തിരയുക

ഉച്ചൈസ്തര പ്രഘോഷണത്താലല്ല, ജീവിതസാക്ഷ്യത്താലാണ് വിശ്വാസം വിശ്വസനീയമാകുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാ പ്രഭാഷണം: സുവിശേഷപ്രഘോഷണം ഇന്നിനു വേണ്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (29/11/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയിൽ വച്ചാണ് പ്രതിവാര പൊതുദർശനം അനുവദിച്ചത്. പാപ്പാ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ  അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും കരഘോഷത്തോടെയും  ആരവങ്ങളോടെയും തങ്ങളുടെ സന്തോഷം അറിയിച്ചു.  റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ ആരാധിക്കുവിൻ. നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ. എന്നാൽ അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിർമ്മലമായ സൂക്ഷിക്കുവിൻ. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവർ അങ്ങനെ ലജ്ജിതരായിത്തീരും.” പത്രോസ് എഴുതിയ ഒന്നാം ലേഖനം 3,15-16

ഈ വായനയ്ക്കു ശേഷം പാപ്പായുടെ പ്രഭാഷണവും പ്രഭാഷണാനന്തര അഭിവാദ്യങ്ങളും  വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി (Filippo Ciampanelli) വായിക്കുകയായിരുന്നു. അതിനു കാരണം പാപ്പായുടെ ശ്വാസകോശത്തിൽ ഉണ്ടായിരിക്കുന്ന അണുബാധമൂലമുള്ള ആരോഗ്യപ്രശ്നമാണ്.   താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിപ്പോരുന്ന, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ  അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്ന പാപ്പാ, അപ്പൊസ്തോലിക പ്രബോധനമായ “എവഞ്ചേലി ഗൗദിയും” ആധാരമാക്കി സുവിശേഷപ്രഘോഷണത്തിൻറെ നാലു മാനങ്ങളെക്കുറിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനത്തിൻറെ തുടർച്ചയായി ഇത്തവണ പരിചിന്തന വിഷയമാക്കിയത്, “സുവിശേഷ പ്രഘോഷണം ഇന്നിനു വേണ്ടിയുള്ളതാണ്” എന്ന ആശയമാണ്. സുവിശേഷ പ്രഘോഷണം ആനന്ദമാണ്, ഈ പ്രഘോഷണം എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്നീ രണ്ടു വശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചകളിലായി പാപ്പാ വിശകലനം ചെയ്തിരുന്നു.

തൻറെ പ്രഭാഷണം മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി വായിക്കുന്നതിനു മുമ്പ് പാപ്പാ, ആമുഖമായി ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, എല്ലാവർക്കും സ്വാഗതം!

പ്രോബോധന പരമ്പര നാം തുടരുകയാണ്. തൊണ്ടയിലുള്ള അസ്വസ്ഥത മൂലം സ്വരം സുഖകരമല്ലാത്തിനാൽ മോൺസിഞ്ഞോർ ചമ്പനേല്ലി ആയിരിക്കും എല്ലാം വായിക്കുക. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ ചമ്പനേല്ലി ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണം വായിച്ചു.

സുവിശേഷ പ്രഘോഷണം ഇന്നിനുവേണ്ടി

പ്രിയ സഹോദരീ സഹോദരന്മാരേ,

ക്രിസ്തീയ പ്രഘോഷണം സന്തോഷവും എല്ലാവർക്കും വേണ്ടിയുള്ളതുമാണെന്ന് നാം മുമ്പു കാണുകയുണ്ടായി. ഇന്ന് നമുക്ക് മൂന്നാമത്തെ വശത്തെക്കുറിച്ചു ചിന്തിക്കാം: സുവിശേഷ പ്രഘോഷണം ഇന്നിനുവേണ്ടിയുള്ളതാണ്.

ദൈവത്തിൻറ സ്ഥാനം കവർന്നെടുക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 

ഇന്നിനെക്കുറിച്ച് മോശമായി സംസാരിക്കുന്നത് നമ്മൾ മിക്കവാറും എല്ലായ്‌പ്പോഴും കേൾക്കാറുണ്ട്. തീർച്ചയായും, യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ദരിദ്രവിഭാഗത്തെ അവഗണിക്കുന്നതായ  ആഗോളതല അനീതികൾ, കുടിയേറ്റങ്ങൾ, കുടുംബത്തിൻറെയും പ്രത്യാശയുടെയും തലത്തിലുള്ള പ്രതിസന്ധികൾ എന്നിവയ്ക്കിടയിൽ ഉത്കണ്ഠയ്ക്കുള്ള കാരണങ്ങൾ കുറവില്ല. പൊതുവേ, വ്യക്തിയെ എല്ലാറ്റിനും ഉപരിയായി പ്രതിഷ്ഠിക്കുകയും, നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളതും അനേകം മേഖലകളിൽ വൻ പുരോഗതിയുണ്ടായിട്ടുള്ളതുമായ സാങ്കേതികവിദ്യയെ സകലത്തിൻറെയും കേന്ദ്രമാക്കുകയും ചെയ്യുന്ന ഒരു സംസ്കാരമാണ് ഇന്നിൽ കുടികൊള്ളുന്നതെന്ന പ്രതീതിയാണുള്ളത്. എന്നാൽ അതേ സമയം സാങ്കേതിക-വ്യക്തിഗത പുരോഗതിയുടെതായ ഈ സംസ്കാരം പരിധിയില്ലാത്ത ഒരു സ്വാതന്ത്ര്യത്തിൻറെ സ്ഥിരീകരണത്തിലേക്ക് നയിക്കുന്നു, പിന്നോക്കം നില്ക്കുന്നവരോട് നിസ്സംഗത കാണിക്കുന്നു. അതിനാൽ, ഫലംപുറപ്പെടുവിക്കാത്തവരെ നിരാകരിക്കുകയും അന്തർലീനമായവയ്‌ക്കപ്പുറത്തേക്ക് നോക്കാൻ ക്ലേശിക്കുകയും ചെയ്യുന്ന ഒരു ജീവിത ദർശനത്തോടെ, സമ്പദ്‌വ്യവസ്ഥയുടെ പലപ്പോഴും ദുരാഗ്രഹത്തിൻറെതായ യുക്തിക്ക് മഹത്തായ മാനവികാഭിലാഷങ്ങളെ വിട്ടുകൊടുക്കുന്നു. മോഹാലസ്യജനകമായ അംബരചുംബികളായ സൗധങ്ങളുണ്ടെങ്കിലും തിരശ്ചീനമായി നിലകൊള്ളുന്ന വൻ നഗരങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ദൈവസാന്നിദ്ധ്യമില്ലാത്ത ഒരു മാനവസമൂഹത്തിന് രൂപം നല്കാൻ ആഗോളതലത്തിൽ ശ്രമിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ നാഗരികതയിലാണ് നാം എന്നുപോലും നമുക്ക് പറയാൻ കഴിയുന്ന അവസ്ഥയിലാണ് നമ്മൾ.

ബാബേൽ ഗോപുര കഥയേകുന്ന പാഠം 

ബാബേൽ നഗരത്തിൻറെയും ബാബേൽ ഗോപുരത്തിൻറെയും കഥയാണ് ഓർമ്മ വരുന്നത് (ഉൽപത്തി 11:1-9 കാണുക). സംഘാതാത്മകതയുടെ  കാര്യക്ഷമതയ്ക്കായി ഓരോ വ്യക്തിത്വത്തെയും ബലികഴിക്കുന്ന ഒരു സാമൂഹിക പദ്ധതിയാണ് ഇത് വിവരിക്കുന്നത്. നരകുലം സംസാരിക്കുന്നത് ഒരു ഭാഷ മാത്രമാണ്  - അതിന് "ഏക ചിന്ത" യാണ് ഉള്ളതെന്ന് നമുക്ക് വേണമെങ്കിൽ പറയാം -, അത് ഓരോ വ്യക്തിയുടെയും അദ്വീതീയതയെ സർവ്വസാമ്യത്തിൻറെ കുമിളയിൽ ആഗിരണം ചെയ്യുന്ന പൊതുവായ  ഒരുതരം മാന്ത്രികവലയത്തിൽ പൊതിഞ്ഞതുപോലെയാണ്. അപ്പോൾ ദൈവം ഭാഷകളെ കൂട്ടിക്കുഴയ്ക്കുന്നു, അതായത്, അവിടന്ന് വ്യത്യാസങ്ങൾ പുനഃസ്ഥാപിക്കുന്നു, അദ്വിതീയത വികസിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ പുനർനിർമ്മിക്കുന്നു, പ്രത്യയശാസ്ത്രം ഏകത്വം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നിടത്ത് നാനാത്വത്തെ പുനരുജ്ജീവിപ്പിക്കുന്നു. കർത്താവ് മനുഷ്യരാശിയെ അതിൻറെ സർവ്വശക്തിയുടെ ഭ്രമത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നു: "നമുക്ക് പ്രശസ്തി നിലനിറുത്താം", (ഉല്പത്തി 11,4 കാണു) എന്ന് ആകാശം വരെ എത്താനും ദൈവത്തിൻറെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കാനും ആഗ്രഹിക്കുന്ന ബാബേൽ നിവാസികൾ പറയുന്നു. എന്നാൽ അപകടകരങ്ങളും അകൽച്ചയുണ്ടാക്കുന്നതും വിനാശകരവുമാണ് ഈ ഉർക്കർഷേച്ഛകൾ. എന്നാൽ  കർത്താവാകട്ടെ, ഈ പ്രതീക്ഷകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് മനുഷ്യർക്ക് സംരക്ഷണം തീർക്കുന്നു, പ്രഖ്യാപിത ദുരന്തം തടയുന്നു. ഈ കഥ യഥാർത്ഥത്തിൽ കാലോചിതമാണെന്ന് തോന്നുന്നു: ഇന്നും, സാഹോദര്യത്തിലും സമാധാനത്തിലും എന്നതിലുപരി, ഐക്യം പലപ്പോഴും അഭിലാഷം, ദേശീയത, ഐകരൂപ്യം, സാങ്കേതിക-സാമ്പത്തിക ഘടനകൾ എന്നിവയിൽ അധിഷ്ഠിതമാണ്, അവയാകട്ടെ ദൈവം നിസ്സാരനും ഉപയോഗശൂന്യനുമാണെന്ന ആശയത്തിനൂന്നൽ നല്കുന്നു. അത് ഒരുവൻ കൂടുതൽ അറിവ് തേടുന്നതിനാലല്ല, പ്രത്യുത, എല്ലാറ്റിനുമുപരിയായി കൂടുതൽ ശക്തി തേടുന്നതിനാലാണ്. ഇന്നത്തെ സംസ്കാരത്തിൻറെ വലിയ വെല്ലുവിളികളിൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രലോഭനമാണിത്.

സുവിശേഷവത്ക്കരണത്തിന് നവസരണികൾ

“എവഞ്ചേലി ഗൗതിയു”മിൽ (Evangelii Gaudium) ഞാൻ അവയിൽ ചിലത് വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് (NN. 52-75 കാണുക), എന്നാൽ എല്ലാറ്റിനും ഉപരിയായി "ദൈവവുമായും മറ്റുള്ളവരുമായും പരിസ്ഥിതിയുമായും ബന്ധം സ്ഥാപിക്കുന്നതിനുള്ള നൂതന രീതികൾ കാണിച്ചുതരുന്നതും മൗലിക മൂല്യങ്ങൾക്ക് പ്രചോദനം പകരുന്നതുമായ ഒരു സുവിശേഷവൽക്കരണത്തിന് ഞാൻ ക്ഷണിച്ചു. പുതിയ കഥകളും മാതൃകകളും രൂപപ്പെടുന്നിടത്ത് എത്തേണ്ടതും യേശുവിൻറെ വചനം ഉപയോഗിച്ച് നഗരങ്ങളുടെ ആത്മാവിൻറെ ആഴങ്ങളിൽ എത്തിച്ചേരേണ്ടതും ആവശ്യമാണ്" (n. 74). മറ്റുവാക്കുകളിൽ പറഞ്ഞാൽ, സമകാലീന സംസ്കാരത്തിൽ കുടികൊള്ളുന്നതിലൂടെ മാത്രമേ യേശുവിനെ പ്രഘോഷിക്കാൻ കഴിയൂ; ഇന്നത്തെ കാലത്തെക്കുറിച്ചുള്ള അപ്പോസ്തലനായ പൗലോസിൻറെ വാക്കുകൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും വേണം: "ഇതാണ് അനുകൂല സമയം, ഇതാ, ഇപ്പോൾ രക്ഷയുടെ ദിനം!" (2 കോറിന്തോസ് 6:2). അതുകൊണ്ട് ഭൂതകാലത്തിൽ നിന്നുള്ള ബദൽ ദർശനങ്ങളെ ഇന്നത്തേതിന് വിരുദ്ധമായി വയ്ക്കേണ്ടതില്ല. സത്യമാണെന്നിരിക്കിലും കാലക്രമേണ അമൂർത്തമായി മാറുന്ന, ആർജിത മതവിശ്വാസങ്ങൾ വെറുതെ ആവർത്തിച്ചു പ്രഖ്യാപിച്ചാൽ മാത്രം പോരാ. ഉച്ചത്തിൽ പറയുന്നതുകൊണ്ടല്ല ഒരു സത്യം കൂടുതൽ വിശ്വസനീയമാകുക, മറിച്ച്, അത് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതിനാലാണ്.

സംഭാഷണത്തിൻറെയും സമാഗമത്തിൻറെയും   ഐക്യത്തിൻറെയും  പുളിമാവാകുക

പ്രേഷിത തീക്ഷ്ണത ഒരിക്കലും സ്വായത്തമാക്കിയ ഒരു ശൈലിയുടെ കേവലമാവർത്തനമല്ല, പ്രത്യുത സുവിശേഷം ഇന്ന് ഇവിടെ നമുക്കായി സജീവമാണ് എന്നതിൻറെ സാക്ഷ്യമാണ്. ഇതിനെക്കുറിച്ചുള്ള അവബോധത്തോടുകൂടി നമുക്ക്, നമ്മുടെ കാലഘട്ടത്തെയും നമ്മുടെ സംസ്കാരത്തെയും ഒരു ദാനമായി കാണാം. അവ നമ്മുടേതാണ്, അവയെ സുവിശേഷവൽക്കരിക്കുക എന്നതിനർത്ഥം ദൂരെ നിന്ന് അവയെ വിധിക്കുക എന്നല്ല, യേശുവിൻറെ നാമം ഒരു മുകപ്പിൽ നിന്ന് ഉദ്ഘോഷിക്കലുമല്ല, പ്രത്യുത,  തെരുവിലിറങ്ങുകയും നാം താമസിക്കുന്ന ഇടങ്ങളിൽ പോകുകയും യാതനയുടെ വേദികളിൽ, തൊഴിലിടങ്ങളിൽ, പഠനവേദികളിൽ പരിചിന്തവേദികളിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയുമാണ്. തങ്ങളുടെ ജീവിതത്തിന് അർത്ഥം നല്കുന്നവ മനുഷ്യവ്യക്തികൾ പങ്കുവയ്ക്കുന്ന നാല്ക്കവലകളിൽ വസിക്കുകയാണ്. അതിനർത്ഥം, ഒരു സഭ എന്ന നിലയിൽ, "സംഭാഷണത്തിൻറെയും സമാഗമത്തിൻറെയും   ഐക്യത്തിൻറെയും  പുളിമാവാകുക" എന്നാണ്. എല്ലാത്തിനുമുപരിയായി, നമ്മുടെ തന്നെ വിശ്വാസ രൂപവല്ക്കരണങ്ങൾ ഭിന്ന സംസ്കാരങ്ങളും സമൂഹങ്ങളും സംഭവങ്ങളും തമ്മിലുള്ള ഒരു സംഭാഷണത്തിൻറെയും സമാഗമത്തിൻറെയും ഫലമാണ്. നാം സംഭാഷണത്തെ ഭയപ്പെടേണ്ടതില്ല: സർവ്വോപരി തീർച്ചയായും തുലനം ചെയ്യലും വിമർശനവുമാണ് ദൈവശാസ്ത്രത്തെ പ്രത്യയശാസ്ത്രമായി മാറുന്നതിൽ നിന്ന് തടയാൻ നമ്മെ സഹായിക്കുന്നത്" (ഇറ്റലിയിലെ സഭയുടെ അഞ്ചാം ദേശീയ സമ്മേളനത്തിലെ  പ്രഭാഷണം, ഫ്ലോറൻസ, 10 നവംബർ 2015).

യേശുവിൻറെ അഭിവാഞ്ഛ നമുക്ക് സ്വന്തമാക്കാം 

നമ്മൾ ഇന്നിൻറെ വഴിക്കവലകളിൽ നിൽക്കണം. അവ വിട്ടു പുറത്തുപോകുകയെന്നാൽ സുവിശേഷത്തെ ദരിദ്രമാക്കുകയും സഭയെ ഒരു വിഭാഗമായി ചുരുക്കുകയും ചെയ്യുക എന്നാണർത്ഥം. മറിച്ച്, അവിടെ പതിവായി പോകുന്നത്, നമ്മുടെ പ്രത്യാശയുടെ കാരണങ്ങൾ നവീകൃതരീതിയിൽ ഗ്രഹിക്കാനും വിശ്വാസത്തിൻറെ നിധിയിൽ നിന്ന് "പുതിയതും പഴയതുമായ കാര്യങ്ങൾ" വേർതിരിച്ചെടുക്കാനും അവ പങ്കിടാനും ക്രിസ്ത്യാനികളായ നമ്മെ സഹായിക്കും (മത്തായി 13.52). ചുരുക്കത്തിൽ, ഇന്നത്തെ ലോകത്തെ പുനഃപരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നതിനേക്കാൾ, സുവിശേഷം ഇന്നിൽ ഉപരിമെച്ചപ്പെട്ട വിധം മാംസം ധരിക്കുന്ന രീതിയിൽ അജപാലന പരിപാലനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. (എവഞ്ചേലി ഗൗദിയും, 25 കാണുക). നമുക്ക് യേശുവിൻറെ ആഗ്രഹം നമ്മുടേതാക്കി മാറ്റാം: ദൈവത്തിനായുള്ള അഭിവാഞ്ഛ നഷ്ടപ്പെടാതിരിക്കാനും അവിടത്തേക്കു ഹൃദയം തുറുന്നിടാനും ഇന്നും എന്നും മനുഷ്യന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ഏകനായവനെ കണ്ടുമുട്ടാനും സഹയാത്രികരെ സഹായിക്കുന്നതിനുമാണിത്.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. ഈ സമാപന ഭാഗത്ത് പാപ്പാ ഇസ്രായേലിലും പലസ്തീനിലും സമാധാനം സംജാതമാകുന്നതിനുവേണ്ടി  അഭ്യർത്ഥിച്ചു.

 യുദ്ധവേദികളിൽ സമാധാനത്തിനായി             

ഇസ്രായേലിലെയും പലസ്തീനിലെയും ഗുരുതരമായ സാഹചര്യം അവസാനിക്കുന്നതിനും സമാധാനം സംജാതമാകുന്നുതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.ഗാസയിൽ താല്ക്കാലിക വെടിനിറുത്തൽ ഉടമ്പടി തുടരുമെന്നും അങ്ങനെ എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടുമെന്നും മാനവിക സഹായം തുടരാൻ കഴിയുമെന്നുമുള്ള തൻറെ പ്രതീക്ഷ പാപ്പാ പ്രകടിപ്പിച്ചു. അവിടങ്ങളിൽ ജലത്തിൻറെയും ഭക്ഷ്യവസ്തുക്കളുടെയും അഭാവം മൂലം ജനങ്ങൾ, സാധാരണ ജനങ്ങൾ ആണ്, യുദ്ധം ചെയ്യുന്നവരല്ല യാതനകൾ അനുഭവിക്കുന്നതെന്നും പാപ്പാ പറഞ്ഞു. യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ഉക്രൈയിൻ ജനതയെയും പാപ്പാ അനുസ്മരിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 15:23

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >