തിരയുക

പാപ്പാ: “മാനവസഹനത്തിൻറെ പൗരോഹിത്യം” ജീവിച്ച വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയൊ സിസ്നേരോസ്!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: പ്രേഷിതതിക്ഷ്ണതയുടെ സാക്ഷികൾ, വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടസ് സിസ്നേരോസ്- “നിസ്വരുടെ ഭിഷഗ്വരനും” “ശാന്തിയുടെ അപ്പോസ്തലനും”.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (13/0923) വത്തിക്കാനിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം ആയിരുന്നു   കൂടിക്കാഴ്ചാ വേദി. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും ചത്വരത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ അങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ ഇടയ്ക്കിടെ തൻറെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി വാത്സല്യത്തോടെ കവിളിൽ തലോടുകയും ആശീർവദിക്കുകയും ശരസ്സിൽ മുത്തമിടുകയും  ചെയ്യുന്നുണ്ടായിരുന്നു. പാപ്പാ കടന്നുപോകവെ കുട്ടികളുമുൾപ്പെട്ട ഒരുസംഘം തനതായ വേഷമണിഞ്ഞ് നൃത്തമാടി പാപ്പായ്ക്ക് ആദരവർപ്പിക്കുന്നതു കാണാമായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പാപ്പാ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും മദ്ധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കാൻ നമുക്കിടയാക്കത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കും വേണ്ടി ഇപ്രകാരം ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിൻറെ മുമ്പിൽ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടന്ന് ആഗ്രഹിക്കുന്നത് ." പൗലോസപ്പോസ്തലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനം 2,1-4

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിപ്പോരുന്ന, സുവിശേഷവത്ക്കരണ തീക്ഷ്ണതയുടെ മാതൃകകളായ ധന്യാത്മാക്കളെ അധികരിച്ചുള്ള പ്രബോധനപരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പാപ്പാ താൻ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ മംഗോളിയയിൽ നടത്തിയ സന്ദർശനം പുനരവലോകനം ചെയ്തതിനാലാണ് ഈ പരമ്പരയ്ക്ക് താല്ക്കാലിക ഭംഗം സംഭവിച്ചത്. ഈ വാരത്തിൽ പാപ്പാ സുവിശേഷ തീക്ഷ്ണതയുടെ അനുകരണീയ മാതൃകയായി അവതരിപ്പിച്ചത് “നിസ്വരുടെ ഭിഷഗ്വരനും” “ശാന്തിയുടെ അപ്പോസ്തലനും” ആയ വെനെസ്വേല സ്വദേശി വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടസ് സിസ്നേരോസിനെ ആയിരുന്നു.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം:

അമ്മ ജ്വലിപ്പിക്കുന്ന വിശ്വാസദീപം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

സുവിശേഷ പ്രഘോഷണത്തിൻറെ തീക്ഷ്ണമതികളായ സാക്ഷികളുമായുള്ള കൂടിക്കാഴ്ച  നമ്മുടെ പ്രബോധന പരമ്പരയിലൂടെ നാം തുടരുകയാണ്. ഇത് അപ്പൊസ്തോലിക തീക്ഷ്ണതയെ, സുവിശേഷം സംവഹിക്കാനുള്ള ഹിതത്തെയും ആന്തരിക അഭിനിവേശത്തെയും അധികരിച്ചുള്ള പ്രബോധനമാണെന്ന് ഓർക്കുക. വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടസ് സിസ്നേരോസ് എന്ന അല്മായനെ അടുത്തറിയാൻ നമുക്ക് ലത്തീനമേരിക്കയിലേക്കു പോകം, കൃത്യമായി പറഞ്ഞാൽ വെനസ്വേലയിലേക്ക് പോകാം. 1864-ൽ ഭൂജാതനായ അദ്ദേഹം വിശ്വാസം അഭ്യസിച്ചത് സർവ്വോപരി, അമ്മയിൽ നിന്നാണ്. വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടസ് തന്നെ അത് പറയുന്നത് ഇങ്ങനെയാണ്: "എൻറെ അമ്മ എന്നെ തൊട്ടിലിൽ നിന്ന് തുടങ്ങി പുണ്യം അഭിസ്യപ്പിച്ചു, അവൾ എന്നെ ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിൽ വളർത്തി, ഉപവിയെ എനിക്ക് വഴികാട്ടിയായി നൽകി." ഇതു നാം ശ്രദ്ധിക്കുക : അമ്മമാരാണ് വിശ്വാസം പകരുന്നത്. വിശ്വാസം നാട്ടുഭാഷയിൽ, അതായത്, അമ്മമാരുടെ ഭാഷയിൽ, അമ്മമാർ മക്കളോടു പറയുന്ന ഭാഷയിൽ സംവേദനം ചെയ്യപ്പെടുന്നു.

ഉപവിയാകുന്ന ധ്രുവനക്ഷത്രം 

വാസ്‌തവത്തിൽ, ഉപവിയായിരുന്നു വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊയുടെ അസ്തിത്വത്തിന് വഴികാട്ടിയായ ധ്രുവനക്ഷത്രം: അദ്ദേഹം സൽഗുണസമ്പന്നനും  ശുഭോദർക്കനും പ്രസന്നവദനനും അതിധിഷണാശാലിയുമായ വ്യക്തിയായിരുന്നു; അദ്ദേഹം ഒരു ഭിഷഗ്വരനും സർവ്വകലാശാലാദ്ധ്യാപകനും ശാസ്ത്രജ്ഞനുമായി. എന്നാൽ, “പാവങ്ങളുടെ വൈദ്യൻ” എന്ന് സ്വദേശത്ത്,  പരക്കെ അറിയപ്പെടത്തക്കവിധം,  അത്രമാത്രം, ഏറ്റവും ദുർബ്ബലരോട് അടുപ്പമുള്ള ഒരു ഭിഷഗ്വരനായിരുന്നു അദ്ദേഹം. പണത്തിൻറെ പ്രതാപത്തെക്കാൾ അദ്ദേഹത്തിൻറെ മുൻഗണന സുവിശേഷത്തോടായിരുന്നു, സ്വജീവിതം ദരിദ്രരെ സഹായിക്കുന്നതിനായി ചെലവഴിച്ചു. ദരിദ്രരിൽ, രോഗികളിൽ, കുടിയേറ്റക്കാരിൽ, കഷ്ടതകളനുഭവിക്കുന്നവരിൽ, ഹൊസേ ഗ്രിഗോറിയൊ യേശുവിനെ കണ്ടിരുന്നു. ലോകത്തിൽ ഒരിക്കലും അദ്ദേഹം തേടാത്ത വിജയം, അദ്ദേഹത്തെ "ജനങ്ങളുടെ വിശുദ്ധൻ", “ഉപവിയുടെ അപ്പോസ്തലൻ”, “പ്രത്യാശയുടെ പ്രേഷിതൻ” എന്ന് വിളിക്കുന്ന ആളുകളിൽ നിന്ന് അദ്ദേഹത്തിനു ലഭിച്ചു.

പ്രവർത്തിയിലൂടെ വിശ്വാസത്തിനു സാക്ഷ്യമേകിയ ഹൊസേ ഗ്രിഗോറിയൊ

ഹൊസേ ഗ്രെഗോറിയൊ എളിമയും  സഹാനുഭൂതിയും സന്നദ്ധതയുമുള്ള ഒരു മനുഷ്യനായിരുന്നു. അതേ സമയം, ദൈവത്തിൻറെയും മറ്റുള്ളവരുടെയും സേവനത്തിനായി ജീവിക്കാനുള്ള ആഗ്രഹത്താൽ, ഒരു ആന്തരിക അഗ്നിയാൽ അദ്ദേഹം നയിക്കപ്പെട്ടിരുന്നു. ഈ തീക്ഷ്ണതയാൽ പ്രചോദിതനായ അദ്ദേഹം ഒരു സമർപ്പിതനും പുരോഹിതനുമാകാൻ പലതവണ ശ്രമിച്ചു, പക്ഷേ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനു  വിഘ്നമായി. എന്നിരുന്നാലും, ശാരീരിക ബലഹീനത  അദ്ദേഹത്തെ ഉൾവലിച്ചില്ല, മറിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങളോട് കൂടുതൽ സംവേദനക്ഷമതയുള്ള ഒരു ഭിഷഗ്വരനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ദൈവപരിപാലനയിൽ മുറുകെപ്പിടിക്കുകയും ആത്മാവിൽ ശക്തി പ്രാപിക്കുകയും സത്താപരമായതിലേക്ക് കൂടുതൽ പ്രവേശിക്കുകയും ചെയ്തു. ഇതാ അപ്പോസ്തോലിക തീക്ഷ്ണത: അത് സ്വന്തം അഭിലാഷങ്ങളെ പിന്തുടരുന്നില്ല, മറിച്ച് ദൈവത്തിൻറെ പദ്ധതികൾക്ക് സ്വയം സംലഭ്യമാക്കുന്നു. അങ്ങനെ, രോഗികളുടെ പരിചരണത്തിലൂടെ, കഷ്ടപ്പെടുന്നവരെ സഹായിക്കുകയും ദരിദ്രർക്ക് പ്രത്യാശ പകരുകുകയും ചെയ്യുന്നതിലൂടെ, വാക്കുകളാലല്ല, മാതൃകയാൽ വിശ്വാസത്തിന് സാക്ഷ്യമേകുന്നതിലൂടെ ദൈവഹിതം പ്രാവർത്തികമാക്കാമെന്ന് വാഴ്ത്തപ്പെട്ടവൻ മനസ്സിലാക്കി. അങ്ങനെ അദ്ദേഹം വൈദ്യശാസ്ത്രത്തെ ഒരു പൗരോഹിത്യം എന്ന നിലയിൽ സ്വാഗതം ചെയ്തു: അതായത്, "മാനവ വേദനയുടെ പൗരോഹിത്യം" (M. YABER, José Gregorio Hernández: Médico de los Pobres, Apóstol de la Justicia Social, Misionero de las Esperanzas, 2004, 107). കാര്യങ്ങളെ നിഷ്ക്രിയമായി സഹിക്കുകയല്ല, മറിച്ച്, തിരുവെഴുത്ത് പറയുന്നതുപോലെ, കർത്താവിന് ശുശ്രൂഷയേകുന്നതിനായി എല്ലാം ഹൃദയപരമാർത്ഥതയോടെ ചെയ്യുക. (കൊളോസോസുകാർക്കുള്ള ലേഖനം 3:23 കാണുക).

ദൈവകൃപയും ദൈവവുമായുള്ള ഉറ്റ ബന്ധവും പകർന്ന അഭിനിവേശം 

എന്നാൽ, നമുക്ക് സ്വയം ചോദിക്കാം: ഹൊസേ ഗ്രിഗോറിയോയുടെ അഭിനിവേശം, ഈ തീക്ഷ്ണത എവിടെ നിന്ന് വന്നു? അത് ഒരു ഉറപ്പിൽ നിന്നും ഒരു ശക്തിയിൽ നിന്നുമാണ്. ഈ ഉറപ്പ് ദൈവകൃപയായിരുന്നു. അദ്ദേഹം ഇങ്ങനെ കുറിച്ചു: "ലോകത്തിൽ ശിഷ്ടരും ദുഷ്ടരുമുണ്ടെങ്കിൽ, ദുഷ്ടർ ഉള്ളതിനു കാരണം അവർ സ്വയം ചീത്തയായിത്തീർന്നതിനാലാണ്; എന്നാൽ നല്ലവർ,  അവർ അങ്ങനെ ആയിരിക്കുന്നത് ദൈവത്തിൻറെ സഹായത്താൽ മാത്രമാണ്" (27 മെയ് 1914). തനിക്കു കൃപ ആവശ്യമാണെന്ന അവബോധം ആദ്യം അദ്ദേഹത്തിനുതന്നെയുണ്ടായി. സ്നേഹം അദ്ദേഹത്തിന് ആവശ്യമായിരുന്നു. ദൈവവുമായുള്ള സാമീപ്യമാണ് അദ്ദേഹം ആശ്രയിച്ചിരുന്ന ശക്തി, അതായത്, ദൈവവുമായുള്ള ഉറ്റബന്ധം. അദ്ദേഹം പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു.

ഇഹലോകവാസാന്ത്യം

എല്ലാവർക്കുമായി അൾത്താരയിൽ സ്വയം അർപ്പിക്കുന്ന യേശുവുമായുള്ള സമ്പർക്കത്തിൽ, സമാധാനത്തിനായി തൻറെ ജീവിതം അർപ്പിക്കാൻ താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഹൊസേ ഗ്രിഗോറിയോയ്ക്ക് തോന്നി. ഒന്നാം ലോക മഹായുദ്ധം നടക്കുകയായിരുന്നു. അങ്ങനെ നമ്മൾ 1919 ജൂൺ 29-ൽ എത്തിച്ചേരുന്നു: ഒരു സുഹൃത്ത് അദ്ദേഹത്തെ  സന്ദർശിക്കുകയും അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ, യുദ്ധം അവസാനിപ്പിക്കുന്ന ഉടമ്പടി ഒപ്പുവെയ്ക്കപ്പെട്ടതായി ഹൊസേ ഗ്രിഗോറിയൊ അറിഞ്ഞിരുന്നു. തൻറെ സമർപ്പണം സ്വീകൃതമായി, തൻറെ ഐഹിക ദൗത്യം പൂർത്തിയായതായി അദ്ദേഹത്തിനു മുൻകൂട്ടി അനുഭവപ്പെടുന്നതുപോലെ. അന്നും രാവിലെ പതിവുപോലെ കുർബ്ബാനയിൽ പങ്കുകൊണ്ട അദ്ദേഹം രോഗിയായ ഒരാൾക്ക് മരുന്ന് കൊണ്ടുപോയി കൊടുക്കുന്നതിനായി വിഴിയിലേക്കിറങ്ങുന്നു. പക്ഷേ, വഴി മുറിച്ചുകടക്കുന്നതിനിടെ അദ്ദഹത്തെ വാഹനമിടിച്ചു; ആശുപത്രിയിലേക്ക് കൊണ്ടുപോയി, പരിശുദ്ധ മാതാവിൻറെ നാമം ഉച്ചരിച്ചുകൊണ്ട് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിൻറെ ഭൗമികയാത്ര ഇങ്ങനെ അവസാനിക്കുന്നു, ഒരു കാരുണ്യപ്രവൃത്തി ചെയ്യുന്നതിനിടയിൽ ഒരു വഴിയിൽ വച്ച്, ഒരു ഭിഷഗ്വരൻ എന്ന നിലയിൽ തൻറെ തൊഴിലിനെ ഉൽകൃഷ്ട കർമ്മമാക്കിയ ഒരു ആശുപത്രിയിൽ വച്ച്.

വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയോയുടെ പാത പിൻചെല്ലുക

സഹോദരീ സഹോദരന്മാരേ,  ഈ സാക്ഷിയുടെ ചാരെനിന്ന്  നമുക്ക് സ്വയം ചോദിക്കാം: എൻറെ ചാരെയുള്ള ദരിദ്രരിൽ സന്നിഹിതനായ ദൈവത്തിനു മുമ്പിൽ, ലോകത്തിനു മുമ്പിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഹൊസേ ഗ്രിഗോറിയോയുടെ മാതൃക എന്നെ എപ്രകാരമാണ് സ്പർശിക്കുന്നത്?  ഇന്നത്തെ വലിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾക്കു മുന്നിൽ പ്രതിജ്ഞാബദ്ധരാകാൻ അദ്ദേഹം നമുക്ക് പ്രചോദനം പകരുന്നു. പലരും അതിനെക്കുറിച്ച് സംസാരിക്കുന്നു, പലരും അതിനെക്കുറിച്ച് ജല്പനങ്ങൾ നടത്തുന്നു, പലരും വിമർശിക്കുന്നു, എല്ലാം മോശമാണെന്ന് പറയുന്നു. എന്നാൽ ക്രിസ്ത്യാനി ഇതിനല്ല വിളിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് അത് കൈകാര്യം ചെയ്യാനാണ്,  കൈകൾ അഴുക്കാക്കാനാണ്: സർവ്വോപരി, വിശുദ്ധ പൗലോസ് നമ്മോട് പറയുന്നതുപോലെ, പ്രാർത്ഥിക്കാനാണ് (1 തിമോത്തയോസ് 2:1-4 കാണുക), പരദൂഷണത്തിൽ മുഴുകാനല്ല, അത് ഒരു മഹാമാരിയാണ്: മറിച്ച് നന്മ പരിപോഷിപ്പിക്കുന്നതിനും സത്യത്തിൽ സമാധാനവും നീതിയും കെട്ടിപ്പടുക്കുന്നതിനും ആണ്. ഇതും അപ്പോസ്തോലിക തീക്ഷ്ണതയാണ്, ഇത് സുവിശേഷത്തിൻറെ പ്രഘോഷണമാണ്, ഇതാണ് ക്രിസ്തീയ സൗഭാഗ്യം: "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ" (മത്തായി 5.9). ജീവതത്തിലുടനീളം ഉപവിപ്രവർത്തിച്ചുകൊണ്ട് ജീവിക്കാൻ അപ്പൊസ്തോലിക തീക്ഷ്ണത പ്രചോദിപ്പിച്ച ദൈനംദിന ജോലിക്കാരനായ ഒരു മനുഷ്യൻ, ഒരു അലമായൻ, ഒരു ഭിഷഗ്വരൻ ആയ, വാഴ്ത്തപ്പെട്ട ഗ്രിഗോറിയോയുടെ സരണിയിൽ നമുക്ക് മുന്നേറാം,  നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ജലപ്രളയബാധിത ലിബിയയ്ക്കും ഭൂകമ്പബാധിത മൊറോക്കോയ്ക്കും വേണ്ടി പ്രാർത്ഥന

ജലപ്രളയ ഭൂകമ്പ ദുരന്തങ്ങൾക്കിരകളായ യഥാക്രമം ലിബിയയ്ക്കും മൊറോക്കോയ്ക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും അന്നാടുകളിലെ ജനങ്ങളോട് തൻറെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പേമാരിമൂലം ലിബിയയിലുണ്ടായ വെള്ളപ്പൊക്കം അന്നാട്ടിൽ അനേകായിരങ്ങളുടെ ജീവനപഹരിക്കുകയും നിരവധിപ്പേരെ പരിക്കേല്പിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തത് പാപ്പാ വേദനയോടെ അനുസ്മരിച്ചു. അതുപോലെതന്നെ ഭൂകമ്പദുരന്തത്തിനിരയായ മൊറോക്കൊയിലെ ജനങ്ങളെ പാപ്പ ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ക്രിസ്തുവിൻറെ കുരിശിനോട് വിശ്വസ്തതരായിരിക്കുക

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. സെപ്റ്റംബർ 14-ന്, അതായത്, ഈ വ്യാഴാഴ്‌ച, തിരുസഭ വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ,  സ്‌നേഹത്തിൻറെയും രക്ഷയുടെയും അടയാളമായ ക്രിസ്തുവിൻറെ കുരിശിനോട് വിശ്വസ്തരായിരിക്കുന്നതിൽ നാം തളരാതിരിക്കാൻ പാപ്പാ പ്രചോദനം പകർന്നു.

ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കുക

വിശ്വശാന്തിക്കായി, വിശിഷ്യ, പീഡിത ഉക്രൈയിനിൽ, സമാധാനം ഉണ്ടാകുന്നതിനായുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഉക്രൈയിനിലെ ജനങ്ങളുടെ സഹനങ്ങൾ നമ്മുടെ ഹൃദയമനസ്സുകളിൽ സദാ സന്നിഹിതമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2023, 12:28

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >