തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (Vatican Media)

“ക്രിസ്തു ജീവിക്കുന്നു” : മുതിർന്ന തലമുറയും യുവതലമുറയും ഒരുമിച്ചു നടന്നാൽ…

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 199ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന''വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

199.നമ്മൾ ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ച് യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നൽകാൻ കഴിയും. ഇവിടെനിന്ന് ഭൂതകാലത്തെ വീണ്ടും സന്ദർശിക്കാനും ഭാവിയിലേക്ക് നോക്കാനും കഴിയും. ചരിത്രത്തിൽ നിന്ന് പഠിക്കാനും ഇന്നും ചിലപ്പോൾ എല്ലാം നമ്മെ വേദനിപ്പിക്കുന്ന പഴയ മുറിവുകൾ സുഖപ്പെടുത്താനും ഭൂതകാലത്തെ സന്ദർശിക്കാം. നമ്മുടെ ആവേശത്തെ വളർത്താൻ, സ്വപ്നങ്ങളെ ഉണർത്താൻ, പ്രവചനങ്ങളെ തട്ടിയുണർത്താൻ, പ്രത്യാശയെ പുഷ്പിക്കാനിടയാക്കാൻ ഭാവിയിലേക്ക് നോക്കാം. അതോടൊപ്പം നമുക്ക് പരസ്പരം പഠിക്കാനും, ഹൃദയങ്ങളെ ചൂടാക്കാനും സുവിശേഷ വെളിച്ചത്താൽ മനസ്സുകളെ പ്രചോദിപ്പിക്കാനും നമ്മുടെ കൈകൾക്ക് പുതിയ ശക്തി നൽകാനും ഒറ്റക്കെട്ടായി നമുക്ക് കഴിയും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

മുതിർന്ന തലമുറയും യുവതലമുറയും ഒരുമിച്ചു നടന്നാൽ...

പരവതാനിയുടെ അടിവശത്ത് കെട്ടിപ്പിണഞ്ഞു കിടക്കുന്ന നൂലുകളിൽ നിന്നാണ് പരവതാനിയുടെ പുറത്തെ മനോഹരമായ ചിത്രത്തിന്റെ ജനനം എന്ന് കഴിഞ്ഞ ഖണ്ഡികയിൽ നമ്മോടു വിവരിച്ച പാപ്പാ കുഴപ്പം പിടിച്ച കുഴഞ്ഞുമറിഞ്ഞ നമ്മുടെ ജീവിതത്തിലൂടെയും ദൈവത്തിന്റെ ബുദ്ധിക്ക് മനോഹരമായ ചിത്രങ്ങൾ തീർത്തെടുക്കാൻ കഴിയുമെന്ന് നമ്മോടു പറഞ്ഞു വയ്ക്കുകയായിരുന്നു. ഇന്ന് നാം ചിന്തിക്കുന്ന ഖണ്ഡിക കുറെക്കൂടി ആഴത്തിലേക്ക് ഇക്കാര്യം ചിന്തിക്കാനുള്ള വഴിമരുന്നിടുകയാണ്. ഇവിടെ വയോധികരും യുവജനവും ഒന്നിച്ചു സഞ്ചരിച്ചാൽ ഉണ്ടാകാവുന്ന ഗുണങ്ങളെക്കുറിച്ച് ഒരിക്കൽക്കൂടി വ്യക്തത വരുത്താൻ ശ്രമിക്കുകയാണ്.

മുതിർന്ന തലമുറയും യുവതലമുറയും ഒരുമിച്ചു നടന്നാൽ വർത്തമാനകാലത്തിലെ ജീവിത വൃക്ഷത്തിന് നല്ല ഉറച്ച വേരുണ്ടാവും എന്നാണ് ആദ്യം തന്നെ പാപ്പാ പറഞ്ഞു വയ്ക്കുന്നത്. ആധുനിക കാലഘട്ടത്തിന്റെ എല്ലാ ഭാവങ്ങളും നിറവും രുചിയും ഉൾക്കൊണ്ട് വളർന്നു വരുന്നവർ യുവജനങ്ങളാണ്. കാലം കൊണ്ടുവന്ന വിവര സാങ്കേതികതയുടെ അതിപ്രസരത്തിൽ മുങ്ങിക്കുളിച്ചു വരുന്ന യുവതലമുറ അവരുടെ മുതിർന്ന തലമുറയ്ക്ക് ഒരത്ഭുതം തന്നെയാണ്. യുവതലമുറയുമായുള്ള ചങ്ങാത്തവും ബന്ധവും പഴഞ്ചരായി എന്നു കരുതി ഒഴിഞ്ഞുമാറി ഒരു മൂലയിൽ ഒതുങ്ങിപ്പോകാവുന്ന വയോധികർക്ക് പുത്തൻ ഉണർവ്വം ഉൻമേഷവും പകരും. അവരിലൂടെ വർത്തമാനകാലത്തെ കൈകളിലെടുക്കാൻ മുതിർന്നവർക്ക് കഴിയും. ഇവിടെ വയോധികർ ശാരീരികമായല്ലെങ്കിലും മാനസികമായും ബൗദ്ധികമായും യൗവനവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതേ സമയം യുവതലമുറയ്ക്ക് പഴയ തലമുറയുമായുള്ള ചങ്ങാത്തം സമ്മാനിക്കുന്നത് കണക്കുകൂട്ടാൻ പറ്റാത്തത്ര വിലയുള്ള നിധിയാണ്. അനുഭവങ്ങളും അനുഗ്രഹങ്ങളും കൊണ്ട് പാകപ്പെട്ട ഒരു തലമുറ ഇളയ തലമുറയെ വർത്തമാനകാലത്തെ ശരിയായ രീതിയിൽ കണ്ണു തുറന്ന് കാണാൻ ഇടവരുത്തുന്നു. കഴിഞ്ഞ കാല ജീവിതം സമ്മാനിച്ച നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് വർത്തമാനകാലത്തെ ശരിയായ രീതിയിൽ വ്യാഖ്യാനിക്കാൻ യുവതലമുറയ്ക്ക് ശക്തി പകരുന്ന ഒരു സൗഹൃദമായിരിക്കും അത് നൽകുക. ഇവിടെ രണ്ടു തലമുറകളും നല്ല ഫലങ്ങൾ കണ്ടെത്തും.

രണ്ടു തലമുറകളും തമ്മിലുള്ള ഈ ഒരുമിച്ചുള്ള യാത്രയ്ക്ക് എന്നാൽ ചില മര്യാദകൾ ആവശ്യമുണ്ട്.  എഴുത്തുകാരനായ കാൾ വാട്ടേഴ്സ് പറയുന്നത് മുതിർന്ന തലമുറ യുവാക്കളെ അവരുടെ മൈതാനത്ത് കണ്ടെത്താൻ ശ്രമിക്കണമെന്നാണ്. അവരോടൊപ്പം ജീവിച്ചും അനുഗമനം ചെയ്തുമാണ് അത് ചെയ്യേണ്ടത് അല്ലാതെ വെറും നിരോധനങ്ങളും നിർദ്ദേശങ്ങളും മാത്രം കൊണ്ടല്ല. യുവാക്കളെ അവരുടെ മൈതാനത്ത് കണ്ടുമുട്ടി അവരോടൊപ്പം സഞ്ചരിക്കുമ്പോൾ അവർ അനുഭവിക്കുന്ന വെല്ലുവിളികളെ തിരിച്ചറിയാൻ കഴിയുമെന്ന് കാൾ വാട്ടേഴ്സ് പറയുന്നു. അടുത്ത തലമുറയ്ക്ക് ഉപകാരപ്പെടുന്ന മുതിർന്നവരായി തീരാൻ വളരെ മനോഹരമായ ഒരു പദപ്രയോഗമാണ് തന്റെ ലേഖനത്തിൽ അദ്ദേഹം രേഖപ്പെടുത്തുന്നത്. ഒരു പുതിയ സംസ്കാരത്തിലേക്ക് കടന്നു ചെല്ലുന്ന 'മിഷനറിമാരുടെ സമീപനമാണ് ' മുതിർന്നവർക്കാവശ്യം എന്നദ്ദേഹം എഴുതി വയ്ക്കുന്നു. ചിലപ്പോൾ വിചിത്രമെന്നു തോന്നാവുന്നതും നമുക്ക് പരിചയമില്ലാത്ത, ഭയപ്പെടുത്തുന്ന സാഹചര്യങ്ങളും വന്നേക്കാം. അനുഭവങ്ങളുടെ അഹങ്കാര മലകളിൽ നിന്ന് എളിമയോടെ ഇറങ്ങി അവരോടൊപ്പം വന്ന് അവരെ ശ്രവിക്കാനും അവരെ പഠിക്കാനും കഴിഞ്ഞാലെ എന്തെങ്കിലും നമുക്കവരെ പഠിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം അടിവരയിടുന്നു.

യേശുവിനെ അനുഗമിക്കുന്നതിന്റെ സന്തോഷവും, അഭിനിവേശവും, പ്രത്യാശയും ഉൾക്കൊള്ളുന്ന ഒരു ജീവിതവുമായി നാം അവർക്കൊപ്പം നിൽക്കുമ്പോൾ യുവാക്കൾ നാം ഒരു വാക്കും പറയാതെ തന്നെ അവർ മുതിർന്ന തലമുറയെ ബഹുമാനിക്കുകയും നമ്മുടെ അനുഭവങ്ങളുടെ  കിണറ്റിൽ നിന്ന് ആവോളം ജലം ശേഖരിക്കാൻ ദാഹിച്ചു വരണ്ടലയുന്ന യുവതലമുറ ഓടിയെത്തുകയും ചെയ്യുമെന്നും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. പുതിയ തലമുറയ്ക്ക് പഴയ തലമുറയുമായുള്ള സൗഹൃദം പകർന്നു നൽകുന്നത് അവർ അനുഭവങ്ങളിലൂടെ പഠിച്ച ഇരുത്തവും, പക്വതയുമാണ്. പുതിയ അനുഭവങ്ങളെ പഴയ അനുഭവങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ വിശകലനം ചെയ്യാനുള്ള ബലമായ അടിത്തറയാണെന്ന സത്യമാണ് പാപ്പായുടെ വരികൾക്കിടയിൽ തിളങ്ങി നിൽക്കുന്നത് എന്ന കാര്യം നമുക്ക് തള്ളിക്കളയാനാവില്ല. പുതിയ തലമുറയും പഴയ തലമുറയും അങ്ങനെ ഒരുമിച്ച് വർത്തമാന കാലത്തിൽ വേരൂന്നി നിന്നുകൊണ്ട് വർത്തമാനകാലം മാത്രം ജീവിച്ചു പോകുന്ന ഒരവസ്ഥയല്ല ഫ്രാൻസിസ് പാപ്പായുടെ ഉദ്ദേശം. അവിടെ ഭൂതകാലത്തിലേക്കുള്ള ഒരു പിൻതിരിഞ്ഞു നോട്ടവും  ഭാവിയിലേക്കുള്ള ഒരു മുൻനോട്ടവും നടക്കേണ്ട ഒരിടമായാണ് പാപ്പാ നമ്മോടു പറഞ്ഞു തരുന്നത്.

ഭാവിയിലേക്ക് കണ്ണുതുറക്കുന്ന ഭൂതകാല സന്ദർശനം

ഭൂതകാലത്തിലേക്കുള്ള ഒരു പിൻതിരിഞ്ഞുനോട്ടം വഴി ഇരുകൂട്ടർക്കും നേട്ടമാണ്  സാധ്യമാക്കി തരുന്നത്. ചരിത്രം ഒരു പാഠപുസ്തകമാണ്. അത് നമ്മെ പഠിപ്പിക്കുന്നവ കഴിഞ്ഞകാലത്തിന്റെ ലാഭനഷ്ടക്കണക്കുകളാണ്. മനുഷ്യ ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കാലത്തു പറ്റിയ തെറ്റുകളും അവ മൂലം വന്ന നാശങ്ങളും ആവർത്തിക്കാതിരിക്കാൻ മാത്രമല്ല ഇനിയും നമ്മെ വേദനിപ്പിക്കുന്ന മുറിവുകൾ സൗഖ്യപ്പെടുത്താനും പഴയ കാല സന്ദർശനം ഉപകരിക്കുമെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യന്റെ മനസ്സിനെ സംബന്ധിച്ചിടത്തോളം ഭൂതകാലം ഒരു കൊഴിഞ്ഞ കാലമല്ല. ബെസ്സൽ വാൻ ഡെർ കോക്കിന്റെ The Body Keeps the Score എന്ന പുസ്തകം മാത്രമല്ല Dr. Gabor Mate ന്റെ പുസ്തകങ്ങളും മനുഷ്യന്റെ നാഡീവ്യൂഹം പഴയ അനുഭവത്തിന്റെ ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന രീതിയിലാണ് പെരുമാറുന്നതെന്നും അത് നമ്മുടെ പെരുമാറ്റത്തെ മാത്രമല്ല ശരീരത്തെയും ബാധിക്കുമെന്നും തെളിവു നൽകുന്നു.  അതിനാൽ പാപ്പാ പറയുന്നതുപോലെ ഭൂതകാലത്തിലേക്കുള്ള ഒരു പുനർ സന്ദർശനം മുറിവുകൾ സൗഖ്യമാക്കാൻ ഇടവരുത്തും അതോടൊപ്പം യുവതലമുയ്ക്ക് ആ അനുഭവങ്ങൾ ഒരു സംരക്ഷണ കോട്ടയായും ഭവിക്കും. അങ്ങനെ ഭൂതകാലത്തിൽ നിന്നും ഒരുമിച്ച്  സഞ്ചരിച്ച് വർത്തമാനകാലത്തിൽ എത്തുമ്പോൾ നമുക്ക്  സ്വപ്നങ്ങളെ തട്ടിയുണർത്താനും ആവേശത്തെ ആകാശത്തോളമുയർത്താനും പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കാനും കഴിയുമെന്ന് പാപ്പാ എഴുതുന്നു. 

ഒരു പക്ഷേ പഴയ തലമുറ അഭിമുഖീകരിച്ച അതേ വെല്ലുവിളികളല്ല ഇന്നത്തെ തലമുറയുടേത്. ഇന്ന് കുടുംബം എന സങ്കൽപ്പം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു കാലഘട്ടമാണ്. കഴിഞ്ഞ മേയ് 12 ന് ഇറ്റലിയിൽ നടന്ന ജനനത്തിന്റെ പൊതു അവസ്ഥയെ (General States of Birth) ക്കുറിച്ചുള്ള ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഇക്കാര്യം ഫ്രാൻസിസ് പാപ്പാ വളരെ കൃത്യമായി എടുത്തുപറഞ്ഞു. സ്വതന്ത്ര വിപണി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒരു കുടുംബത്തെയും കുട്ടികളെയും സ്വപ്നം കാണാനുള്ള അവസ്ഥ യുവജനങ്ങൾക്ക് നൽകുന്നില്ല എന്ന കാര്യം പാപ്പാ അടിവരയിട്ടു. യുദ്ധങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും കൂടെ അതോടൊപ്പം  ചേരുമ്പോൾ യുവതലമുറയ്ക്ക് ഭാവിയെക്കുറിച്ച് വർദ്ധിച്ചു വരുന്ന ആശങ്കകളും അനിശ്ചിതത്വവുമാണുള്ളതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. സ്ഥിരമായ ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും, വീടുകൾക്കുള്ള അമിതമായ വിലയും, ഉയർന്ന വാടക നിരക്കും, തികയാത്ത വേതനവും മൂലം ഒരു കുടുംബം ആരംഭിക്കാൻ ബ്രഹ്മാണ്ഡ ശ്രമം വേണ്ട ഒരു സാമൂഹികാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പാപ്പാ മനസ്സിലാക്കുന്നു.

ഇവിടെയാണ് പഴയ തലമുറയുടെ അനുഭവ പാഠങ്ങളും പുതിയ തലമുറയുടെ സ്വപ്നങ്ങളും ഒരുമിപ്പിച്ചു കൊണ്ടുള്ള സൗഹൃദം പ്രത്യാശയുടെ ഭാവിക്കുള്ള അടിത്തറയാകേണ്ടത്. സമൂഹത്തിന്റെ നിലനിൽപ്പു തന്നെ ഒരു പക്ഷേ ഈ സൗഹൃദത്തിലാശ്രയിച്ചാണ് നിൽക്കുന്നത്. അതിനാൽ ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡികയുടെ അവസാനത്തിൽ എഴുതുന്നതു പോലെ നമുക്ക് പരസ്പരം പഠിക്കാനും, ഹൃദയങ്ങളെ ചൂടാക്കാനും സുവിശേഷ വെളിച്ചത്താൽ മനസ്സുകളെ പ്രചോദിപ്പിക്കാനും നമ്മുടെ കൈകൾക്ക് പുതിയ ശക്തി നൽകാനും ഒറ്റക്കെട്ടായി നമുക്ക് നീങ്ങാൻ പരിശ്രമിക്കാം. പ്രത്യാശയുടെ ഒരു ഭാവിക്കായി കൈകോർക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 12:19