തിരയുക

പാപ്പാ: "സമ്മത"ത്തിലടങ്ങിയ കാപട്യവും "വിസമ്മത"ത്തിൽ അന്തർലീനമായ ആത്മാർത്ഥയും!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ സന്ദേശം: മുന്തിരിത്തോട്ടത്തിൽ വേലയ്ക്കു പോകാൻ ആവശ്യപ്പെട്ട പിതാവിനോട് പോകാമെന്നു പറഞ്ഞിട്ട് പോകാതിരിക്കുകയും പോകില്ല എന്നു പറഞ്ഞിട്ട് പോകുകയും ചെയ്യുന്ന രണ്ടു പുത്രന്മാരുടെ ഉപമയെ അവലംബമാക്കിയുള്ള വിചിന്തനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ, ഈ  ഞായറാഴ്ചയും (02/10/23) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനായി സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ഉയർന്നു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്നത്.

ഈ ഞായറാഴ്ച (01/09/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം, 28-32 വരെയുള്ള വാക്യങ്ങൾ (മത്തായി 21:28-32) അതായത്, മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാൻ തൻറെ രണ്ടു മക്കളോട് ആവശ്യപ്പെടുന്ന പിതാവിനോട്  ഒരുവൻ ചെയ്യാം എന്നു പറഞ്ഞിട്ട് ചെയ്യാതിരിക്കുകയും ഇതര പുത്രനാകട്ടെ ജോലി ചെയ്യാൻ വിസമ്മതിക്കുകയും  എന്നാൽ ജോലി ചെയ്യുകയും ചെയ്യുന്ന, യേശു അരുളിച്ചെയ്ത ഉപമ, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം :

സമ്മതം - വിസമ്മതം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യാൻ പിതാവ് ആവശ്യപ്പെടുന്ന (മത്തായി 21:28-32 കാണുക) രണ്ടു പുത്രന്മാരെക്കുറിച്ചാണ് ഇന്ന് സുവിശേഷം പരാമർശിക്കുന്നത്. അവരിൽ ഒരാൾ ഉടനെ "പോകാം" എന്ന് ഉത്തരം നൽകുന്നു, പക്ഷേ പിന്നീട് പോകുന്നില്ല. മറ്റെയാൾ, പോകില്ലെന്ന് പറയുന്നു, എന്നാൽ പീന്നീട് പശ്ചാത്തപിക്കുകയും ജോലിക്കായി പോകുകയും ചെയ്യുന്നു.

ഈ രണ്ട് പ്രവർത്തികളെക്കുറിച്ച് എന്താണ് പറയുക? മുന്തിരിത്തോട്ടത്തിൽ ജോലിക്ക് പോകുന്നതിന് ത്യാഗം ആവശ്യമാണെന്നും, ത്യാഗം ചെയ്യുമ്പോൾ വില നല്കേണ്ടിവരുമെന്നും മക്കളും അവകാശികളുമാണെന്ന അറിവിൻറെ മനോഹാരിതയിലും സ്വയമേവ ഉണ്ടാകുന്നതല്ല ഈ ത്യാഗമനോഭാവമെന്നുമുള്ള ചിന്തയാണ് പെട്ടെന്നു വരുന്നത്. എന്നാൽ ഇവിടെ പ്രശ്നം മുന്തിരിത്തോപ്പിൽ  ജോലിക്ക് പോകുന്നതിലുള്ള വൈമനസ്യവുമായി അത്ര ബന്ധപ്പെട്ടതല്ല, മറിച്ച് പിതാവിനോടും അവനവനോടും ആത്മാർത്ഥതയുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ടതാണ്. വാസ്തവത്തിൽ, രണ്ട് മക്കളിൽ ആരും കുറ്റമറ്റ രീതിയിൽ പെരുമാറുന്നില്ല, ഒരാൾ കള്ളം പറയുന്നു, മറ്റെയാൾക്ക് തെറ്റു പറ്റുന്നു, എങ്കിലും അയാൾ ആത്മാർത്ഥത പുലർത്തുന്നു.

സമ്മതത്തിൻറെ പിന്നിൽ സ്വന്തം അലസതയെ ഒളിപ്പിക്കുന്ന പുത്രൻ 

"പോകാം" എന്ന് പറയുകയും എന്നാൽ പോകാതിരിക്കുകയും ചെയ്യുന്ന മകനെ നമുക്കു നോക്കാം. പിതാവിൻറെ ഹിതം നിറവേറ്റാൻ അവൻ ആഗ്രഹിക്കുന്നില്ല എന്നു മാത്രമല്ല,  അതിനെക്കുറിച്ച് ചർച്ച ചെയ്യാനും സംസാരിക്കാനും അവൻ സന്നദ്ധനല്ല. അങ്ങനെ അവൻ ഒരു "സമ്മതത്തിനു" പിന്നിൽ, അവൻറെ അലസതയെ മറച്ചുവയ്ക്കുന്ന കപട സമ്മതത്തിനു പിന്നിൽ ഒളിക്കുന്നു, അത് തല്ക്കാലത്തേക്ക് അവൻറെ മുഖം രക്ഷിക്കുന്നു, അവൻ ആത്മവഞ്ചകനാണ്. അവൻ ഒരു സംഘർഷം ഒഴിവാക്കുന്നുവെങ്കിലും സ്വപിതാവിനെ വഞ്ചിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു, "ചെയ്യില്ല" എന്നു നേരിട്ടു പറയുന്നതിനേക്കാൾ മോശമായ രീതിയിൽ അവൻ പിതാവിനെ അനാദരിക്കുന്നു. ഇങ്ങനെ പെരുമാറുന്ന ഒരാളെ സംബന്ധിച്ച പ്രശ്നം അയാൾ പാപിയാണെന്നു മാത്രമല്ല, അഴിമതിക്കാരനുമാണ്.  കാരണം തൻറെ അനുസരണക്കേട് മറച്ചു പിടിക്കുന്നതിനും അതിന് കപടരൂപമേകുന്നതിനും യാതൊരു സങ്കോചവുമില്ലാതെ കള്ളം പറയുന്നു, സത്യതസന്ധമായ സംഭാഷണത്തിനും ചർച്ചയ്ക്കും തയ്യാറാകുന്നില്ല.

ആത്മാർത്ഥത തെളിയുന്ന വിസമ്മതം 

"ഇല്ല" എന്ന് പറയുകയും എന്നാൽ ജോലിക്കു പോകുകയും ചെയ്യുന്ന ഇതര പുത്രൻ ആത്മാർത്ഥതയുള്ളവനാണ്. തീർച്ചയായും അവൻ ഉടനെ സമ്മതം പറഞ്ഞു കാണുന്നതായിരുന്നേനെ പ്രീതികരം. എന്നാൽ അങ്ങനെ സംഭവിച്ചില്ല, പക്ഷേ, ചുരുങ്ങിയത്, അവൻ തൻറെ വിമുഖത തുറന്നുപറയുകയും ഒരർത്ഥത്തിൽ, ധൈര്യത്തോടെ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതായത്, അവൻ സ്വന്തം പെരുമാറ്റത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പരസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തുടർന്ന്, മൗലികമായ സത്യസന്ധതയോടെ, അവൻ ആത്മശോധനയിൽ ചെന്നെത്തുകയും, തനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലാക്കുകയും തെറ്റു തിരുത്തുകയും ചെയ്യുന്നു. അവൻ ഒരു പാപിയാണ് പക്ഷേ, അഴിമതിക്കാരനല്ല എന്ന് നമുക്ക് പറയാനാകും. ഇത് ശ്രദ്ധയോടെ കേൾക്കുക: അവൻ ഒരു പാപിയാണ്, പക്ഷേ, അഴിമതിക്കാരനല്ല. പാപിയെ സംബന്ധിച്ചിടത്തോളം എപ്പോഴും വീണ്ടെടുപ്പിൻറെ പ്രത്യാശയുണ്ട്; അഴിമതിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടാണ്. വാസ്തവത്തിൽ, അവൻറെ വ്യാജ "സമ്മതമരുളൽ", അവൻറെ സുഭഗവും എന്നാൽ കപടഭംഗി നിറഞ്ഞതുമായ രൂപങ്ങൾ, ശീലങ്ങളായി മാറിയ നാട്യങ്ങൾ  എന്നിവയെല്ലാം ഒരു കട്ടിയുള്ള "റബ്ബർ മതിൽ" പോലെയാണ്, അവൻ അതിന് പിന്നിൽ അവൻറെ മനസ്സാക്ഷിക്കുത്തുകളിൽ നിന്ന് അഭയം പ്രാപിക്കുന്നു. ഈ കപടനാട്യക്കാർ വളരെയേറെ ദോഷം ചെയ്യുന്നു! സഹോദരീ സഹോദരന്മാരേ, നാം പാപികൾ ആണ് – നാമെല്ലാവരും അതാണ് - എന്നാൽ അഴിമതിക്കാരാകരുത്, ഇല്ല! പാപികളാണ്, അഴിമതിക്കാരല്ല!

നമ്മുടെ ചെയ്തികളെന്ത്?

ഇനി നമുക്ക് നമ്മെത്തന്നെ നോക്കാം, ഇതിൻറെയെല്ലാം വെളിച്ചത്തിൽ, ചില ചോദ്യങ്ങൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം. സത്യസന്ധവും ഉദാരവുമായ ജീവിതം നയിക്കാനും പിതാവിൻറെ ഹിതാനുസാരം പരിശ്രമിക്കാനുമുള്ള ബുദ്ധിമുട്ടിനു മുന്നിൽ ഞാൻ, വില നല്കേണ്ടി വരുമെങ്കിലും, അനുദിനം “അതേ” എന്നു പറയാൻ ഞാൻ സന്നദ്ധനാണോ? എനിക്ക് അത് ചെയ്യാൻ കഴിയാത്തപ്പോൾ, എൻറെ ബുദ്ധിമുട്ടുകൾ, എൻറെ വീഴ്ചകൾ, എൻറെ ബലഹീനത എന്നിവയെക്കുറിച്ച് ദൈവവുമായി സംസാരിക്കുന്നതിൽ ഞാൻ ആത്മാർത്ഥത പുലർത്തുന്നുണ്ടോ? "ഇല്ല" എന്ന് പറഞ്ഞതിനു ശേഷം ഞാൻ പിന്നോട്ടു പോകുമോ? ഇതിനെക്കുറിച്ച് നമുക്ക് കർത്താവിനോട് സംസാരിക്കാം. എനിക്കു തെറ്റു പറ്റുമ്പോൾ, അനുതപിക്കാനും തെറ്റുതിരുത്താനും ഞാൻ തയ്യാറാണോ? അതോ, ഞാൻ ഒന്നും സംഭവിച്ചില്ലെന്ന് നടിക്കുകയും മുഖംമൂടി ധരിച്ച് ജീവിക്കുകയും നല്ലവനും മാന്യനും ആയി പ്രത്യക്ഷപ്പെടുന്നതിൽ മാത്രം ശദ്ധിക്കുകയുമാണോ ചെയ്യുന്നത്? ആത്യന്തികമായി, ഞാനും, എല്ലാവരേയും പോലെ, ഒരു പാപിയാണോ, അതോ എന്നിൽ എന്തെങ്കിലും അഴിമതിയുണ്ടോ? നിങ്ങൾ മറക്കരുത്: നാം പാപികളായിരിക്കാം, എന്നാൽ അഴിമതിക്കാരാകരുത്. വിശുദ്ധിയുടെ ദർപ്പണമായ മറിയമേ, ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികളാകാൻ ഞങ്ങളെ സഹായിക്കൂ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ നിണസാക്ഷി ജുസേപ്പെ ബെയോത്തി

ഉത്തര ഇറ്റലിയിലെ പ്യച്ചേൻസയിൽ മുപ്പതാം തീയതി ശനിയാഴ്ച (30/09/23) നിണസാക്ഷി ജുസേപ്പെ ബെയോത്തി (Giuseppe Beotti) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത് പാപ്പാ ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരം അനുസ്മരിച്ചു.  1944-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വൈദികനായിരുന്ന അദ്ദേഹം ക്രിസ്തിഹൃദയാനുസാരമുള്ള ഒരു ഇടയനായിരുന്നുവെന്നും അദ്ദേഹത്തിന് ഭരമേല്പിക്കപ്പെട്ടിരുന്ന അജഗണത്തെ സംരക്ഷിക്കാൻ സ്വജീവൻ നല്കുന്നതിന് അദ്ദേഹം മടിച്ചില്ലെന്നും പാപ്പാ പറഞ്ഞു.

നഗോർണൊ കറബാക്കിലെ ദുരവസ്ഥ

നഗോർണോ-കറബാക്കിലെ കുടിയിറക്കപ്പെട്ട ആളുകളുടെ നാടകീയമായ അവസ്ഥയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. അസർബൈജാനും അർമേനിയയും തമ്മിൽ  സംഭാഷണത്തിലേർപ്പെടണമെന്ന തൻറെ അഭ്യർത്ഥന പാപ്പാ നവീകരിക്കുകയും അന്താരാഷ്ട്ര സമൂഹത്തിൻറെ പിന്തുണയോടെ ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ചർച്ചകൾ മാനവിക പ്രതിസന്ധിക്ക് അറുതി വരുത്തുന്ന ശാശ്വതമായ ഒരു കരാറിന് അനുകൂലമാകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സ്റ്റെപാനകേർട്ട് നഗരത്തിനടുത്ത് ഒരു ഇന്ധന സംഭരണശാലയിലുണ്ടായ സ്ഫോടനദുരന്തത്തെക്കുറിച്ചും പാപ്പാ അനുസ്മരിക്കുകയും അതിന് ഇരകളായവർക്കുവേണ്ടിയുള്ള തൻറെ പ്രാർത്ഥനകൾ ഉറപ്പേകുകയും ചെയ്തു.

ജപമാല മാസം - സമാധാനപ്രാർത്ഥന

ഈ ഞായറാഴ്ച, ജപമാലയുടെയും പ്രേഷിതദൗത്യങ്ങളുടെയും മാസമായ ഒക്ടോബറിൻറെ തുടക്കമാണെന്നത് അനുസ്മരിച്ച പാപ്പാ ക്രിസ്തുരഹസ്യങ്ങൾ മറിയത്തോടൊപ്പം ധ്യാനിക്കുകയും സഭയുടെയും ലോകത്തിൻറെയും ആവശ്യങ്ങൾക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്തുകൊണ്ട് കൊന്തനമസ്ക്കാരത്തിൻറെ സൗന്ദര്യം അനുഭവിച്ചറിയാൻ എല്ലാവരെയും ക്ഷണിച്ചു.  യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന പീഢിത ഉക്രൈയിനെയും യുദ്ധത്താൽ മുറിവേറ്റിരിക്കുന്ന എല്ലാ നാടുകളെയും പാപ്പാ ഓർക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

സിനഡു സമ്മേളനം

ജനതകളുടെ സുവിശേഷവൽക്കരണത്തിനായും, മെത്രാന്മാരുടെ സിനഡ് സഭയുടെ സിനഡാത്മകതയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഈ മാസം നടക്കുന്ന സിനഡുസമ്മേളനത്തിനായും പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

പുതിയൊരു അപ്പൊസ്തോലിക പ്രബോധനം ഈ മാസം 15-ന്

ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ, തിരുന്നാൾ അനുവർഷം ഒക്ടോബർ ഒന്നിന് ആചരിക്കപ്പെടുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ വിശ്വാസത്തിൻറെ ഒരു പുണ്യവതിയാണ് അവളെന്ന് പ്രസ്താവിച്ചു. ആ വിശുദ്ധയുടെ സന്ദേശത്തെ അധികരിച്ച് ഒരു അപ്പൊസ്തോലികോപദേശം താൻ ഈ മാസം, അതായത്, ഒക്ടോബർ 15-ന് പുറപ്പെടുവിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി. വിശ്വാസം പുലർത്തുന്നതിനും പ്രേഷിതവേലചെയ്യുന്നതിനും വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹായം നമുക്ക് ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

പാപ്പാ കുട്ടികളുമൊത്ത് ആഗോള കൂടിക്കാഴ്ചയ്ക്ക്

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾക്കിടെ ജാലകത്തിങ്കൽ പാപ്പായുടെ അടുത്തേക്ക് പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു കുട്ടികൾ ആനീതരായി. നവംബർ 6 ന് ഉച്ചകഴിഞ്ഞ് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ച് താൻ കുട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ലോകമെമ്പാടുമുള്ള കുട്ടികൾ അതിൽ പങ്കെടുക്കുമെന്നും പാപ്പാ ജാലകത്തിങ്കൽ തന്നോടൊപ്പമുണ്ടായിരുന്ന കൂട്ടികളെ ചേർത്തു നിറുത്തി വെളിപ്പെടുത്തി. സാസ്ക്കാരിക വിദ്യഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ, അതായത്, ഡികാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ സമാഗമത്തിൻറെ പ്രമേയം "ബാലികാബാലന്മാരിൽ നിന്നു പഠിക്കാം" എന്നതായിരിക്കുമെന്നും പാപ്പാ പറഞ്ഞു.

കുഞ്ഞുങ്ങളെപ്പോലെ വീണ്ടും നിർമ്മല വികാരങ്ങളുള്ളവരായിത്തീരുകയെന്ന എല്ലാവരുടെയും സ്വപ്നത്തിൻറെ ആവിഷ്ക്കാരമായിരിക്കും ഈ കൂടിക്കാഴ്ചയെന്നും കാരണം, ശിശുക്കളെപ്പോലെ ആകുന്നവരുടെതാണ് ദൈവരാജ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ബന്ധങ്ങളുടെ തെളിമയും പരദേശിയെ സ്വാഭാവികമായി സ്വാഗതം ചെയ്യലും സൃഷ്ടിമുഴുവനോടുമുള്ള ആദരവും കുഞ്ഞുങ്ങൾ നമ്മെ പഠിപ്പിക്കുന്നുവെന്നും അവരിൽ നിന്നു പഠിക്കുന്നതിന് താനും    കുട്ടികളെ കാത്തിരിക്കയാണെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2023, 12:24

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >