തിരയുക

പാപ്പായുടെ ഹംഗറി ഇടയസന്ദർശനം, ഒരു പുനരവലോകനം !

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (03/05/23)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു  പ്രതിവാര പൊതുദർശന വേദി ഈ ആഴ്ചയും. ഈ ദിനങ്ങളിൽ കാലാവസ്ഥ പൊതുവെ മോശമാണെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ ഇടയ്ക്കിടെ തൻറെ പക്കലേക്ക് എടുത്തു കൊണ്ടുവന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീർവദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടന്നു തൻറെ കാരുണ്യാതിരേകത്താൽ യേശുക്രിസ്തുവിൻറെ മരിച്ചവരിൽ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗ്ഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.....അൽപകാലത്തേക്കു വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്കു വ്യസനിക്കേണ്ടിവന്നാലും അതിൽ ആനന്ദിക്കുവിൻ. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിൻറെ പ്രത്യാഗമനത്തിൽ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും"  1 പത്രോസ്: 1,3-4-6-7.

ഈ വായനയ്ക്കു ശേഷം പാപ്പാ, ഏപ്രിൽ 28 മുതൽ 30 വരെ താൻ ഹംഗറിയിൽ നടത്തിയ ഇടയസന്ദർശനം  പുനരവലോകനം ചെയ്തു. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം: 

ഹംഗറി സന്ദർശനം - നന്ദി വചസ്സുകൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മൂന്ന് ദിവസം മുമ്പ് ഞാൻ ഹംഗറി യാത്ര കഴിഞ്ഞ് മടങ്ങിയെത്തി. ഈ സന്ദർശനത്തിൻറെ സംഘാടകരും  പ്രാർത്ഥനയാൽ തുണച്ചവരുമായ എല്ലാവർക്കും നന്ദി പറയാനും അധികാരികളോടും പ്രാദേശിക സഭയോടും, ധീരരരും സ്മൃതിസമ്പന്നരുമായ ഹംഗേറിയൻ ജനതയോടുമുള്ള നന്ദി നവീകരിക്കാനും ഞാൻ അഭിലഷിക്കുന്നു. ബുദാപെസ്റ്റിലെ എൻറെ വാസ സമയത്ത് എല്ലാ ഹംഗറിക്കാരുടെയും സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു. വേരുകൾ, പാലങ്ങൾ എന്നീ രണ്ട് പ്രതിരൂപങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ സന്ദർശനത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു.

വേരുകൾ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ചിട്ടുള്ളതുപോലെ - "അനേകം വിശുദ്ധരും വീരന്മാരും, എളിമയുള്ളവരും കഠിനാദ്ധ്വാനികളുമായ ഒരു കൂട്ടം ആളുകളാൽ ചുറ്റപ്പെട്ട" ചരിത്രമുള്ള ഒരു ജനതയുടെ പക്കലേക്കാണ് ഞാൻ ഒരു തീർത്ഥാടകനായി പോയത് (സ്വാഗത ചടങ്ങിനോടനുബന്ധിച്ചുള്ള പ്രസംഗം, ബുദാപെസ്റ്റ്, 6 സെപ്റ്റംബർ 1996). ഇത് തീർച്ചയായും സത്യമാണ്: തങ്ങളുടെ വേരുകളുമായുള്ള ബന്ധം അഭിമാനത്തോടെ സംരക്ഷിക്കുന്ന സാധാരണക്കാരും കഠിനാദ്ധ്വാനികളുമായ നിരവധി ആളുകളെ ഞാൻ കണ്ടു. പ്രാദേശിക സഭയുമായും യുവജനങ്ങളുമായുമുള്ള കൂടിക്കാഴ്ചകളിലെ സാക്ഷ്യങ്ങൾ പ്രകടമാക്കുന്നതുപോലെ, ഈ വേരുകളിൽ സർവ്വോപരി, വിശുദ്ധർ ഉണ്ട്: ആളുകൾക്ക് വേണ്ടി ജീവൻ നൽകിയ വിശുദ്ധന്മാർ, സ്നേഹത്തിൻറെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധന്മാർ, അന്ധകാരത്തിൻറെ വേളകളിൽ വെളിച്ചമായിരുന്ന വിശുദ്ധർ; ഭൂതകാലത്തിലെ പല വിശുദ്ധരും ക്രിസ്തുവാണ് നമ്മുടെ ഭാവി എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് നമ്മെ പരാജയവാദത്തിൻറെ അപകടസാധ്യതയെയും നാളെയെക്കുറിച്ചുള്ള ഭയത്തെയും മറികടക്കാൻ പ്രചോദിപ്പിക്കുന്നു. വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ക്രിസ്തുവാണ് നമ്മുടെ ഭാവി

പരീക്ഷണങ്ങൾ

എന്നിരുന്നാലും, ഹംഗറിക്കാരായ ജനതയുടെ ബലവത്തായ ക്രിസ്തീയ വേരുകൾ പരീക്ഷണ വിധേയമാക്കപ്പെട്ടു. അവരുടെ വിശ്വാസം, അഗ്നിപരീക്ഷണത്തിനു വിധേയമാക്കപ്പെട്ടു. തീർച്ചയായും, 1900-ാം ആണ്ടുകളിലെ നാസ്തിക്യ പീഡനത്തിനിടെ, ക്രൈസ്തവർ ക്രൂരമായി ആക്രമിക്കപ്പെട്ടു, മെത്രാന്മാരും വൈദികരും സന്ന്യാസിസന്ന്യാസിനികളും അലമായരും വധിക്കപ്പെടുകയോ പാരതന്ത്ര്യം അനുഭവിക്കുകയോ ചെയ്തു. വിശ്വാസ വൃക്ഷം വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ നടന്നപ്പോൾ, വേരുകൾ അവശേഷിച്ചു: അത് ജീവസുറ്റതും ശക്തവും സുവിശേഷത്തിൻറെ ശക്തിയോടുകൂടിയതുമായിരുന്നു. ഹംഗറിയിൽ ഈ കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിന് മുമ്പ് വലിയ ഒരു ജൂത ജനതയെ ദാരുണമായി നാടുകടത്തിയ നാസികളുടെ പീഢനം ഉണ്ടായിരുന്നു,. പക്ഷേ, ആ ക്രൂരമായ വംശഹത്യയിൽ പലരും തങ്ങളുടെ ചെറുത്തുനിൽപ്പിലും ഇരകളെ സംരക്ഷിക്കാനുള്ള കഴിവിലും വേറിട്ടു നിന്നു, ഇത് സാധ്യമായത് കൂട്ടായ ജീവിതത്തിൻറെ വേരുകൾ ഉറപ്പുള്ളതായിരുന്നതിനാലാണ്. ഈ പരീക്ഷണങ്ങളെയെല്ലാം അതിജീവിക്കുകയും പീഡനങ്ങളും നിരാശകളും തളർത്താതിരിക്കാൻ ഒരു ആദർശത്തിനുവേണ്ടി പോരാടേണ്ടതിൻറെ ആവശ്യകതയെ കുറിച്ച് യുവാക്കളോട് പറയുകയും ചെയ്യുന്ന ഹംഗറിക്കാരിയായ ഒരു കവയിത്രി ഇവിടെ റോമിൽ നമുക്കുണ്ട്. ഈ കവയിത്രിക്ക് ഇന്ന് 92 വയസ്സ് തികയുന്നു: എഡിത്ത് ബ്രൂക്കിന് ജന്മദിനാശംസകൾ!

ഭീഷണി വിധേയ സ്വാതന്ത്ര്യം

എന്നാൽ ഇന്നും, യുവജനങ്ങളുമായും സാംസ്കാരിക ലോകവുമായുള്ള കൂടിക്കാഴ്ചകളിൽ നിന്നു വ്യക്തമായതുപോലെ, സ്വാതന്ത്ര്യം ഭീഷണിയിലാണ്. അതെങ്ങനെ? എല്ലാറ്റിനുമുപരിയായി, വരേണ്യവർഗ്ഗത്താലും, മയക്കത്തിലാഴ്ത്തുന്ന ഒരു തരം ഉപഭോക്തൃവാദത്താലും. അതുകൊണ്ട് ഒരുവൻ  ചെറിയൊരു ഭൗതിക ക്ഷേമത്തിൽ സംതൃപ്തിയടയുകയും, ഭൂതകാലത്തെ മറന്ന്, വ്യക്തിഗത മാനദണ്ഡങ്ങളാൽ രൂപപ്പെടുത്തിയ ഒരു വർത്തമാനകാലത്തിൽ "പൊങ്ങിക്കിടക്കുകയും" ചെയ്യുന്നു. ഉപഭോക്തൃവാദത്താൽ വളർന്ന ലൗകികതയുടെ  അപകടകരമായ രു പീഢനമാണിത്. അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകയും തന്നിഷ്ടം പ്രവർത്തിക്കുകയുമാണ് പ്രധാനം എന്നു കരുതപ്പെടുമ്പോൾ വേരുകൾ ഞെരുക്കപ്പെടുന്നു. യൂറോപ്പിനെയാകെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്, അവിടെ മറ്റുള്ളവർക്കായി സ്വയം സമർപ്പിക്കുകയും ഒരു സമൂഹമായി കരുതുകയും ഒരുമിച്ച് സ്വപ്നം കാണുകയും കൂടുതൽ അംഗസംഖ്യയുള്ള കുടുംബങ്ങൾക്കു രൂപം നല്കുകയും ചെയ്യുകയെന്നത് പ്രതിസന്ധിയിലാണ്. ആകയാൽ, വേരുകൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം, കാരണം അവ ആഴത്തിലേക്കിറങ്ങിയാൽ മാത്രമേ ശാഖകൾ മുകളിലേക്ക് വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുകയുള്ളൂ. നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായും ഒരു ജനത എന്ന നലയിലും സ്വയം ചോദിക്കാം: എൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേരുകൾ ഏവയാണ്? ഞാൻ എവിടെയാണ് വേരൂന്നിയിരിക്കുന്നത്? ഞാൻ അതിനെക്കുറിച്ച് ഓർക്കുന്നുണ്ടോ, ഞാൻ അതിനെ പരിപാലിക്കുന്നുണ്ടോ?

സേതുബന്ധങ്ങൾ

വേരുകൾക്ക് ശേഷം ഇതാ രണ്ടാമത്തെ സാദൃശ്യം: പാലങ്ങൾ. മൂന്ന് നഗരങ്ങളുടെ സംയോജനത്തിൽ നിന്ന് 150 വർഷം മുമ്പ് പിറവിയെടുത്ത ബുദാപെസ്റ്റ്, അതിന് കുറുകെയുള്ളതും അതിൻറെ ഭാഗങ്ങളെ ഒന്നിപ്പിക്കുന്നതുമായ പാലങ്ങളാൽ പ്രസിദ്ധമാണ്. വ്യത്യസ്‌ത ജനതകൾക്കിടയിൽ സമാധാനത്തിൻറെ സേതുബന്ധങ്ങൾ പണിയേണ്ടതിൻറെ പ്രാധാന്യം, വിശിഷ്യ, അധികാരികളുമായുള്ള കൂടിക്കാഴ്ചകളിൽ അനുസ്മരിപ്പിക്കപ്പെട്ടു, പ്രത്യേകിച്ച്, വ്യത്യാസങ്ങൾ ഉൾക്കൊള്ളാനും തൻറെ വാതിലിൽ മുട്ടുന്നവരെ സ്വാഗതം ചെയ്യാനും “സമാധാനത്തിൻറെ പാലത്തിൻറെ ശില്പിയാകുക” എന്ന യൂറോപ്പിൻറെ വിളി. ഈ അർത്ഥത്തിൽ, അയൽരാജ്യമായ ഉക്രൈയിനിൽ നിന്നുള്ള നിരവധി അഭയാർത്ഥികൾക്കായി സൃഷ്ടിച്ചതും, എനിക്കു കാണാൻ കഴിഞ്ഞതുമായ, മാനവിക പാലം മനോഹരമാണ്, ഹംഗറിയിലെ സഭയുടെ മഹത്തായ ജീവകാരുണ്യ ശൃംഖലയെ ഞാൻ ആദരവോടെ കാണുന്നു.

ഐക്യത്തിൻറെ പാല നിർമ്മിതിയിൽ

"നാളേയ്ക്കുള്ള പാലങ്ങൾ" നിർമ്മിക്കുന്നതിൽ രാജ്യം വളരെ തിരക്കിലാണ്: പാരിസ്ഥിതിക സംരക്ഷണത്തിനും സുസ്ഥിരമായ ഭാവിക്കും ഈ നാടു വളരെയധികം ശ്രദ്ധ നൽകുന്നു, പരിസ്ഥിതി പരിപാലനം, ഇത് ഹംഗറിയുടെ കാര്യത്തിൽ മനോഹരമായ ഒന്നാണ്. കൂടാതെ തലമുറകൾക്കിടയിലും  പ്രായമായവർക്കും ചെറുപ്പക്കാർക്കുമിടയിലും പാലങ്ങൾ നിർമ്മിക്കാനും പരിശ്രമിക്കുന്നു, ഇത് ഇന്ന് എല്ലാവർക്കും ഒഴിച്ചുകൂടാനാവാത്ത വെല്ലുവിളിയാണ്. സഭയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമായതുപോലെ, സഭ ഇന്നത്തെ മനുഷ്യനിലേക്ക് ചായിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പാലങ്ങളും ഉണ്ട്, കാരണം ക്രിസ്തുവിനെ പ്രഘോഷിക്കൽ ഭൂതകാലത്തിൻറെ ആവർത്തനത്തിൽ മാത്രം ഒതുക്കിനിറുത്താവുന്നതല്ല, മറിച്ച്, എല്ലായ്പ്പോഴും അത് കാലോചിതമാക്കുക ആവശ്യമാണ്. അങ്ങനെ നമ്മുടെ കാലത്തെ സ്ത്രീപുരുഷന്മാർക്ക് യേശുവിനെ വീണ്ടും കണ്ടെത്താൻ സാധിക്കും. അവസാനം,  മനോഹരമായ ആരാധനാക്രമ മുഹൂർത്തങ്ങൾ, അതായ്ത്, ഗ്രീക്ക്-കത്തോലിക്ക സമൂഹത്തോടൊപ്പമുള്ള പ്രാർത്ഥന, വളരെയേറെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധകുർബ്ബാനർപ്പണം എന്നിവ നന്ദിയോടെ സ്മരിച്ചുകൊണ്ട്, ഞാൻ, വിശ്വാസികൾക്കിടയിൽ പാലങ്ങൾ പണിയുന്നതിൻറെ മനോഹാരിതയെക്കുറിച്ച് ചിന്തിക്കുകയാണ്: ഹംഗറിയിൽ നല്ലവണ്ണം ഒരുമിച്ച് പ്രവർത്തിക്കുന്ന വിവിധ ക്രൈസതവവിഭാഗങ്ങളിൽപ്പെട്ടവരും വിവിധ രാജ്യാക്കാരും, വിഭിന്ന റീത്തുകളിൽപ്പെട്ടവരും ആയ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബ്ബാനയിൽ പങ്കുകൊണ്ടു. പാലങ്ങൾ പണിയുക, ഏതതാനതയുടെ പാലം, ഐക്യത്തിൻറെ പാലം.

ഈ സന്ദർശനത്തിൽ, ഹംഗേറിയുടെ സംസ്കാരത്തിൻറെ സവിശേഷതയായ സംഗീതത്തിന് നല്കപ്പെട്ട പ്രാധാന്യം എന്നെ ആകർഷിച്ചു.

ദൈവമാതാവിനോടുള്ള ഭക്തി 

അവസാനമായി, ഹംഗറിക്കാർ പരിശുദ്ധ ദൈവമാതാവിനോട് വളരെ ഭക്തിയുള്ളവരാണ് എന്നത് മെയ് മാസത്തിൻറെ തുടക്കത്തിൽ, ഓർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ആദ്യത്തെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫൻ ഹംഗറിയിലെ ജനങ്ങളെ അവൾക്ക് സമർപ്പിച്ചു, ബഹുമാനാർത്ഥം അവർ അവളുടെ പേര് ഉച്ചരിക്കാതെ രാജ്ഞി എന്നു മാത്രം അവളെ സംബോധന ചെയ്തിരുന്നു. അതിനാൽ നമുക്ക് പ്രിയപ്പെട്ട ആ രാജ്യത്തെ ഹംഗറിയുടെ രാജ്ഞിക്ക് സമർപ്പിക്കാം, ലോകത്തിലെ പാലങ്ങളുടെ നിർമ്മിതി നമുക്ക്  സമാധാന രാജ്ഞിയെ ഭരമേൽപ്പിക്കാം, ഈ ഉയിർപ്പുകാലത്തിൽ നാം വാഴ്ത്തുന്ന സ്വർഗ്ഗീയ രാജ്ഞിയ്ക്ക് നമ്മുടെ ഹൃദയങ്ങൾ ദൈവസ്നേഹത്തിൽ വേരുറപ്പിക്കപ്പെടുന്നതിനായി, നമുക്ക് ഭരമേല്പിക്കാം.  

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

ഇറ്റാലിയന്‍ ഭാഷയിലായിരുന്ന ഈ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന മെയ്മാസത്തിൽ, പരിശുദ്ധ മാതാവിനോടുള്ള ഭക്തി നവീകരിക്കാൻ പാപ്പാ അവരെ ക്ഷണിച്ചു. മറിയത്തെ കൂടുതൽ ആഴത്തിൽ അറിയാനും അവളുമായി ഉറ്റബന്ധത്തിലാകാനും ആത്മീയ അമ്മയും ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെ മാതൃകയും ആയി അവളെ സ്വീകരിക്കാനും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

പീഢിത ഉക്രൈയിൻ ജനതയെ പാപ്പാ സമാശ്വാസനാഥയും സമാധാനരാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2023, 12:13

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >