദ്ധോത്സുകം" ആയത്. മൗലികപുണ്യങ്ങളിൽ  ആദ്യത്തേത്, അതായത് വിവേകം, എല്ലാറ്റിനുമുപരിയായി, മനുഷ്യൻറെ യുക്തിയുമായി ബന്ധപ്പെട്ടതാണങ്കിൽ നീതിയാകട്ടെ അതിൻറെ വാസയിടം കണ്ടെത്തുന്നത്  ഇച്ഛാശക്തിയിൽ ആണ്; എന്നാൽ മൂന്നാമത്തെതായ ഈ പുണ്യത്തെ  പണ്ഡിതരായ രചയിതാക്കൾ പലപ്പോഴും പൂർവ്വികർ വിശേഷിപ്പിച്ചിരുന്ന "കൊടും വിശപ്പ്" എന്നതുമായി ബന്ധപ്പെടുത്തുന്നു. വികാരങ്ങളില്ലാത്ത ഒരു മനുഷ്യനെക്കുറിച്ചുള്ള സങ്കല്പം പുരാണ ചിന്തകളിൽ ഇല്ല: അങ്ങനെയുള്ളവൻ ഒരു കല്ലായിരിക്കും. വികാരങ്ങൾ നിർബന്ധമായും പാപത്തിൻറെ അവശിഷ്ടമായിരിക്കണം എന്നു പറയപ്പെടുന്നില്ല; എന്നിരുന്നാലും, അവ സംസ്കരിക്കപ്പെടുകയും നയിക്കപ്പെടുകയും, മാമ്മോദീസാ ജലത്താലൊ, അതിലുപരി, പരിശുദ്ധാത്മാവിൻറെ അഗ്നിയാലോ ശുദ്ധീകരിക്കപ്പെടുകയും വേണം. ധൈര്യമില്ലാത്തവനും സ്വന്തം ശക്തിയെ നന്മ ചെയ്യാൻ ഉപയോഗിക്കാത്തവനും ആരിലും ഇളക്കംസൃഷ്ടിക്കാത്തവനുമായ ഒരു ക്രിസ്ത്യാനി പ്രയോജനശൂന്യനാണ്. മാനുഷിക വികാരങ്ങൾ അറിയാത്ത, സുതാര്യനും വിരക്തനുമായ ഒരു ദൈവമല്ല യേശു. നേരെ മറിച്ചാണ്. സ്നേഹിതനായ ലാസറിൻറെ മരണത്തിനു മുന്നിൽ അവിടന്ന് പൊട്ടിക്കരഞ്ഞു; അവിടത്തെ ചില പ്രയോഗങ്ങളിൽ അവിടത്തെ വൈകാരിക ഭാവം തെളിയുന്നു, ഉദാഹരണമായി അവിടത്തെ ഈ വാക്കുകളിൽ അതു കാണാം: "ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്, അത് ഇതിനകം കത്തിച്ചിജ്ജ്വലിച്ചിരുന്നെങ്കിൽ!" (ലൂക്കാ 12,49); ദേവാലയത്തിൽ കച്ചവടം നടക്കുന്നതു കണ്ടപ്പോൾ അവിടന്ന് ശക്തമായി പ്രതികരിച്ചു (മത്തായി 21:12-13 കാണുക).

മനഃസ്ഥൈര്യം എന്ന പണ്യത്തിൻറെ ദ്വിവിധ ഭാവങ്ങൾ 

എന്നാൽ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കാൻ നമ്മെ സഹായിക്കുന്ന ഈ സുപ്രധാന സുകൃതത്തിൻറെ അസ്തിത്വപരമായ ഒരു വ്യാഖ്യാനത്തിലേക്ക് നമുക്ക് ഇപ്പോൾ കടക്കാം. ഗ്രീക്ക് തത്ത്വചിന്തകരും ക്രിസ്തീയ ദൈവശാസ്ത്രജ്ഞരും ഉൾപ്പടെയുള്ള പൂർവ്വികർ  മനോധൈര്യം എന്ന സുകൃതത്തിൽ ഇരട്ട പ്രവണത തിരിച്ചറിഞ്ഞു, ഒന്ന് നിഷ്ക്രിയവും മറ്റൊന്ന് സജീവവുമാണ്.

നിഷ്ക്രിയ ഭാവം

ആദ്യത്തേത് നമ്മുടെതന്നെ ആന്തരികോന്മുഖമാണ്. ഉത്കണ്ഠ, തിവ്രവേദന, ഭയം, കുറ്റബോധം എന്നീ പേരുകളിൽ പ്രത്യക്ഷപ്പെടുന്ന, നാം പരാജയപ്പെടുത്തേണ്ടതായ ആന്തരിക വൈരികളുണ്ട്: നമ്മുടെ ഉള്ളിൽ ഇളകിമറിയുന്നതു ചില സാഹചര്യങ്ങളിൽ നമ്മെ തളർത്തുന്നതുമായ ശക്തികളാണിവയെല്ലാം. പോരാട്ടം ആരംഭിക്കുന്നതിന് മുമ്പുതന്നെ എതയോ പോരളികൾ കീഴടങ്ങുന്നു! മനക്കരുത്ത് എന്നത് സർവ്വോപരി നമ്മെത്തന്നെ ജയിക്കലാണ്. നമ്മിൽ ഉണ്ടാകുന്ന മിക്ക ഭയങ്ങളും അയാഥാർത്ഥ്യങ്ങളാണ്, അവ യാഥാർത്ഥ്യമാകില്ല. അപ്പോൾ പരിശുദ്ധാത്മാവിനെ വിളിക്കുകയും ക്ഷമയാർന്നതുമായ മനോധൈര്യത്തോടുകൂടി സകലത്തെയും നേരിടുകയും ചെയ്യുന്നതാണ് നല്ലത്: നമുക്ക് കഴിവുള്ളതുപോലെ,  ഒരു സമയം ഒരു പ്രശ്നത്തെ നേരിടുക, പക്ഷേ ഒറ്റയ്ക്കല്ല! നാം കർത്താവിൽ ആശ്രയിക്കുകയും നന്മ ആത്മാർത്ഥമായി അന്വേഷിക്കുകയും ചെയ്താൽ കർത്താവ് നമ്മോടൊപ്പമുണ്ടായിരിക്കും. അപ്പോൾ നമുക്ക് എല്ലാ സാഹചര്യങ്ങളിലും നമ്മുടെ പരിചയായും കവചമായും പ്രവർത്തിക്കുന്ന ദൈവികപരിപാലനയിൽ ആശ്രയിക്കാം.

സജീവ ഭാവം

ഇനി മനഃസ്ഥൈര്യം എന്ന പുണ്യത്തിൻറെ രണ്ടാമത്തെ മാനം. ഇത് കൂടുതലും സജീവമായ ഭാവമാണ്. ആന്തരിക പരീക്ഷണങ്ങൾക്ക് പുറമേ, ബാഹ്യമായ ശത്രുക്കളുമുണ്ട്, ജീവിതത്തിലെ പരീക്ഷണങ്ങൾ, പീഡനങ്ങൾ, അപ്രതീക്ഷിതവും നമ്മെ വിസ്മയിപ്പിക്കുന്നതുമായ പ്രയാസങ്ങൾ എന്നിവ. വാസ്തവത്തിൽ, നമുക്ക് എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടിക്കാണാൻ ശ്രമിക്കാനാകും, പക്ഷേ യാഥാർത്ഥ്യത്തിൻറെ സിംഹഭാഗവും അവിശ്വസനീയ സംഭവങ്ങളാൽ രൂപീകൃതമാണ്, ഈ കടലിൽ നമ്മുടെ യാനം ചിലപ്പോൾ തിരമാലകളാൽ കീഴ്മേൽമറിക്കപ്പെടുന്നു. അപ്പോൾ, മനോധൈര്യം നമ്മെ പ്രതിരോധശേഷിയുള്ള നാവികരാക്കുന്നു, അവർ ഭയപ്പെടുകയോ നിരാശരാകുകയോ ചെയ്യുന്നില്ല.

നമ്മിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്നവരെ ആവശ്യം

ലോകത്തിലെ തിന്മയുടെ വെല്ലുവിളിയെ ഗൗരവമായി എടുക്കുന്നതിനാൽ മനഃസ്ഥൈര്യം ഒരു മൗലിക പുണ്യമാണ്. അതിന് അസ്തിത്വമില്ലെന്നും എല്ലാം ശരിയായിപ്പോകുന്നെന്നും മനുഷ്യൻറെ മനസ് ചിലപ്പോൾ അന്ധമായിരിക്കില്ലെന്നും മരണം കൊണ്ടുവരുന്ന ഇരുണ്ട ശക്തികൾ ചരിത്രത്തിൽ മറഞ്ഞിരിക്കുന്നില്ലെന്നും ചിലർ കരുതിയേക്കാം. ചരിത്രപുസ്തകത്താളുകൾ ഒന്നു മറിച്ചു നോക്കിയാൽ മതി, ദൗർഭാഗ്യഭാഗ്യവശാൽ, ദിനപ്പത്രങ്ങൾ നോക്കിയാലും മതി, നാം കുറച്ചൊക്കെ ഇരകളും ഭാഗികമായി നായകരുമായിരിക്കുന്ന ക്രൂരതകൾ കാണാൻ. അതായത്, യുദ്ധങ്ങൾ, അക്രമങ്ങൾ, അടിമത്തം, പാവപ്പെട്ടവരെ അടിച്ചമർത്തൽ, ഇപ്പോഴും നിണംവാർന്നുകൊണ്ടിരിക്കുന്ന ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ. ഇവയോടെല്ലാം പ്രതികരിക്കാനും  നേരെ “അരുത്”  എന്ന് ഉറക്കെ പറയാനും മനോധൈര്യം എന്ന പുണ്യം നമ്മെ പ്രാപ്തരാക്കുന്നു. സകലത്തിലും അല്പം വെള്ളം ചേർത്തിരിക്കുന്നതും, പൂർണ്ണതയിലേക്കുള്ള പ്രയാണത്തെ വെറും ജൈവവികസനമാക്കി മാറ്റിയിരിക്കുന്നതുമായ നമ്മുടെ സുഖപ്രദ പാശ്ചാത്യപ്രദേശത്തിന്  പോരാട്ടത്തിൻറെ ആവശ്യമില്ല, കാരണം അതിനു മുന്നിൽ സകലവും ഒരുപോലെയാണ് കാണപ്പെടുന്നത്. അവിടെ നമുക്ക് ചിലപ്പോൾ പ്രവാചകന്മാരെക്കുറിച്ചുള്ള വികാരതീവ്രമായ ആരോഗ്യകരമായ ഒരു സ്മരണ അനുഭവപ്പെടും. എന്നാൽ ചലനം സൃഷ്ടിക്കുന്നവരും ദർശനങ്ങളുമുള്ള ആളുകൾ വളരെ വിരളമാണ്. നാം ഉറച്ചിരിക്കുന്ന  സുഖകരമായ ഇടത്തിൽ നിന്ന് നമ്മെ എഴുന്നേല്പിക്കുകയും തിന്മയിലേക്കും നിസ്സംഗതയിലേക്കും നയിക്കുന്ന എല്ലാത്തിനും എതിനെ "ഇല്ല" എന്ന് നിശ്ചയദാർഢ്യത്തോടെ ആവർത്തിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന ആരെങ്കിലും ആവശ്യമാണ്. തിന്മയോട് അരുത് പറയുക, നിസ്സംഗതയോട് “അരുത്” പറയുക; യാത്രയോട്, നമ്മെ മുന്നേറാൻ പ്രാപ്തരാക്കുന്ന യാത്രയോട്“അതെ” പറയുക. അതുകൊണ്ടുതന്നെ നാം പോരാടേണ്ടതുണ്ട്. അപ്പോൾ നമുക്ക് സുവിശേഷത്തിൽ യേശുവിൻറെ മനക്കരുത്ത് വീണ്ടും കണ്ടെത്താം, വിശുദ്ധരും വിശുദ്ധകളുമായവരുടെ സാക്ഷ്യത്തിൽ നിന്ന് നമുക്ക് അത് പഠിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ക്രൂശിതനും ഉത്ഥിതനുമായ യേശുവിലുള്ള വിശ്വാസവും പ്രത്യാശയും ശക്തിപ്പെടുത്താൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. ഉത്ഥാന വിളംബരത്തിൻറെ സാന്ത്വന വെളിച്ചം അവരുടെ  ഹൃദയത്തിൽ സംവർദ്ധകമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാധാനാഭ്യർത്ഥന :ഉക്രൈയിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി

യുദ്ധവേദികളായ ഉക്രൈയിൻ പലസ്തീൻ ഇസ്രായേൽ മ്യന്മാർ എന്നീ നാടുകളെ അനുസ്മരിച്ച പാപ്പാ സർവ്വത്ര യുദ്ധമാണെന്ന് വേദനയോടെ പറയുകയും കർത്താവ് നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. യുദ്ധ വേദികളിൽ വളരെയധികം യാതനകളനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ മറക്കരുതെന്ന് പാപ്പാ പറഞ്ഞു. പാപ്പായുടെ ഈ സമാധാനാഭ്യർത്ഥനയെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2024, 11:57

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >