തിരയുക

ഏറ്റം എളിയവരെ സ്നേഹത്താൽ സേവിച്ചവരാണ് ക്രിസ്തുരാജൻറെ സുഹൃത്തുക്കൾ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: അവസാന വിധി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശരത്ക്കാലമാണെങ്കിലും റോമിൽ അതിശൈത്യം അനുഭവപ്പെട്ട ദിനമായിരുന്നു. ഈ ഞായറാഴ്ച (26/11/23). എങ്കിലും  ഞായറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിക്കാറുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന പന്തീരായിരത്തിലേറെ വിശ്വാസികൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. എന്നാൽ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെടുന്നതിന് പാപ്പായ്ക്ക് സാധിച്ചില്ല. പാപ്പായുടെ ശ്വാസകോശത്തിനുണ്ടായിരിക്കുന്ന അണുബാധയാണ്  വിഘ്നം സൃഷ്ടിച്ചത്. തന്മൂലം പാപ്പാ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ ഇരുന്നുകൊണ്ടാണ് പ്രാർത്ഥന നയിച്ചത്. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള വൻ ടെലെവിഷൻ സ്ക്രീനുകൾ വഴി വിശ്വാസികൾക്ക് പാപ്പായെ കാണുന്നതിനും പ്രാർത്ഥനയിൽ പങ്കുചേരുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്,വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്താറുള്ള വിചിന്തനത്തിന് ആധാരം, ക്രിസ്തുരാജൻറെ തിരുന്നാൾദിനമായിരുന്ന ഈ ഞായാറാഴ്ച (26/11/23)  ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായം, 31-46 വരെയുള്ള വാക്യങ്ങൾ (മത്തായി 25,31-46) അതായത്, അന്ത്യിവിധിയെക്കുറിച്ച് യേശുനാഥൻ വിവരിക്കുന്ന ഭാഗമായിരുന്നു. പാപ്പായ്ക്ക് പ്രഭാഷണം നടത്താൻ ആരോഗ്യപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ പാപ്പായുടെ ആമുഖവാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ പാവൊളൊ ബ്രയിദ പാപ്പായുടെ സാന്നിദ്ധ്യത്തിൽ അതു പൂർണ്ണമായി വായിക്കുകയായിരുന്നു.

പാപ്പായുടെ ആമുഖ വാക്കുകൾ :

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

ശ്വാസകോശത്തിൽ ചെറിയ വീക്കമുള്ളതിനാൽ ഇന്ന് എനിക്ക് ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടാനാകില്ല. ആകയാൽ പരിചിന്തന പാരായണം നടത്തുക അതു നല്ലരീതിയിൽ ചെയ്യാനറിയാവുന്ന മോൺസിഞ്ഞോർ ബ്രൈയിദ ആയിരിക്കും. കാരണം അദ്ദേഹമാണ് അതെല്ലായ്പ്പോഴും ചെയ്യുക, എപ്പോഴും എത്ര മനോഹരമായിട്ടാണ് അദ്ദേഹം അതു ചെയ്യുന്നത്! നിങ്ങളുടെ സാന്നിദ്ധ്യത്തിന് വളരെ നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ ബ്രയിദ പാപ്പായുടെ വിചിന്തനം വായിച്ചു :

അന്ത്യവിധി ഉപവിപ്രവർത്തനാധിഷ്ഠിതം

ആരാധനാക്രമ വർഷത്തിലെ അവസാന ഞായറാഴ്ചയും  പ്രപഞ്ചരാജാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ തിരുന്നാളുമായ ഇന്ന്, സുവിശേഷം നമ്മോട് അന്തിമ വിധിയെക്കുറിച്ച് പറയുന്നു (മത്തായി 25,31-46 കാണുക), അത് നടക്കുക ഉപവിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സുവിശേഷം  നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകത്തിൻറെ മാനദണ്ഡം

നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന രംഗം ഒരു രാജകീയ ശാലയാണ്, അവിടെ "മനുഷ്യപുത്രൻ", (വാക്യം 31) യേശു, സിംഹാസനത്തിൽ ഇരിക്കുന്നു. എല്ലാ ജനപദങ്ങളും അവിടത്തെ പാദാന്തികത്തിൽ ഒരുമിച്ചുകൂടിയിരിക്കുന്നു, അവരിൽ രാജാവിൻറെ സുഹൃത്തുക്കളായ "അനുഗൃഹീതർ" വേറിട്ടുനിൽക്കുന്നു (വാക്യം 34). എന്നാൽ അവർ ആരാണ്? അവരുടെ നാഥൻറെ ദൃഷ്ടിയിൽ ഈ മിത്രങ്ങൾക്ക് എന്തു സവിശേഷതയാണുള്ളത്? ലോകത്തിൻറെ മാനദണ്ഡമനുസരിച്ച്, രാജാവിൻറെ സുഹൃത്തുക്കൾ, അദ്ദേഹത്തിന് സമ്പത്തും അധികാരവും നൽകിയവരും പ്രദേശങ്ങൾ കീഴടക്കാനും യുദ്ധങ്ങളിൽ വിജയിക്കാനും മറ്റ് പരമാധികാരികൾക്കിടയിൽ വലിയവനായിരിക്കാനും, ഒരു പക്ഷേ പത്രങ്ങളുടെ മുൻ താളുകളിലോ സാമൂഹ്യമാദ്ധ്യമങ്ങളിലോ ഒരു താരമായി പ്രത്യക്ഷപ്പെടാനും സഹായിച്ചവരായിരിക്കണം. അവൻ അവരോട് പറയണം: "നന്ദി, കാരണം നിങ്ങൾ എന്നെ ധനികനും പ്രശസ്തനുമാക്കി, മറ്റുള്ളവർ അസൂയയോടെയും ഭയത്തോടെയും നോക്കുന്നവനുമാക്കി". ഇത് ലോകത്തിൻറെ പരിമാണമനുസരിച്ചാണ്.

യേശുവിൻറെ പരിമാണം

മറിച്ച്, യേശുവിൻറെ മാനദണ്ഡമനുസരിച്ച്, സുഹൃത്തുക്കൾ മറ്റുതരക്കാരാണ്: അതായത്, അവർ ഏറ്റവും ദുർബ്ബലരെ സേവിച്ചവരാണ്. അതെന്തുകൊണ്ടെന്നാൽ, മനുഷ്യപുത്രൻ തീർത്തും വ്യത്യസ്തനായ ഒരു രാജാവാണ്, അവൻ പാവപ്പെട്ടവരെ "സഹോദരന്മാർ" എന്ന് വിളിക്കുന്നു, അവൻ വിശക്കുന്നവരും ദാഹിക്കുന്നവരും വിദേശികളും രോഗികളും തടവുകാരുമായി താദാത്മ്യപ്പെടുന്നു: "എൻറെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന്, നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോഴെല്ലാം നിങ്ങൾ എനിക്കുതന്നെയാണ് അത് ചെയ്തുതന്നത്" (വാക്യം മത്തായി 25, 40). വിശപ്പ് എന്ന പ്രശ്‌നം, പാർപ്പിടത്തിൻറെ ആവശ്യകത, രോഗം, കാരാഗൃഹവാസം എന്നിവയെക്കുറിച്ച് അവബോധംപുലർത്തുന്ന ഒരു രാജാവാണ് അവൻ (വാ. 35-36 കാണുക): നിർഭാഗ്യവശാൽ എല്ലായ്പ്പോഴും വളരെ പ്രസക്തമായ യാഥാർത്ഥ്യങ്ങളാണ് ഇവയെല്ലാം. പട്ടിണിയനുഭവിക്കുന്നവരും ഭവനരഹിതരും പലപ്പോഴും തങ്ങൾക്കു സാധ്യമായത്രമാത്രം വസ്ത്രം ധരിച്ചവരുമായ ആളുകൾ നമ്മുടെ തെതരുവുകളിൽ  നിറയുന്നു: എല്ലാ ദിവസവും നമ്മൾ അവരെ കണ്ടുമുട്ടുന്നു. രോഗത്തെയും കാരാഗൃഹത്തെയും സംബന്ധിച്ചാണെങ്കിലും, നമുക്കെല്ലാവർക്കുമറിയാം, രോഗിയായിരിക്കുകയെന്നാൽ എന്താണെന്നും തെറ്റുകൾ ചെയ്യുകയും അതിൻറെ അന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുകയെന്നാൽ എന്താണെന്നും.

സ്നേവും സേവനവും

ഈ ദാരിദ്ര്യത്തോട് സ്‌നേഹംകൊണ്ടും സേവനംകൊണ്ടും പ്രതികരിച്ചാൽ നാം "അനുഗ്രഹീതരാണ്" എന്ന് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നു: മുഖം തിരിച്ചുകൊണ്ടല്ല, പ്രത്യുത, ഭക്ഷണപാനീയങ്ങൾ നൽകുകയും വസ്ത്രം ധരിപ്പിക്കുകയും ആതിഥ്യമരുളുകയും സന്ദർശിക്കുകയും ചെയ്തുകൊണ്ട്, ചുരുക്കത്തിൽ, ആവശ്യത്തിലിരിക്കുന്നവരുടെ ചാരത്തായിരുന്നുകൊണ്ട്. ഇതുകൊണ്ടാണ്, മനുഷ്യപുത്രൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, നമ്മുടെ രാജാവായ യേശുവിന് ഏറ്റവും ദുർബ്ബലരായ സ്ത്രീപുരുഷന്മാരെ തൻറെ വത്സല സഹോദരീസഹോദരന്മാരായി കാണാൻ കഴിയുന്നത്. കഷ്ടപ്പെടുന്നവരും സഹായം ആവശ്യമുള്ളവരും ഉള്ളിടത്ത് അവിടത്തെ "രാജകീയ ശാല" സജ്ജീകരിച്ചിരിക്കുന്നു. ഇതാണ് നമ്മുടെ രാജാവിൻറെ "കോടതി", അവിടത്തെ സുഹൃത്തുക്കൾ, യേശുവിനെ കർത്താവായി സ്വീകരിച്ചവർ, തങ്ങളെത്തന്നെ വേർതിരിച്ചറിയാൻ വിളിക്കപ്പെട്ടിരിക്കുന്ന ശൈലി അവിടത്തെ സ്വന്തം ശൈലിയാണ്: അതായത്, അനുകമ്പ, കരുണ, ആർദ്രത. അവ ഹൃദയത്തിന് മഹത്വം പ്രദാനം ചെയ്യുകയും ജീവിതത്താൽ മുറിവേറ്റവരുടെ മുറിവുകളിൽ തൈലം പോലെ ഇറങ്ങുകയും ചെയ്യുന്നു.

ഞാൻ രാജാവിൻറെ മിത്രമാണോ?

ആകയാൽ, സഹോദരീ സഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: യഥാർത്ഥ രാജത്വം കാരുണ്യത്തിലാണെന്ന് നാം വിശ്വസിക്കുന്നുണ്ടോ? സ്നേഹത്തിൻറെ ശക്തിയിൽ നാം വിശ്വസിക്കുന്നുണ്ടോ? ഉപവിയാണ് മനുഷ്യൻറെ ഏറ്റവും രാജകീയമായ ആവിഷ്ക്കാരമെന്നും ക്രിസ്ത്യാനികൾക്ക് ഒഴിച്ചുകൂടാനാവാത്ത ആവശ്യമെന്നും നാം വിശ്വസിക്കുന്നുണ്ടോ? അവസാനമായി, ഒരു പ്രത്യേക ചോദ്യം: ഞാൻ രാജാവിൻറെ ഒരു സുഹൃത്താണോ, അതായത്, എൻറെ വഴിയിൽ ഞാൻ കണ്ടുമുട്ടുന്ന ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങളിൽ നേരിട്ട് ഇടപെടാൻ എനിക്കു തോന്നുന്നുണ്ടോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും രാജ്ഞിയായ മറിയം, നമ്മുടെ രാജാവായ യേശുവിനെ അവിടത്തെ ഏറ്റവും ചെറിയ സഹോദരങ്ങളിൽ സ്നേഹിക്കാൻ നമ്മെ സഹായിക്കട്ടെ.

മോൺസിഞ്ഞോർ ബ്രൈദ പ്രഭാഷണം വായിച്ചു കഴിഞ്ഞപ്പോൾ പാപ്പാ  ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

പാപ്പായുടെ ആശീർവ്വാദാനന്തര അഭിവാദ്യങ്ങളും മോൺസിഞ്ഞോർ ബ്രൈദ വായിക്കുകയായിരുന്നു.

മുപ്പത്തിയെട്ടാം ലോക യുവജനദിനാചരണം പ്രാദേശിക സഭാതലത്തിൽ

പ്രാദേശികസഭകളിൽ ഈ ഞായറാഴ്ച മുപ്പത്തിയെട്ടാം ലോകയുവജനദിനം ആചരിക്കപ്പെടുന്നതും “പ്രത്യാശയിൽ ആനന്ദിച്ചുകൊണ്ട്” എന്നതാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമെന്നതും പാപ്പാ അനുസ്മരിച്ചു. ലീസ്ബൺ യുവജനസമാഗമത്തിൻറെ തുടർച്ചയായി രൂപതകളിൽ നടത്തപ്പെടുന്ന സംരംഭങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും പാപ്പാ തൻറെ ആശിസ്സുകളേകി. വർത്തമാനഭാവികാലങ്ങളുടെ പ്രത്യാശയായ യുവതയെ താൻ ആലിംഗനം ചെയ്യുന്നുവെന്നു പറഞ്ഞ പാപ്പാ അവർ സഭയുടെ ജീവിതത്തിൽ സന്തോഷമുള്ള നായകരായിത്തീരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 “ഹൊളോദൊമോർ” 

90 വർഷം മുമ്പ് സോവ്യറ്റ് ഭരണകൂടം ദശലക്ഷക്കണക്കിന് ആളുകളുടെ പട്ടിണി മരണത്തിന് ഇടയാക്കിയ  “ഹൊളോദൊമോർ” വംശഹത്യ പീഡിപ്പിത ഉക്രൈയിൻ ശനിയാഴ്ച (25/11/23) അനുസ്മരിച്ചതിനെക്കുറിച്ച് പാപ്പാ പറഞ്ഞു., ആ പ്രിയപ്പെട്ട ജനതയെ കൂടുതൽ സഹനങ്ങളിലേക്കു തള്ളിവിടുന്ന യുദ്ധത്തിൻറെ ക്രൂരതകൾ സൗഖ്യമാക്കപ്പെടേണ്ടതായ ആഴമേറിയ ആ മുറിവുകളെ  കൂടുതൽ വേദനാജനകമാക്കിത്തീർക്കുകയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

യുദ്ധവേദികളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുക

സംഘർഷങ്ങളുടെ പിടിയിൽകഴിയുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി, അശ്രാന്തം പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ, വിദ്വേഷത്തിൻറെ ചുഴിയെ ഇല്ലാതാക്കുകയും പ്രതികാരത്തിൻറെ ചക്രത്തെ തകർക്കുകയും അനുരഞ്ജനത്തിൻറെ അപ്രതീക്ഷിത പാതകൾ തുറക്കുകയും ചെയ്യുന്ന സമാധാനത്തിൻറെ ശക്തിയാണ് പ്രാർത്ഥനയെന്ന് പറഞ്ഞു.

ഇസ്രായേൽ പലസ്തീൻ ജനതകൾക്കായി

ഒടുവിൽ ഇസ്രായേലും പലസ്തീനും തമ്മിൽ ഒരു വെടിനിറുത്തലുണ്ടാകുകയും ഏതാനും ബന്ദികൾ മോചിപ്പിക്കപ്പെടുകയും ചെയ്തതിന് ഇന്ന് ദൈവത്തിന് നന്ദി പറയാനും എല്ലാവരും എത്രയും വേഗം മോചിതരാകുന്നതിനായി പ്രാർത്ഥിക്കാനും അവരുടെ കുടുംബങ്ങളെ ഓർക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. കൂടുതൽ മാനവിക സഹായങ്ങൾ ഗാസയിൽ എത്തുകയും സംഭാഷണത്തിന് ഊന്നൽ നല്കുകയം ചെയ്യേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ സംഭാഷണം സമാധാനത്തിനുള്ള ഏക മാർഗ്ഗമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. സംവാദം ആഗ്രഹിക്കാത്തവർ സമാധാനം ആഗ്രഹിക്കുന്നില്ലയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

കാലാവസ്ഥപ്രതിസന്ധി

യുദ്ധത്തിന് പുറമേ, നമ്മുടെ ലോകം മറ്റൊരു വലിയ അപകടത്തിൻറെ ഭീഷണിയിലാണെന്നും അത് കാലാവസ്ഥസംബന്ധിയാണെന്നും പാപ്പാ പറഞ്ഞു.  ഇത് ഭൂമിയിൽ ജീവനെ, പ്രത്യേകിച്ച് ഭാവി തലമുറയെ അപകടത്തിലാക്കുന്നുവെന്നും ജീവനുവേണ്ടി സകലവും സൃഷ്ടിച്ച ദൈവത്തിൻറെ പദ്ധതിക്ക് വിരുദ്ധമാണിതെന്നും പാപ്പാ വിശദീകരിച്ചു. അതിനാൽ, അടുത്ത വാരാന്ത്യത്തിൽ, താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കു പോകുകയും ശനിയാഴ്‌ച (02/12/23) ദുബായിൽ COP28- സമ്മേളനത്തെ സംബോധന ചെയ്യുകയും ചെയ്യുമെന്ന് പാപ്പാ വെളിപ്പെടുത്തി. പ്രാർത്ഥനയോടെയും നമ്മുടെ പൊതുഭവനത്തിൻറെ സംരക്ഷണം ഹൃദയത്തോട് ചേർത്തുപിടിക്കാനുള്ള പ്രതിബദ്ധതയോടെയും തന്നെ ഈ യാത്രയിൽ  അനുഗമിക്കുന്ന എല്ലാവർക്കും പാപ്പാ നന്ദി പറയുകയും ചെയ്തു.

സമാപനാഭിവാദ്യം

പാപ്പാ പാക്കിസ്ഥാനുൾപ്പടെ വിവിധരാജ്യങ്ങളിൽ നിന്നെത്തിയിരുന്നവരെയും സംഘങ്ങളെയും അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തു. തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തു കൊണ്ട് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 11:34

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >