തിരയുക

പാപ്പായുടെ ലിസ്ബൺ സന്ദർശനം : ഒരു പുനരവലോകനം !

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനവും മുപ്പത്തിയേഴാം ലോകയുവജനദിനാചരണവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (09/08/23) പ്രതിവാര പൊതുദർശന പരിപാടി പുനരാരംഭിച്ചു. വേനൽക്കാലമായതിനാൽ   പൊതുകൂടിക്കാഴ്ചാവേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലവും പന്തീരായിരത്തോളം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ പോൾ ആറാാമൻ ശാലയായിരുന്നു. ശാലയിൽ ഊന്നുവടിയുടെ സഹായത്തോടെ എത്തിയ പാപ്പായെ അവിടെ സന്നിഹിതാരായിരുന്ന വിവിധരാജ്യക്കാരായിരുന്ന സന്ദർശകരും തീർത്ഥാടകരും കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയെും വരവേറ്റു.  വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിൻറെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹിതം."  ലൂക്കാ: 1,39-42

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ, മുപ്പത്തിയേഴാം ലോകയുവജനസംഗമത്തോടനുബന്ധിച്ച്, ആഗസ്റ്റ് 2-6 വരെ പോർച്ചുഗലിലെ ലിസ്ബണിലും ഫാത്തിമയിലുമായി നടത്തിയ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനം പുനരവലോകനം ചെയ്തു.  ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

ലിസ്ബൺ സന്ദർശനവും യുവജനാചരണവും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മുപ്പത്തിയേഴാം ആഗോള യുവജനദിനാചരണത്തിനായി ഞാൻ പോർച്ചുഗലിൽ പോയി. കോവിദ് 19 മഹാമാരിക്കു ശേഷം ലിസ്ബണിൽ അരങ്ങേറിയ ലോകയുവജനസംഗമം എല്ലായ്‌പ്പോഴും പുതിയ ചക്രവാളങ്ങൾ തുറന്നുതരുന്ന ദൈവത്തിൻറെ സമ്മാനമായി എല്ലാവർക്കും അനുഭവപ്പെട്ടു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻറെ ആത്മാവായ പരിശുദ്ധാരൂപി, ലോകത്തിലെ യുവജനങ്ങളുടെ ഹൃദയങ്ങളും ചുവടുകളും സുവിശേഷത്തിൻറെ വഴികളിൽ വീണ്ടു ചലനാത്മകമാക്കിത്തീർത്തു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതീയുവാക്കൾ, പരസ്പരം കണ്ടുമുട്ടുന്നതിനും യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായി പോയവർ.

'തിടുക്കമുള്ള' പരിശുദ്ധ അമ്മ

നമുക്കറിയാവുന്നതുപോലെ, മഹാമാരി സാമൂഹിക ജീവിതരീതിയിൽ കനത്ത ഭാരം ചെലുത്തി.: ഒറ്റപ്പെടൽ പലപ്പോഴും അടച്ചുപൂട്ടലിൽ വരെയെത്തി, അത് യുവാക്കളെ പ്രത്യേകിച്ച് ബാധിച്ചു. ഈ ലോക യുവജന ദിനത്തോടെ, ദൈവം വിപരീത ദിശയിലേക്ക് ഒരു "സമ്മർദ്ദം" ചെലുത്തി: ഈ യുവജനസംഗമം, യേശുക്രിസ്തുവിൻറെ നാമത്തിൽ ഭൂഖണ്ഡങ്ങളിലുടനീളമുള്ള മഹത്തായ യുവജനതീർത്ഥാടനത്തിന് ഒരു പുതിയ തുടക്കം കുറിച്ചു. കടൽ വഴിയുള്ള മഹത്തായ പര്യവേഷണങ്ങളുടെ പ്രതീകവും കടലിനഭിമുഖമായി നില്ക്കുന്നതുമായ ലിസ്ബൺ നഗരത്തിൽ ഇത് സംഭവിച്ചത് യാദൃശ്ചികമല്ല. ഇവിടെ ലോക യുവജന ദിനത്തിൽ സുവിശേഷം യുവജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് കന്യകാമറിയത്തിൻറെ മാതൃകയാണ്. അവളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ നിമിഷത്തിൽ, അവൾ തൻറെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കാൻ പോകുന്നു, സുവിശേഷം പറയുന്നു: "അവൾ, മറിയം, എഴുന്നേറ്റു തിടുക്കത്തിൽ പോയി" (ലൂക്കാ 1:39) - ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് മാതാവിനെ വിളിച്ചപേക്ഷിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. “തിടുക്കമുള്ള” നമ്മുടെ അമ്മ, അവൾ എപ്പോഴും കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നു, അവൾ നമ്മെ ഒരിക്കലും കാത്തിരുത്തുന്നില്ല, അവൾ എല്ലാവരുടെയും അമ്മയാണ്. അങ്ങനെ, മറിയം ഇന്ന്, മൂന്നാം സഹസ്രാബ്ദത്തിൽ, യേശുവിനെ അനുഗമിക്കാനുള്ള യുവജനങ്ങളുടെ തീർത്ഥാടനത്തെ നയിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് പോർച്ചുഗലിലെ, ഫാത്തിമയിൽ അവൾ ചെയ്തതു പോലെ. അന്ന്,  മൂന്ന് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട്, വിശ്വാസത്തിൻറെയും പ്രത്യാശയുടെയും സന്ദേശം അവൾ അവരെ ഭരമേൽപ്പിച്ചു. ഇക്കാരണത്താലാണ്, ലോകയുവജനസംഗമ സമയത്ത്, ഞാൻ ഫാത്തിമയിലേക്ക്, പ്രത്യക്ഷീകരണ സ്ഥലത്തേക്ക് മടങ്ങിയതും, ആത്മാവിൻറെ രോഗങ്ങളിൽ നിന്ന് ലോകത്തെ സൗഖ്യമാക്കുന്നതിനു വേണ്ടി ഞാൻ രോഗികളായ ഏതാനും ചെറുപ്പക്കാരോടൊപ്പം ദൈവത്തോട് പ്രാർത്ഥിച്ചതും. അഹങ്കാരം, കള്ളം, ശത്രുത, അക്രമം എന്നിവ ആത്മാവിൻറെ രോഗങ്ങളാണ്, ലോകം ഈ രോഗങ്ങളാൽ ബാധിതമാണ്. മറിയത്തിൻറെ ഹൃദയത്തിനുള്ള, വിമലഹൃദയത്തിനുള്ള, നമ്മുടെയും യൂറോപ്പിൻറെയും ലോകത്തിൻറെയും സമർപ്പണം നമ്മൾ നവീകരിച്ചു. ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും നിരവധി യുദ്ധങ്ങൾ നടക്കുന്നതിനാൽ ഞാൻ സമാധാനത്തിനായി പ്രാർത്ഥിച്ചു.

സന്തോഷഭരിതർ ഈ യുവജനം

ലോകത്തിലെ അനകം യുവതീയുവാക്കൾ വലിയആവേശത്തോടെ ലിസ്ബണിൽ എത്തി. ചെറുഗണങ്ങളായി അവരുമായി ഞാൻ കൂടിക്കാഴ്ച നടത്തി, ചിലർ നിരവധി പ്രശ്നങ്ങൾ ഉള്ളവരായിരുന്നു, ഉക്രൈയിൻകാരായ യുവജനങ്ങൾ വേദനാജനകമായ കഥകൾ പേറുന്നവരായിരുന്നു. അതൊരു അവധിക്കാലമോ, ഒരു വിനോദയാത്രയോ, അല്ലെങ്കിൽ ഒരു ആത്മീയ പരിപാടിയോ ആയിരുന്നില്ല; ലോക യുവജന ദിനം ജീവിക്കുന്ന ക്രിസ്തുവുമായി സഭയിലൂടെയുള്ള ഒരു കൂടിക്കാഴ്ചയാണ്, യുവജനങ്ങൾ ക്രിസ്തുവിനെ കാണാൻ പോകുന്നു; ചെറുപ്പക്കാർ ഉള്ളിടത്ത് സന്തോഷമുണ്ട് എന്നത് സത്യമാണ്. ലോകയുവജനദിനത്തോടനുബന്ധിച്ചുള്ള എൻറെ പോർച്ചുഗൽ സന്ദർശനത്തിന് ഈ ഉത്സവാന്തരീക്ഷം പ്രയോജനകരമായി. അതിന് ഞാൻ ദൈവത്തിന് നന്ദിപറയുന്നു. പ്രത്യേകിച്ച് ലിസ്ബണിലെ സഭയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇത്  സംഘടിപ്പിക്കാനും സ്വീകരണമേകാനും നടത്തിയ മഹത്തായ യത്നത്തിന് പകരമായി, അതിന് അപ്പൊസ്തോലികതീക്ഷ്ണതയോടെ വീണ്ടും വല എറിയാനും പുതിയ യാത്ര തുടരാനുമുള്ള നവമായ ഊർജ്ജങ്ങൾ ലഭിക്കും. പോർച്ചുഗലിലെ യുവത ഇപ്പോൾത്തന്നെ ഒരു സുപ്രധാന സാന്നിധ്യമാണ്, ഇപ്പോൾ, ലോകമെമ്പാടുമുള്ള സഭകളിൽ നിന്ന് ലഭിച്ച ഈ "സംക്രമണത്തിനു" ശേഷം, അത് പൂർവ്വാധികമാകും. തങ്ങളുടെ മടക്കയാത്രയിൽ നിരവധി യുവതീയുവാക്കൾ റോമിലൂടെ കടന്നുപോയി, അവരെ നാം ഇപ്പോൾ ഇവിടെയും കാണുന്നു, ഈ ലോകയുവജനദിനത്തിൽ പങ്കെടുത്തവരുമുണ്ട്. ചെറുപ്പക്കാർ ഉള്ളിടത്ത് ശബ്ദകോലാഹലമുണ്ട്, അത് നന്നായി ഉണ്ടാക്കാൻ അവർക്കറിയാം!

യുദ്ധ വേദികൾ

അതിനിടെ, ഉക്രൈയിനിലും മറ്റ് സ്ഥലങ്ങളിലും യുദ്ധം നടക്കുന്നു, ചില നിഗൂഢ മുറികളിൽ യുദ്ധാസൂത്രണം നടക്കുന്നു- യുദ്ധം ഒരുക്കുന്നത് മ്ലേച്ഛമാണ്.  മറ്റൊരു ലോകം സാധ്യമാണെന്ന് ലോകയുവജനസംഗമം എല്ലാവർക്കും കാണിച്ചുതന്നു: അത് എല്ലാ ജനങ്ങളുടെയും പതാകകൾ ഒരുമിച്ച് പാറുന്നതും വിദ്വേഷമില്ലാതെ, ഭയമില്ലാതെ, അടച്ചുപൂട്ടലുകളില്ലാതെ, ആയുധങ്ങളില്ലാതെ  അടുത്തടുത്ത് നില്ക്കുന്ന സഹോദരീസഹോദരന്മാരുടേതുമായ ലോകം ! യുവജനത്തിൻറെ സന്ദേശം സുവ്യക്തമാണ്: "ഭൂമിയിലെ മഹാന്മാർ" അത് ശ്രവിക്കുമോ എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്? ഇതാണോ സമാധാനം ആഗ്രഹിക്കുന്ന യുവത്വത്തിൻറെ ആവേശം? ഇത് നമ്മുടെ കാലത്തിനുള്ള ഒരു ഉപമയാണ്, ഇന്നും യേശു പറയുന്നു: "കാതുള്ളവൻ കേൾക്കട്ടെ! കണ്ണുള്ളവൻ, കാണട്ടെ!". ലോകം മുഴുവനും ഈ യുവജനദിനത്തെ ശ്രവിക്കുമെന്നും മുന്നേറുന്ന യുവതയുടെ ഈ സൗന്ദര്യം കാണുമെന്നും നമുക്കു പ്രതീക്ഷിക്കാം.

കൃതജ്ഞതയുടെ വാക്കുകൾ

പോർച്ചുഗലിനും ലിസ്ബണിനും, എല്ലാ ആഘോഷങ്ങളിലും പങ്കെടുത്ത പോർച്ചുഗലിൻറെ പ്രസിഡൻറിനും മറ്റ് പൗരാധികാരികൾക്കും ഒരിക്കൽ കൂടി എൻറെ നന്ദി അറിയിക്കുന്നു; ലിസ്ബണിലെ പാത്രിയർക്കീസിനും മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷനും ലോകയുവജനദിനാചരണത്തിൻറെ ഏകോപകനായ മെത്രാനും എല്ലാ സഹകാരികൾക്കും സന്നദ്ധ പ്രവർത്തകർക്കും കൃതജ്ഞത അർപ്പിക്കുന്നു. സമാപനദിനത്തിൽ ഞാൻ കൂടിക്കാഴ്ച നടത്തിയ സന്നദ്ധപ്രവർത്തകർ 25,000 ആയിരുന്നുവെന്നത് ഒന്നു ചിന്തിച്ചു നോക്കൂ. എല്ലാവർക്കും നന്ദി. കന്യകാമറിയത്തിൻറെ മദ്ധ്യസ്ഥതയാൽ, കർത്താവ് ലോകമെമ്പാടുമുള്ള യുവജനങ്ങളെയും പോർച്ചുഗീസ് ജനതയെയും അനുഗ്രഹിക്കട്ടെ. മാതാവ് പോർച്ചുഗലിലെ ജനങ്ങളെ അനുഗ്രഹിക്കുന്നതിനായി അവളോട് നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം. 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി. തദ്ദനന്തരം പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സ്ലൊവേനിയയിലെയും ജോർജിയയിലെയും പ്രകൃതി ദുരന്തങ്ങൾ

ഇക്കഴിഞ്ഞ ദിനങ്ങളിൽ സ്ലൊവേനിയയിലും ജോർജിയയിലും അനേകരുടെ മരണത്തിനിടയാക്കുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത പ്രകൃതിദുരന്തം മൂലം വേദനിക്കുന്നവരെ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ അനുസ്മരിച്ചു. ഈ ദുരന്തങ്ങൾക്ക് ഇരകളായവർക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും അവരുടെ കുടുംബങ്ങളുടെയും ഈ ദുരന്തങ്ങളാൽ യാതനകളനുഭവിക്കുന്ന എല്ലാവരോടെയും ചാരെ താൻ ആത്മീയമായി സന്നിഹിതനാണെന്നും പാപ്പാ അറിയിക്കുകയും അവർക്ക് സഹായം നല്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച്, സന്നദ്ധപ്രവർത്തകർക്ക്, നന്ദി പറയുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. യൂറോപ്പിൻറെ സഹ സ്വർഗ്ഗീയ സംരക്ഷകയും കന്യകയും രക്തസാക്ഷിയുമായ കുരിശിൻറെ വിശുദ്ധ തെരേസ ബെനഡിക്റ്റിൻറെ അഥവാ എഡിറ്റ സ്റ്റെയിൻറെ ഓർമ്മ അനുവർഷം ആഗസ്റ്റ് 9-ന് ആചരിക്കപ്പെടുന്നത്  അനുസ്മരിച്ച പാപ്പാ അവളുടെ സാക്ഷ്യം ജനതകൾ തമ്മിലുള്ള സംഭാഷണത്തിനും സാഹോദര്യത്തിനും വേണ്ടിയും എല്ലാത്തരം അക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരായുമുള്ള പ്രതിബദ്ധതയ്ക്ക് പ്രചോദനമാകട്ടയെന്ന് ആശംസിച്ചു. ഉക്രൈയിനിലെ പ്രിയപ്പെട്ട ജനങ്ങളെ ഈ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യത്തിന് പാപ്പാ ഭരമേൽപ്പിക്കുകയും, അവർ എത്രയും വേഗം സമാധാനം വീണ്ടും കണ്ടെത്തട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2023, 13:24

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >