തിരയുക

വചനമായ യേശുവിന്, മൗനത്തിലൂടെയും പ്രാർത്ഥനയിലൂടെയും, ഇടം നൽകുക, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: പൊള്ളയായ വചനങ്ങളുടെയും ജല്പനങ്ങളുടെയും മലിനീകരണത്തിൽ നിന്ന് നമുക്ക് നമ്മെത്തന്നെ സ്വതന്ത്രരാക്കാൻ കഴിയണമെങ്കിൽ മൗനവും പ്രാർത്ഥനയും നമ്മുടെ ജീവിതത്തിൽ ഇടം പിടിക്കണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിക്കാറുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് ഈ ഞായറാഴ്ച (10/12/23) വിവിധരാജ്യക്കാരായിരുന്ന ഇരുപത്തിയയ്യായിരത്തോളം വിശ്വാസികൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ പാപ്പാ ഈ ഞായാറാഴ്ച  മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്,വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ഈ ഞായാറാഴ്ച (10/12/23)  ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം ഒന്നാം അദ്ധ്യായം, 1-8 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,1-8) അതായത്, സ്നാപകയോഹന്നാൻ പാപമോചനത്തിനുള്ള അനുതാപത്തിൻറെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന സംഭവം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ പ്രഭാഷണത്തിൽ  പാപ്പാ ഇപ്രകാരം പറഞ്ഞു:

"മരുഭൂമിയിൽ വിളിച്ചുപറയുന്നവൻറെ ശബ്ദം"

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ആഗമനകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച സുവിശേഷം, യേശുവിൻറെ മുന്നോടിയായ സ്നാപകയോഹന്നാനെക്കുറിച്ചു (മർക്കോസ് 1:1-8 കാണുക) നമ്മോട് സംസാരിക്കുകയും "മരുഭൂമിയിൽ വിളിച്ചുപറയുന്നവൻറെ ശബ്ദം" (വാക്യം 3) എന്ന് അവനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. ആശയവിനിമയമില്ലാത്ത ശൂന്യമായ ഇടമായ മരുഭൂമിയും സംസാരോപാധിയായ ശബ്ദവും പരസ്പര വിരുദ്ധങ്ങളായ രണ്ട് രൂപങ്ങളായി തോന്നുമെങ്കിലും സ്നാപകനിൽ അവ സമന്വയിക്കുന്നു.

മരുഭൂമി

മരുഭൂമി. ജോർദ്ദാൻ നദിയുടെ തീരപ്രദേശങ്ങളിൽ, നൂറ്റാണ്ടുകൾക്ക് മുമ്പ്, തൻറെ ജനം വാഗ്ദത്ത ദേശത്ത് പ്രവേശിച്ച സ്ഥലത്തിന് സമീപം, യോഹാന്നാൻ പ്രസംഗിക്കുന്നു (ജോഷ്വ 3:1-17 കാണുക). അങ്ങനെ ചെയ്യുമ്പോൾ, അവൻ ഇങ്ങനെ പറയുന്നത് പോലെയാണ്: അതായത്, ദൈവത്തെ ശ്രവിക്കാൻ, നാൽപ്പത് വർഷക്കാലം അവൻ സ്വന്തം ജനത്തെ അനുഗമിക്കുകയും സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥലത്തേക്ക്, മരുഭൂമിയിലേക്ക്, നാം മടങ്ങണം. ഇത് നിശബ്ദതയുടെയും സത്താപരമായതിൻറെയും ഇടമാണ്, അവിടെ ഒരാൾക്ക് ഉപയോഗശൂന്യമായ കാര്യങ്ങളിൽ സമയം പാഴാക്കാനാവില്ല, മറിച്ച് ജീവിതത്തിന് അനിവാര്യമായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

അമിതമായവ വർജ്ജിക്കുക അത്യന്താപേക്ഷിതം

ഇത് എന്നും പ്രസക്തമായ ഒരു ഓർമ്മപ്പെടുത്തലാണ്: "കൂടുതൽ" ആയവ ഒഴിവാക്കേണ്ടത് ജീവിത പാതയിൽ മുന്നേറാൻ ആവശ്യമാണ്, കാരണം മെച്ചപ്പെട്ട ജീവിതം നയിക്കുക എന്നത് വ്യർത്ഥമായ കാര്യങ്ങളാൽ സ്വയം നിറയ്ക്കുക എന്നല്ല, മറിച്ച്, അവനവൻറെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങുന്നതിനും ദൈവതിരുമുമ്പിൽ യഥാർത്ഥത്തിൽ പ്രാധാന്യമുള്ളത് ഗ്രഹിക്കുന്നതിനും അമിതമായയിൽ നിന്ന് സ്വയം മുക്തിപ്രാപിക്കുകയാണ്. പിതാവിൻറെ വചനമായ യേശുവിന്,  മൗനത്തിലൂടെയും പ്രാർത്ഥനയിലൂടെയും, ഇടം നൽകിയാൽ മാത്രമേ, പൊള്ളയായ വചനങ്ങളുടെയും ജല്പനങ്ങളുടെയും മലിനീകരണത്തിൽ നിന്ന് നമുക്ക് നമ്മെത്തന്നെ സ്വതന്ത്രരാക്കാൻ കഴിയൂ. വാക്കുകളിലും വസ്തുക്കളുടെയും മാദ്ധ്യമങ്ങളുടെയും സാമൂഹ്യമാദ്ധ്യമങ്ങളുടെയും ഉപയോഗത്തിലും നിശബ്ദതയും ശാന്തതയും വെറും "സുകൃതങ്ങൾ" അല്ലെങ്കിൽ പുണ്യങ്ങൾ മാത്രമല്ല, അവ ക്രിസ്തീയ ജീവിതത്തിൻറെ അനിവാര്യ ഘടകങ്ങളാണ്.

ശബ്ദം

നമുക്ക് രണ്ടാമത്തെ രൂപമായ ശബ്ദത്തിലേക്ക് കടക്കാം. നാം ചിന്തിക്കുന്നതും ഹൃദയത്തിൽ പേറുന്നതും പ്രകടിപ്പിക്കുന്ന ഉപാധിയാണിത്. അത് നിശബ്ദതയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു, കാരണം അത് ആത്മാവ് നിർദ്ദേശിക്കുന്നത് ശ്രവിക്കുന്നതിലൂടെ ഉള്ളിൽ പക്വത പ്രാപിക്കുന്നതിനെ ആവിഷ്ക്കരിക്കുന്നു. സഹോദരീ സഹോദരന്മാരേ, നിശ്ശബ്ദത പാലിക്കാൻ അറിയില്ലെങ്കിൽ, എന്തെങ്കിലും നല്ലത് പറയാൻ ഉണ്ടായിരിക്കുക പ്രയാസമാണ്; അതേസമയം, നിശബ്ദത എത്രമാത്രം ദത്താവധാനമായിരുക്കുന്നവോ അത്രമാത്രം ശക്തമായിരിക്കും  വാക്ക്. സ്നാപക യോഹന്നാനിൽ ആ ശബ്ദം അവൻറെ അനുഭവത്തിൻറെ സംശുദ്ധതയോടും ഹൃദയനൈർമ്മല്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു.

ആത്മശോധന

നമുക്ക് സ്വയം ചോദിക്കാം: എൻറെ ദിനങ്ങളിൽ നിശബ്ദതയ്ക്ക് എന്ത് സ്ഥാനമാണുള്ളത്? അത് പൊള്ളയായ നിശബ്ദതയാണോ, ഒരുപക്ഷേ അടിച്ചമർത്തുന്നതാണോ അത്, അതോ, ശ്രവിക്കാനും, പ്രാർത്ഥിക്കാനും ഹൃദയം കാത്തുസൂക്ഷിക്കാനും കഴിയുന്ന ഇടമാണോ? എൻറെ ജീവിതം പ്രശാന്തമാണോ അതോ ഉപരിപ്ലവങ്ങളായ കാര്യങ്ങളാൽ പൂരിതമാണോ? ഒഴുക്കിനെതിരെ നീന്തുക എന്നാണ് വിവക്ഷയെങ്കിലും, നിശബ്ദത, ശാന്തത, ശ്രവണം എന്നിവയെ നാം വിലമതിക്കുന്നു. നിശബ്ദതയുടെ കന്യകയായ മറിയം, നമ്മെ, മരുഭൂമിയെ സ്നേഹിക്കാനും, അവളുടെ സമാഗതനാകുന്ന സുതനെ പ്രഘോഷിക്കുന്ന വിശ്വസനീയ ശബ്ദമായി മാറാനും സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - മനുഷ്യാവകാശ പ്രഖ്യാപനം

ഈ ഞായറാഴ്ച സാർവ്വത്രിക മനുഷ്യാവകാശപ്രഖ്യാപനത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം ആണെന്നത് പാപ്പാ ആശീർവ്വാദാന്തരം അനുസ്മരിച്ചു.

75 വർഷം മുമ്പ്, 1948 ഡിസംബർ 10 ന്, മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യാപനം ഒപ്പുവയ്ക്കപ്പെട്ടത്  ഒരു പ്രധാന പാതയാണെന്നും ആ പന്ഥാവിലൂടെ നിരവധി ചുവടുകൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ ചുവടുകൾ വയ്ക്കാനുണ്ടെന്നും, ദൗർഭാഗ്യവശാൽ പലപ്പോഴും പന്നോക്കം പോകുന്ന അവസ്ഥയുണ്ടെന്നും പാപ്പാ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പരിശ്രമം ഒരിക്കലും അവസാനിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ, അവഗണിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, പ്രഘോഷണങ്ങളില്ലാതെ, മൂർത്തമായി ദൈനംദിന ജീവിതത്തിൽ, വ്യക്തിപരമായി പോരാടുകയും വില നൽകുകയും ചെയ്യുന്ന എല്ലാവരുടെയും ചാരെ താനുണ്ടെന്ന് ഉറപ്പുനല്കി.

കോക്കസസ് പ്രദേശത്ത് സമാധാന കിരണങ്ങൾ

തെക്കൻ കോക്കസസ് പ്രദേശത്ത് സമാധാനത്തിൻറെ പ്രത്യാശയുടെ കിരണങ്ങൾ കാണപ്പെടുന്നതിൽ പാപ്പാ തൻറെ സന്തോഷം വെളിപ്പെടുത്തി. അർമേനിയൻ അസെർബൈജാൻ വിഭാഗക്കാരായ നിരവധി തടവുകാർ വിട്ടയക്കപ്പെട്ട സംഭവം അർമേനിയയും അസെർബൈജാനും തമ്മിലുള്ള ബന്ധത്തെയും സമാധാനത്തെയും സംബന്ധിച്ച് ഭാവാത്മകമായ ഒരു അടയാളമാണെന്നും അതിനെ താൻ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും പാപ്പാ പറഞ്ഞു. സമാധാന ഉടമ്പടി എത്രയും വേഗം പൂർത്തിയാക്കാൻ പാപ്പാ ബന്ധപ്പെട്ട കക്ഷികൾക്ക് പ്രചോദനം പകരുകയും ചെയ്തു.

കോപ് 28

ദുബായിൽ നടക്കുന്ന കോപ് 28 (COP 28) കാലാവസ്ഥാ സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാപിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. നമ്മുടെ പൊതു ഭവനത്തിൻറെ പരിപാലനത്തിനും ജനങ്ങളുടെ സംരക്ഷണത്തിനും ഉതകുന്ന നല്ല ഫലങ്ങൾ ഈ സമ്മേളനം പുറപ്പെടുവിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കുക

യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. തിരുപ്പിറവിയിലേക്കു നടന്നടുക്കുന്ന നമുക്ക് ദൈവ സഹായത്തോടുകൂടി സമാധാനത്തിലേക്കുള്ള മൂർത്തമായ ചുവടുകൾ വയ്ക്കാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ഇത് എളുപ്പമല്ലയെന്ന അവബോധം നമുക്കണ്ടെന്നു പറഞ്ഞു. കാരണം ചില സംഘർഷങ്ങൾക്ക് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ടെന്നു പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ അതോടൊപ്പംതന്നെ സമാധാനപരമായ സഹവർത്തിത്വത്തിനായി വിവേകത്തോടെയും ക്ഷമയോടെയും പ്രവർത്തിച്ച സ്ത്രീപുരുഷന്മാരുടെ സാക്ഷ്യവും നമുക്കുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. അവരുടെ മാതൃക പിന്തുടരാൻ പ്രചോദനം പകർന്ന പാപ്പാ, സംഘർഷങ്ങളുടെ കാരണങ്ങൾ പരിഹരിക്കാനും ഇല്ലാതാക്കാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ,   സാധാരണ പൗരന്മാർ ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുകയും ബന്ദികൾ മോചിപ്പിക്കപ്പെടുകയും മാനവിക സഹായം ഉറപ്പാക്കപ്പെടുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. യുദ്ധത്താൽ പീഡിതമായ ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ എന്നീ നാടുകളെ നാം മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യങ്ങൾ

റോമിനു പുറത്തുള്ള തീവൊളി എന്ന സ്ഥലത്ത് ഒരാശുപത്രിയിൽ ഏതാനും ദിവസം മുമ്പ് ഉണ്ടായ തീപിടുത്തത്തിന് ഇരകളായവരെ പാപ്പാ അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അവസാനം പാപ്പാ, ഇറ്റലിക്കാരും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും അഭിവാദ്യമർപ്പിക്കുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തു. തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും  എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2023, 10:56

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >