തിരയുക

സ്നേഹിക്കുക ദൈവത്തെയും മനുഷ്യനെയും... സ്നേഹിക്കുക ദൈവത്തെയും മനുഷ്യനെയും...  

“ക്രിസ്തു ജീവിക്കുന്നു” : തെറ്റുപറ്റാവുന്ന സ്നേഹത്തിൽ തെറ്റിനേക്കാൾ വില സ്നേഹത്തിനാണ്

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 198ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

198. ഉദാരവും പരമോന്മുഖവുമായും പ്രവർത്തിക്കുകയും അപകടസാധ്യതകൾ ഏറ്റെടുക്കുകയും ചെയ്യുന്ന സ്നേഹത്തിന് ചിലപ്പോൾ തെറ്റുകൾ പറ്റിയേക്കാം ഇവിടെ മരിയ ഗബ്രിയെല്ലാ പേരിന്റെ സാക്ഷ്യം സന്ദർഭോചിതമാണ്. അവളുടെ ജനനം കഴിഞ്ഞ് ഉടനെ അവൾക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. അത് എങ്ങനെ തന്റെ ജീവിതത്തെ സ്വാധീനിച്ചു എന്ന ഒരു താൽക്കാലിക ബന്ധത്തിലൂടെ ഒരു അമ്മയും ഇപ്പോൾ ഒരു അമ്മൂമ്മയുമായ അവൾ ചിന്തിക്കുന്നു. “ദൈവം കഥകൾ സൃഷ്ടിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.” അവിടുന്ന് തന്റെ പ്രഭയിലും കാരുണ്യത്തിലും നമ്മുടെ വിജയങ്ങളെയും പരാജയങ്ങളെയും സ്വീകരിച്ച് വിരോധാഭാസം നിറഞ്ഞ മനോഹരമായ ഒരു ചിത്ര യവനിക തുന്നുന്നു. ചിത്ര തുണിയുടെ ചിറക് വശം പ്രാകൃതമായി തോന്നും. നൂലുകൾ കൂടി പിണഞ്ഞു കിടക്കും. നമ്മുടെ ജീവിതത്തിന്റെ അനുഭവങ്ങളാണവ. നമ്മൾ സംശയിക്കുമ്പോൾ നാം ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നത് ഈ വശത്തായിരിക്കും.  എന്നാൽ ചിത്ര യവനികയുടെ ശരിയായ വശം മഹത്തായ ഒരു കഥ പ്രദർശിപ്പിക്കുന്നു. ഇതാണ് ദൈവം കാണുന്ന വശം. “വാർദ്ധ്യക്യത്തിൽ എത്തിയവർ ജീവിതത്തെ അടുത്തു പരിശോധിക്കുമ്പോൾ എന്താണ് കെട്ടുപിണഞ്ഞ നൂലുകൾക്ക് പിറകിലുള്ളതെന്ന് വാസനാ പരമായി തന്നെ അറിയുന്നു. നമ്മുടെ തെറ്റുകളിൽ നിന്ന് പോലും എന്തും സൃഷ്ടിക്കാൻ ദൈവത്തിന് കഴിയുമെന്ന് അവർ തിരിച്ചറിയുന്നു.(കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

നിത്യേനയുള്ള പ്രാർത്ഥന സമയങ്ങളിൽ ഒന്നിൽ ഒരു ദിവസം പെട്ടെന്ന് ഫ്രാൻസിസ് പാപ്പായുടെ മനസ്സിൽ തമ്പുരാൻ ഒരു ചിന്ത വിരിയിച്ചു. അതിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്രചോദനം മുത്തശ്ശീ മുത്തച്ഛന്മാരും മുതിർന്നവരും സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ വെളിച്ചത്തു കൊണ്ടുവരിക എന്ന ദൗത്യത്തിന് പാപ്പയെ പ്രേരിപ്പിച്ചു. തന്റെ ചിന്തകൾക്ക് ആഴം വച്ചു തുടങ്ങിയപ്പോൾ മുത്തശ്ശീ മുത്തച്ഛന്മാർ, മാതാപിതാക്കൾ, വിധവകൾ, ഭാര്യമാർ നഷ്ടപ്പെട്ട പിതാക്കന്മാർ, ഏകാന്തർ തുടങ്ങി വർഷങ്ങളായി ദു:ഖങ്ങളും സന്തോഷങ്ങളും, നഷ്ടങ്ങളും കാലഘട്ടത്തിന്റെ മാറ്റങ്ങളും കണ്ട തലമുറ അവരുടെ അനുഭവത്തിൽ നിന്ന് ഇളയ തലമുറയ്ക്ക് പകർന്നു നൽകുന്ന വിജ്ഞാന സമ്പത്തിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണങ്ങളിൽ വിവരിക്കാൻ തുടങ്ങി. ഈ വിഷയം മനസ്സിൽ തട്ടിയ ലൊയോള പ്രസിദ്ധീകരണ സ്ഥാപനം മുതിർന്നവർ വിജ്ഞാനത്തിന്റെ ഒരു കലവറയാണെന്ന പാപ്പായുടെ ഉൾക്കാഴ്ച കൂടുതൽ ആളുകളിൽ എത്തിക്കാനും അതിനായി അനുഭവസാക്ഷ്യങ്ങൾ തേടാനും ഒരു പദ്ധതി തയ്യാറാക്കി. തങ്ങളുടെ ആഗോള ശ്രുംഖല വഴി ലോകം മുഴുവനിലും നിന്ന് സഹായം അഭ്യർത്ഥിച്ച അവർക്ക് ലഭിച്ച അഭിമുഖങ്ങളിലുടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ശേഖരിച്ച അനുഭവകഥകൾ  അവർ  Sharing The Wisdom of the Time എന്ന പേരിൽ ഒരു പുസ്തകമായി പുറത്തിറക്കി. ആ പുസ്തകത്തിൽ നിന്നുള്ള ഒരു കഥയാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനുള്ള ഖണ്ഡികയിൽ പരിശുദ്ധ പിതാവ് വിഷയമാക്കുന്ന മരിയ ഗബ്രിയേലയുടേത്.

ഈ ഗ്രന്ഥത്തിന്റെ കഥ തന്നെ വളരെയേറെ പ്രചോദനമേകുന്ന ഒന്നാണ്. ഒരു വർഷത്തോളം നീണ്ട ഈ ബൃഹത്തായ സംരംഭം അഭിമുഖങ്ങൾ നടത്തിയത് 250 പേരെയാണ്. പൊതുവിൽ സമൂഹത്തിന്റെ പിന്നണിയിൽ മറഞ്ഞും നിശബ്ദരുമായി കഴിയുന്ന മുതിർന്നവരെ കണ്ടെത്താനും അവരിൽ നിന്ന്  സാർവ്വലൗകികമായ വിഷയങ്ങളായ സ്നേഹത്തിന്റെയും നഷ്ടങ്ങളുടെയും അതിജീവനത്തിന്റെയും പ്രത്യാശയുടേയും അചിന്തനീയമായ ദുരന്തങ്ങൾക്കു മുമ്പിലെ സമാധാനത്തിന്റെയും എല്ലാറ്റിലുമുപരിയായി വിശ്വാസത്തിന്റെയും കഥകൾ തിരഞ്ഞെടുക്കാനും സഹകരിച്ചത് ഈശോസഭാ സംഘടനകളും പ്രൊഫഷണൽ മാധ്യമ പ്രവർത്തകരും എഡിറ്റേഴ്സും ചേർന്നാണ്. പിന്നീട്  ഫാ. സ്പതാരോയുടെ സഹകരണത്തോടെ അവ പാപ്പായ്ക്ക് എത്തിക്കുകയും ചെയ്തു. അവ മുഴുവൻ ഒരു പുസ്തകമാക്കുക അസാധ്യമായതിനാൽ അവയിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് പുസ്തകത്തിൽ ഉള്ളത്.

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഭാഗത്ത് വളരെ ചുരുക്കി ഫ്രാൻസിസ് പാപ്പാ തന്നെ ഗബ്രിയേലയുടെ കഥ വിവരിക്കുന്നുണ്ട്. എങ്കിലും അവരുടെ ജീവിതത്തിലേക്കുള്ള ഒരന്വേഷണം നമുക്ക് ചിന്തിക്കാൻ വക നൽകുന്ന ഒന്നാണ്. മരിയ ഗബ്രിയേല പെരിൻ ഇറ്റലിക്കാരിയായ ഒരമ്മയും അമ്മുമ്മയുമാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് അധികം നാളാകുന്നതിനു മുമ്പ് അവൾക്ക് വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അപ്പച്ചൻ മരിച്ചു പോകുന്നത്. അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന അത്ഭുതം മനസ്സിൽ സൂക്ഷിച്ചു വളർന്ന അവൾ അവളുടെ യൗവ്വനത്തിൽ കണ്ടെത്തിയ യുവാവുമൊത്തു ജീവിച്ചു പോന്നു. ആ ബന്ധം  പിന്നീട് മുറിഞ്ഞുപോകുകയും ഒരു നൂറിലധികം വട്ടം കൂട്ടിച്ചേർക്കുകയും ചെയ്തതായി അവർ വിവരിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും വിവാഹിതരാകാതിരുന്ന അവരുടെ ബന്ധത്തിൽ അവർക്ക് ഡേവിഡ് എന്ന ഒരു പുത്രൻ പിറന്നു. ഇന്നവൻ അവന്റെ കുഞ്ഞിനെയും കാത്തിരിക്കുന്ന ഒരു പിതാവാണ്. മരിയ പിന്നീട് ഒരു പുതിയ സ്നേഹ ബന്ധം കണ്ടെത്തുകയും വിവാഹിതയാവുകയും ചെയ്തു. ഈ കഥയുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഖണ്ഡികയിലെ ആദ്യ വരികൾ നാം വായിക്കേണ്ടത്. "ഉദാരവും വ്യയം ചെയ്യുന്നതും പ്രവർത്തിക്കുന്നതും അപകട സാധ്യതകൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സ്നേഹം ചിലപ്പോൾ തെറ്റുകൾ വരുത്തിയേക്കാം." വളരെ ആർദ്രതയോടെയാണ് ഫ്രാൻസിസ് പാപ്പാ ഗബ്രിയേലയുടെ ജീവിതത്തെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

ജനിച്ചയുടനെ പിതാവിനെ നഷ്ടപ്പെട്ട അവളുടെ ജീവിതത്തെ പിതാവിന്റെ കുറവ് എത്രമാത്രം സ്വാധീനിച്ചു എന്നത് അവൾ തന്നെ വിവരിക്കുന്നു. കൂടാതെ പിന്നീടുണ്ടായ ബന്ധത്തിൽ ഒരു കുഞ്ഞിനെ സമ്മാനിച്ച്  സ്നേഹിച്ച പുരുഷൻ അവളെ വിട്ട് പോയതും ആ കുഞ്ഞ് ഇപ്പോൾ പിതാവാകാനും അവൾ അമ്മുമ്മയാകാനും കാത്തിരിക്കുന്ന ഒരു സാഹചര്യമാണ് അവളുടേത്. അവളുടെ ജീവിതത്തിൽ വീണ്ടും ഒരു പുരുഷൻ വരികയും അവൾ അവനെ വിവാഹം കഴിക്കുകയും ചെയ്തു.

തന്റെ കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞ് അവൾ കടന്നു പോയതും അവളുടെ ജീവിതം രൂപപ്പെട്ടതുമായ വഴികൾ നോക്കിക്കാണുകയാണ് ഗബ്രിയേല. പക്ഷേ അവയിലേക്ക് തിരിഞ്ഞു നോക്കുന്ന അവൾ കണ്ടെത്തുന്നത് ദൈവത്തിന്റെ അപാരമായ ബുദ്ധിയിലും കരുണയിലും  നെയ്തെടുത്ത ഒരു പരവതാനിയാണ്.  ഇവിടെയാണ് അവളുടെ  ജീവിതം അവളെ പഠിപ്പിച്ച വിജ്ഞാനത്തിന്റെ ചുരുളഴിയുന്നത്. ദുരിതപൂർണ്ണമായി പിന്നിട്ട ഒരു ജീവിതത്തെ ഇപ്പോൾ നോക്കിക്കാണുമ്പോൾ അത് മനോഹരമായ ഒരു പരവതാനിപോലെ അവൾക്ക് തോന്നുന്നു. അതിന് അവൾ വളരെ ശ്രേഷ്ഠമായ ഒരു കാരണവും കണ്ടെത്തുന്നു.

മേലേ മനോഹരമായ ചിത്രപ്പണികൾ നെയ്തു വിളമ്പുന്ന ആ പരവതാനിയുടെ മറുവശത്ത് അടുക്കും ചിട്ടയുമില്ലാതെ കെട്ടപിണഞ്ഞു കിടക്കുന്ന നൂലുകളുണ്ട്. ഈ നൂലുകളിലൂടെയാണ്  ഈ മനോഹര പരവതാനി രൂപപ്പെടുന്നതെന്ന് അവൾ നമുക്കു പറഞ്ഞു തരുന്നു. ഈ ഭാഗമാണ് ഫ്രാൻസിസ് പാപ്പാ നമുക്കായി  ഉദ്ധരിക്കുന്നത്. നമ്മുടെ വിജയങ്ങളും പരാജയങ്ങളും കെട്ടുപിണയുന്ന സമ്മർദ്ദങ്ങളും വിരോധാഭാസങ്ങളും ഒക്കെ കൂട്ടിയെടുത്ത് ദൈവത്തിന് തന്റെ ആർദ്രതയിൽ മനോഹരമായ ഒരു പരവതാനി തീർക്കാൻ കഴിയുമെന്നും ഒന്നും വിഫലമല്ലയെന്നും മരിയ ഗബ്രിയേലയുടെ ജീവിത സാക്ഷ്യം ചൂണ്ടിക്കാണിക്കുന്നു.

മരിയ ഗബ്രിയേല പെരിന്റെ സാക്ഷ്യം വിവരിക്കുന്ന  Sharing The wisdom of the Time  എന്ന പുസ്തകത്തിൽ ഫ്രാൻസിസ് പാപ്പാ അവളുടെ സാക്ഷ്യത്തിന്  നൽകുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. എത്രയോ സങ്കീർണ്ണമായ നമ്മുടെ ജീവിതകഥയിൽ നമ്മുടെ അനുഭവങ്ങൾ ചിലപ്പോൾ മനസ്സിലാക്കാൻ കഴിയുന്നതും മറ്റു പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്തതുമാണെന്ന സത്യം പാപ്പാ തുറന്നു സമ്മതിക്കുന്നു. എന്നാൽ നമ്മുടെ തെറ്റുകളും പാപങ്ങളും നന്മകളും സംയോജിപ്പിച്ച് ഒരു പരവതാനിയുടെ മനോഹരമായ വശം തീർക്കാൻ കഴിവുള്ള ഒരു കലാകാരന്റെ കണ്ണുകൾ പോലെയുള്ള, സ്രഷ്ടാവിന്റെ കണ്ണുകളിലൂടെയാണ് ദൈവം നമ്മെ കാണുന്നതെന്ന് പാപ്പാ എഴുതുന്നു. എന്നിട്ട് പറഞ്ഞത് വീണ്ടും വിശദീകരിച്ചു കൊണ്ട് എഴുതിച്ചേർക്കുന്നു, "ഞാൻ എന്റെ ജീവിതത്തെ നോക്കിയാൽ, കർത്താവ് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ ,"നോക്ക്, നിന്റെ തെറ്റുകളെക്കൊണ്ട് ഞാൻ എന്താണ് ചെയ്തത് " എന്നെന്നോടു പറയും എന്നാണ് താൻ വിചാരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.   പലപ്പോഴും തെറ്റുകൾ അത്ഭുതങ്ങളുടെ അസംസ്കൃത വസ്തുക്കളാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു കൊണ്ട് പത്രോസിന്റെ തളളിപറച്ചിലും, ധൂർത്ത പുത്രന്റെ വഴി തെറ്റലും, കാണാതായ കുഞ്ഞാടിന്റെ തെറ്റും ദൈവത്തിന് കരുണയുടേയും, സംരക്ഷണത്തിന്റെയും അത്ഭുതങ്ങൾക്ക് വഴിമരുന്നിട്ടു എന്നും പാപ്പാ വിശദീകരിക്കുന്നു.

ഇവിടെയാണ് ഈ ഖണ്ഡികയുടെ മനോഹാരിത വെളിപ്പെടുത്തുന്ന സന്ദേശം. തെറ്റുപറ്റാവുന്ന സ്നേഹത്തിൽ തെറ്റിനേക്കാൾ വില സ്നേഹത്തിനാണ്. പലപ്പോഴും മനുഷ്യന്റെ കണ്ണുകളിൽ പതിയുക തെറ്റുകളും വൈകല്യങ്ങളുമാണെങ്കിലും ദൈവത്തിന്റെ കണ്ണുകൾക്ക് ആ തെറ്റുകളിൽ നിന്നു പോലും നന്മകൾ വിരിയിക്കാനുള്ള വഴികൾ കണ്ടെത്താൻ കഴിയും. അനുഭവങ്ങളാൽ സമ്പന്നരായ മുതിർന്നവരും മുത്തശ്ശീ -മുത്തച്ഛൻമാരും തിരിഞ്ഞു നോക്കി ദൈവത്തിന്റെ കരുണാദ്ര സ്നേഹവും കരവിരുതും തങ്ങളുടെ തെറ്റുകൾ കൂട്ടിപ്പിരിച്ച ചരടുകളിൽ നിന്ന് മനോഹരമായ പരവതാനി തീർത്ത അനുഭവങ്ങൾ പങ്കിടാൻ കഴിയും. തന്റെ ചിന്തകളുടെ ഉപസംഹാരമായി അതാണ് ഫ്രാൻസിസ് പാപ്പാ എഴുതുന്നത്, "മുതിർന്നവർ ജീവിതത്തെ അടുത്തു നിന്ന് നോക്കിക്കാണുമ്പോൾ, പലപ്പോഴും അവർക്ക് നൈസർഗ്ഗികമായി അറിയാം, കെട്ടിപിണഞ്ഞ ഈ നൂലുകൾക്ക് പിന്നിൽ എന്താണുള്ളത് എന്ന്. അവരുടെ തിന്മകളിൽ നിന്നു പോലും ദൈവത്തിന് സൃഷ്ടി നടത്താനാവുമെന്ന് അവർ തിരിച്ചറിയും!" അതിനാൽ വന്നു പോകാവുന്ന തെറ്റുകളെക്കുറിച്ച് ഓർത്ത് സ്നേഹത്തിൽ നിഷ്ക്രിയരാകാതെ നമുക്ക് സ്നേഹിക്കാൻ ഉദാരമായി ഇറങ്ങി പുറപ്പെടുന്നവരുമാകാം. സ്നേഹിക്കാൻ ഇറങ്ങി പുറപ്പെടുമ്പോഴുണ്ടാകാവുന്ന അപകട സാധ്യതകൾ ഒരുമിച്ച് ഏറ്റെടുക്കാം. കാരണം "നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും." (സുഭാ.16 : 3 ) എന്നും ''മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും." (1 സാമു.16 : 7) എന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2023, 09:45