തിരയുക

പാപ്പാ: ആർദ്രതയുടെ മുദ്രയും സ്നേഹോഷ്മളതയും പേറുന്ന പരിശുദ്ധാത്മ സ്വനം !

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ച (14/05/23) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനായി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. ഈ ഞായറാഴ്ച (14/05/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പതിനാലാം അദ്ധ്യായം, 15 മുതൽ 21 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 14,1-12) അതായത്, യേശു ശിഷ്യന്മാർക്ക് ഒരു സഹായകനെ വാഗ്ദാനം ചെയ്യുന്ന ഭാഗം ആയിരുന്നു പാപ്പാ  മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പ്, നടത്തിയ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ പങ്കുവച്ച ചിന്തകളുടെ പരിഭാഷ :

സഹായകൻ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഉയിർപ്പുകാലത്തിലെ ആറാമത്തെ ഞായറാഴ്ചയായ ഇന്നത്തെ സുവിശേഷം,  യേശു “പരാക്ലീത്ത” (യോഹന്നാൻ 14:15-17 കാണുക)  എന്ന് വിളിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. പാരാക്ലീത്ത എന്നത് ഗ്രീക്ക് ഭാഷയിൽ നിന്നു വന്ന ഒരു പദമാണ്, അതിന്, ഒരേസമയം, ആശ്വാസകൻ വക്താവ് എന്നീ അർത്ഥങ്ങൾ ഉണ്ട്. അതായത്, പരിശുദ്ധാത്മാവ് നമ്മെ ഒരിക്കലും തനിച്ചാക്കുന്നില്ല, പ്രതിയുടെ പക്ഷത്തു നിന്നുകൊണ്ട് അവനെ സഹായിക്കുന്ന ഒരു അഭിഭാഷകനെപ്പോലെ പരിശുദ്ധാരൂപി നമ്മുടെ ചാരെ നില്കുന്നു. മാത്രമല്ല, നമ്മെ കുറ്റപ്പെടുത്തുന്നവരുടെ മുന്നിൽ എങ്ങനെ പ്രതിരോധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. പാപങ്ങൾ, പാപത്തോടുള്ള ആഗ്രഹം, ദുഷ്ടത എന്നിവ നിൻറെ ഉള്ളിൽ  ഉളവാക്കുന്ന പിശാചാണ് വലിയ കുറ്റാരോപകൻ എന്നത് നമുക്ക് ഓർക്കാം. നമുക്ക് ഈ രണ്ട് വശങ്ങളെ കുറിച്ച് ചിന്തിക്കാം: അതായത്, നമ്മോടുള്ള അവൻറെ അടുപ്പവും നമ്മെ കുറ്റപ്പെടുത്തുന്നവർക്കെതിരായ അവൻറെ സഹായവും.

പരിശുദ്ധാത്മ സാമീപ്യം

അവൻറെ സാമീപ്യം: പരിശുദ്ധാത്മാവ്, "നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളിൽ ആയിരിക്കുകയും ചെയ്യുന്നു" (യോഹന്നാൻ 14, 17 കാണുക) എന്ന് യേശു പറയുന്നു. അവൻ ഒരിക്കലും നമ്മെ വിട്ടുപോകില്ല. പരിശുദ്ധാത്മാവ് നമ്മോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു: അവൻ സൗഹൃദ സന്ദർശനത്തിനെത്തുകയും കടന്നുപോകുകയും ചെയ്യുന്ന  ഒരു അതിഥിയല്ല. അവൻ ഒരു ജീവിത പങ്കാളിയാണ്, സ്ഥായിയായ സാന്നിധ്യമാണ്, അവൻ ആത്മാവാണ്, നമ്മുടെ ആത്മാവിൽ വസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അവൻ ക്ഷമയുള്ളവനാണ്, നാം വീഴുമ്പോഴും അവൻ നമ്മോടൊപ്പം നിൽക്കുന്നു. നമ്മെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നതിനാൽ അവൻ നമ്മോടുകൂടെ നില്ക്കുന്നു: ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമ്മെ തനിച്ചാക്കുന്ന തരത്തിൽ അവൻ നമ്മോട് സ്നേഹം നടിക്കുകയല്ല ചെയ്യുന്നത്. ഇല്ല, അവൻ വിശ്വസ്തനാണ്, സുതാര്യതയുള്ളവനാണ്, ആധികാരികതയുള്ളവനാണ്.

സാന്ത്വനം പകരുന്നവൻ

തീർച്ചയായും, നാം പരീക്ഷണത്തിലായാൽ, ദൈവത്തിൻറെ ക്ഷമയും ശക്തിയും നമുക്ക് പ്രദാനം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവ് നമ്മെ ആശ്വസിപ്പിക്കുന്നു. നമ്മൾ തെറ്റുകളിൽ നിപതിക്കുമ്പോൾ നമ്മെ കാരുണ്യപൂർവ്വം തിരുത്തുന്നു: ഹൃദയത്തോട് സംസാരിക്കുന്ന അവൻറെ ശബ്ദത്തിൽ എപ്പോഴും ആർദ്രതയുടെ മുദ്രയും സ്നേഹത്തിൻറെ ഊഷ്മളതയും ഉണ്ട്. തീർച്ചയായും, സഹായകനായ പാരാക്ലിത്ത നിഷ്ക്കർഷയുള്ളവനാണ്, കാരണം അവൻ യാതൊന്നും മറച്ചുവെയ്ക്കാത്തവനും എന്ത് മാറ്റണമെന്നും എങ്ങനെ വളരണമെന്നും നമ്മോട് നിർദ്ദേശിക്കുന്നവനുമായ ഒരു യഥാർത്ഥ, വിശ്വസ്ത സുഹൃത്താണ്. അവൻ നമ്മെ തിരുത്തുമ്പോൾ നമ്മെ ഒരിക്കലും അപമാനിക്കുകയോ  അവിശ്വാസം ഉളവാക്കുകയോ ചെയ്യുന്നില്ല; നേരെമറിച്ച്, ദൈവത്തോടുകുടെ നമുക്ക് എപ്പോഴും  അത് ചെയ്യാൻ കഴിയുമെന്ന  ഉറപ്പ് നൽകുന്നു. ഇതാണ് അവൻറെ സാമീപ്യം. അതൊരു മനോഹരമായ ഉറപ്പാണ്!

ചെറുത്തു നില്ക്കാൻ ശക്തി പ്രദാനം ചെയ്യുന്നവൻ

പരാക്ലീത്തയായ അരൂപിയാണ് രണ്ടാമത്തെ മാനം. അവൻ നമ്മുടെ അഭിഭാഷകനും നമ്മെ പ്രതിരോധിക്കുന്നവനുമാണ്. നമ്മെ കുറ്റപ്പെടുത്തുന്നവരുടെ മുന്നിൽ  അവൻ നമ്മെ പ്രതിരോധിക്കുന്നു: നാം പരസ്പരം സ്നേഹിക്കാതെയും പരസ്പരം ക്ഷമിക്കാതെയും ഇരിക്കുമ്പോൾ, നമ്മൾ പരാജയങ്ങളാണെന്നും ഒന്നിനും കൊള്ളാത്തവരാണെന്നും നാം സ്വയം പറയുന്നതുവരെ എത്തുമ്പോൾ  നമ്മിൽ നിന്നുപോലും പരിശുദ്ധാത്മാവ് നമ്മെ പ്രതിരോധിക്കുന്നു; സ്വന്തം പദ്ധതികളോടും മാതൃകകളോടും പൊരുത്തപ്പെടാത്തവരെ നിരാകരിക്കുന്ന ലോകത്തിൻറെ മുന്നിലും; നമ്മെ കഴിവില്ലാത്തവരും അസന്തുഷ്ടരുമാക്കാൻ എന്തും ചെയ്യുന്ന പരമ കുറ്റാരോപകനും വിഭജകനുമായ പിശാചിൻറെ  മുന്നിലും (വെളിപാട് 12:10 കാണുക) പരിശുദ്ധാത്മാവ് നമ്മെ പ്രതിരോധിക്കുന്നു.

കർത്താവിൻറെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നവൻ

കുറ്റപ്പെടുത്തുന്നതായ ഈ ചിന്തകൾക്കെല്ലാം മുന്നിൽ, എങ്ങനെ പ്രതികരിക്കണമെന്ന് പരിശുദ്ധാത്മാവ് നമ്മോടു നിർദ്ദേശിക്കുന്നു. അത് എപ്രകാരമാണ്? യേശു പറയുന്നു, പരാക്ലീത്ത, "യേശു നമ്മോട് പറഞ്ഞതെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു" (യോഹന്നാൻ 14:26 കാണുക). ആകയാൽ, അവൻ സുവിശേഷ വചസ്സുകൾ നമ്മെ ഓർമ്മിപ്പിക്കുകയും, അങ്ങനെ കുറ്റാരോപകനായ പിശാചിനോട് നമ്മുടെ സ്വന്തം വാക്കുകളാലല്ല, പ്രത്യുത, കർത്താവിൻറെ തന്നെ വാക്കുകൾകൊണ്ട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി, യേശു സദാ സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ച് സംസാരിക്കുകയും അവനെ നമുക്കു വെളിപ്പെടുത്തുകയും അവൻറെ മക്കളായ നമ്മോട് അവനുള്ള സ്നേഹം വെളിപ്പെടുത്തുകയും ചെയ്തുവെന്ന് പരാക്ലിത്ത നമ്മെ ഓർമ്മിപ്പിക്കുന്നു. നാം ആത്മാവിനെ വിളിക്കുകയാണെങ്കിൽ, തിന്മയുടെ ആരോപണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യത്തെ സ്വാഗതം ചെയ്യാനും ഓർമ്മിക്കാനും നാം പഠിക്കുന്നു. ജീവിതത്തിലെ സുപ്രധാനമായ ഈ യാഥാർത്ഥ്യം എന്താണ്? നാം ദൈവത്തിൻറെ പ്രിയപ്പെട്ട മക്കളാണ് എന്നതാണ്. നമ്മൾ ദൈവത്തിൻറെ പ്രിയപ്പെട്ട മക്കളാണ്: ഇതാണ് ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യം, ആത്മാവ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

നാം പരിശുദ്ധാരൂപിയെ വിളിച്ചപേക്ഷിക്കുന്നുണ്ടോ?

സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: നാം പരിശുദ്ധാത്മാവിനെ വിളിക്കുന്നുണ്ടോ, അവനോട് കൂടെക്കൂടെ പ്രാർത്ഥിക്കുന്നുണ്ടോ? നമ്മുടെ ചാരത്തിരിക്കുന്ന, അതിലുപരി, നമ്മുടെ ഉള്ളിലുള്ള അവനെ മറക്കരുത്! പിന്നെ, അവൻ നമ്മെ പ്രോത്സാഹിപ്പിക്കുമ്പോഴും അവൻ നമ്മെ തിരുത്തുമ്പോഴും നാം അവൻറെ ശബ്ദം കേൾക്കുന്നുണ്ടോ? തിന്മയുടെ ആരോപണങ്ങളോട്, ജീവിതത്തിൻറെ "കോടതികളോട്" നാം യേശുവിൻറെ വാക്കുകൾകൊണ്ട് പ്രതികരിക്കുന്നുണ്ടോ? നാം ദൈവത്തിൻറെ വത്സല മക്കളാണെന്ന് ഓർക്കുന്നുണ്ടോ? മറിയം നമ്മെ പരിശുദ്ധാത്മാവിൻറെ ശബ്ദത്തോട് വിധേയത്വമുള്ളവരും അവൻറെ സാന്നിധ്യത്തോട് സംവേദനക്ഷമതയുള്ളവരുമാക്കട്ടെ.

പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഇസ്രായേൽ പലസ്തീൻ സംഘർഷം

ഈ ദിനങ്ങളിൽ ഇസ്രായേൽക്കാരും പലസ്തീൻകാരും തമ്മിൽ വീണ്ടും സംഘർഷങ്ങൾ ഉണ്ടായതും സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരപരാധികളുടെ ജീവൻ ഈ സംഘർഷങ്ങളിൽ പൊലിഞ്ഞതും പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു.

ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന വെടിനിറുത്തൽ ഉടമ്പടി സുസ്ഥിരമാകുമെന്നും ആയുധങ്ങൾ നിശബ്ദമാകുമെന്നുമുള്ള തൻറെ പ്രതീക്ഷ വെളിപ്പെടുത്തിയ പാപ്പാ ആയുധങ്ങൾ കൊണ്ട് ഒരിക്കലും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാനാവില്ലയെന്നും മറിച്ച്, ആയുധം സമാധാനത്തിൻറെതായ എല്ലാ പ്രതീക്ഷകളെയും നശിപ്പിക്കുന്നത് തുടരുമെന്നും പറഞ്ഞു.

അഭിവാദ്യങ്ങൾ വിവിധ രാജ്യക്കാർക്ക്

റോമാക്കാരുൾപ്പടെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് കാനഡ, സിംഗപ്പൂർ, മലേഷ്യ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും എത്തിയിരുന്ന വിശ്വാസികളെയും പാപ്പാ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്തു. 25 ആഫ്രിക്കൻ രാജ്യങ്ങളിൽ സാന്ത് എജീദിയൊ സമൂഹത്തിൻറെ ചുമതല വഹിക്കുന്നവരെയും പോളണ്ടിലെ റാദോം സർവകലാശാലയുടെ അധികാരികളെയും അദ്ധ്യാപകരെയും, പൊതുസമ്മേളനം ചേരുകയും പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുക്കുകയും ചെയ്ത കാരിത്താസ് ഇൻറർനാസിയൊണാലിസിനെയും  പാപ്പാ അഭിവാദ്യം ചെയ്യുകയും നവീകരണത്തിൻറെ പാതയിൽ ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം പകരുകയും ചെയ്തു.

മാതൃദിനാചരണം

മെയ് 14-ന് ഞായറാഴ്‌ച പല രാജ്യങ്ങളിലും മാതൃദിനം ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. നമ്മോടു കൂടെയുള്ളവരും സ്വർഗ്ഗത്തിലേക്കു പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടും വാത്സല്യത്തോടും കൂടി നാം ഓർക്കുന്നുവെന്നും നമുക്ക് അവരെ യേശുവിൻറെ അമ്മയായ മറിയത്തിന് ഭരമേല്പിക്കാമെന്നും പാപ്പാ പറഞ്ഞു.

യുദ്ധം വിതയ്ക്കുന്ന യാതനകൾ 

റഷ്യ ഉക്രൈയിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ  വിതച്ചുകൊണ്ടിരിക്കുന്ന യാതനകൾ അനുസ്മരിച്ച പാപ്പാ പീഢിത ഉക്രൈയിനിൻറെയും യുദ്ധങ്ങളാലും അക്രമങ്ങളാലും മുറിവേറ്റ എല്ലാ രാജ്യങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് പാപ്പാ പ്രാർത്ഥിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിക്കുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2023, 11:37

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >