തിരയുക

പാപ്പാ: മനോഭാവ മാറ്റത്തിനുള്ള സന്നദ്ധതയും വിശ്വാസത്തിൽ അന്തർലീനമായ നിർബന്ധബുദ്ധിയും !

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: കാനാൻകാരിയുടെ നിർബന്ധബുദ്ധിയിൽ ആവിഷ്കൃതമാകുന്ന വിശ്വാസവും, അവളുടെ നിർബന്ധത്തിനു മുന്നിൽ മനോഭാവത്തിൽ മാറ്റം വരുത്തുന്ന യേശുവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ വേനൽക്കാല സൂര്യതാപത്തിന് ഇടയ്ക്കൊരു ശമനം ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും ഉഷ്ണം കൂടിവരുന്നു. റോമിൽ അവധിക്കാലാന്തരീക്ഷം വളരെ പ്രകടമാണ്. കടകളും പല കാര്യാലയങ്ങളും അടഞ്ഞുകിടക്കുന്നു. ഗതാഗതത്തിരക്കു കുറഞ്ഞിരിക്കുന്നു. ആകയാൽ, ഫ്രാൻസീസ് പാപ്പാ പതിവു പോലെ, ഈ  ഞായറാഴ്ചയും (20/08/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനായി എത്തിയിരുന്നവരുടെ എണ്ണത്തിലും പ്രകടമായ കുറവ് കാണാമായിരുന്നു.  പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന വിവിധ രാജ്യക്കാരായിരുന്ന വിശ്വാസികളിൽ പലരും പൊരിവെയിലിൽ നിന്നു രക്ഷനേടുന്നതിന് കുടകൾ ചൂടിയിരുന്നു. മറ്റു ചിലർ സ്തംഭാവലിക്കിടയിൽ അഭയം തേടിയിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയം കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുത്തുന്നത്.

ഈ ഞായറാഴ്ച (20/08/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം പതിനഞ്ചാം അദ്ധ്യായം, 21-28 വരെയുള്ള വാക്യങ്ങൾ (മത്തായി 15:21-28) അതായത്, പിശാചുബാധിതയായ തൻറെ മകളെ സുഖപ്പെടുത്തണമെന്ന യാചനയുമായി യേശുവിൻറെ പക്കലെത്തിയ കാനാൻകാരിയുടെ വിശ്വാസത്തെ അവിടന്നു പ്രകീർത്തിക്കുന്നതും അവളുടെ മകൾക്ക് സൗഖ്യമേകുന്നതുമായ സുവിശേഷ സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  പ്രഭാഷണത്തിൻറെ വിവർത്തനം:

യേശുവും കാനാൻകാരിയും തമ്മിലുള്ള കൂടിക്കാഴ്ച 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇസ്രായേലിൻറെ അതിർത്തിക്കു പുറത്തുവച്ച് യേശു കാനാൻകാരിയായ സ്ത്രീയുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് (മത്തായി 15:21-28) ഇന്ന് സുവിശേഷം വിവരിക്കുന്നത്. പിശാചിനാൽ പീഡിപ്പിക്കപ്പെടുന്ന തൻറെ മകളെ മോചിപ്പിക്കാൻ അവൾ അവിടത്തോട് ആവശ്യപ്പെടുന്നു, പക്ഷേ കർത്താവ് അവളെ ചെവിക്കൊണ്ടില്ല. അവൾ നിർബന്ധിക്കുന്നു, അവളെ ശ്രിവിക്കണമെന്ന് ശിഷ്യന്മാർ അവിടത്തോട് പറയുന്നു, എന്നാൽ തൻറെ ദൗത്യം ഇസ്രായേൽ മക്കളെ ഉദ്ദേശിച്ചുള്ളതാണെന്ന് വിശദീകരിച്ചു കൊണ്ട്, യേശു ഈ സാദൃശ്യം ഉപയോഗിക്കുന്നു: "മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല". ധൈര്യശാലിയായ സ്ത്രീ പ്രത്യുത്തരിക്കുന്നു: "അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നണ്ടല്ലോ." അപ്പോൾ യേശു അവളോട് പറഞ്ഞു: "സ്ത്രീയേ, നിൻറെ വിശ്വാസം വലുതാണ്! നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ." ആ സമയം മുതൽ അവളുടെ മകൾ സൗഖ്യമുള്ളവളായി” (മത്തായി 15, 26-28 കാണുക). ഇത് മനോഹരമായ കഥയാണ്! ഇത് യേശുവിന് സംഭവിച്ചതാണ്.

യേശുവിൻറെ മനോഭാവ മാറ്റം

തൻറെ മനോഭാവം യേശു മാറ്റുന്നതായി നാം കാണുന്നു, ആ സ്ത്രീയുടെ വിശ്വാസത്തിൻറെ ശക്തിയാണ് ഈ മനോഭാവമാറ്റത്തിന് അവിടത്തെ പ്രേരിപ്പിക്കുന്നത്. ആകയാൽ നമുക്ക് ഈ രണ്ട് വശങ്ങളെക്കുറിച്ച് ഹ്രസ്വമായി ചിന്തിക്കാം: അതായത് യേശുവിൻറെ മാറ്റവും സ്ത്രീയുടെ വിശ്വാസവും.

യേശുവിൻറെ മാറ്റം: തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സംബോധന ചെയ്യുകയായിരുന്നു യേശു; പിന്നീട്, പരിശുദ്ധാത്മാവ് സഭയെ ലോകത്തിൻറെ അതിരുകളിലേക്ക് തള്ളിവിടുമായിരുന്നു. എന്നാൽ ഇവിടെ, അതിൻറെ ഒരു മുന്നാസ്വാദനം നടക്കുന്നുവെന്ന് നമുക്കു പറയാൻ സാധിക്കും. കാനാൻകാരി സ്ത്രീയുടെ സംഭവത്തിൽ, ദൈവത്തിൻറെ പ്രവർത്തനത്തിൻറെ സാർവ്വത്രികത ഇപ്പോൾത്തന്നെ പ്രകടമാകുന്നു. ആ സ്ത്രിയുടെ അഭ്യർത്ഥനയ്ക്കു മുന്നിൽ യേശുവിൻറെ ഈ തുറവ് ശ്രദ്ധേയമാണ്. അവിടന്ന് പദ്ധതി മുൻകൂട്ടി അവതരിപ്പിക്കുന്നു. അവളുടെ യഥാർത്ഥ പ്രശ്നത്തിനു മുന്നിൽ അവിടന്ന് ഉപരി ദയയയുള്ളവനും കരുണാർദ്രനുമായിത്തീരുന്നു. ദൈവം അങ്ങനെയാണ്:  അവൻ സ്നേഹമാണ്, സ്നേഹിക്കുന്നവൻ കർക്കശക്കാരനായി നിലകൊള്ളില്ല. അവൻ ദൃഢചിത്തനായിരിക്കും എന്നാൽ മർക്കടമുഷ്ടി ഉള്ളവനാകില്ല. അവൻ സ്വന്തം നിലപാടുകളിൽ കർക്കശനായി നിലകൊള്ളില്ല, മറിച്ച് മാറ്റത്തിനും ഹൃദയസ്പർശനത്തിനും സ്വയം വിട്ടുകൊടുക്കുന്നു; സ്വന്തം പദ്ധതികൾ എങ്ങനെ മാറ്റണമെന്ന് അവനറിയാം. സ്നേഹം സർഗ്ഗാത്മകമാണ്, ക്രിസ്ത്യാനികളായ നമ്മൾ ക്രിസ്തുവിനെ അനുകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, മാറ്റത്തിന് സന്നദ്ധരായിരിക്കാൻ ക്ഷണിക്കപ്പെടുന്നു. യേശു കാനാൻകാരി സ്ത്രീയോട് ചെയ്തതുപോലെ, നമ്മളും അനുകമ്പയുടെയും മറ്റുള്ളവരുടെ നന്മയുടെയും പേരിൽ, വിധേയത്വമുള്ളവരും ശ്രവണസന്നദ്ധരും സൗമ്യരും ആയിത്തീരുന്നത്  നമ്മുടെ ബന്ധങ്ങളിൽ മാത്രമല്ല, വിശ്വാസജീവിതത്തിലും എത്രമാത്രം ഗുണം ചെയ്യുന്നു. പരിവർത്തനത്തിനുള്ള വിധേയത്വം. മാറ്റത്തിന് സന്നദ്ധമായ ഹൃദയങ്ങൾ.

കാനാൻകാരിയുടെ വിശ്വാസം

"മഹത്തരം" (മത്തായി 15,28) എന്ന് പറഞ്ഞുകൊണ്ട് കർത്താവ് പുകഴ്ത്തുന്ന സ്ത്രീയുടെ വിശ്വാസം നമുക്ക് നോക്കാം. അവളുടെ നിർബന്ധം മാത്രമാണ് ശിഷ്യന്മാർക്ക് വലുതായി തോന്നുന്നത്, എന്നാൽ യേശുവാകട്ടെ വിശ്വാസം ആണ് കാണുന്നത്. നമ്മൾ ചിന്തിക്കുകയാണെങ്കിൽ, പരദേശിയായ ആ സ്ത്രീക്ക് ഒരു പക്ഷെ, ഇസ്രായേലിൻറെ മതനിയമങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ, അല്ലെങ്കിൽ, ഒന്നും അറിയുമായിരുന്നില്ല. അപ്പോൾ അവളുടെ വിശ്വാസം എന്തിൽ അടങ്ങിയിരിക്കുന്നു? അവളുടെ വിശ്വാസം ആശയങ്ങളാലല്ല, പ്രത്യുത, വസ്തുതകളാലാണ് സമ്പന്നമായിരിക്കുന്നത്.: കാനാൻകാരി സ്ത്രീ യേശുവിനെ സമീപിക്കുന്നു, സാഷ്ടാംഗം പ്രണമിക്കുന്നു, ശഠിക്കുന്നു, യേശുവിനോട് ആത്മാർത്ഥ സംഭാഷണം നടത്തുന്നു, അവനോട് സംസാരിക്കുന്നതിന് എല്ലാ തടസ്സങ്ങളെയും തരണം ചെയ്യുന്നു. ഇതാണ് വിശ്വാസത്തിൻറെ മൂർത്തത,  അത് ഒരു മതപരമായ  മേൽവിലാസക്കുറിയല്ല, മറിച്ച് കർത്താവുമായുള്ള വ്യക്തിപരമായ ബന്ധമാണ്. വിശ്വാസത്തെ ഒരു മേൽവിലാസക്കുറിയായുമായി കൂട്ടിക്കുഴയ്ക്കാനുള്ള പ്രലോഭനത്തിൽ നാം എത്ര തവണ വീഴുന്നു! സ്ത്രീയുടെ വിശ്വാസം ദൈവശാസ്ത്രപരമായ ഉപചാരങ്ങളാലുള്ളതല്ല, മറിച്ച് നിർബന്ധത്താൽ തീർക്കപ്പെട്ടതാണ്: വാതിലിൽ മുട്ടുന്നു, വീണ്ടും വീണ്ടും മുട്ടുന്നു; അത് വാക്കുകളാൽ ഉള്ളതല്ല, പ്രാർത്ഥനയാൽ തീർക്കപ്പെട്ടതാണ്. പ്രാർത്ഥന തന്നിലേക്കുയരുമ്പോൾ ദൈവത്തിന് ചെറുത്തുനില്ക്കാനാകില്ല. അതുകൊണ്ടാണ് അവിടന്നു പറഞ്ഞത്: "ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ, നിങ്ങൾക്ക് തുറന്നുകിട്ടും" (മത്തായി 7:7).

ആത്മശോധന

സഹോദരീ സഹോദരന്മാരേ, ഇതിൻറെയെല്ലാം വെളിച്ചത്തിൽ ചില ചോദ്യങ്ങൾ നമുക്ക് സ്വയം ചോദിക്കാം. ഉദാഹരണത്തിന്  യേശുവിൻറെ മാറ്റത്തിൽ തുടങ്ങാം: എൻറെ അഭിപ്രായം മാറ്റാൻ എനിക്ക് കഴിയുമോ? എനിക്ക് മനസ്സിലാക്കാൻ കഴിയുമോ, എനിക്ക് അനുകമ്പയുള്ളവനായിരിക്കാൻ കഴിയുമോ, അതോ ഞാൻ എൻറെ നിലപാടുകളിൽ ഉറച്ചു നിൽക്കുമോ? എൻറെ ഹൃദയത്തിൽ എന്തെങ്കിലും കാഠിന്യം ഉണ്ടോ? അത് നിശ്ചയദാർഢ്യമല്ല: കാർക്കശ്യം മോശമാണ്, എന്നാൽ നിശ്ചയദാർഢ്യം നല്ലതാണ്. ഇനി സ്ത്രീയുടെ വിശ്വാസത്തിൽ നിന്ന് തുടങ്ങുകയാണെങ്കിൽ: എൻറെ വിശ്വാസം എങ്ങനെയുണ്ട്? അത് ആശയങ്ങളിലും വാക്കുകളിലും നില്ക്കുകയാണോ, അതോ അത് പ്രാർത്ഥനയും പ്രവൃത്തിയും വഴി യഥാർത്ഥത്തിൽ  ജീവിക്കുന്നതാണോ? കർത്താവുമായി സംവാദം നടത്താൻ എനിക്കറിയാമോ, അവനോട് നിർബന്ധം പിടിക്കാൻ എനിക്കറിയാമോ, അതോ മനോഹരമായ എന്തെങ്കിലും സൂത്രവാക്യം ചൊല്ലുന്നതിൽ ഞാൻ സംതൃപ്തിയടയുകയാണോ? ദൈവമാതാവ് നമ്മെ നന്മ ചെയ്യാൻ സന്നദ്ധരും വിശ്വാസത്തിൽ സമൂർത്തരുമാക്കി മാറ്റട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നൈജറിനും ഇതര യുദ്ധബാധിത പ്രദേശങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക

ആഫ്രിക്കൻനാടായ നൈജറിൽ സൈനിക അട്ടിമറിയെ തുടർന്ന് ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ തനിക്കുള്ള ആശങ്ക  പാപ്പാ ആശീർവ്വാദാനന്തരം  അറിയിച്ചു.

നൈജറിലെ സംഭവവികാസങ്ങളെ താൻ ഉത്ക്കണ്ഠയോടെയാണ് പിൻചെല്ലുന്നതെന്നു പറഞ്ഞ പാപ്പാ, അന്നാടിൻറെ സമാധാനത്തിനും സാഹേൽ മേഖലയുടെ സുസ്ഥിരതയ്ക്കും വേണ്ടി മെത്രാന്മാർ നടത്തുന്ന അഭ്യർത്ഥനയിൽ താനും ഒന്നുചേരുന്നുവെന്ന് വെളിപ്പെടുത്തി. എല്ലാവരുടെയും നന്മയ്‌ക്കായി എത്രയും വേഗം സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിൻറെ പരിശ്രമങ്ങൾക്ക് തൻറെ പ്രാർത്ഥനാപൂർവ്വമായ പിന്തുണ പാപ്പാ അറിയിക്കുകയും ചെയ്തു.നൈജറിലെ ജനങ്ങൾക്കും അതുപോലെതന്നെ, യുദ്ധവും അക്രമവുംമൂലം മുറിവേറ്റ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ഉക്രൈയിനും സമാധനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

റോമാക്കാരും, വിവിധരാജ്യങ്ങളിൽ നിന്നെത്തിയിരുന്നവരുമായ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ റോമിലെ വടക്കെ അമേരിക്കൻ കോളേജിലെ സെമിനാരിക്കാർക്ക് നല്ലൊരു വൈദികപരിശീലനയാത്ര നേർന്നു. സമൂഹത്തിൻറെ അരികുകളിൽ ജീവിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് സുവിശേഷത്തിൻറെ പ്രത്യാശ എത്തിച്ചുകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയിലെ റെയിൽവേ സ്റ്റേഷനുകളിലൂടെ “വെളിച്ചത്തിൻറെ വഴി” അഥവാ, “വിയ ലൂചിസ്” ആഗസ്റ്റ് 20 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന “തൂക്കും” (Tucum) പദ്ധതിയിലെ അംഗങ്ങളായ യുവതയെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.  ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2023, 12:11

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >