തിരയുക

പ്രകാശം പരത്തുന്ന വിളക്കായിരിക്കുക; യേശുവിനെ കണ്ടുമുട്ടാൻ സഹായിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: സ്നാപക യോഹന്നാൻറെ ദൗത്യം - വെളിച്ചമാകുന്ന യേശുവിന് സാക്ഷ്യമേകുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിക്കാറുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ഇരുപത്തീരായിരത്തിലേറെ വിശ്വാസികൾ, ഈ ഞായാറാഴ്ച (17/12/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. തങ്ങളുടെ പുൽക്കൂടുകളിൽ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിനെ പാപ്പായെക്കൊണ്ട് ആശീർവദിപ്പിക്കുന്ന പതിവനുസരിച്ച് ഉണ്ണിയേശുവിൻറെ രൂപവുമായി എത്തിയിരുന്ന റോമാക്കാരായ കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്,വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ഈ ഞായാറാഴ്ച (17/12/23)  ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ  സുവിശേഷം ഒന്നാം അദ്ധ്യായം, 6-8 വരെയും 19-28 വരെയുമുള്ള വാക്യങ്ങൾ (യോഹന്നാൻ 1,6-8.19-28) അതായത്, വെളിച്ചമാകുന്ന യേശുവിന് സാക്ഷ്യമേകുകയെന്ന ദൗത്യവുമായി സ്നാപകയോഹന്നാൻ എത്തുന്ന സംഭവം ആയിരുന്നു.

പാപ്പായുടെ പരിചിന്തനം: സ്നാപക യോഹന്നാൻറെ ദൗത്യം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന്, ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ച, സുവിശേഷം സ്നാപക യോഹന്നാനെ "വെളിച്ചത്തിന് സാക്ഷ്യം വഹിക്കാൻ" ദൈവം അയച്ച ഒരു പ്രവാചകനായി അവതരിപ്പിച്ചുകൊണ്ട് (യോഹന്നാൻ 1:8) അവൻറെ    ദൗത്യത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു (യോഹന്നാൻ 1:6-8, 19-28 കാണുക), നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം: വെളിച്ചത്തിന് സാക്ഷ്യം വഹിക്കുക.

സ്നാപകൻറെ അസാധാരണ വ്യക്തിത്വം

സാക്ഷ്യം. സ്നാപകൻ തീർച്ചയായും ഒരു അസാധാരണ മനുഷ്യനാണ്. പൊരുത്തമുള്ളതും ആത്മാർത്ഥവുമായ അവൻറെ ജീവിതശൈലിയിൽ ആകൃഷ്ടരായി ആളുകൾ അവനെ ശ്രവിക്കാൻ എത്തുന്നു (വാ. 6-7 കാണുക). അവൻറെ സാക്ഷ്യം കടന്നുപോകുന്നത് അവൻറെ ഭാഷയുടെ നിർവ്യാജത, പെരുമാറ്റത്തിലെ സത്യസന്ധത, ജീവിതത്തിൻറെ തീവ്രവിരക്തി എന്നിവയിലൂടെയാണ്. ഇതെല്ലാം അദ്ദേഹത്തെ, ബാഹ്യമോടിക്കായി എന്തുവിലയും നല്കിയിരുന്ന അക്കാലത്തെ മറ്റ് പ്രശസ്തരും ശക്തരുമായ ആളുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. നേരുള്ളവരും സ്വതന്ത്രരും ധീരരുമായ അദ്ദേഹത്തെപ്പോലുള്ള ആളുകൾ തിളക്കമുള്ളവരും ആകർഷണീയരുമായ വ്യക്തികളാണ്: അവർ നമ്മെ മന്ദോഷ്ണത വിട്ടുയരാനും മറ്റുള്ളവർക്ക് സൽജീവിത മാതൃകകളാകാനും നമുക്ക് പ്രചോദനം പകരുന്നു. എല്ലാ യുഗങ്ങളിലും കർത്താവ് ഇത്തരത്തിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും അയയ്ക്കുന്നു. അവരെ തിരിച്ചറിാൻ നമുക്കറിയാമോ? നമ്മെത്തന്നെ ചേദ്യംചെയ്യപ്പെടാൻ അനുവദിച്ചുകൊണ്ട് അവരുടെ സാക്ഷ്യത്തിൽ നിന്ന് പഠിക്കാൻ നാം ശ്രമിക്കുന്നുണ്ടോ? അതോ പരിഷ്ക്കാരികളാൽ ആകർഷിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുകയാണോ? നമ്മൾ ഉപരിപ്ലവമായ മനോഭാവങ്ങളിലേക്കു കാലെടുത്തുവയ്ക്കുകയായാണ്.

ഭാസുരൻ

യോഹന്നാനാകട്ടെ, പ്രകാശത്തിന് സാക്ഷ്യം വഹിക്കുന്നതിനാൽ ഭാസുരനാണ്. എന്നാൽ അവൻറെ വെളിച്ചം ഏതാണ്? താൻ വെളിച്ചമല്ല, മിശിഹാ അല്ല എന്ന് തന്നെ കേൾക്കാനെത്തിയ ജനക്കൂട്ടത്തോട് വ്യക്തമായി പറയുകവഴി അവൻ തന്നെ നമുക്ക് ഉത്തരം നൽകുന്നു (വാ. 19-20 കാണുക). വെളിച്ചം ദൈവത്തിൻറെ കുഞ്ഞാടായ യേശുവാണ്, “രക്ഷിക്കുന്ന ദൈവം”. അവൻ മാത്രമാണ് വീണ്ടെടുക്കുകയും മോചിപ്പിക്കുകയും സുഖപ്പെടുത്തുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നത്. ആകയാൽ യോഹന്നാൻ വചനത്തിലേക്ക് സഹോദരങ്ങളെ ആനയിക്കുന്ന ഒരു "ശബ്ദം" ആണ്; ബഹുമതികളും നായകസ്ഥാനങ്ങളും തേടാതെ അവൻ സേവിക്കുന്നു: അവൻ ഒരു വിളക്കാണ്, അതേസമയം വെളിച്ചം ജീവിക്കുന്ന ക്രിസ്തുവാണ് (യോഹന്നാൻ 1,26-27; യോഹന്നാൻ 5.35 കാണുക).

സ്നാപകനേകുന്ന പ്രബോധനം 

സഹോദരീ സഹോദരന്മാരേ, സ്നാപക യോഹന്നാൻറെ മാതൃക നമ്മെ രണ്ടു കാര്യങ്ങളെങ്കിലും പഠിപ്പിക്കുന്നു. ഒന്നാമതായി, നമുക്ക് നമ്മെ സ്വയം രക്ഷിക്കാൻ കഴിയില്ല: ദൈവത്തിൽ മാത്രമേ നാം ജീവിതവെളിച്ചം കണ്ടെത്തൂ. രണ്ടാമതായി, നമുക്ക് ഓരോരുത്തർക്കും, സേവനവും പൊരുത്തമാർന്ന ജീവിതവും വിനയവും ജീവിത സാക്ഷ്യവും - എല്ലായ്‌പ്പോഴും ദൈവകൃപയും, വഴി പ്രകാശം പരത്തുന്ന വിളക്കായിരിക്കാനും യേശുവിനെ കണ്ടുമുട്ടാനുള്ള വഴി കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനും കഴിയും.

ആത്മശോധനയും പരിശുദ്ധാംബയുടെ മാദ്ധ്യസ്ഥ്യവും

ആകയാൽ നമുക്കു സ്വയം ചോദിക്കാം: ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ, ഒരു വിദൂര ദിവസമല്ല, ഇപ്പോൾത്തന്നെ, ഈ തിരുപ്പിറവിയിൽ, വെളിച്ചത്തിൻറെ സാക്ഷിയാകാൻ, ക്രിസ്തുവിൻറെ സാക്ഷിയാകാൻ എനിക്ക് എങ്ങനെ കഴിയും? വിശുദ്ധിയുടെ ദർപ്പണമായ മറിയമേ, ലോകത്തിലേക്ക് സമാഗതനാകുന്ന വെളിച്ചമായ യേശുവിനെ പ്രതിഫലിപ്പിക്കുന്ന സ്ത്രീപുരുഷന്മാരാകാൻ ഞങ്ങളെ സഹായിക്കൂ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നവ വാഴ്ത്തപ്പെട്ട കർദ്ദിനാൾ എദ്വാർദൊ പിറോണിയൊ

ആശീർവ്വാദാനന്തരം പാപ്പാ, തൻറെ ജന്മനാടായ അർജന്തീനയിലെ ലുഹാനിലെ കന്യകാനാഥയുടെ ദേവാലയത്തിൽ ശനിയാഴ്‌ച (16/12/23) കർദ്ദിനാൾ എദ്വാർദൊ പിറോണിയൊ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ പിറോണിയൊ എളിമയും തീക്ഷ്ണതയുമുള്ള അജപാലകനും പ്രത്യാശയുടെ സാക്ഷിയും, പാവങ്ങളുടെ സംരക്ഷകനുമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. അല്മയർക്ക് പ്രോത്സാഹനം പകരുന്നതിലും ലോകയുവജനദിനങ്ങളിലും വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായോടൊപ്പം സഹകരിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും പാപ്പാ അനുസ്മരിച്ചു.  എല്ലാവരുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബ്ബലമായവരുടെ തുണയായി മാറുന്ന, പുറത്തേക്ക് പോകുന്ന ഒരു സഭയായിരിക്കാൻ നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ പിറോണിയോയുടെ മാതൃക നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ഡരിയേൻ ആരണ്യം താണ്ടുന്ന കുടിയേറ്റക്കാർ 

കൊളംബിയയ്ക്കും പനമായ്ക്കും ഇടയിലുള്ള ഡരിയേൻ കാട് കടക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാപ്പാ അനുസ്മരിച്ചു.    ഇവരിൽ പലപ്പോഴുമുള്ളത് കുഞ്ഞുങ്ങളോടുകൂടിയ കുടുംബങ്ങളാണെന്നും ഇവർ ഹ്രസ്വവും സുരക്ഷിതവുമായ വഴി വാഗ്ദാനം ചെയ്യുന്നവരാൽ കബളിപ്പിക്കപ്പെട്ട് അപകടകരമായ പാതകളിലുടെ കടക്കുകയും മോശമായ രീതികൾ നേരിടേണ്ടിവരുകയും കവർച്ചയ്ക്ക് ഇരകളാകുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. ആ വനത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ കുറൊച്ചൊന്നുമല്ലെന്നും ഈ ദാരുണമായ യാഥാർത്ഥ്യം ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാനും മാനവികമായ പ്രതികരണം കൂട്ടായി നൽകാനും ഇത്  കൂടുതൽ നേരിട്ട് ബാധിക്കുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെയും സംയുക്ത പരിശ്രമം ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുക

തുടർന്ന് പാപ്പാ യുദ്ധവേദികളിൽ പ്രത്യേകിച്ച്, ഉക്രൈനിലും പലസ്തീനിലും ഇസ്രായേലിലും യാതനകളനുഭവിക്കുന്ന സഹോദരങ്ങളെ അനുസ്മരിക്കുകയും ആസന്നമായിരിക്കുന്ന തിരുപ്പിറവിത്തിരുന്നാൾ സമാധാനസരണി തുറക്കാനുള്ള യത്നങ്ങളെ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഗാസയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത് വളരെ ഗൗരവമേറിയതും വേദനാജനകവുമായ വാർത്തകളാണെന്ന് വെളിപ്പെടുത്തിയ പാപ്പാ നിരായുധരായ സാധാരണ പൗരന്മാർ ബോംബാക്രമണത്തിനും വെടിവെപ്പിനും ഇരകളായിത്തീരുന്നത് വേദനയോടെ അനുസ്മരിച്ചു. തീവ്രവാദികൾ ഇല്ലാത്തതും കുടുംബങ്ങളും കുട്ടികളും രോഗികളും വികലാംഗരും കന്യാസ്ത്രീകളും മാത്രമുള്ളതുമായ തിരുക്കുടുംബ ഇടവകയ്ക്കുള്ളിൽപോലും ഇതു സംഭവിച്ചുവെന്നും പാപ്പാ പറഞ്ഞു. ശൗച്യാലയത്തിലേക്കു പോകവെ. നഹിദ ഖലീൽ ആൻറൺ എന്ന അമ്മയും മകൾ സമർ കമാൽ ആൻറണും വെടിയേറ്റു മരിക്കുകയും മറ്റു ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതും മദർ തെരേസയുടെ സഹോദരിമാരുടെ ഭവനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതും മറ്റും പാപ്പാ അനുസ്മരിച്ചു. "ഇത് തീവ്രവാദമാണ്, യുദ്ധമാണ്" എന്ന് പറയപ്പെടുന്നത് അനുസ്മരിച്ച പാപ്പാ അതെ, ഇത് യുദ്ധമാണ്, ഇത് തീവ്രവാദമാണ് എന്നു പറഞ്ഞു. "ദൈവം യുദ്ധം ഇല്ലാതാക്കുന്നു... അവിടന്ന് വില്ലും കുന്തവും ഒടിക്കും" (സങ്കീർത്തനങ്ങൾ 46:9 കാണുക) എന്ന സങ്കീർത്തന വചനം ഉദ്ധരിച്ച പാപ്പാ സമാധാനത്തിനായി കർത്താവിനോട് പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

പാപ്പാ കുഞ്ഞുങ്ങളോട്

ഈ വാക്കുകളെ തുടർന്ന് പാപ്പാ ബസിലിക്കാങ്കണത്തിൽ സമ്മേളിച്ചിരുന്ന റോമാക്കാരും ഇറ്റലിയുടെ മറ്റുഭാഗങ്ങളിൽ നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നവരുമായവരെ  അഭിവാദ്യം ചെയ്തു. തന്നെക്കൊണ്ട് ആശീർവ്വദിപ്പിക്കുന്നതിനായി ഉണ്ണിയേശുവിൻറെ രൂപങ്ങളുമായി ചത്വരത്തിൽ സന്നിഹിതരായിരുന്ന കുട്ടികളെ പാപ്പാ പ്രത്യേകം സംബോധന ചെയ്യുകയും രൂപങ്ങൾ ആശീർവ്വദിക്കുകയും ചെയ്തു.

യുദ്ധവേദികളിലും, അഭയാർത്ഥികേന്ദ്രങ്ങളിലും ദുരിതാവസ്ഥയിലും വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു തിരുപ്പിറവിയിലൂടെ കടന്നുപോകേണ്ടിവരുന്ന കുഞ്ഞുങ്ങൾക്കായി പുൽക്കൂടിനുമുന്നിൽ നിന്നു പ്രാർത്ഥിക്കാൻ ചത്വരത്തിൽ സന്നിഹിതരായിരുന്ന കുട്ടികളെ പാപ്പാ ക്ഷണിച്ചു. ആ കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും നല്ലൊരു തിരുപ്പിറവിത്തിരുന്നാൾ പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു.  തദ്ദനന്തരം സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2023, 11:27

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >