തിരയുക

പാപ്പാ: വിശ്വാസം ഒരു ചമയമല്ല, അത് സേവനത്തിൽ ആവിഷ്കൃതമാകുന്നു !

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം : സുവിശേഷപ്രഘോഷണ തീക്ഷ്ണത- ആന്ദകരമായ പ്രാർത്ഥനയുടെയും സേവനത്തിൻറെയും ജീവിതമാതൃകയേകിയ വിശുദ്ധ കറ്റേരി ടെക്കക്വീത്ത.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (30/08/23) വത്തിക്കാനിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. ഇറ്റലിയിൽ കൊടും ചൂടിന് ശമനം കണ്ടു തുടങ്ങിയിരിക്കുന്നു. റോമിലുൾപ്പെടെ പലയിടത്തും മഴയെത്തി. അല്പം കാർമേഘാവൃതമായിരുന്നെങ്കിലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെട്ട ഈ ബുധനാഴ്ത പാപ്പായുടെ പൊതുദർശനവേദി കഴിഞ്ഞ വാരത്തിലെന്നപോലെ തന്നെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലവും പന്തീരായിരത്തോളം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ പോൾ ആറാാമൻ ശാലയായിരുന്നു. പാപ്പാ ശാലയിൽ ഊന്നുവടിയുടെ സഹായത്തോടെ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായിരുന്ന സന്ദർശകരുടെയും തീർത്ഥാടകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മിൽത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിൻ. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. അവിരാമം പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം." വി.പൗലോസപ്പോസ്തലണ തെസലോണിക്കക്കാർക്ക് എഴുതിയ ഒന്നാം ലേഖനം: 5,15-18

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ, സുവിശേഷപ്രഘോഷണ തീക്ഷ്ണതയ്ക്ക് മാതൃകയായവരെ അധികരിച്ച് പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. സസന്തോഷം പ്രാർത്ഥിക്കുകയും ശുശ്രൂഷയേകുകയും ചെയ്യണമെന്ന് സ്വജീവിതം കൊണ്ട് വിളിച്ചോതിയ വടക്കെ അമേരിക്കക്കാരിയായ വിശുദ്ധ കറ്റേരി ടെക്കക്വീത്തയുടെ ജീവിതം പാപ്പാ വിശകലനം ചെയ്തു.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം:

അപ്പൊസ്തോലിക തീക്ഷ്ണതയും വിശുദ്ധ കറ്റേരി ടെക്കക്വീത്തയും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

അപ്പോസ്തോലിക തീക്ഷ്ണതയെയും സുവിശേഷ പ്രഘോഷണാഭിനിവേശത്തെയും അധികരിച്ച് തുടരുന്ന പ്രബോധനപരമ്പരയിൽ ഇപ്പോൾ നമുക്ക്, വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട പ്രഥമ വടക്കെ അമേരിക്കൻ സ്വദേശിനിയായ കറ്റേരി ടെക്കക്വീത്തയെക്കുറിച്ച് ചിന്തിക്കാം. ഏതാണ്ട് 1656-ൽ ന്യൂയോർക്കിൻറെ ഉയർന്ന ഒരു പ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ ജനിച്ച അവൾ, മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാതിരുന്ന മൊഹാവ്ക് വംശമേധാവിയുടെയും അൽഗൊൺക്കിൻ വംശജയായ ക്രിസ്ത്യാനിയായ അമ്മയുടെയും മകളായിരുന്നു.

സാധാരണ പ്രവർത്തികളിലൂടെയുള്ള സുവിശേഷ പ്രഘോഷണം 

ദൈവത്തോടു പ്രാർത്ഥിക്കാനും സ്തുതിഗീതങ്ങൾ ആലപിക്കാനും ആ അമ്മ കറ്റേരിയെ പഠിപ്പിച്ചു. നമ്മിൽ പലരും കുടുംബാന്തരീക്ഷത്തിൽ ആണ് ആദ്യമായി കർത്താവിന് സമർപ്പിക്കപ്പെടുന്നത്, പ്രത്യേകിച്ച് നമ്മുടെ അമ്മമാരും മുത്തശ്ശിമാരും വഴി. സുവിശേഷവൽക്കരണം തുടക്കംകുറിക്കുന്നത് ഇങ്ങനെയാണ്, സർവ്വോപരി, ഇതു നാം വിസ്മരിക്കരുത്, അതായത്, വിശ്വാസം എന്നും നാട്ടുഭാഷയിൽ, അമ്മമാരും മുത്തശ്ശിമാരും വഴി സംവേദനം ചെയ്യപ്പെടുന്നു. നാട്ടുഭാഷയിലാണ് വിശ്വാസം പകർന്നുനല്കപ്പെടേണ്ടത്, ഈ ഭാഷ നാം സ്വീകരച്ചിരിക്കുന്നത് അമ്മമാരിലും മുത്തശ്ശിമാരിലും നിന്നാണ്.  സുവിശേഷവൽക്കരണം പലപ്പോഴും ആരംഭിക്കുന്നത് ഇപ്രകാരമാണ്: അതായത്, പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിക്കുന്നതിന് പഠിക്കാൻ  മാതാപിതാക്കൾ കുട്ടികളെ സഹായിക്കുകയും ദൈവത്തിൻറെ മഹത്തായതും കരുണാർദ്രവുമായ സ്നേഹത്തെക്കുറിച്ച് കുഞ്ഞുങ്ങളോട് പറയുകയും ചെയ്യുന്നതുപോലെയുള്ള ലളിതവും ചെറുതുമായ പ്രവർത്തികളിലൂടെ. കറ്റേരിക്ക്, പലപ്പോഴും നമുക്കും, വിശ്വാസത്തിൻറെ അടിത്തറ ഇട്ടത് ഇങ്ങനെയാണ്. അവനോ അവളോ അത് നാട്ടുഭാഷയിൽ, വിശ്വാസത്തിൻറെ ഗ്രാമ്യഭാഷയിൽ അമ്മയിൽ നിന്നു സ്വീകരിച്ചു.

വിശുദ്ധ കറ്റേരിയുടെ സഹന ജീവിതം

കറ്റേരിക്ക് നാല് വയസ്സുള്ളപ്പോൾ, അവളുടെ ആളുകളെ കടുത്ത പകർച്ചവ്യാധിയായ വസൂരി  ബാധിച്ചു. അവളുടെ മാതാപിതാക്കളും ഇളയ സഹോദരനും മരണമടഞ്ഞു, കറ്റേരിയുടെ മുഖത്ത് വസൂരിയുടെ പാടുകൾ അവശേഷിച്ചു കാഴ്ച പ്രശ്നങ്ങളും അവൾക്കുണ്ടായി. ആ സമയം മുതൽ കറ്റേരിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു: തീർച്ചയായും വസൂരിയുടെ അനന്തരഫലമായ ശാരീരിക പ്രശ്നങ്ങൾ, മാത്രമല്ല 1676 ഉയിർപ്പു ഞായറാഴ്ച മാമ്മോദീസാ സ്വീകരിച്ചതിനു ശേഷം തെറ്റിദ്ധാരണകളും പീഡനങ്ങളും വധഭീഷണികളും അവൾ നേരിടേണ്ടിവന്നു. ഇവയെല്ലാം നമുക്കുവേണ്ടി അവസാനംവരെ തന്നെത്തനെ നല്കിയ ക്രിസ്തുവിൻറെ സ്നേഹത്തിൻറെ നിയത അടയാളമായ കുരിശിനോടുള്ള വലിയ സ്നേഹം കാറ്റേരിയിൽ ഉളവാക്കി., വാസ്‌തവത്തിൽ, സുവിശേഷ സാക്ഷ്യം പ്രീതികരമായവയെ സംബന്ധിച്ചതു മാത്രമല്ല; നമ്മുടെ ദൈനംദിന കുരിശുകൾ ക്ഷമയോടെയും വിശ്വാസത്തോടെയും പ്രത്യാശയോടെയും എങ്ങനെ വഹിക്കാമെന്നും നാം അറിഞ്ഞിരിക്കണം. ബുദ്ധിമുട്ടുകൾക്കു മുന്നിൽ കുരിശുകൾക്കു മുന്നിൽ ക്ഷമ: ക്ഷമ ഒരു വലിയ ക്രിസ്തീയ പുണ്യമാണ്. ക്ഷമയില്ലാത്തവൻ നല്ല ക്രിസ്ത്യാനിയല്ല. സഹിക്കാനുള്ള ക്ഷമ: ബുദ്ധിമുട്ടുകൾ സഹിക്കുക, മറ്റുള്ളവരെയും, ചിലപ്പോൾ ശല്യക്കാരും അല്ലെങ്കിൽ നിനക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവരുംമായവരെ, സഹിക്കുക. നമുക്ക് ആവശ്യമായ കൃപ പ്രദാനം ചെയ്യുന്ന യേശുവിന് നാം ഹൃദയം തുറന്നുകൊടുത്താൽ എല്ലാ വെല്ലുവിളികളെയും ജയിക്കാൻ കഴിയുമെന്ന് കറ്റേരി തെക്കക്വിത്തയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ക്ഷമയും യേശുവിനോടുള്ള ഹൃദയത്തുറവും, ഇതാണ് നന്നായി ജീവിക്കുന്നതിനുള്ള ചേരുവകൾ.

കറ്റേരിയുടെ ജീവിത വിശുദ്ധി

സ്നാനമേറ്റ ശേഷം, മോൺട്രിയൽ നഗരത്തിനടുത്തുള്ള ഇശോസഭയുടെ പ്രേഷിതപ്രവർത്തന മേഖലയിൽ മൊഹാക്ക് ജനതയുടെ ഇടയിൽ കറ്റേരിക്ക് അഭയം തേടേണ്ടിവന്നു. അവിടെ അവൾ എല്ലാ ദിവസവും രാവിലെ കുർബ്ബാനയിൽ പങ്കെടുത്തു, പരിശുദ്ധതമ ദിവ്യകാരുണ്യത്തിനു മുമ്പാകെ ആരാധനയ്ക്കായി സമയം നീക്കിവച്ചു, കൊന്തനമസ്ക്കാരം ചൊല്ലിയിരുന്നു, തപോജീവിതം നയിച്ചുപോന്നു. അവളുടെ ഈ ആത്മീയാഭ്യാസങ്ങൾ ആ പ്രേഷിതമേഖലയിലെ എല്ലാവരിലും മതിപ്പുളവാക്കി; അവ, ദൈവത്തോടുള്ള അവളുടെ അഗാധമായ സ്നേഹത്തിൽ നിന്ന് ജന്മംകൊണ്ടതാകയാൽ ആകർഷകമായ ഒരു വിശുദ്ധി കറ്റേരിയിൽ അവർ തിരിച്ചറിഞ്ഞു. അതേ, വിശുദ്ധിയാണ് ആകർഷിക്കുന്നത്. ദൈവം നമ്മെ ആകർഷണത്താൽ വിളിക്കുന്നു.  കാരണം ദൈവം ആകർഷിക്കുന്നു, ഈ ദിവ്യ ആകർഷണത്തിൻറെ കൃപ അവൾ അനുഭവിച്ചു.  അതേ സമയംതന്നെ, അവൾ അവിടെത്തെ കുട്ടികളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്നു, കൂടാതെ, രോഗികളെയും പ്രായംചെന്നവരെയും പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള തൻറെ ഉത്തരവാദിത്വങ്ങളുടെ അഭംഗുര നിർവ്വഹണത്തിലൂടെ അവൾ ദൈവത്തിനും അയൽക്കാരനുമുള്ള എളിയതും സ്‌നേഹപൂർവ്വകവുമായ സേവനത്തിൻറെ ഒരു മാതൃക നല്കുകയും ചെയ്തു. എന്നും വിശ്വാസം സേവനത്തിൽ ആവിഷ്കൃതമാകുന്നു. അവനവന്, ആത്മാവിന് ചമയമിടാനുള്ളതല്ല വിശ്വാസം, അത് സേവനത്തിനുള്ളതാണ്.

സ്നേഹ-സേവനങ്ങളിലൂടെയുള്ള സമർപ്പണം 

വിവാഹിതയാകാൻ പ്രേരിപ്പിക്കപ്പെട്ടുവെങ്കിലും കറ്റേരി, സ്വജീവിതം ക്രിസ്തുവിനായി സമർപ്പിക്കാൻ ആഗ്രഹിച്ചു. സമർപ്പിത ജീവിതത്തിലേക്കു പ്രവേശിക്കാൻ കഴിയാതെപോയ അവൾ 1679 മാർച്ച് 25-ന്, നിത്യകന്യാത്വ വ്രതവാഗ്ദാനം നടത്തി. അവളുടെ ഈ തിരഞ്ഞെടുപ്പ് അപ്പൊസ്തോലിക തീക്ഷ്ണതയുടെ മറ്റൊരു മാനം വെളിപ്പെടുത്തുകയാണ്: അതായത്, കർത്താവിനുള്ള സമ്പൂർണ്ണ സമർപ്പണം. തീർച്ചയായും, കറ്റേരിയെപ്പോലെ വ്രതവാഗ്ദാനം നടത്താൻ എല്ലാവരും വിളിക്കപ്പെടുന്നില്ല; എന്നിരുന്നാലും, ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന വിളിയിലും ദൗത്യത്തിലും ഓരോ ക്രിസ്ത്യാനിയും സ്നേഹാരൂപിയിൽ കർത്താവിനെയും അയൽക്കാരനെയും സേവിച്ചുകൊണ്ട്, അവിഭാജ്യ ഹൃദയത്തോടെ സ്വയം സമർപ്പിക്കാൻ അനുദിനം യത്നിക്കുന്നതിനു വിളിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്തുവുമായുള്ള ഐക്യം സുവിശേഷവത്ക്കരണത്തിൽ 

പ്രിയ സഹോദരീസഹോദരന്മാരേ, അപ്പൊസ്തോലിക തീക്ഷ്ണതയിൽ, പ്രാർത്ഥനയും കൂദാശകളും കൊണ്ട് പരിപോഷിപ്പിക്കപ്പെടുന്ന യേശുവുമായുള്ള ഐക്യവും അവനവൻറെ തനതായ വിളിയോടുള്ള വിശ്വാസ്തതയിലൂടെ ക്രിസ്തീയസന്ദേശത്തിൻറെ സൗന്ദര്യം പ്രസരിപ്പിക്കാനുള്ള അഭിലാഷവും അന്തർലീനമായിരിക്കുന്നു  എന്ന വസ്തുതയുടെ ഉപരി സാക്ഷ്യമാണ് കറ്റേരിയുടെ ജീവിതം. കറ്റേരിയുടെ അവസാന വാക്കുകൾ മനോഹരമാണ്, മരിക്കുന്നതിന് മുമ്പ് അവൾ പറഞ്ഞു, "യേശുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു."

അതിനാൽ, വിശുദ്ധ കറ്റേരി തെക്കക്വിത്തയെപ്പോലെ, നമുക്കും, കർത്താവിൽ നിന്ന് ശക്തി ആർജ്ജിച്ച്, സാധാരണ പ്രവൃത്തികൾ അസാധാരണമായ രീതിയിൽ ചെയ്യാനും അങ്ങനെ വിശ്വാസത്തിലും ഉപവിയിലും ക്രിസ്തുവിനുള്ള തീക്ഷ്ണമായ സാക്ഷ്യത്തിലും വളരാനും പഠിക്കാം.

വിശുദ്ധിയിലേക്കുള്ള വിളി 

നാം മറക്കരുത്: നാം ഓരോരുത്തരും വിശുദ്ധിയിലേക്ക്, അനുദിന വിശുദ്ധിയിലേക്ക്, പൊതുവായ ക്രിസ്തീയ ജീവിത വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. നമുക്കോരോരുത്തർക്കും ഈ വിളിയുണ്ട്: നമുക്ക് ഈ പാതയിൽ മുന്നേറാം. കർത്താവ് നമുക്ക് തുണയായിരിക്കും. നന്ദി.

പ്രഭാഷണാന്തര അഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സൃഷ്ടിയുടെ സമയം -രണ്ടാം "ലൗദാത്തൊ സീ"

അനുവർഷം സെപ്റ്റംബർ 1-ന് സൃഷ്ടിയുടെ പരിപാലനത്തിനു വേണ്ടിയുള്ള ആഗോള പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്നതും അന്ന് , വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 വരെ നീളുന്ന “സൃഷ്ടിയുടെ സമയം”  എന്ന പേരിലുള്ള ആചരണം തുടങ്ങുന്നതും പാപ്പാ അനുസ്മരിച്ചു.  ഈ ആചരണത്തിൻറെ സമാപന ദിനത്തിൽ  ഒരു പ്രബോധനം, ഒരു രണ്ടാം "ലൗദാത്തോ സീ" താൻ പുറപ്പെടുവിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

സൃഷ്ടിയെ പരിപാലിക്കുക, യുദ്ധാന്ത്യത്തിനായി പരിശ്രമിക്കുക

സ്രഷ്ടാവിൻറെ പവിത്ര ദാനമായ സൃഷ്ടിയെ സംരക്ഷിക്കാനുള്ള യത്നത്തിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോദരന്മാരോടൊന്നു ചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.ഭയാനകമായ ലോകമഹായുദ്ധമായി പരിണമിച്ചിരിക്കുന്നതും നമ്മുടെ പൊതു ഭവനത്തിനെതിരായ വിവേകശൂന്യവുമായ യുദ്ധം അവസാനിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ട് പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ അനീതിയുടെ ഇരകളോടൊപ്പം നിൽക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതം വീണ്ടും സമൃദ്ധമായുണ്ടാകുന്നതിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

ഉക്രൈയിനു വേണ്ടിയുള്ള പ്രാർത്ഥനയും സമാപനാശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.നിത്യജീവൻറെ വചസ്സുകളുള്ള ക്രിസ്തുവിനെ, സദാ തുറവുള്ളതും ഉത്സാഹഭരിതവുമായ ഹൃദയത്തോടെ അനുഗമിക്കാനും അനുദിന ജീവിതത്തിൽ അവന് സാക്ഷ്യം വഹിക്കാനും പാപ്പാ അവർക്കു പ്രചോദനം പകർന്നു. പീഡിത ഉക്രൈയിനു വേണ്ടിയുള്ള പ്രാർത്ഥനയും അന്നാടിനോടുള്ള സാമീപ്യവും നവീകരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

           

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2023, 12:17

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >