തിരയുക

പാപ്പാ : വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ പ്രേഷിത തീക്ഷ്ണത!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (17/05/23)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു  പ്രതിവാര പൊതുദർശന വേദി ഈ ആഴ്ചയും. കാർമേഘാവൃതമായിരുന്ന റോമിൽ പൊതുവെ മോശമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടതെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ ഇടയ്ക്കിടെ തൻറെ പക്കലേക്ക് എടുത്തു കൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീർവദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ഒരുവൻ ഏല്ലാവർക്കും വേണ്ടി മരിച്ചുവെന്നും അതിനാൽ എല്ലാവരും മരിച്ചുവെന്നും ഞങ്ങൾക്കു ബോധ്യമുള്ളതിനാൽ ക്രിസ്തുവിൻറെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനമേകുന്നു. ജീവിക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്.... ഞങ്ങൾ ക്രിസ്തുവിൻറെ സ്ഥാനപതികളാണ്. ആകയാൽ ഞങ്ങൾവഴി ദൈവം തന്നെയാണ് നിങ്ങളെ ഉപദേശിക്കുന്നത്. ക്രിസ്തുനാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾ ദൈവത്തോട് രമ്യതപ്പെടുവിൻ."  കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനം : 5,14-15,20.

ഈ വായനയ്ക്കു ശേഷം പാപ്പാ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ ജീവിതം പാപ്പാ പ്രേഷിത തീക്ഷ്ണതയുടെ ഒരു ഉദാഹരണമായി അവതരിപ്പിച്ചു. പാപ്പാ  ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം:

വിശുദ്ധ ഫ്രാൻസീസ് സേവ്യർ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

അപ്പൊസ്തോലിക തീക്ഷ്ണതയുടെ ചില അനുകരണീയ മാതൃകകളോടൊപ്പമുള്ള പ്രയാണം നമ്മുടെ പ്രബോധന പരമ്പരയിൽ നാം തുടരുകയാണ്. സുവിശേഷവത്ക്കരണത്തെക്കുറിച്ചാണ്, അപ്പൊസ്തോലിക തീക്ഷ്ണതയെക്കുറിച്ചാണ്, യേശുവിൻറെ നാമം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്ന് ഓർക്കുക, ഇത് ചെയ്തിട്ടുള്ള ധാരാളം സ്ത്രീപുരുഷന്മാർ ചരിത്രത്തിൽ ഉണ്ട്. മാതൃകാപരമായ വഴി. ഉദാഹരണത്തിന്, ഇന്നു നമുക്ക് വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ തിരഞ്ഞെടുക്കാം. ആധുനിക കാലത്തെ ഏറ്റവും വലിയ പ്രേഷതിനായി അദ്ദേഹം കണക്കാക്കപ്പെടുന്നു, ചിലർ അങ്ങനെ പറയുന്നു. എന്നാൽ ആരാണ് ഏറ്റവും വലിയവൻ, ആരാണ് ഏറ്റവും ചെറിയവൻ എന്ന് ആർക്കും പറയാനാവില്ല...  ഇന്നും, വിശുദ്ധ ഫ്രാൻസിസ് സേവ്യറിനേക്കാൾ വളരെയധികം കാര്യങ്ങൾ ചെയ്യുന്ന നിരവധി പ്രേഷിതർ മറഞ്ഞിരിക്കുന്നുണ്ട്. ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയെപ്പോലെ കത്തോലിക്കാ പ്രേഷിതപ്രവർത്തനങ്ങളുടെ സ്വർഗ്ഗിയ സംരക്ഷകനാണ് ഫ്രാൻസീസ് സേവ്യർ. പുറപ്പെടുമ്പോൾ ഒരുവൻ വലിയ പ്രേഷിതനാകുന്നു. പ്രേഷിതപ്രവർത്തനത്തിനു പോകുന്ന പുരോഹിതന്മാർ, അല്മായർ, കന്യാസ്ത്രീകൾ, എന്നിവർ ധാരാളം ഉണ്ട്... ഇറ്റലിയിൽ നിന്നുപോലും. നിങ്ങളിൽ പലരും, ഉദാഹരണമായി മെത്രാനാകേണ്ട ഒരു വൈദികൻറെ കഥ. അദ്ദേഹം ആ സ്ഥലത്ത് പത്തുവർഷക്കാലം പ്രേഷിതനായിരുന്നു. ഇത് മഹത്തരമാണ്.  സുവിശേഷം പ്രസംഗിക്കാൻ സ്വന്തം നാടു വിടുക. അത് അപ്പൊസ്തോലിക തീക്ഷ്ണതയാണ്. ഇത് നമ്മൾ ഏറെ ഊട്ടിവളർത്തണം. ഈ സ്ത്രീപുരുഷന്മാരെ നമുക്കു നോക്കുകയും പഠിക്കുകയും ചെയ്യാം.

പ്രേഷിതാഭിമുഖ്യവും യാത്രയും

1506-ൽ വടക്കൻ സ്പെയിനിലെ നവാറയിലെ കുലീനവും എന്നാൽ ദരിദ്രവുമായ ഒരു കുടുംബത്തിലാണ് ഫ്രാൻസീസ് ജനിച്ചത്. ലൗകികനും ബുദ്ധിമാനും സമർത്ഥനും ആയ ഒരു യുവാവ്. അവൻ  ഇഗ്നേഷ്യസ് ലൊയോളയെ കണ്ടുമുട്ടുന്നു. ഇഗ്നേഷ്യസ് ഫ്രാൻസീസിനെ ധ്യാനിക്കാൻ പ്രാപ്തനാക്കുകയും ജീവിതത്തെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. അവൻ ലൗകികമായ സകലവും ഉപേക്ഷിച്ച് പ്രേഷിതനാകുന്നു. ഈശോസഭാംഗമാകുന്നു, വ്രതമെടുക്കുന്നു. പിന്നീട് വൈദികനാകുകയും സുവേശേഷവത്ക്കരണത്തിനായി പുറപ്പെടുകയും ചെയ്യുന്നു. അവൻ കിഴക്കുദേശത്തേക്ക് അയയ്ക്കപ്പെടുന്നു. അക്കാലത്ത് കിഴക്കിലേക്കുള്ള പ്രേഷിതയാത്രകൾ അജ്ഞാത ദേശങ്ങളിലേക്ക് അയയ്ക്കലായിരുന്നു.

യേശുക്രിസ്തുവിനെയും അവൻറെ സുവിശേഷത്തെയും അറിയിക്കാനും അങ്ങനെ തീവ്രാഭിലാഷത്താൽ പ്രചോദിതരായി, തീർത്തും അജ്ഞാതമായ സംസ്‌കാരങ്ങളും ഭാഷകളും ഉള്ള ദേശങ്ങളിൽ എത്തിച്ചേരാനും ആളുകളെ കണ്ടുമുട്ടാനും വലിയ പ്രയാസങ്ങളും അപകടങ്ങളും നേരിടാൻ തയ്യാറായി, ഒരു വലിയ കൂട്ടം പ്രേഷിതരുടെ ആദ്യസംഘം പുറപ്പെടുന്നു.

ഏതാണ്ട് പതിനൊന്ന് വർഷം പിന്നിടുമ്പോൾ ഫ്രാൻസീസ് സേവ്യർ അസാധാരണമായ ഒരു ദൗത്യം പൂർത്തിയാക്കും. 11 വർഷക്കാലത്തോളം അദ്ദേഹം പ്രേഷിതനായിരുന്നു. അക്കാലത്ത് കപ്പൽ യാത്ര വളരെ ബുദ്ധിമുട്ടു നിറഞ്ഞതും അപകടകരവുമായിരുന്നു. കപ്പൽ തകർന്നോ രോഗം മൂലമോ അനേകർ യാത്രാമദ്ധ്യേ മരണമടഞ്ഞിരുന്നു. ഇന്നു ദൗർഭാഗ്യവശാൽ നാം മദ്ധ്യധരണ്യാഴിയിൽ അനേകരുടെ മരണത്തിന് നാം ഇടവരുത്തുന്നുണ്ട്.  സേവ്യർ മൂന്നര വർഷത്തിലധികം, അതായത്, അദ്ദേഹത്തിൻറെ ദൗത്യകാലയളവിൻറെ മൂന്നിലൊന്ന് കപ്പലുകളിലായി കഴിയുന്നു. ഇന്ത്യയിലേക്കും പിന്നീട് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്കുമുള്ള യാത്രയിൽ അദ്ദേഹം മൂന്നരവർഷത്തിലേറെ കപ്പലുകളിൽ ചിലവഴിക്കുന്നു.

ഭാരതത്തിനകത്തും പുറത്തും

പോർച്ചുഗീസ് സാമ്രാജ്യത്തിൻറെ കിഴക്കൻ പ്രദേശത്തിൻറെ സാംസ്കാരികവും വ്യവസായികവുമായ തലസ്ഥാനമായ ഇന്ത്യയിൽ, ഗോവയിൽ എത്തിയ സേവ്യർ അവിടം തൻറെ താവളമാക്കി, പക്ഷേ അദ്ദേഹം അവിടെ ഒതുങ്ങി നിന്നില്ല. ഇന്ത്യയുടെ തെക്കൻ തീരത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സുവിശേഷവത്കരിക്കാൻ അദ്ദേഹം പോകുന്നു. അവിടെ അദ്ദേഹം കുട്ടികളെ മതബോധനവും പ്രാർത്ഥനകളും പഠിപ്പിക്കുകയും സ്നാനപ്പെടുത്തുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. താൻ ഇന്ത്യയ്ക്കു വെളിയിലേക്ക് പോകണമെന്ന ഒരു തോന്നൽ, പിന്നീട്, വിശുദ്ധ ബർത്തലോമെയോ ശ്ലീഹായുടെ ശവകുടീരത്തിൽ ഒരു രാത്രി പ്രാർത്ഥനയ്ക്കിടെ,  അദ്ദേഹത്തിനുണ്ടാകുന്നു. താൻ ഇതിനകം തുടങ്ങിവച്ച ജോലികൾ നല്ല കരങ്ങളിൽ ഏല്പിച്ചുകൊണ്ട് സേവ്യർ, ഇന്തോനേഷ്യ ദ്വീപസമൂഹത്തിലെ ഏറ്റവും വിദൂര ദ്വീപുകളായ മൊളൂക്കസിലേക്ക് സധൈര്യം യാത്രയാകുന്നു, അവിടെ രണ്ട് വർഷത്തെ പ്രവർത്തനം കൊണ്ട് അദ്ദേഹം വിവിധ ക്രൈസ്തവസമൂങ്ങൾക്ക് ജന്മം നല്കുന്നു. അദ്ദേഹം മതബോധനം നാട്ടു ഭാഷയിൽ പദ്യരൂപത്തിലാക്കുകയും അത് പാടാൻ പഠിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ വികാരങ്ങൾ എന്താണെന്ന് അദ്ദേഹത്തിൻറെ ലേഖനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകും. അദ്ദേഹം എഴുതുന്നു: "നമ്മുടെ കർത്താവായ ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയും ദൈവ സേവനത്തിനു വേണ്ടിയും മാത്രം സ്വമേധയാ സ്വീകരിക്കുന്ന അപകടങ്ങളും കഷ്ടപ്പാടുകളും വലിയ ആത്മീയ സാന്ത്വനങ്ങളുടെ സമ്പന്നമായ നിധികളാണ്. ഇവിടെ ഏതാനും വർഷങ്ങൾക്കുള്ളിൽ അത്യധികമായ ആനന്ദാശ്രുക്കളാൽ ഒരാളുടെ കണ്ണുകൾ നഷ്ടപ്പെട്ടേക്കാം!» (20 ജനുവരി  1548).

ജപ്പാനിൽ

വലിയസ്വപ്നങ്ങളെ താലോലിച്ചിരുന്ന സേവ്യർ ഒരു ദിവസം, ഇന്ത്യയിൽ വച്ച്,  ഒരു ജപ്പാൻകാരനെ കണ്ടുമുട്ടുന്നു, യൂറോപ്യനായ ഒരു പ്രേഷിതനും ഇതുവരെ പോയിട്ടില്ലാത്ത തൻറെ വിദൂരസ്ഥമായ ആ രാജ്യത്തെക്കുറിച്ച് അയാൾ അദ്ദേഹത്തോടു പറയുന്നു. എത്രയും വേഗം അവിടേക്കു പുറപ്പെടാൻ സേവ്യർ തീരുമാനിക്കുന്നു. അദ്ദേഹം, ഒരു ചൈനീസ് പായ്ക്കപ്പലിൽ, സാഹസിക യാത്രാനന്തരം അവിടെയെത്തുന്നു. കാലാവസ്ഥ, എതിർപ്പുകൾ, ഭാഷാപരമായ അജ്ഞത എന്നിവ കാരണം ജപ്പാനിലെ മൂന്ന് വർഷക്കാലം വളരെ കഠിനമായിരുന്നു, എന്നാൽ ഇവിടെയും വിതയ്ക്കപ്പെട്ട വിത്തുകൾ വലിയ ഫലം പുറപ്പെടുവിക്കും.

ചൈനയിലേക്ക്

ഏഷ്യയിലെ ദൗത്യത്തിൻറെ നിർണ്ണായക രാജ്യം മറ്റൊന്നാണെന്ന് സേവ്യർ  ജപ്പാനിൽ വച്ച് മനസ്സിലാക്കുന്നു: ആ നാട് ചൈനയാണ്. അന്നാടിൻറെ സംസ്കാരം, ചരിത്രം, വലിപ്പം എന്നിവയാൽത്തന്നെ അത് ലോകത്തിൻറെ ആ ഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു. അതുകൊണ്ട്, ഫ്രാൻസീസ് സേവ്യർ ഗോവയിലേക്ക് മടങ്ങുന്നു, വിദേശികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ചൈനയിൽ  താമസിയാതെ എത്തിച്ചേരാൻ കഴിയുമെന്ന പ്രതീക്ഷയിൽ അദ്ദേഹം യാത്ര തിരിച്ചു. എന്നാൽ അദ്ദേഹത്തിൻറെ പദ്ധതി പാളിപ്പോകുന്നു: കാൻറണിനടുത്ത്, ചൈനവൻകരയിലെ ഭൂപ്രദേശത്ത് ഇറങ്ങാൻ കഴിയുമെന്ന വിഫലപ്രതീക്ഷയിൽ ആയിരുന്ന ഫ്രാൻസീസ് സേവ്യർ സഞ്ചാൻ ചെറുദ്വീപിൽ വച്ച് മരണമടഞ്ഞു. 1552 ഡിസമ്പർ 3-ന്, പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ആയിരുന്ന അദ്ദേഹത്തെ നോക്കാൻ ചാരെയുണ്ടായിരുന്നത് ഒരു ചൈനക്കാരൻ മാത്രമായിരുന്നു. അങ്ങനെ ഫ്രാൻസീസ് സേവ്യറിൻറെ ഭൗമികയാത്രയ്ക്ക് പരിസമാപ്തിയായി. അദ്ദേഹം വർദ്ധക്യത്തിലെത്തിയിരുന്നോ? ഇല്ല, അദ്ദേഹത്തിനു 46 വയസ്സു മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും തലമുടി നരച്ചിരുന്നു, സുവിശേഷസേവനത്തിനായി പൂർണ്ണമായി സമർപ്പിച്ചിരുന്ന അദ്ദേഹത്തിൻറെ  ശക്തി ക്ഷയിച്ചിരുന്നു. സാംസ്കാരമുള്ള സ്പെയിനിൽ നിന്നു പുറപ്പെട്ട് ഫ്രാൻസീസ് സേവ്യർ അക്കാലത്ത് ലോകത്തിലെ ഏറ്റവും സംസ്‌കാരമുള്ള രാജ്യമായ ചൈനയിൽ എത്തുകയും മഹാ ചൈനയുടെ മുന്നിൽ മരിക്കുകയും ചെയ്യുന്നു. എല്ലാം ഒരു പ്രതീകം.

പ്രാർത്ഥനയും ദൈവത്തോടുള്ള ഐക്യവും 

അദ്ദേഹത്തിൻറെ തീവ്രതമ പ്രവർത്തനം സദാ പ്രാർത്ഥനയോടുകൂടിയതായിരുന്നു, ദൈവവുമായുള്ള ഐക്യത്തിലായിരുന്നു, യോഗാത്മകവും ധ്യാനാത്മകവുമായിരുന്നു. എവിടെയായിരുന്നാലും അദ്ദേഹം രോഗികളുടെയും പാവപ്പെട്ടവരുടെയും കുട്ടികളുടെയും കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു. അതി വിദൂരങ്ങളായ അതിരുകളിളേക്ക് നിരന്തരമായ കഷ്ടപ്പാടുകളും അപകടങ്ങളും, പരാജയങ്ങളും നിരാശകളും നിരുൽസാഹപ്പെടുത്തലുകളും തരണം ചെയ്തുകൊണ്ട് മുന്നേറാൻ  അദ്ദേഹത്തെ നയിച്ച ശക്തി ക്രിസ്തുവിൻറെ സ്നേഹമായിരുന്നു, അത് തീർച്ചയായും, അവസാനം വരെ ക്രിസ്തുവിനെ അനുഗമിക്കുന്നതിലും അവനെ സേവിക്കുന്നതിലും ഫ്രാൻസീസ് സേവ്യറിന് സമാശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.

സുവിശേഷവത്ക്കരണാനന്ദം

ഇത്ര വലിയ ദാരിദ്ര്യത്തിൽ ധൈര്യത്തോടെ ഈ മഹത്തായ കാര്യം ചെയ്ത വിശുദ്ധ ഫ്രാൻസിസ് സേവ്യർ നമുക്ക കുറച്ചെങ്കിലും അപ്പൊസ്തോലിക തീക്ഷ്ണത, സുവിശേഷം പ്രഘോഷിക്കാനും ജീവിക്കാനുമുള്ള തീക്ഷ്ണത നമുക്കേകട്ടെ. അസ്വസ്ഥരായ അനേകം യുവജനങ്ങൾ ഇന്നുണ്ട്, അവർക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ഫ്രാൻസീസ് സേവ്യറെ നോക്കുക, ലോകത്തിൻറെ ചക്രവാളത്തിലേക്കു നോക്കുക, ആവശ്യത്തിലിരിക്കുന്ന ജനങ്ങളെ നോക്കുക, യാതനകളനുഭവിക്കുന്ന നിരവധിയായ ജനങ്ങളെ നോക്കുക, യേശുവിനെ ആവശ്യമുള്ള അനേകരായ ജനത്തെ നോക്കുക. പോകൂ, ധൈര്യമായിരിക്കുക. ഇന്നും ധീരരായ യുവാക്കൾ ഉണ്ട്. ഞാൻ നിരവധി പ്രേഷിതരെക്കുറിച്ച് ചിന്തിക്കുന്നു, ഉദാഹരണത്തിന്, പാപ്പുവ ന്യൂ ഗിനിയയിൽ, വാനിമോ രൂപതയിലെ എൻറെ സുഹൃത്തുക്കളെ, യുവാക്കളെ,  ഫ്രാൻസീസ് സേവ്യറിനെ പിൻചെന്നുകൊണ്ട് സുവിശേഷം പ്രഘോഷിക്കാൻ പോയവരെ കുറിച്ച് ഞാൻ ചിന്തിക്കുന്നു. നമ്മെയും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈ മനോഹരമായ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിൻറെ സന്തോഷവും സുവിശേഷവത്ക്കരിക്കുന്നതിൻറെ സന്തോഷവും കർത്താവ് നമുക്ക് പ്രദാനം ചെയ്യട്ടെ. നന്ദി!

ഇറ്റാലിയന്‍ ഭാഷയിലായിരുന്ന ഈ പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് അതിൻറെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

കത്തോലിക്കാപ്രവർത്തന സംഘടനാംഗങ്ങളോട്

എല്ലാ സഹാചര്യങ്ങളിലും വിശ്വസ്തതയോടും സന്തോഷത്തോടും കൂടി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിന്, കാലത്തിൻറെ അടയാളങ്ങൾ വിവേചിച്ചറിയാൻ ഉത്ഥിതൻറെ ആത്മാവ് സഹായിക്കട്ടെയെന്ന് പാപ്പാ കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനത്തിൻറെ ഇറ്റലിയിലെ ലേച്ചെ ഘടകത്തിലെ അംഗങ്ങളെ സംബോധനചെയ്യവ്വെ ആശംസിക്കുകയും . സാഹോദര്യത്തിൻറെ ശില്പികളാകാൻ പ്രചോദനം പകരുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

പതിനെട്ടാം തീയതി വ്യാഴാഴ്‌ച (18/05/23) കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ, ഭൂമിയുടെ അതിരുകൾ വരെ രക്ഷയുടെ സന്ദേശം എത്തിക്കാൻ, യേശു, അവിടന്ന് സ്വർഗ്ഗത്തിലേക്കു കയറുന്നതിനു മുമ്പ് അപ്പോസ്തലന്മാരെ ചുമതലപ്പെടുത്തിയ നമിഷത്തിലേക്കു നോക്കാൻ ഈ തിരുന്നാൾ ക്ഷണിക്കുന്നുവെന്ന് പറഞ്ഞു.  യേശുവിൻറെ പ്രേഷിതദൗത്യഹ്വാനം സ്വീകരിച്ചുകൊണ്ട് സുവിശേഷ സേവനത്തിനായി ഉത്സാഹപൂർവ്വം പ്രവർത്തിക്കാൻ പാപ്പാ യുവജനത്തിന് പ്രചോദനം പകർന്നു.

രോഗികളെയും പ്രായം ചെന്നവരെയും  അഭിവാദ്യം ചെയ്ത പാപ്പാ, ലോകത്തിൽ ദൈവരാജ്യത്തിൻറെ വളർച്ചയ്ക്ക് വിലയേറിയ സംഭാവന നൽകുമെന്ന ഉറപ്പിൽ കർത്താവിനോട് ഐക്യപ്പെട്ട് ജീവിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. ദൈവത്തെ സ്നേഹിക്കാനും സന്തോഷത്തിൽ  അവിടത്തെ സാക്ഷികളാകാനും പഠിക്കുന്ന ഇടങ്ങളായി സ്വന്തം കുടുംബങ്ങളെ മാറ്റാൻ പാപ്പാ  നവദമ്പതികളോടു പറഞ്ഞു.

ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കുക

യുദ്ധവേദിയായ ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. വളരെയേറെ യാതനകൾ നിറഞ്ഞ അവിടെയുള്ള മുറിവേറ്റവർക്കും   കുട്ടികൾക്കും അവിടെ മരണമടഞ്ഞവർക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച പാപ്പാ അങ്ങനെ അവിടെ സമാധാനം വീണ്ടും സംജാതമാകട്ടെയെന്ന് ആശംസിച്ചു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2023, 12:14

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >