തിരയുക

പാപ്പാ: തിന്മകളുടെ ശക്തികളെ കാൽക്കീഴിലാക്കുന്ന യേശു!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ വിചിന്തനം- യേശു എന്തുകൊണ്ട് വെള്ളത്തിനു മുകളിലൂടെ നടന്നു?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ വേനൽക്കാലാവധി അതിൻറെ മൂർദ്ധന്യാവസ്ഥ പ്രാപിച്ചിരിക്കുന്ന വേളയാണ് ഇപ്പോൾ. റോം നിവാസികൾ റോമാപുരിക്ക് പുറത്തേക്കും തീർത്ഥാടകരും വിനോദസഞ്ചാരികളും റോമിനകത്തേക്കും പ്രവഹിക്കുന്നതിൻറെ ശക്തി വർദ്ധമാനമാകുന്ന സമയം. വേനലവധയാണെങ്കിലും ഫ്രാൻസീസ് പാപ്പാ പതിവു പോലെ, ഈ  ഞായറാഴ്ചയും (13/08/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനായി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദം കരഘോഷമായും ആരവങ്ങളായും ചത്വരത്തിൽ അലതല്ലി.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുത്തുന്നത്.

ഈ ഞായറാഴ്ച (13/08/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം പതിനാലാം അദ്ധ്യായം, 22-33 വരെയുള്ള വാക്യങ്ങൾ (മത്തായി 14,22-33) അതായത്, യേശു കടലിനു മീതെ നടക്കുന്നതും ഭൂതമാണെന്നു കരുതി ശിഷ്യന്മാർ ഭയപ്പെടുന്നതും അവിടന്ന് വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിക്കുന്നതുമായ സംഭവവിവരണം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ വിവർത്തനം :

 യേശു വെള്ളത്തിനു മീതെ നടക്കാനുള്ള കാരണം എന്ത്? 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് സുവിശേഷം യേശു ചെയ്ത ഒരു പ്രത്യേക അത്ഭുത സംഭവം വിവരിക്കുന്നു: വഞ്ചിയിൽ യാത്ര ചെയ്യുകയായിരുന്ന ശിഷ്യന്മാരുടെയടുത്തേക്കു യേശു ഗലീലി തടാകത്തിലെ വെള്ളത്തിനു മുകളിലൂടെ നടന്നുവരുന്നു (മത്തായി 14:22-33). നമുക്ക് സ്വയം ചോദിക്കാം: എങ്ങനെയാണ് യേശു ഇത് ചെയ്തത്? ഒരു പ്രകടനം എന്ന പോലെയാണോ? അല്ല! എന്നാൽ എന്തുകൊണ്ട് അങ്ങനെ ചെയ്തു? ഒരുപക്ഷേ, അടിയന്തിരവും ആകസ്മികവുമായ ഒരു ആവശ്യം കൊണ്ടാണോ, പ്രതുകൂലമായ കാറ്റുമൂലം പ്രതിസന്ധിയിലായ സ്വശിഷ്യരെ സഹായിക്കാനാണോ? അല്ല, കാരണം എല്ലാം ആസൂത്രണം ചെയ്തത് അവിടന്നാണ്, വൈകുന്നേരം പോകാൻ അവരെ പ്രേരിപ്പിച്ചത് പോലും – സുവിശേഷം പറയുന്നത് - "അവരെ നിർബന്ധിച്ചു" എന്നാണ് (മത്തായി 14, 22 കാണുക). ഒരുപക്ഷേ അവർക്ക് മഹത്വവും ശക്തിയും കാണിച്ചുകൊടുക്കാനാണോ? എന്നാൽ ഇത് അവന് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ പിന്നെ എന്തിനാണ് അവൻ അത് ചെയ്തത്? എന്തുകൊണ്ടാണ് അവൻ വെള്ളത്തിനു മുകളിലൂടെ നടക്കാൻ അഭിലഷിച്ചത്?

ഈ അത്ഭുതം നല്കുന്ന സന്ദേശം 

വെള്ളത്തിന് മുകളിലൂടെ നടക്കുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു സന്ദേശമുണ്ട്, നാം മനസ്സിലാക്കേണ്ട ഒരു സന്ദേശം. അക്കാലത്ത്, വാസ്തവത്തിൽ, വലിയ ജലവിതാനങ്ങൾ മനുഷ്യന് നിയന്ത്രിക്കാൻ കഴിയാത്ത ദുഷ്ടശക്തികളുടെ ഇരിപ്പിടങ്ങളായി കണക്കാക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച്, കൊടുങ്കാറ്റു മൂലം പ്രക്ഷുബ്ധമായവയെങ്കിൽ, അഗാധങ്ങൾ അരാജകത്വത്തിൻറെ പ്രതീകമായിരുന്നു, പാതാളത്തിലെ അന്ധകാരത്തെ ഓർമ്മിപ്പിക്കുന്നവയായിരുന്നു. ഇപ്പോൾ, ശിഷ്യന്മാർ തടാകത്തിൻറെ നടുവിൽ അന്ധകാരത്തിലാണ്: മുങ്ങിപ്പോകുമെന്ന, തിന്മയുടെ ചുഴിയിൽപ്പെടുമെന്ന ഭയം അവർക്കുണ്ട്. ഇവിടെ ഇതാ യേശു, വെള്ളത്തിന് മുകളിലൂടെ, അതായത്, തിന്മയുടെ ശക്തികൾക്ക് മീതെ നടന്നുകൊണ്ട് എത്തുന്നു. അവൻ തിന്മയുടെ ശക്തികൾക്കു മുകളിലൂടെ നടന്നുകൊണ്ട് തൻറെ അനുയായികളോട് പറയുന്നു: "ധൈര്യമായിരിക്കുവിൻ, ഇത് ഞാനാണ്, ഭയപ്പെടേണ്ട!" (മത്തായി 14,27). ഇതെല്ലാം യേശു നമുക്ക് നൽകുന്ന സന്ദേശമാണ്. ഈ അടയാളത്തിൻറെ അർത്ഥം ഇതാണ്: നമ്മെ ഭയപ്പെടുത്തുന്നതും നമുക്ക് നിയന്ത്രിക്കാനാകാത്തതുമായ ദുഷ്ടശക്തികൾ യേശുസാന്നിധ്യത്തിൽ ഉടൻ കുറയുന്നു. വെള്ളത്തിന് മുകളിലൂടെ നടന്നുകൊണ്ട് അവിടന്ന് നമ്മോട് പറയാൻ ആഗ്രഹിക്കുന്നു: "ഭയപ്പെടേണ്ട, നിൻറെ ശത്രുക്കളെ ഞാൻ കാൽക്കീഴിലാക്കും" - മനോഹരമായ ഒരു സന്ദേശം: " നിൻറെ ശത്രുക്കളെ ഞാൻ കാൽക്കീഴിലാക്കും" -: ആളുകളെയല്ല!, അവരല്ല ശത്രുക്കൾ, മറിച്ച്, മരണം, പാപം, പിശാച് - ഇവയാണ് ജനങ്ങളുടെ വൈരികൾ, നമ്മുടെ ശത്രുക്കൾ. യേശു ഈ ശത്രുക്കളെ നമുക്കുവേണ്ടി ചവിട്ടിമെതിക്കുന്നു.

യേശു നമ്മോടും ആവർത്തിക്കുന്നു - ധൈര്യമായിരിക്കുക

ഇന്ന് ക്രിസ്തു നാമോരോരുത്തരോടും ആവർത്തിക്കുന്നു: "ധൈര്യമായിരിക്കുവിൻ, ഇത് ഞാനാണ്, ഭയപ്പെടേണ്ട!". ധൈര്യമായിരിക്കുക, കാരണം, ഞാനുണ്ട്, ജീവിതത്തിൻറെ കലങ്ങിമറിഞ്ഞ ജലത്തിൽ നീ ഇനി തനിച്ചല്ല. ആകയാൽ, തുറന്ന കടലിലും പ്രതികൂലമായ കാറ്റിൻറെ പിടിയിലും നാം ആയിപ്പോകുമ്പോൾ നാം എന്തുചെയ്യണം? തുറന്ന കടലിലാകുകയും ഇരുട്ട് മാത്രം കാണുകയും വഴിതെറ്റിയതായി തോന്നുകയും ചെയ്യുമ്പോഴുള്ള ഭയത്തിൽ എന്തുചെയ്യണം? സുവിശേഷത്തിൽ ശിഷ്യന്മാർ ചെയ്യുന്ന രണ്ടു കാര്യങ്ങൾ നാം ചെയ്യണം. ശിഷ്യന്മാർ ചെയ്യുന്നതെന്താണ്? : അവർ യേശുവിനെ വിളിച്ചപേക്ഷിക്കുകയും അവിടത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഏറ്റവും മോശമായ, ഇരുണ്ടതായ, കൊടുങ്കാറ്റുള്ള നിമിഷങ്ങളിൽ, യേശുവിനെ വിളിച്ചപക്ഷിക്കുകയും യേശുവിനെ സ്വാഗതം ചെയ്യുകയും ചെയ്യുക.

യേശുവിനെ വിളിച്ചു കരയുന്ന ശിഷ്യന്മാർ 

ശിഷ്യന്മാർ യേശുവിനെ വിളിച്ചപേക്ഷിക്കുന്നു: പത്രോസ് വെള്ളത്തിന് മുകളിലൂടെ യേശുവിൻറെ അടുത്തേക്ക് അൽപ്പം നടക്കുന്നു, പക്ഷേ ഭയന്ന് മുങ്ങാൻ തുടങ്ങുകയും അപ്പോൾ നിലവിളിക്കുകയും ചെയ്യുന്നു: "കർത്താവേ, എന്നെ രക്ഷിക്കണേ!" (മത്തായി 14, 30). യേശുവിനെ വിളിച്ചപേക്ഷിക്കുകയാണ്, യേശുവിനെ വിളിക്കുകയാണ്. ഈ പ്രാർത്ഥന മനോഹരമാണ്, കർത്താവിന് നമ്മെ രക്ഷിക്കാൻ കഴിയുമെന്നും നമ്മുടെ തിന്മയെയും നമ്മുടെ ഭയങ്ങളെയും അവൻ തരണം ചെയ്യുമെന്നുമുള്ള ഉറപ്പ് അതിലൂടെ പ്രകടിപ്പിക്കുന്നു. ഇപ്പോൾ എല്ലാവരും ഒരുമിച്ച് ആ പ്രാർത്ഥന ആവർത്തിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്: കർത്താവേ, എന്നെ രക്ഷിക്കണേ! ഒരുമിച്ച്, മൂന്ന് തവണ: കർത്താവേ എന്നെ രക്ഷിക്കണേ, കർത്താവേ എന്നെ രക്ഷിക്കണേ, കർത്താവേ എന്നെ രക്ഷിക്കണേ!

യേശുവിനെ വള്ളത്തിൽ സ്വീകരിക്കുന്ന ശിഷ്യന്മാർ 

തുടർന്ന് ശിഷ്യന്മാർ യേശുവിനെ സ്വീകരിക്കുന്നു. ആദ്യം അവർ വിളിച്ചപേക്ഷിക്കുന്നു, പിന്നെ അവർ യേശുവിനെ വഞ്ചിയിൽ സ്വീകരിക്കുന്നു. അവൻ വള്ളത്തിൽ കയറിയ ഉടനെ "കാറ്റ് ശമിച്ചു" (വാക്യം 32) എന്ന് സുവിശേഷം പറയുന്നു. സഭാനൗകയെ പോലെ ജീവിതനൗകയും പ്രതികൂല കാറ്റിൻറെ ഭീഷണിയിലാണെന്നും നമ്മൾ സഞ്ചരിക്കുന്ന കടൽ പലപ്പോഴും പ്രക്ഷുബ്ധമാണെന്നും കർത്താവിന് അറിയാം. വഞ്ചിതുഴയുകയെന്ന ആയാസകരമായ ദൗത്യത്തിൽ നിന്ന് അവൻ നമ്മെ ഒഴിവാക്കുന്നില്ല, നേരെമറിച്ച് - സുവിശേഷം അടിവരയിട്ടു പറയുന്നു – തൻറെ ശിഷ്യരെ പുറപ്പെടാൻ നിർബന്ധിക്കുന്നു: അതായത്, ബുദ്ധിമുട്ടുകളെ നേരിടാൻ അവൻ നമ്മെ ക്ഷണിക്കുന്നു, അങ്ങനെ അവയും രക്ഷയുടെ സങ്കേതങ്ങളായി മാറുന്നു, കാരണം യേശു അവയെ ജയിക്കുന്ന, അവ അവനെ കണ്ടുമുട്ടാനുള്ള അവസരങ്ങളായി മാറുന്നു. വാസ്തവത്തിൽ, തടാകത്തിലെ ആ രാത്രി പോലെ,  നമ്മുടെ ഇരുണ്ട നിമിഷങ്ങളിൽ, അവിടന്ന്,  തന്നെ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നമ്മെ കാണാൻ വരുന്നു.

നമ്മുടെ അവസ്ഥ എന്ത്?

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ഭയങ്ങളിൽ, ബുദ്ധിമുട്ടുകളിൽ, ഞാൻ എങ്ങനെ പെരുമാറും? ഞാൻ ഒറ്റയ്ക്ക്, എൻറെ ശക്തികളിൽ ആശ്രയിച്ച് മുന്നോട്ട് പോകുമോ, അതോ വിശ്വാസത്തോടെ ഞാൻ കർത്താവിനെ വിളിക്കുമോ? പിന്നെ എൻറെ വിശ്വാസത്തിൻറെ അവസ്ഥ എങ്ങനെയാണ്? തിരമാലകളേക്കാളും പ്രതികൂല കാറ്റുകളേക്കാളും ശക്തനാണ് ക്രിസ്തുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? എന്നാൽ എല്ലാറ്റിനുമുപരിയായി: ഞാൻ അവനോടൊപ്പം വഞ്ചിയിൽ യാത്രചെയ്യുകയാണോ? ഞാൻ അവനെ സ്വീകരിക്കുന്നുണ്ടോ എൻറെ ജീവിതനൗകയിൽ ഞാൻ അവന് ഇടം നല്കുമോ - ഒരിക്കലും തനിച്ചല്ല, എപ്പോഴും യേശുവിനൊപ്പം -ചുക്കാൻ ഞാൻ അവനെ ഭരമേൽപ്പിക്കുമോ?

യേശുവിൻറെ അമ്മയും സമുദ്രതാരവുമായ മറിയം, ഇരുളടഞ്ഞ യാത്രകളിൽ യേശുവിൻറെ വെളിച്ചം തേടാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

മദ്ധ്യധരണ്യാഴി യാന ദുരന്തം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്ധ്യധരണ്യാഴിയിൽ മറ്റൊരു ദാരുണമായ കപ്പൽ തകർച്ചയുണ്ടായതും നാൽപ്പത്തിയൊന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതും പാപ്പാ ആശീർവ്വാദാനന്തരം വേദനയോടെ അനുസ്മരിച്ചു. താൻ അവർക്കുവേണ്ടി പ്രാർത്ഥിച്ചുവെന്നു പാപ്പാ വെളിപ്പെടുത്തി.  ഈ വർഷത്തിൻറെ തുടക്കം മുതൽ നാളിതുവരെ യൂറോപ്പിലെത്തിച്ചേരാൻ ശ്രമിച്ചവരിൽ സ്ത്രീപുരുഷന്മാരും കുട്ടികളുമുൾപ്പടെ രണ്ടായിരത്തോളം പേർ ഈ കടലിൽ മരണമടഞ്ഞുവെന്ന് വേദനയോടും ഒപ്പം ലജ്ജയോടുംകൂടി പറയേണ്ടിവരുന്നു എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി,

ഈ ദുരന്തങ്ങൾ മാനവരാശിയുടെ തുറന്ന മുറിവാണന്ന് പാപ്പാ പറഞ്ഞു. ഐക്യദാർഢ്യത്തിൻറെയും സാഹോദര്യത്തിൻറെയും മനോഭാവത്തിൽ അതിനെ സുഖപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾക്കും, അതുപോലെതന്നെ യാനദുരന്തങ്ങൾ തടയുന്നതിനും കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനും പ്രവർത്തിക്കുന്ന എല്ലാവരുടെയും പ്രതിബദ്ധതയ്ക്കും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

കാമറൂണിനു വേണ്ടി സമാധാന തീർത്ഥാടനം

സ്വർഗ്ഗാരോപിതനാഥയുടെ തിരുനാളിൻറെ തലേന്ന്, അതായത് ആഗസ്റ്റ് 14-ന് തിങ്കളാഴ്ച (14/08/23) കാമറൂണിലെ ബഫൗസ്സൗമിൽ ഒരു സമാധാനതീർത്ഥാടനം സംഘടിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഇപ്പോഴും അക്രമത്തിൻറെയും യുദ്ധത്തിൻറെയും വേദിയായിരിക്കുന്ന കാമറൂണിനു വേണ്ടി  സമാധാനം യാചിക്കുന്നതിനാണ് ഈ തീർത്ഥാടനം എന്നും പാപ്പാ പറഞ്ഞു.

കാമറൂണിലെ സഹോദരങ്ങളോടൊപ്പം ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ, അന്നാട്ടിൽ, വർഷങ്ങളായി കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ പ്രത്യാശ പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യം വഴി ദൈവം അങ്ങനെ നിലനിർത്തുകയും ഐക്യത്തിലേക്കും സമാധാനത്തിലേക്കും എത്തിച്ചേരാനുള്ള സംഭാഷണത്തിൻറെ വഴികൾ തുറക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

ഉക്രൈയിനും ഹവായി ദ്വീപിനും വേണ്ടി പ്രാർത്ഥന

യുദ്ധം മൂലം വളരെയധികം കഷ്ടപ്പെടുന്ന ഉക്രൈയിനുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഹവായ് ദ്വീപസമൂഹത്തിലെ മൗയി ദ്വീപിനെ വിഴുങ്ങിയ അഗ്നിബാധയ്ക്ക് ഇരകളായവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു. തുടർന്നു പാപ്പാ റോമാക്കാരും വിവിധ രാജ്യക്കാരുമായ തീർത്ഥാടകരെയും ലിസ്ബണിലെ യുവജന ദിനത്തിൽ പങ്കെടുത്ത ചില സംഘങ്ങളെയും അഭിവാദ്യം ചെയ്തു. ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 12:01

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >