തിരയുക

നാം ദൈവസ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ദർപ്പണങ്ങളാകണം, പാപ്പാ !

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നല്കിയ ത്രികാലജപ സന്ദേശം: “നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക” എന്ന പരമപ്രധാന കല്പന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനിഡിൻറെ പതിനാറാം സാധാരണപൊതുസമ്മേളനത്തിൻറെ, വത്തിക്കാനിൽ ഒക്ടോബർ 4-നാരംഭിച്ച പ്രഥമഘട്ട സമ്മേളനത്തിൻറെ സമാപന ദിവ്യബലിയിൽ ഈ  ഞായറാഴ്ച (29/10/23) മുഖ്യകാർമ്മികത്വം വഹിച്ച ഫ്രാൻസീസ് പാപ്പാ, തദ്ദനന്തരം പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനായി സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ഉയർന്നു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്നത്.

ഈ ഞായറാഴ്ച (29/10/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം, 34-40 വരെയുള്ള വാക്യങ്ങൾ (മത്തായി 22:34-40) അതായത്, തന്നെ കെണിയിലാക്കുന്നതിനു ചോദ്യവുമായെത്തിയവരുടെ വായ യേശു അടപ്പിച്ചെന്നുകേട്ടപ്പോൾ അവിടത്തെ പരീക്ഷിക്കുന്നതിന് ഫരിസേയരുടെ കൂട്ടത്തിലെ നിയമപണ്ഡിതരിൽ ഒരുവൻ ഏറ്റവും പ്രധാനപ്പെട്ട കല്പനയേതെന്ന ചോദ്യം ഉന്നയിക്കുന്നതും “നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക” എന്നതാണ് പ്രഥമവും പ്രധാനവുമായ കല്പന എന്ന് അവിടന്ന് ഉത്തരം നല്കുന്നതുമായ സുവിശേഷഭാഗം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

ഏറ്റവും വലിയ കല്പന

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് ഏറ്റവും വലിയ കൽപ്പനയെക്കുറിച്ചാണ് (മത്തായി 22:34-40 കാണുക). ഒരു നിയമപണ്ഡിതൻ അതിനെക്കുറിച്ച് യേശുവിനോട് ചോദിക്കുകയും "സ്നേഹത്തിൻറെ മഹാ കൽപ്പന"യാണ് അതെന്ന് അവിടന്ന് പ്രത്യുത്തരിക്കുകയും ചെയ്യുന്നു: “നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക” [...] നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക" (മത്തായി 22, 37.39). ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം, അവ അവിഭാജ്യങ്ങളാണ്. നമുക്ക് ഇതെക്കുറിച്ച് അല്പമൊന്നു ചിന്തിക്കാം.

ദൈവസ്നേഹം

ഒന്നാമത്തേത്: കർത്താവിനോടുള്ള സ്നേഹമാണ് ആദ്യം വരുന്നത് എന്നതിനാൽ, ദൈവം എപ്പോഴും നമുക്ക് മുമ്പേ പോകുന്നുവെന്നും, അവിടത്തെ അനന്തമായ ആർദ്രതയാൽ, അവിടത്തെ സാമീപ്യത്താൽ, അവിടത്തെ കാരുണ്യത്താൽ അവിടന്ന് നമുക്ക് മുന്നിലാണെന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു കുഞ്ഞ് സ്വന്തം മാതാപിതാക്കളുടെ മടിയിലിരുന്നാണ് സ്നേഹിക്കാൻ പഠിക്കുന്നത്, നാമാകട്ടെ ദൈവത്തിൻറെ കരവലയത്തിനുള്ളിലും, സങ്കീർത്തനം പറയുന്നു: "അമ്മയുടെ കൈകളിൽ ശാന്തനായികിടക്കുന്ന ശിശുവിനെ പോലെ" എന്ന് (131.2), അതിനാൽ നാം അവിടത്തെ കരങ്ങളിലാണെന്ന ബോധ്യം നമുക്കുണ്ടാകണം. അവിടെ നാം കർത്താവിൻറെ വാത്സല്യം നുകരുന്നു, അവിടെ നാം നമ്മെത്തന്നെ ഉദാരമായി നൽകാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്നേഹം കണ്ടുമുട്ടുന്നു. സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ശക്തി ക്രിസ്തുവിൻറെ സ്നേഹത്തിനുണ്ടെന്ന് (2 കോറി 5:14 കാണുക) വിശുദ്ധ പൗലോസ് പറയുമ്പോൾ അദ്ദേഹം ഇത് നമ്മെ ഓർമ്മിപ്പിക്കുകയാണ്. അവനിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ദൈവസ്നേഹം, യേശുവിൻറെ സ്നേഹം എന്ന വേരില്ലെങ്കിൽ നിനക്ക് മറ്റുള്ളവരെ യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല.

സോദര സ്നേഹം

ഇനി, സ്നേഹത്തിൻറെ കൽപ്പനയിൽ നിന്ന് ഉയർന്നുവരുന്ന രണ്ടാമത്തെ മാനം. അത് ദൈവത്തോടുള്ള സ്നേഹത്തെ അയൽക്കാരനോടുള്ള സ്നേഹവുമായി ബന്ധിപ്പിക്കുന്നു: അതിനർത്ഥം, നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതിലൂടെ,  നാം ദർപ്പണങ്ങൾ പോലെ, പിതാവിൻറെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ്. ദൈവസ്നേഹം പ്രതിഫലിപ്പിക്കുക, എന്നതാണ് കാര്യം; നമുക്ക് കാണാൻ കഴിയാത്ത ദൈവത്തെ നമ്മൾ നമുക്ക് കാണാൻ സാധിക്കുന്ന സഹോദരനിലൂടെ സ്നേഹിക്കുന്നു (1 യോഹന്നാൻ 4:20 കാണുക). താൻ ചെയ്ത കാര്യങ്ങൾ കൊണ്ട്, ലോകത്തെ മാറ്റാമെന്ന മിഥ്യാധാരണയിലാണോ എന്ന് തന്നോട് ഒരിക്കൽ ചോദിച്ച പത്രപ്രവർത്തകനോട് കൽക്കട്ടയിലെ വിശുദ്ധ തെരേസ ഇപ്രകാരം പ്രത്യുത്തരിച്ചു: "എനിക്ക് ലോകത്തെ മാറ്റാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല! ദൈവസ്നേഹത്തിന്  വിളങ്ങാൻ കഴിയുന്ന ഒരു തുള്ളി നിർമ്മലജലമാകാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്" (സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിന് ശേഷം മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച, റോം, 1979). വളരെ ചെറിയവളായ അവൾക്ക് ഇത്ര വലിയ നന്മ ചെയ്യാൻ കഴിഞ്ഞത് ഇങ്ങനെയാണ്: ദൈവസ്നേഹം ഒരു തുള്ളി പോലെ പ്രതിഫലിപ്പിച്ചുകൊണ്ട്. അവളെയും മറ്റ് വിശുദ്ധന്മാരെയും നോക്കുമ്പോൾ, അവർ അനനുകരണീയരായ വീരയോദ്ധാക്കളാണെന്ന് നമുക്ക് ചിലപ്പോഴൊക്കെ  തോന്നുന്നുവെങ്കിൽ, ഈ ചെറു തുള്ളിയെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാം: നിരവധികാര്യങ്ങൾക്ക് മാറ്റംവരുത്താൻ കഴിയുന്ന ഒരു തുള്ളിയാണ് സ്നേഹം. അത് എങ്ങനെ സാധിക്കുന്നു? സദാ ആദ്യം ചുവടുവച്ചുകൊണ്ട്. ആദ്യ ചുവടു വയ്ക്കുക, മറക്കുക.... എന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല. ആദ്യ ചുവടു വയ്ക്കുക. നമുക്കത് ചെയ്യാം! ആദ്യ ചുവടു വയ്ക്കലാണ് ഈ തുള്ളി.

എന്നും മുൻകൈയ്യെടുക്കുന്ന ദൈവത്തോട് നന്ദിയുള്ളവരാണോ നമ്മൾ?

ആകയാൽ, പ്രിയ സഹോദരീ സഹോദരന്മാരേ, എപ്പോഴും നമുക്ക് മുന്നേപോകുന്ന ദൈവസ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് സ്വയം ചോദിക്കാം: എന്നെ ആദ്യം സ്നേഹിക്കുന്ന കർത്താവിനോട് ഞാൻ നന്ദിയുള്ളവനാണോ? ഞാൻ ദൈവ സ്നേഹം അനുഭവിക്കുന്നുണ്ടോ, അവിടത്തോട് കൃതജ്ഞതയുള്ളവനാണോ? അവിടത്തെ സ്നേഹം പ്രതിഫലിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? എൻറെ സഹോദരങ്ങളെ സ്നേഹിക്കാൻ, ഈ രണ്ടാമത്തെ ചുവടുവയ്ക്കാൻ ഞാൻ പരിശ്രമിക്കുന്നുണ്ടോ? നമ്മുടെ അനുദിന ജീവിതത്തിൽ സ്നേഹത്തിൻറെ ഈ മഹത്തായ കൽപ്പന ജീവിക്കാൻ, അതായത്, ദൈവത്തെ സ്നേഹിക്കാനും ദൈവത്താൽ സ്നേഹിക്കപ്പെടാൻ നമ്മെ വിട്ടുകൊടുക്കാനും നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കാനും, കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - സമാധാനപ്രാർത്ഥനാ ദിനം

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (27/10/23) വിശ്വശാന്തിക്കായി പ്രാർത്ഥിക്കുന്നതിനായി ആചരിച്ച ഉപവാസത്തിൻറെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തപ്രവർത്തിയുടെയും ദിനത്തിൽ വിവിധസ്ഥലങ്ങളിലിരുന്നു വിഭിന്നരീതികളിൽ പങ്കുചേർന്ന എല്ലാവർക്കും പാപ്പാ ആശീർവ്വാദാനന്തരം നന്ദി പ്രകാശിപ്പിച്ചു.

പ്രാർത്ഥന നിറുത്തരുതെന്നും ഉക്രൈയിനുവേണ്ടിയും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പലസ്തീനീനും ഇസ്രായേലിനും അതുപോലെതന്നെ യുദ്ധത്തിനു വേദികളായ ഇതരനാടുകൾക്കും വേണ്ടിയുമുള്ള പ്രാർത്ഥന തുടരണമെന്നും പാപ്പാ പറഞ്ഞു.

ബന്ദികളെ ഉടൻ വിട്ടയക്കുക

ഗാസയിൽ, പ്രത്യേകിച്ച്, മാനവികസഹായം ഉറപ്പാക്കുന്നതിന് ഇടമേകുകയും ബന്ദികളാക്കപ്പെട്ടിരിക്കുന്നവരെ ഉടൻ മോചിപ്പിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുകാട്ടി. ആയുധങ്ങളെ തടയാനുള്ള സാധ്യതകൾ ആരും കൈവിട്ടുകളയരുതെന്ന് പാപ്പാ പറഞ്ഞു.

യുദ്ധം എന്നും ഒരു തോൽവി

വെടി നിറുത്തുക എന്ന് വിശുദ്ധ നാട്ടിലെ വികാരിയായ വൈദികൻ ഇബ്രാഹിം ഫൽത്താസ് ഇറ്റലിയിലെ ദേശീയ ടെലവിഷനായ റായി ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ സംപ്രേഷണം ചെയ്യുന്ന “അവൻറെ പ്രതിച്ഛായയിൽ” എന്നു വിവർത്തനം ചെയ്യാവുന്ന “അ സുവ ഇമ്മാജിനെ” എന്ന പ്രതിവാര പരിപാടിയിൽ പറഞ്ഞത് പാപ്പാ ആവർത്തിക്കുകയും ചെയ്തു. യുദ്ധം എന്നും ഒരു തോൽവിയാണെന്ന തൻറെ ബോധ്യം പാപ്പാ ഒരിക്കൽക്കൂടി പ്രകടിപ്പിച്ചു.

മെക്സിക്കൊയിലെ ചുഴലിക്കാറ്റു ദുരന്തം, പാപ്പായുടെ പ്രാർത്ഥനകൾ

മെക്സിക്കോയിൽ അതിശക്തമായ ചുഴലിക്കാറ്റ് അനേകരുടെ ജീവനപഹരിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയക്കുകയും ചെയ്ത അക്കപുൽക്കൊ പ്രദേശത്തെ നിവസാസികളുടെ ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പു നല്കുകയും ചുഴലിക്കാറ്റു ദുരന്തത്തിനിരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  പരീക്ഷണവേളയിൽ തൻറെ തനയർക്ക് ഗ്വാദലൂപെ നാഥ താങ്ങാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.   

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2023, 11:21

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >