തിരയുക

ഫ്രാൻസിസ് പാപ്പാ റൊമാനിയ സന്ദർശിച്ചപ്പോൾ. ഫ്രാൻസിസ് പാപ്പാ റൊമാനിയ സന്ദർശിച്ചപ്പോൾ.   (ANSA)

“ക്രിസ്തു ജീവിക്കുന്നു”: ശ്രവണ സിദ്ധിയെ പ്രോത്സാഹിപ്പിക്കുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 244ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷണറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കും നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

244.  സിനഡിൽ, അനുയാത്ര ചെയ്യാ൯ നീക്കിവച്ചിരിക്കുന്ന യോഗ്യതയുള്ള ആളുകളുടെ കുറവ് പലരും ചൂണ്ടിക്കാട്ടി. ശ്രവണത്തിന്റെ ദൈവശാസ്ത്രപരവും അജപാലനപരവുമായ മൂല്യത്തിലുള്ള വിശ്വാസം പൗരോഹിത്യ ശുശ്രൂഷ സാധാരണയായി പ്രയോഗിക്കുന്ന രീതികളെ പുനർവിചിന്തനം ചെയ്യുകയും നവീകരിക്കുകയും അതിന്റെ മുൻഗണനകൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. യുവജനങ്ങളെ അനുഗമിക്കാ൯ സമർപ്പിതരായ വ്യക്തികൾക്കും അൽമായരായ സ്ത്രീ പുരുഷന്മാർക്കും പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും സിനഡ് അംഗീകരിച്ചു. സമൂഹങ്ങൾക്കുള്ളിൽ പരിശുദ്ധാത്മാവ് ആഹ്വാനം ചെയ്യുന്ന ശ്രവണ സിദ്ധിക്ക് സഭാസേവനത്തിന്റെ ഒരു രൂപമെന്ന നിലയിൽ സ്ഥാപനപരമായ അംഗീകാരവും ലഭിച്ചേക്കാം.

ശ്രവണ സിദ്ധിയുടെ അംഗീകാരം: സഭയിൽ പൗരോഹിത്യ ശുശ്രൂഷയും യുവജനളെ പിൻചെല്ലന്ന രീതികളും നവീകരണത്തിനുള്ള ആഹ്വാനം

ഫ്രാൻസിസ് പാപ്പയുടെ“ക്രിസ്തു ജീവിക്കുന്നു”എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ, സഭയ്ക്കുള്ളിൽ യുവജനങ്ങളെ പിന്തുടർന്ന് സഹായിക്കാനുള്ള ശുശ്രൂഷയെ പുനരുജ്ജീവിപ്പിക്കാനുള്ള അടിയന്തിര ആഹ്വാനം വളരെ വ്യക്തമാണ്. യുവജനങ്ങൾക്കായി നടന്ന സിനഡിൽ അവരെ പിന്തുടരാൻ സാങ്കേതിക യോഗ്യത നേടിയിട്ടുള്ള വ്യക്തികളുടെ ദൗർലഭ്യം അംഗീകരിക്കുന്ന പ്രസ്താവനകൾ സമകാലിക അജപാലന വെല്ലുവിളികളുടെ നിർണ്ണായക വശം അനാവരണം ചെയ്യുന്നു. ശ്രവണത്തിന്റെ ദൈവശാസ്ത്രപരവും അജപാലനപരവുമായ പ്രാധാന്യം അംഗീകരിക്കുക എന്നതാണ് ഈ ആഹ്വാനത്തിന്റെ കേന്ദ്രബിന്ദു. ഇത് പൗരോഹിത്യ ശുശ്രൂഷയുടെ പരമ്പരാഗത രീതികളെ ആഴത്തിൽ പഠിച്ച് പുനർമൂല്യനിർണ്ണയം ചെയ്യാനും  പൗരോഹിത്യ ശിക്ഷണത്തിൽ വരുത്തേണ്ട മുൻഗണനകളുടെ പുനർവിചിന്തനവും ആവശ്യപ്പെടുന്നു. കൂടാതെ, ലിംഗഭേദമില്ലാതെ സന്യസ്തരേയും അൽമായരായ സാധാരണക്കാരെയും ഫലപ്രദമായ രീതിയിൽ യുവജനങ്ങളെ പിൻചെല്ലാൻ സജ്ജമാക്കേണ്ടതിന്റെ അനിവാര്യത സഭാ രീതികളിൽ ഒരു സുപ്രധാന മാറ്റത്തിന് അടിവരയിടുന്നു. ഈ ഉദ്ബോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാനും, സഭയ്ക്കുള്ളിൽ ശ്രവണത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നതിൽ അന്തർലീനമായ പരിവർത്തന സാധ്യതകൾക്ക് ഊന്നൽ നൽകാനുമാണ് ഇന്നത്തെ വിചിന്തനം ലക്ഷ്യമിടുന്നത്.

പൗരോഹിത്യ ശുശ്രൂഷ പുനർവിചിന്തനം: സഹഗമനത്തിന് മുൻഗണന

സമകാലിക പൗരോഹിത്യ ശുശ്രൂഷയിൽ കണ്ടെത്തുന്ന അടിസ്ഥാനപരമായ പൊരുത്തക്കേടാണ് യുവജനങ്ങളെ പിൻചെല്ലാൻ യോഗ്യത നേടിയ വ്യക്തികളുടെ അഭാവത്തെക്കുറിച്ചുള്ള സിനഡിലെ വിവേചനാത്മകമായ വിചിന്തനങ്ങൾ വെളിച്ചം വീശുന്നത്. കൂദാശ പരികർമ്മങ്ങളുടെ വശങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും, വ്യക്തികളെ അവരുടെ ആത്മീയ യാത്രകളിൽ അനുഗമിക്കാനുള്ള ആഹ്വാനവും അതുപോലെ തന്നെ അനിവാര്യമാണ്. ഇത് സഭയ്ക്കുള്ളിലെ ശ്രേണിപരമായ (Hierarchical) ഘടനകളുടെയും മുൻഗണനകളുടെയും പുനർമൂല്യനിർണ്ണയത്തിന് പ്രേരിപ്പിക്കുന്നു. വൈദീക പരിശീലനത്തിൽ കൂദാശ പരികർമ്മങ്ങൾക്ക് നൽകുന്ന ഊന്നലിന്റെ അതേ അളവിൽ തന്നെ സഭ യുവജനങ്ങളെ പിഞ്ചെല്ലുന്ന അജപാലനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ മാറ്റം സെമിനാരി രൂപീകരണ പരിപാടികളുടെ സമഗ്രമായ അവലോകനം ആവശ്യപ്പെടുന്നു, ദൈവശാസ്ത്ര വിദ്യാഭ്യാസത്തോടൊപ്പം അനുഗമന കലയിൽ ശക്തമായ പരിശീലനവും സമന്വയിപ്പിക്കുന്നു. മാത്രമല്ല, ശ്രവണത്തെ ഒരു പ്രധാന അജപാലന വൈദഗ്ധ്യമായി വിലമതിക്കുന്ന ഒരു സംസ്കാരം പരിപോഷിപ്പിക്കുന്നതിന് പുരോഹിതർക്ക് തുടർച്ചയായ രൂപീകരണവും പിന്തുണയും ആവശ്യമായി വരുന്നു. യുവജനങ്ങളുമായുള്ള സഹഗമനത്തിന് മുൻഗണന നൽകുന്നതിലൂടെ, വിശ്വാസികളുടെ അസ്തിത്വപരമായ ആവശ്യങ്ങളോടു ആധികാരികമായി പ്രതികരിക്കാനും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ആത്മീയവളർച്ചയും ,കൂട്ടായ്മയും വളർത്താനും സഭയ്ക്ക് കഴിയും.

സമർപ്പിതരെയും അൽമായരേയും ശാക്തീകരിക്കുന്ന ഒരു സഹകരണ സമീപനം

സമർപ്പിതരേയും അൽമായരേയും പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത സിനഡിന്റെ അംഗീകാരം നേടിയത് സമകാലിക സഭയിൽ ശുശ്രൂഷകളുടെ  സഹകരണത്തിനുള്ള അനിവാര്യത അടിവരയിടുന്നു. യുവജനങ്ങളെ പിൻതുടരുന്നതിന് പൗരോഹിത്യത്തിന്റെ നിയുക്ത അതിർവരമ്പുകളെ മറികടന്ന് മുഴുവൻ സഭാ സമൂഹത്തിന്റെയും സജീവ പങ്കാളിത്തം ക്ഷണിക്കുന്നു. സമർപ്പിതരേയും, അൽമായരേയും യുവജനങ്ങളെ സഹായിക്കാൻ ആവശ്യമായ വിദഗ്ദ്ധ പരിശീലനങ്ങളിലൂടെ സജ്ജമാക്കുകയും, വ്യത്യസ്ത സന്ദർഭങ്ങളിൽ അവരോടൊപ്പം സഞ്ചരിക്കാനുള്ള കഴിവ് സഭ വികസിപ്പിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും അതുല്യമായ ആവശ്യങ്ങളും വ്യക്തിത്വങ്ങളും പരിപൂർണ്ണതയിലേക്ക് നയിക്കുന്ന സമഗ്രമായ രൂപീകരണ പരിപാടികൾ വികസിപ്പിക്കേണ്ടത് ഇതിന് ആവശ്യമാണ്. മാത്രമല്ല, ലിംഗഭേദമില്ലാതെയുള്ള സമഗ്രമായ സമീപനം പരിപോഷിപ്പിക്കുന്നത് സഭയ്ക്കുള്ളിൽ വേരൂന്നിയ തടസ്സങ്ങൾ ഇല്ലാതാക്കുകയും കൂടുതൽ സംതുലിതവും പങ്കാളിത്തപരവുമായ സഭാന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമർപ്പിതരായ വ്യക്തികളുടെയും അൽമായരുടെയും സഹകരണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സമഗ്രമായ അജപാലനത്തിനുള്ള സഭയുടെ കഴിവിനെ സമ്പന്നമാക്കുകയും ഉൾക്കൊള്ളലിന്റെയും ഐക്യദാർഢ്യത്തിന്റെയും സുവിശേഷ പരമായ അനിവാര്യതയുടെ പ്രാധാന്യം അടിവരയിടുകയും ചെയ്യും.

ശ്രവണമെന്ന സിദ്ധിയുടെ സ്ഥാപനപരമായ അംഗീകാരം: ശ്രവണ സഭ വളർത്തിയെടുക്കൽ

ശ്രവിക്കുക എന്നത് ഒരു സിദ്ധിയാണെന്നും അതിനെ  സ്ഥാപനപരമായി അംഗീകരിക്കണമെന്നുമുള്ള സിനഡിന്റെ നിർദ്ദേശം പരമ്പരാഗത സഭാ മാതൃകകളിൽ നിന്ന് സമൂലമായ ഒരു മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. സഭയുടെ ഘടനയ്ക്കുള്ളിൽ ശ്രവണത്തിന്റെ ആന്തരിക മൂല്യത്തിന് പ്രാധാന്യം കൈവരുകയും അതിന്റെ അനിവാര്യത സ്ഥിരീകരിക്കുകയും ചെയ്യുന്നതിലൂടെ, ശ്രദ്ധാപൂർവ്വകമായ സാന്നിധ്യത്തിന്റെയും സഹാനുഭൂതിയോടെയുള്ള ഇടപെടലിന്റെയും പരിവർത്തന ശക്തിയെ സിനഡ് അംഗീകരിക്കുന്നു. ഈ സിദ്ധി വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരു ചട്ടക്കൂട് നൽകിക്കൊണ്ട് സഭാ ദൗത്യത്തിനുള്ളിൽ യുവജനങ്ങളെ അനുധാവനം ചെയ്യുന്ന ശുശ്രൂഷയിൽ ശ്രവണത്തിനുള്ള  സുപ്രധാന പങ്ക് ഔപചാരികമാക്കാനും സ്ഥിരീകരിക്കാനും സ്ഥാപനപരമായി അംഗീകാരം നൽകാനും സഭ ആഹ്വാനം ചെയ്യുകയാണ്. സമൂഹത്തിനുള്ളിൽ ശ്രവണം എന്ന വരത്തിന്റെ തിരിച്ചറിയലും വികാസവും സുഗമമാക്കുന്ന ഘടനകളും പിന്തുണാ സംവിധാനങ്ങളും പ്രാവർത്തികമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ശ്രവണത്തിന്റെ സ്ഥാപനപരമായ അംഗീകാരം സഭയ്ക്കുള്ളിൽ കൂടിക്കാഴ്ചയുടേയും സംവാദത്തിന്റെയും ഒരു സംസ്കാരം വളർത്തുന്നതിനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. അതിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുർബ്ബലരുടെയും ശബ്ദങ്ങൾക്കു അനുരണനവും സാധൂകരണവും കണ്ടെത്തുന്നു. സഭാസേവനത്തിന്റെ ഒരു രൂപമായി ശ്രവണ സിദ്ധിയെ അംഗീകരിക്കുന്നത് ലോകത്തിൽ ദൈവത്തിന്റെ സ്നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കാനുള്ള പ്രവാചകാഹ്വാനത്തെ ഉത്തേജിപ്പിക്കുകയും, സഭയ്ക്കുള്ളിൽ നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഒരു പുതിയ പ്രഭാതം വിരിയിക്കുകയും ചെയ്യും.

ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക പ്രബോധനം പൗരോഹിത്യ ശുശ്രൂഷയിൽ നവീകരണത്തിന്റെ അടിയന്തിര ആവശ്യകതയും സഭയ്ക്കുള്ളിൽ യുവജനങ്ങളെ പിന്തുടരുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അടിവരയിടുന്നു. യുവജനങ്ങളുടെ രൂപീകരണ പ്രക്രിയയിൽ സാങ്കേതികയോഗ്യത നേടിയ ശുശ്രൂഷകരുടെ കുറവ് അംഗീകരിച്ചതോടെ പൗരോഹിത്യ ശുശ്രൂഷയിലുള്ള പതിവ് രീതികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. സന്യസ്തരെയും അൽമായരേയും യുവജനത്തെ പിഞ്ചെല്ലാൻ പരിശീലിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതിലൂടെയും അൽമായ നേതാക്കളെ ശാക്തീകരിക്കുന്നതിലൂടെയും ശ്രവണത്തിന്റെ സിദ്ധി സ്ഥാപനപരമായി അംഗീകരിക്കുന്നതിലൂടെയും ഇന്നത്തെ ലോകത്ത് വിശ്വാസികളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ ആവശ്യങ്ങളോടു ഫലപ്രദമായി പ്രതികരിക്കാൻ സഭയ്ക്ക് കഴിയും. ശ്രവണ സിദ്ധിയുടെ പ്രാധാന്യം വെറുമൊരു നിർദ്ദേശമല്ല, മറിച്ച് പ്രവർത്തനത്തിനുള്ള ഒരു ആഹ്വാനമാണ് - വിശ്വാസത്തിലും അനുകമ്പയിലും വിവേകത്തിലും അന്യോന്യം സഹകരിച്ച് സഹയാത്രികരാകാനുള്ള ആഹ്വാനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2024, 11:11