തിരയുക

കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് വത്തിക്കാനിൽ!

കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനും ഫ്രാൻസീസ് പാപ്പായും ഒരുമിച്ച് ബുധാനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ. "കോപ്റ്റിക്-കത്തോലിക്കാ മൈത്രീദിനം"

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (10/05/23)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. കാർമേഘവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു  പ്രതിവാര പൊതുദർശന വേദി ഈ ആഴ്ചയും. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും കുടകൾ ചൂടിയും മഴവസ്ത്രങ്ങളണിഞ്ഞും അങ്കണത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും ഈജിപ്തിലെ, അലസാന്ത്രിയായിലെ പാപ്പായും വിശുദ്ധ മർക്കോസിൻറെ സിംഹാസനത്തിൻറെ പാത്രിയാർക്കീസും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ തവാദ്രോസ് ദ്വിതീയനോടൊപ്പം വേദിയിലേക്കു നീങ്ങുകയും ചെയ്തു. അപ്പോൾ  റോമിൽ സമയം രാവിലെ 9.00 മണി, ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30- ആയിരുന്നു.

പാത്രിയാർക്കീസ് തവാദ്രോസ് ദ്വിതീയൻറെ ആശംസകൾ പാപ്പായ്ക്ക്

പാപ്പാ സമാധാനാശംസയോടുകൂടി പൊതുദർശനപരിപാടിക്കു തുടക്കം കുറിച്ചതിനെ തുടർന്ന് ആദ്യം പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമൻ ഫ്രാൻസീസ് പാപ്പായ്ക്ക് കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗത്തുനിന്നുള്ള പത്താം വാർഷികാംശംസകൾ നേർന്നു.

പത്തുവർഷം മുമ്പ് ഇതേ തീയതിയിൽ ഫ്രാൻസീസ് പാപ്പാ തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതും ഈ സ്നേഹത്തിൻറെ സ്മരണ അനുവർഷം തങ്ങൾ “സാഹോദര്യസ്നേഹദിനം” ആയി ആചരിക്കുന്നതും പാത്രിയാർക്കീസ് അനുസ്മരിച്ചു.

പാത്രിയാർക്കീസിൻറെ വാക്കുകളെ തുടർന്ന് ഫ്രാൻസീസ് പാപ്പാ പാത്രിയാർക്കീസ് തവാദ്രോസിന് സ്വാഗതമോതി. പാത്രിയാർക്കീസീൻറെ സാന്നിധ്യം കൊണ്ട് സവിശേഷസ്വഭാവം കൈവരിച്ച ഒരു കൂടിക്കാഴ്ചയായിരുന്നതിനാൽ പാപ്പാ പതിവു പ്രബോധനപരമ്പര മാറ്റിവയ്ക്കുകയും പാത്രിയാർക്കീസ് തവാദ്രോസിൻറെ സന്ദർശനത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.

ഫ്രാൻസീസ് പാപ്പായുടെ സ്വാഗത-കൃതജ്ഞതാ വചസ്സുകൾ

സഹോദരീ സഹോദരന്മാരേ!

അലക്സാണ്ട്രിയയിലെ മാർപ്പാപ്പയും വിശുദ്ധ മാർക്കോസിൻറെ സിംഹസാനത്തിൻറെ പാത്രിയർക്കീസുമായ തിരുമേനി തവാദ്രോസ് ദ്വിതീയനെയും അദ്ദേഹത്തോടൊപ്പമുള്ള വിശിഷ്ട പ്രതിനിധി സംഘത്തെയും അതീവാനന്ദത്തോടെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

1973-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പായും ഷെനൂദ മൂന്നാമൻ പാപ്പയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ റോമിലേക്ക് വരാനുള്ള എൻറെ ക്ഷണം തിരുമേനു തവാദ്രോസ് സ്വീകരിച്ചു. കൃത്യമായി, മെയ് 10 ന്, ക്രിസ്തുവിജ്ഞാനീയ സംബന്ധിയായ അവിസ്മരണീയമായ ഒരു പൊതു പ്രഖ്യാപനത്തിൻറെ ഒപ്പുവയ്ക്കലോടെ പാരമ്യത്തിലെത്തിയ ആ കൂടിക്കാഴ്ച റോമിൻറെ മെത്രാനും കോപ്റ്റിക് ഓർത്തൊഡോക്സ് സഭയുടെ പാത്രിയാർക്കീസും തമ്മിലുള്ള ആദ്യത്തെതായിരുന്നു. ഈ സംഭവത്തിൻറെ സ്മരണാർത്ഥം പാത്രിയാർക്കീസ് തവാദ്രോസ് പത്തുവർഷം മുമ്പ്, എൻറെ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്കു ശേഷം മെയ് 10-ന് ആദ്യമായി എന്ന കാണാൻ വന്നു. കോപ്റ്റിക് കത്തോലിക്കസഭകളുടെ മൈത്രീദിനം അനുവർഷം മെയ് 10-ന് ആചരിക്കണമെന്ന നിർദ്ദേശം അദ്ദേഹം വയ്ക്കുകയും ചെയ്തു. ആ സമയം മുതൽ എല്ലാ  വർഷവും അത് ഞങ്ങൾ ആഘോഷിക്കുന്നു. ഞങ്ങൾ പരസ്പരം ഫോണിൽ വിളിക്കുന്നു, ആശംസകൾ അയക്കുന്നു, ഞങ്ങൾ നല്ല സഹോദരന്മാരായി തുടരുന്നു, ഞങ്ങൾ വഴക്കിട്ടിട്ടില്ല!

പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസ്, ഈ ഇരട്ട വാർഷികത്തിൽ എൻറെ ക്ഷണം സ്വീകരിച്ചതിന് നന്ദി, പരിശുദ്ധാത്മാവിൻറെ വെളിച്ചം അങ്ങയുടെ റോമിലേക്കുള്ള സന്ദർശനത്തെയും ഇവിടെ നടത്തുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചകളെയും വിശിഷ്യ, നമ്മുടെ വ്യക്തിപരമായ സംഭാഷണങ്ങളെയും പ്രബുദ്ധമാക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സൗഹൃദം  സംവദ്ധർകമാക്കുന്നതിന് അങ്ങു നടത്തുന്ന പരിശ്രമങ്ങൾക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

തിരുമേനി, പ്രിയ മെത്രാന്മാരേ പ്രിയ സുഹൃത്തുക്കളേ, വിശ്വാസത്തിൻറെയും പ്രത്യാശയുടെയും ക്രിസ്തീയ സ്നേഹത്തിൻറെയും ഏകവും വിശുദ്ധവുമായ ബന്ധത്തിൽ കൂട്ടായ്മയിൽ വളരാൻ നമ്മളെ സഹായിക്കുന്നതിന് കോപ്റ്റിക് സഭയിലെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മാദ്ധ്യസ്ഥ്യത്താൽ സർവശക്തനായ ദൈവത്തോട് ഞാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു. കോപ്റ്റിക് സഭയിലെ രക്തസാക്ഷികളെക്കുറിച്ച് പറയുമ്പോൾ, അവർ നമ്മുടെയുമാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിബിയൻ കടൽത്തീരത്ത് രക്തസാക്ഷികളാക്കപ്പെട്ട അവരെ ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

തവാദ്രോസ് പാപ്പായുടെ റോമാ സന്ദർശനത്തെ അനുഗ്രഹിക്കുന്നതിനും കോപ്റ്റിക് ഓർത്തഡോക്സ് സഭയെ മുഴുവൻ സംരക്ഷിക്കുന്നതിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ ഞാൻ ഇവിടെ സന്നിഹിതരയവരോട് അഭ്യർത്ഥിക്കുന്നു. ക്രിസ്തുവിൽ നാം ഒന്നാകുന്ന അനുഗ്രഹീത ദിനത്തിലേക്ക് ഈ സന്ദർശനം ത്വരിതഗതിയിൽ നമ്മെ അടുപ്പിക്കട്ടെ! നന്ദി.

ഈ വാക്കുകളെ തുടർന്ന് പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ ഇറ്റാലിയൻ ഭാഷയിൽ സംബോധന ചെയ്തു. 

ദൈനംദിന അസ്തിത്വത്തിൻറെ പൊരുളിനെ പ്രകാശിപ്പിക്കുന്ന പ്രത്യാശ ക്രിസ്തുവിൽ കാത്തുസൂക്ഷിക്കാൻ അവർക്കെല്ലാവർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു. പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിതമായ ഈ മാസത്തിൽ അവളോട് സവിശേഷമാംവിധം പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനെയും പാപ്പാ അനുസ്മരിച്ചു. പീഡിത ഉക്രൈയിനെ പാപ്പാ പീഡിതർക്കാശ്വാസവും സമാധാന രാജ്ഞിയുമായ പരിശുദ്ധ മറിയത്തിന് ഭരമേല്പിക്കുകയും ചെയ്തു.

തുടർന്ന് പാപ്പാ പാത്രിയാർക്കീസ് തവാദ്രോസിനൊപ്പം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലാൻ എല്ലാവരെയും ക്ഷണിക്കുകയും ഈ പ്രാർത്ഥനയ്ക്കു ശേഷം പാത്രിയാർക്കീസും താനും ഒരുമിച്ച് ആശീർവ്വാദം നല്കുമെന്ന് അറിയിക്കുകയും ചെയ്തു. കർത്തൃപ്രാർത്ഥനയ്ക്കു ശേഷം ഇരുവരും ചേർന്ന് ആശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2023, 12:09

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >