തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (VATICAN MEDIA Divisione Foto)

“ക്രിസ്തു ജീവിക്കുന്നു” : ചരിത്രത്തിന്റെ ഇന്നലെകൾ ഇന്നത്തെ പുഷ്പങ്ങളുടെ വേരുകൾ ഇന്നത്തെ പുഷ്പങ്ങൾ നാളകളുടെ വിത്തുകൾ

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 200ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

200. ഭൂതകാലത്തോടു നമ്മെ തളച്ചിടുകയും വർത്തമാനകാലത്തെ അഭിമുഖീകരിക്കുന്നതിൽ നിന്ന് പുതുതായി എന്തെങ്കിലും സൃഷ്ടിക്കുന്നതിൽ നിന്നും നമ്മെ തടയുകയും ചെയ്യുന്ന നങ്കൂരങ്ങൾ അല്ല വേരുകൾ. പകരം, അവ ഒരു നിശ്ചിത സ്ഥാനമാണ് അവിടെ നിന്ന് വളരാനും പുതിയ വെല്ലുവിളികളെ നേരിടാനും നമുക്ക് കഴിയും. “കുത്തിയിരുന്ന് ഭൂതകാലത്തെ ആഗ്രഹിച്ചതുകൊണ്ട് പ്രയോജനമില്ല. നാം നമ്മുടെ സംസ്കാരത്തെ ആദ്യ യാഥാർത്ഥ്യ ബോധത്തോടും സ്നേഹത്തോടും കൂടെ നേരിടണം. സുവിശേഷം കൊണ്ട് അതിനെ നിറയ്ക്കുകയും വേണം. പുതിയൊരു യുഗത്തോടു യേശുവിന്റെ സദ്വാർത്ഥ പ്രഘോഷിക്കാ൯ നാം അടയ്ക്കപ്പെട്ടിരിക്കുന്നു. നാം ഈ സമയത്തെ അതിന്റെ എല്ലാ സൗകര്യങ്ങളോടും, അപകടസാധ്യതകളോടും, സന്തോഷങ്ങളോടും, ദുഃഖങ്ങളോടും, സമ്പന്നതയോടും, പരിമിതികളോടും, വിജയങ്ങളോടും, പരാജയങ്ങളോടും കൂടി സ്നേഹിക്കണം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

പൂത്തുലഞ്ഞു നിൽക്കുന്ന ഓരോ റോസ പൂവിനെയും ആസ്വദിച്ച് നാം നിൽക്കുമ്പോൾ പൂവിന്റെ മനോഹാരിതയിൽ മാത്രമാണ് മിക്കവാറും  നമ്മുടെ ശ്രദ്ധ. എന്നാൽ ആ പൂവിനെ നോക്കി അതിന്റെ ബാഹ്യ രൂപത്തിൽ നിന്ന് ആഴങ്ങളിലേക്ക് കടന്ന് അതിന്റെ രൂപീകരണ പ്രക്രിയയെക്കുറിച്ചു കൂടി ചിന്തിക്കുമ്പോൾ വെറും ഒരു ഐന്ദ്രീയ തലത്തിൽ നിന്നും ആ പുഷ്പം നമ്മെ അതിമനോഹരമായ അത്ഭുതങ്ങളുടെ ഔന്നത്യ ലോകത്തിലേക്ക് എത്തിക്കും. അത് കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്കും ഹൃദയത്തിൽ നിന്ന്  ആ പൂവിനെ പൂവാക്കുന്ന കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പാട് യാഥാർത്ഥ്യങ്ങളുടെ  പരസ്പരബന്ധങ്ങൾ ഇഴകൾ പാകിയ ഇടവഴികളിലൂടെ സ്രഷ്ടാവിന്റെ അതിവിശിഷ്ട ബുദ്ധിയും വിജ്ഞാനവും വിവരിക്കുന്ന സൗന്ദര്യഭംഗി ആസ്വദിക്കാൻ കഴിയുന്ന വിശാല വിഹായസ്സിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും. ഓരോ സൃഷ്ടവസ്തുക്കളും അതിലൂടെ  സത്യത്തിൽ നമ്മുടെ മുന്നിൽ സൃഷ്ടാവിലേക്കുള്ള വഴിയുടെ ഒരു വിളിയുമായാണ് നിൽക്കുന്നത്. സ്രഷ്ടാവിന്റെ അനശ്വര സ്നേഹ കാവ്യത്തിന്റെ അക്ഷരമാലകളും  കുത്തുകളും കോമാകളുമാണവ. ഇവയെല്ലാം കൂട്ടി വായിക്കുമ്പോൾ മാത്രമാണ് ആ സ്നേഹത്തിന്റെ പരിപൂർണ്ണചിത്രം നമുക്ക് കിട്ടുകയുള്ളു. അതു നമ്മിൽ ഉളവാക്കുന്ന ആവേശം നമ്മെ ആ സ്നേഹത്തിന്റെ തന്നെ പ്രതിഫലനമായി പരിപാലനത്തിന്റെയും പരിചരണത്തിന്റെയും അനുകമ്പയുടേയും രൂപങ്ങളായി പ്രവർത്തന പഥത്തിലെത്തിലെത്താൻ നമ്മെ നിർബന്ധിതരാക്കും. ഈശ്വരന്റെ സൃഷ്ടികർമ്മത്തിൽ ഉത്തരവാദിത്വത്തോടെയുള്ള പങ്കുകാരാക്കും.

എങ്ങോ വായിച്ചതോർക്കുന്നു, "The "Wreckage of the past becomes the wreckage of the future if we do nothing with it today" എന്ന്. അതിനാൽ നമ്മുടെ ഇന്നുകൾ ഭാവിയുടെ വിത്തുകളാണ്. ഈ ഒരു ചിന്താപരിസരം മറക്കാതെ വേണം പരിശുദ്ധ പിതാവിന്റെ ക്രിസ്തുസ് വിവിത്തിലെ ഓരോ വരികളും നാം വായിച്ചു ധ്യാനിക്കേണ്ടത്. യുവജനങ്ങൾക്കായി തയ്യാറാക്കിയതാണെങ്കിലും യുവജനം മുൻ തലമുറയും വരും തലമുറയും സംഗമിക്കുന്ന "ഇന്നു"കളാണ് എന്ന് പരിശുദ്ധ പിതാവ് വളരെ പ്രാവശ്യം എടുത്തു പറയുന്നുണ്ട്. അതിനാലാണ് ചരിത്രത്തിന്റെ ഇന്നലെകൾ ഇന്നത്തെ പുഷ്പങ്ങളുടെ വേരുകളാണെന്നും ഇന്നത്തെ പുഷ്പങ്ങൾ നാളകളുടെ വിത്തുകളാണ് എന്നും നാം മനസ്സിലാക്കേണ്ടത്.

തങ്ങളായിരിക്കുന്ന നിലയിൽ നിന്ന് തങ്ങളായി തീർന്നതിന്റെ പിന്നിലെ വേരുകൾ തേടുന്നത് ഭൂതകാലത്തിൽ നമ്മെ തളച്ചിടാനോ വർത്തമാനകാലത്തെ അഭിമുഖീകരിക്കുന്നതിൽ നിന്ന് തടയാനോ അല്ല എന്ന് ഇന്നു നാം ചിന്തിക്കുന്ന ഖണ്ഡികയുടെ ആദ്യ വരികളിൽ തന്നെ ഫ്രാൻസിസ് പാപ്പാ അടിവരയിടുന്നുണ്ട്.  അതിനാൽ തന്നെ ഈ രണ്ടു വശങ്ങളും നാം ശ്രദ്ധിക്കേണ്ടതാണ്.  അതിനാൽ ഇന്നുകൾക്ക് ഇന്നലെകളോ നാളെകളോ അർത്ഥശൂന്യമല്ല.

ചരിത്രമെന്ന പാഠപുസ്തകം

നേട്ടങ്ങളുടേയും വിജയങ്ങളുടെയും തേരോട്ടം മാത്രമല്ല മാനവചരിതം. ചരിത്രം ആഘോഷിച്ച പല നേട്ടങ്ങളും പിന്നീട് മാനവകുലത്തിന് തന്നെ കോട്ടങ്ങളായിരുന്നു എന്ന് തെളിയുന്നവയുമുണ്ട്. അതിനാൽ ഒരു കാലഘട്ടത്തിന്റെ ശരിയെന്ന വിശ്വാസം ഒരു സാർവ്വലൗകിക സത്യമായിരിക്കണമെന്ന കടുംപിടുത്തം അപകടകരമാണെന്ന് ചരിത്രം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഉദാഹരണങ്ങൾ ഏറെയുണ്ട്. സഭയുടെ ചരിത്രത്തിൽ നിന്നുതന്നെ തിരുത്തലുകൾ നടത്തിയ എത്രയോ സംഭവങ്ങളുണ്ട് . അക്കൂട്ടത്തിൽ ഈയടുത്ത കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നല്ലോ  The Doctrine of Discovery. കോളനിവൽക്കരണക്കാർ ഭൂമി കണ്ടെത്തുന്നതോടെ അത് വാങ്ങുകയോ പിടിച്ചടക്കുകയോ ചെയ്യുകയും തദ്ദേശവാസികൾക്കുള്ള ആ ഭൂമിയുടെ അവകാശം നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് ഭൂമി കൈവശം വയ്ക്കാനുള്ള  പൂർണ്ണ അധികാരം കോളനിവൽക്കരണക്കാർക്ക് നൽകുന്നതായിരുന്നു The Doctrine of Discovery അഥവാ "കണ്ടെത്തൽ സിദ്ധാന്തം."  15 ആം നൂറ്റാണ്ടിലെ കോളനിവൽക്കരണ കാലഘട്ടത്തിൽ ചില സാമ്രാജ്യശക്തികളുടെ സ്വാധീനത്തിൽ പാപ്പാമാർ പ്രമാണങ്ങൾ ഇറക്കി (Papal Bull) ക്രൈസ്തവരായ രാജാക്കന്മാർക്ക് അക്രൈസ്തവ രാജ്യങ്ങൾ കീഴടക്കാനും അവരുടെ ഭൂമിയും സമ്പത്തും സ്വന്തമാക്കാനും അധികാരം നൽകുകയായിരുന്നു. യൂറോപ്പിലെ സാമ്രാജ്യശക്തികൾ അവരുടെ കോളനികൾ വലുതാക്കിക്കൊണ്ടിരുന്ന ഒരു കാലത്താണിതൊക്കെ സംഭവിച്ചത്. ഇത് ഒരു വിശ്വാസ പ്രമാണമായി തന്നെ കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്നും ഒരർത്ഥത്തിൽ പറയാം. എന്നാൽ ഇന്ന് സഭ അന്ന് അവൾക്ക് പറ്റിയ തെറ്റുകൾ ഏറ്റു പറയാൻ മടിക്കുന്നില്ല. കാനഡയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലിക യാത്രയിൽ അവിടത്തെ തദ്ദേശിയരായ ജനങ്ങളോടു യൂറോപ്യൻ കോളനിവൽക്കരണ കാലഘട്ടത്തിലെ  ക്രൈസ്തവ സമൂഹം നടത്തിയ കൈയേറ്റങ്ങളെ എടുത്തു പറഞ്ഞ് ഫ്രാൻസിസ് പാപ്പാ മാപ്പപേക്ഷിച്ചത് ചരിത്രത്തിന്റെ തന്നെ ഭാഗമായി തീർന്നു. 2023 മാർച്ച് 30ന് വത്തിക്കാൻ തന്നെ Doctrine of Discovery കാതോലികമായ ഒന്നായിരുന്നില്ല എന്ന് വിശ്വാസ തിരുസംഘത്തിന്റെ ഭാഗമായ  സംസ്കാരത്തിനായുള്ള ഡിക്കാസ്റ്ററിയും സമഗ്രമാനവ വികസത്തിനായുള്ള ഡിക്കാസ്റ്ററിയും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. കോളനിവത്കരിക്കുന്ന അധിപൻമാർക്ക് അത്തരം “അവകാശങ്ങൾ” നൽകിയ Papal bull ഒരിക്കലും സഭയുടെ മജിസ്‌റ്റീരിയത്തിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

ആവേശത്തോടെയുള്ള ചരിത്ര പഠനം സത്യത്തിനും നീതിക്കും സമാധാനത്തിനുമായി ദാഹിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരമുണ്ടാക്കുമെന്ന് സഭാചരിത്രകാരൻമാരെ അഭിസംബോധന ചെയ്തു കൊണ്ട് 2019 ജനുവരി 12നു പാപ്പാ പറഞ്ഞത് ഇവിടെ എടുത്തു പറയാം. ചരിത്രത്തിൽ സംഭവിച്ച നാടകീയമായ ദുരന്തങ്ങളും തിന്മകളും വിവേകത്തോടും ധൈര്യത്തോടും കൂടി ധ്യാനിച്ചാൽ  മാത്രം മതി മനുഷ്യനു യുദ്ധങ്ങൾ വരുത്തുന്ന തിന്മകളിൽ നിന്ന് വിട്ടുനിൽക്കാൻ എന്ന് പാപ്പാ പറഞ്ഞു. എന്നാൽ നമ്മൾ ഇനിയും പഠിക്കുന്നില്ല എന്നു കൂട്ടിച്ചേർക്കാൻ പാപ്പാ മറന്നില്ല. മഹാമാരിയും, പ്രകൃതിദുരന്തങ്ങളും, ലോക മഹായുദ്ധങ്ങളും ആണവദുരന്തത്തിന്റെ ഭീഷണി പരത്തുന്ന യുദ്ധങ്ങളും, കഷണം കഷണമായി പോരാടിക്കൊണ്ടിരിക്കുന്ന മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കുന്ന പാപ്പാ എല്ലാ ഭൂഖണ്ഡങ്ങളിലും തന്നെ നടമാടുന്ന  യുദ്ധങ്ങളും മാനവകുലത്തെ നിരന്തരം വേട്ടയാടുമ്പോൾ ചരിത്രത്തിലേക്ക് കണ്ണോടിച്ച് തുടരെ തുടരെ നൊമ്പരത്തോടെ നമ്മെ ഓർമ്മപ്പെടുത്തുന്ന ഒന്നാണ് കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്ന് പഠിക്കാൻ. അതിനാൽ മാനവകുലത്തിന്റെ നിലനിൽപ്പിന്റെ വേരുകൾ ആഴത്തിലിറങ്ങേണ്ട ചരിത്രം നമുക്ക് വളർച്ച പകരുകയും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നമ്മെ ഒരുക്കുകയും ചെയ്യുന്നയിടമാണെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ്.

സ്വന്തം സംസ്കാരത്തെ അറിയുക സ്നേഹിക്കുക

ആവേശത്തോടെയുള്ള പഠനം നമ്മുടെ സ്വന്തം ചരിത്രത്തെ  അറിയാൻ മാത്രമല്ല അതിനെ സ്നേഹിക്കാനും ഇടവരുത്തും. കാരണം അത് ഇന്ന് നാം നാമായി തീർന്ന വഴികളാണ്  നമുക്ക് കാണിച്ചുതരുന്നത്. അത് അതിലെ നന്മകൾ ഉൾക്കൊള്ളാനും തിന്മകൾ തള്ളാനും മാത്രമല്ല ഏറ്റ മുറിവുകൾ ഉണക്കാനുമുള്ള അവസരമാണ് നമുക്ക് നൽകുന്നത്.  അതിനാൽ നമ്മുടെ സംസ്കാരത്തെ അതിന്റെ യാഥാർത്ഥ്യങ്ങളോടെ മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണമെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. എന്നാൽ ഇവിടെ തീരുന്നില്ല പാപ്പായുടെ ആഹ്വാനം. ആ ചരിത്രത്തെ സുവിശേഷം കൊണ്ട് നിറക്കണമെന്ന് ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്നു.

സുവിശേഷമാകേണ്ട ചരിത്രം

സത്യത്തിൽ നമ്മുടെ പഴയ കാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടത്തിൽ ഭാവിയിലേക്കുള്ള ഒരു പ്രത്യാശയുടെ ആവേശമില്ലയെങ്കിൽ ആ തിരിഞ്ഞുനോട്ടത്തിന് എന്തർത്ഥം? അതിനാൽ വരുന്ന തലമുറയ്ക്ക് നൽകാൻ ഇന്നത്തെ തലമുറ, കഴിഞ്ഞ തലമുറ അവരുടെ ചരിത്രത്തിൽ നിന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവ, യേശുവിന്റെ സുവിശേഷത്താൽ രൂപാന്തരപ്പെടുത്താൻ കഴിവു നേടേണ്ടിയിരിക്കുന്നു. ചരിത്രം സുവിശേഷമാക്കാൻ പരിശുദ്ധ പിതാവ് നമ്മോടാവശ്യപ്പെടുന്നത് നമ്മളായിരിക്കുന്ന കാലഘട്ടത്തെ അത് നമുക്ക് സമ്മാനിക്കുന്ന എല്ലാ  അവസരങ്ങളോടും, അപകടങ്ങളോടും, സന്തോഷങ്ങളോടും സങ്കടങ്ങളോടും സമ്പന്നതകളോടും പരിമിതികളോടും വിജയപരാജയങ്ങളോടും കൂടെ സ്നേഹിക്കുക എന്നു തന്നെയാണ്. അങ്ങനെയാണ് ചരിത്രം യേശുവിന്റെ സുവിശേഷമായി രൂപാന്തരപ്പെടുക.

സത്യത്തിൽ തലമുറകൾ തമ്മിലുള്ള ബന്ധം ആഴത്തിൽ വേരൂന്നിയാൽ മാത്രമെ ചരിത്രം വരുത്തിയ തെറ്റുകളെ ആവർത്തിക്കാതെയും നേട്ടങ്ങളെ നട്ട് വളർത്തി വരുംതലമുറകൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആരെയും തള്ളിക്കളയാത്ത, എല്ലാവരുടെയും അന്തസ്സിനെ മാനിക്കുന്ന, നീതിയുടെയും സമൃദ്ധിയുടേയും ഒരു ലോക സൃഷ്ടി സാധ്യമാകു. ഈ ആഹ്വാനമാണ് പരിശുദ്ധ പിതാവിന്റെ ഇന്നു നാം ചിന്തിച്ച ഖണ്ഡികയിൽ പ്രതിബിംബിക്കുന്നത്. നമ്മുടെ വേരുകളെയും ചരിത്രത്തേയും മനസ്സിലാക്കിയും സ്നേഹിച്ചും ഇതിനായി നമുക്ക് ഇറങ്ങി പുറപ്പെടാൻ പരിശ്രമിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2023, 12:13