തിരയുക

പാപ്പാ: മനുഷ്യനും ലോകം തന്നെയും ദൈവത്തിനുള്ളതാണ്, അത് നാം മറക്കരുത്!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ  ഞായറാഴ്ചയും (22/10/23) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനായി സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ഉയർന്നു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്നത്.

ഈ ഞായറാഴ്ച (22/10/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം, 15-21 വരെയുള്ള വാക്യങ്ങൾ (മത്തായി 22:15-21) അതായത്, തന്നെ വാക്കുകളിൽ കുടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നോട്, സീസറിനു നികുതി കൊടുക്കുന്നത് ഉചിതമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന ഫരിസേയരോട് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുകയെന്ന വായടപ്പിക്കുന്ന ഉത്തരം യേശു നല്കുന്ന സുവിശേഷഭാഗം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ :

 യേശുവിന് കെണിയൊരുക്കുന്ന പരീശന്മാർ                          

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

യേശുവിനെ കെണിയിൽ വീഴ്ത്താൻ ഹേറോദേസ് പക്ഷക്കാരോട് ചേരുന്ന ഏതാനും പരീശന്മാരെക്കുറിച്ചാണ് (ഫരിസേയർ) ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം നമ്മോട് പറയുന്നത്. അവരെപ്പോഴും അവിടത്തേക്ക് കെണിയൊരുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവർ അവൻറെ പക്കൽ ചെന്ന് അവനോട് ചോദിക്കുന്നു: "സീസറിന് കപ്പം കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ?" (മത്തായി 22,17). ഇത് ഒരു ചതിയാണ്: നികുതി കൊടുക്കുന്നതിനെ യേശു സാധൂകരിക്കുകയാണെങ്കിൽ, അവിടന്ന് ജനപ്രീതിയില്ലാത്ത ഒരു രാഷ്ട്രീയ ശക്തിയുടെ പക്ഷത്താണെന്നുവരുന്നു, അതേസമയം നികുതി നൽകരുതെന്ന് പറഞ്ഞാൽ അവിടത്തെമേൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടാം. ഒരു യഥാർത്ഥ കെണി. എന്നിരുന്നാലും, അവിടന്ന് ഈ കെണിയിൽ നിന്ന് രക്ഷപ്പെടുന്നു. ഒരു നാണായം തന്നെ കണിക്കാൻ യേശു അവരോട് ആവശ്യപ്പെടുന്നു. അതിൽ സീസറിൻറെ രൂപം പതിച്ചിരുന്നു. അപ്പോൾ അവിടന്ന് അവരോടു പറയുന്നു: "ആകയാൽ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മത്തായി 22, 21). എന്താണിതിനർത്ഥം?

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും

യേശുവിൻറെ ഈ വാക്കുകൾ ഒരു പൊതു പ്രയോഗമായി ഭവിച്ചിരിക്കുന്നു, എന്നാൽ ചിലപ്പോൾ അത് സഭയും രാഷ്ട്രവും തമ്മിലും ക്രൈസ്തവരും രാഷ്ട്രീയവും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നതിന് പ്രമാദപരമായി - അല്ലെങ്കിൽ, ചുരുക്കി ഉപയോഗിക്കുന്നു; "സീസറിനേയും" "ദൈവത്തേയും", അതായത് ഭൗമികവും ആത്മീയവുമായ യാഥാർത്ഥ്യങ്ങളെ തമ്മിൽ വേർതിരിക്കാൻ യേശു ആഗ്രഹിച്ചിരുന്നതരത്തിൽ അവ പലപ്പോഴും കണക്കാക്കപ്പെടുന്നു. ചിലപ്പോൾ നാമും ഇതുപോലെ ചിന്തിക്കുന്നു: വിശ്വാസവും അതിൻറെ ആചാരങ്ങളും ഒരു കാര്യമാണ്, ദൈനംദിന ജീവിതം മറ്റൊന്നും. ഈ കാഴ്ചപ്പാട് ശരിയല്ല. ഇല്ല. ഇത് പ്രവർത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത ഒരു അവസ്ഥ സംജാതമാക്കുന്നതായ "സ്‌കിസോഫ്രീനിയ" എന്ന മാനസികമായ ഒരു രോഗമാണ്.  വിശ്വാസത്തിന് സമൂർത്ത ജീവിതവുമായും സമൂഹത്തിൻറെ വെല്ലുവിളികളുമായും സാമൂഹ്യ നീതിയുമായും രാഷ്ട്രീയവുമായും മറ്റും യാതൊരു ബന്ധവുമില്ല എന്നതുപോലെയാണത്.

മനുഷ്യൻ ദൈവത്തിനു സ്വന്തം

വാസ്‌തവത്തിൽ, “സീസറിനെയും”, “ദൈവത്തെയും” അതതിൻറെ പ്രാധാന്യമനുസരിച്ച് പ്രതിഷ്ഠിക്കാൻ നമ്മെ സഹായിക്കാൻ യേശു ആഗ്രഹിക്കുന്നു. ഭൗമിക ക്രമത്തിൻറെ പരിപാലനം സീസറിന് - അതായത്, രാഷ്ട്രീയത്തിന്, പൗര സ്ഥാപനങ്ങൾക്ക്, സാമൂഹിക സാമ്പത്തിക പ്രക്രിയകൾക്ക് ഉള്ളതാണ്; ഈ യാഥാർത്ഥ്യത്തിൽ ആമഗ്നരായിയിരിക്കുന്ന നാം, ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടും തൊഴിൽ ലോകത്ത് നിയമവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സത്യസന്ധമായി നികുതി അടച്ചും പൊതുനന്മയ്ക്കായി പ്രവർത്തിച്ചുകൊണ്ടും മറ്റും നാം നമുക്കു ലഭിച്ചവ സമൂഹത്തിനു പ്രതിസമ്മാനിക്കണം. എന്നിരുന്നാലും, അതേ സമയം, യേശു മൗലിക യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നു: അതായ്ത്, മനുഷ്യൻ, സമഗ്ര മനുഷ്യൻ, ഓരോ മനുഷ്യജീവിയും ദൈവത്തിനുള്ളതാണ്. ഇതിനർത്ഥം നാം ഒരു ഭൗമിക യാഥാർത്ഥ്യത്തിനും, മാറിമാറിവരുന്ന ഒരു "സീസറിനും" അവകാശപ്പെട്ടവരല്ല എന്നാണ്. നാം കർത്താവിൻറെതാണ്, നമ്മൾ ഒരു ലൗകിക ശക്തിയുടെയും അടിമകളാകരുത്. നാണയത്തിൽ, ചക്രവർത്തിയുടെ രൂപമുണ്ട്, എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിൻറെ രൂപം പതിഞ്ഞിരിക്കുന്നുവെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു, ആർക്കും യാതൊന്നിനും അത് മറയ്ക്കാൻ കഴിയില്ല. ഈ ലോകവസ്തുക്കൾ സീസറിൻറെതാണ്, എന്നാൽ മനുഷ്യനും ലോകം തന്നെയും ദൈവത്തിനുള്ളതാണ്: അത് നാം മറക്കരുത്!

നമ്മുടെയുള്ളിൽ നാം പേറുന്ന രൂപമേത്? 

യേശു നമ്മെ ഓരോരുത്തരെയും നമ്മുടെ സ്വന്തം തനിമയിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്ന് അങ്ങനെ നാം മനസ്സിലാക്കുന്നു: ഈ ലോകത്തിൻറെ നാണയത്തിന്മേൽ സീസറിൻറെ രൂപമുണ്ട്, എന്നാൽ നീയും  ഞാനും, നമ്മൾ ഓരോരുത്തരും  ഉള്ളിൽ സംവഹിക്കുന്നത് ഏതു രൂപമാണ്? നമുക്ക് സ്വയം ചോദിക്കാം: എൻറെ ഉള്ളിൽ ഞാൻ പേറുന്നത് ഏതു രൂപമാണ്? നീ നിൻറെ ജീവിതത്തിൽ ആരുടെ പ്രതിച്ഛായയാണ്? നാം കർത്താവിൻറെതാണെന്ന് നാം ഓർക്കുന്നുണ്ടോ, അതോ ലോകത്തിൻറെ യുക്തിക്കനുസൃതം സ്വയം രൂപപ്പെടാൻ അനുവദിക്കുകയും തൊഴിലിനെയും രാഷ്ട്രീയത്തെയും പണത്തെയും നമ്മുടെ ആരാധനാമൂർത്തികളാക്കുകയുമാണോ? നമ്മുടെയും ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് അംഗീകരിക്കാനും ആദരിക്കാനും പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ഇസ്രായേൽ പലസ്തീൻ യുദ്ധം , പാപ്പായുടെ ദുഃഖം

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ പാപ്പാ തൻറെ അതിയായ ഹൃദയവ്യഥ വീണ്ടും വെളിപ്പെടുത്തി. സായുധാക്രമണം മൂലം യാതനകളനുഭവിക്കുന്ന സകലരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ഈ യുദ്ധത്തിനിരകളായ സകലരുടെയും അവരുടെ കുടുംബങ്ങളുടെയും ചാരെ താനുണ്ടെന്ന് പാപ്പാ  ഞായറാഴ്ചത്തെ (22/10/23) ത്രികാലപ്രാർത്ഥനാവേളയിൽ ഉറപ്പു നല്കുകയും തൻറെ ആശങ്കയും ദുഃഖവും രേഖപ്പെടുത്തുകയും ചെയ്തു.  ഗാസയിൽ സംജാതമായിരിക്കുന്ന ഗുരുതരമായ മാനവികാവസ്ഥയെക്കുറിച്ചുള്ള ആശങ്കയും പാപ്പാ പ്രകടിപ്പിച്ചു. സമീപ ദിവസങ്ങളിൽ ആംഗ്ലിക്കൻ ആശുപത്രിയും ഗ്രീക്ക് ഓർത്തഡോക്സ് ഇടവകയും ആക്രമിക്കപ്പട്ടതിലുള്ള വേദനയും പാപ്പാ വെളിപ്പെടുത്തി. മാനവിക സഹായം തുർച്ചയായി എത്തിക്കുന്നതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള തൻറെ അഭ്യർത്ഥന പാപ്പാ നവീകരിക്കുകയും ചെയ്തു.

യുദ്ധം അവസാനിപ്പിക്കുക

ഉക്രൈയിൻ യുദ്ധം ഉൾപ്പടെ ലോകത്തിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളും എല്ലായ്പ്പോഴും ഒരു പരാജയമാണെന്നും അത് മാനവ സാഹോദര്യത്തിൻറെ നാശമാണെന്നും  പറഞ്ഞ പാപ്പാ യുദ്ധത്തിനറുതി വരുത്താൻ സഹോദരങ്ങളോട് അഭ്യർത്ഥിച്ചു.

പ്രാർത്ഥനോപവാസദിനം

ഒക്ടോബർ 27-ന് വെള്ളിയാഴ്ച ഉപവാസത്തിൻറെയും പ്രാർത്ഥനയുടെയും അനുതാപത്തിൻറെയും ഒരു ദിനമായാചരിക്കുന്നതിനെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു.  വിശ്വശാന്തിക്കായി പ്രാർത്ഥിക്കാൻ അന്നു വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഒരു മണിക്കൂർ നേരം പ്രത്യേക പ്രാർത്ഥനയുണ്ടായിരിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.  ഈ ഞായറാഴ്ച (22/10/23) ലോക പ്രേഷിതദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. "എരിയുന്ന ഹൃദയം, ചലിക്കുന്ന കാൽപ്പാദങ്ങൾ" എന്ന പ്രമേയം ഈ ദിനാചരണത്തിന് സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ ഈ രണ്ടു പ്രതീകങ്ങൾ നമ്മോട് സകലതും പറയുന്നുവെന്ന് പ്രസ്താവിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2023, 10:54

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >