തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (Vatican Media)

“ക്രിസ്തു ജീവിക്കുന്നു” : സ്നേഹമില്ലാത്ത ജീവിതം ഉണങ്ങിയ ജീവിതം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 197ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

197. “മുതിർന്നവരായ നമുക്ക് എന്താണ് യുവജനത്തിനായി നൽകാൻ കഴിയുന്നത്? ധീരോചിതമായ ആവേശവും അരക്ഷിതത്വവുമുള്ള യുവജനങ്ങളെ സ്നേഹമില്ലാത്ത ജീവിതം ഉണങ്ങിയ ജീവിതമാണെന്ന് നമുക്ക് ഓർമ്മിപ്പിക്കാം. നമുക്ക് അവരോടു എന്ത് പറയാൻ കഴിയും? ഭയപ്പെടുന്ന യുവജനത്തോടു “ഭാവിയെ കുറിച്ചുള്ള ആകുലതയെ കീഴടക്കാനാവുമെന്ന് നമുക്ക് പറയാൻ കഴിയും.” നമുക്ക് അവരെ എന്ത് പഠിപ്പിക്കാൻ കഴിയും? സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ സന്തോഷം നൽകുന്നതിലാണുള്ളതെന്നും സ്നേഹം വാക്കുകളിൽ മാത്രമല്ല, പ്രവർത്തികളിലും കൂടി കാണിക്കപ്പെടുന്നുവെന്നും ചിലപ്പോൾ തങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചെറുപ്പക്കാരെ  നമുക്ക് പഠിപ്പിക്കാൻ കഴിയും.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

സ്നേഹമില്ലാത്ത ജീവിതം ഉണങ്ങിയ ജീവിതം

യൗവനത്തിന്റെ  നാളുകളിൽ പുതുമകൾ തേടിയുള്ള പ്രയാണത്തിൽ അഭിനിവേശം തുളുമ്പുന്ന ഒരുപാടു ചുറ്റുപാടുകളിൽ യുവമനസ്സുകൾ എത്തിപ്പെടാറുണ്ട്. അവ കലയാവാം, സംഘടനകളാവാം, പ്രത്യയശാസ്ത്രങ്ങളാവാം, ചില വ്യക്തി ബന്ധങ്ങളോടുമാവാം.  ഇന്ന് നാം ചിന്തിക്കുന്ന ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടു സ്നേഹിക്കാൻ ആവശ്യപ്പെടുന്നു. ഭാവിയെ കുറിച്ച് പരിഭ്രാന്തരാകേണ്ടാ എന്ന് പറയുന്നു. സ്വീകരിക്കുന്നതിനെക്കാൾ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് പഠിപ്പിക്കുന്നു. "നിങ്ങൾ തീവ്രവികാരം അന്വേഷിക്കുന്നുവോ? " എന്ന് ഒരിക്കൽ യുവജനങ്ങളോട് പാപ്പാ ചോദിച്ചിട്ടുണ്ട്. അതിന് പാപ്പായുടെ ഉത്തരം ഈശോസഭയുടെ ജനറലായിരുന്ന ഫാ. അരൂപ്പെ എഴുതിയതെന്നു പറയപ്പെടുന്ന ഒരു കവിതയാണ്. തീവ്ര വികാരം അനേഷിക്കുകയാണെങ്കിൽ അതിനാവശ്യം  പ്രണയത്തിലാവുകയാണ് വേണ്ടതെന്ന് കവിത പറയുന്നു. കാരണം പ്രണയം ഒരാളുടെ ഭാവനയെ മാത്രമല്ല അയാളുമായി ബന്ധപ്പെട്ട സകലതിനേയും ബാധിക്കും. പുലരിയിൽ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ നിന്റെ എല്ലാ പ്രവർത്തികളെയും അത് ബാധിക്കും, നിന്റെ ഹൃദയം തകർക്കും, നിന്നെ സന്തോഷവും നന്ദിയും കൊണ്ട് അത്ഭുതപ്പെടുത്തും. അതിനാൽ പ്രണയത്തിലാവുക, പ്രണയത്തിൽ വസിക്കുക, എല്ലാ തീരുമാനങ്ങളും അത് എടുത്തുകൊള്ളും. ചുരുക്കത്തിൽ കവിത നൽകുന്ന സന്ദേശമാണിത്.

ഈശ്വരനോടുള്ള ആത്മാവിന്റെ പ്രണയം

മനുഷ്യന്റെ ഭൗതീക പ്രണയാനുഭവങ്ങളെ ഈശ്വരനോടുള്ള ആത്മാവിന്റെ പ്രണയത്തിന്റെ മാതൃകയായി വിവരിച്ചുള്ള വിശുദ്ധർ നിരവധിയാണ്. അരൂപ്പയുടെ ആ കവിതയിലൂടെ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ അവരുടെ യുവത്വം  ദൈവത്തോടുള്ള പ്രണയത്തിലേക്ക് തിരിച്ചുവിടാൻ ആഹ്വാനം ചെയ്യുകയാണ്. ഭൗതീകമായ പ്രണയാനുഭവം ദൈവവുമായുള്ള ഒരു സ്നേഹബന്ധത്തിലേക്ക് താരതമ്യം ചെയ്യുമ്പോൾ  ജീവിതത്തിലെ സകലതിനോടും ഒരഭിനിവേശത്തോടെ സമീപിക്കാനാവുമെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കാരണം സ്നേഹം നമ്മിൽ ഉണർത്തുന്നത് പരിശുദ്ധാത്മാവാണ് എന്ന് റോമാക്കാർക്കുള്ള ലേഖനം 5,5 ഉദ്ധരിച്ചു കൊണ്ട് പാപ്പാ ഇതിന് മുമ്പും നമുക്കു പറഞ്ഞു തന്നിട്ടുണ്ട്.

ലബനനിലെ ടാഗോർ എന്ന് വിശേഷിപ്പിക്കുന്ന ഖലീൽ ജിബ്രാൻ "പ്രവാചകൻ "എന്ന കവിതാസമാഹാരത്തിൽ പ്രണയത്തെ കുറിച്ച് മനോഹരമായി എഴുതി വച്ചിട്ടുണ്ട്.  അവയിൽ നിന്ന് ഇവിടെ പ്രസക്തമായ ചില വാചകങ്ങൾ ഉപയോഗിക്കാം. ദൈവത്തോടുള്ള പ്രണയത്തിൽ പറയാൻ പാടില്ലാത്ത ഒന്നുണ്ട് അദ്ദേഹം എഴുതുന്നു,

"… ഇങ്ങനെ പറയരുത്, ദൈവം എന്റെ ഹൃദയത്തിലാണെന്ന്. മറിച്ച് ദൈവത്തിന്റെ ഹൃദയത്തിലാണ് ഞാനെന്ന് മന്ത്രിക്കുക. പ്രണയത്തിന്റെ ദിശകളെ നിങ്ങൾ നിയന്ത്രിക്കുകയാണെന്ന് കരുതേണ്ട. നിങ്ങൾക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ പ്രണയം നിങ്ങളുടെ വഴികളെയാണ് നിശ്ചയിക്കാൻ പോകുന്നത്. "

സ്നേഹമാണ്‌ സര്‍വ്വോത്‌കൃഷ്‌ടം

എന്നാൽ ബൈബിളിൽ പ്രത്യേകിച്ച് പുതിയ നിയമത്തിൽ സ്നേഹത്തെ കുറിച്ച് വളരെ വ്യക്തമായി വിശുദ്ധ പൗലോസ് അപ്പോസ്തലൻ എഴുതുന്നുണ്ട്.  കൊറിന്തോസ്സുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിന്റെ പതിമൂന്നാം അദ്ധ്യായത്തിൽ സ്നേഹം എത്ര അമൂല്യമാണെന്ന് അപ്പസ്തോലൻ വിശദീകരിക്കുന്നു.

“ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍  തക്കവിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വ്വസമ്പത്തും ദാനം ചെയ്‌താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്‌. സ്നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. (1കൊറി13:1-7) വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്നേഹമാണ്‌ സര്‍വ്വോത്‌കൃഷ്‌ടം.”(1കൊറി13:12-13) എന്ന് അദ്ദേഹം ഉപസംഹരിക്കുന്നു.

സ്നേഹത്തിനു വേണ്ടി ജീവൻ പോലും കൊടുക്കുന്ന ഒരു ദൈവത്തിന്റെ ചരിത്രമാണ് ക്രൈസ്തവന്റെ മൂലധനം. പ്രതിഫലം ആഗ്രഹിക്കാതെ സ്വജീവൻ പോലും നൽകുന്ന ആ സ്നേഹത്തിന്റെ അപാരത ദൈവത്തിലല്ലാതെ മറ്റാരിലും നമുക്ക് കാണാനാവില്ല. ഈ സ്നേഹത്തിന്റെ  ചിത്രമാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടു വിവരിക്കുന്നത്.

മനുഷ്യർ ജീവിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. അതിനായി പല തൊഴിലും ചെയ്യുന്നു. അങ്ങനെ അഭിനയം തൊഴിലാക്കിയ ഒരു കൂട്ടം നടീനടന്മാരുടെ പേരിൽ  ഇന്ന് മനുഷ്യർ പ്രത്യേകിച്ച് യുവജനങ്ങൾ ആരാധക സംഘടനകൾ രൂപീകരിച്ച്  സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ, സമൂഹത്തോടു പുലർത്തേണ്ട പ്രതിബദ്ധതയെ നിസ്സാരമാക്കി  കാണുന്നതും അലക്ഷ്യമായി ജീവിക്കുന്നതും അപലപനീയമാണ്. ഒരു വ്യക്തിയുടെ പേരിൽ, പ്രത്യശാസ്ത്രത്തിന്റെ പേരിൽ, രാഷ്ട്രീയ പാർട്ടിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ജാതി വ്യവസ്ഥകളുടെ പേരിൽ തങ്ങളുടെ തനിമയെ, സ്വത്വത്തെ തന്നെ ബലികഴിക്കുന്ന യുവജീവിതങ്ങൾ സമൂഹത്തിന്റെ ആശങ്കയായി  തീരേണ്ടതാണ്. അതുപോലെ തന്നെ അമിതമായി സമ്പത്തിനെ ദുർവിനിയോഗം ചെയ്യുകയും കളവിനും കഞ്ചാവിനും മയക്ക മരുന്നിനും അടിമപ്പെട്ടു ധാർമ്മീകതയുടെ അതിർവരമ്പുകൾക്കപ്പുറം ജീവിക്കുന്ന യുവജനങ്ങളുടെ എണ്ണം  സമൂഹത്തിൽ  വർദ്ധിക്കുന്നു എന്ന യാഥാർത്ഥ്യവും സമൂഹം തിരിച്ചറിയുകയും ആകുലപ്പെടുകയും വേണം.

ഒരു കൂട്ടം യുവജനങ്ങൾ ഇങ്ങനെ ജീവിക്കുമ്പോൾ തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളെ പ്രതികൂലമായ സാഹചര്യങ്ങളിലും ശരിയായ വിധത്തിൽ ഉപയാഗിച്ചു ചരിത്രത്തിൽ തങ്ങളെ തന്നെ അടയാളപ്പെടുത്തുമ്പോഴും, അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും അവയെ ശരിയായ വിധത്തിൽ വിനിയോഗിക്കാതെ ജീവിതത്തെ അലക്ഷ്യമായി കാണുന്നവരും യുവജനങ്ങളുടെ കൂട്ടത്തിലുണ്ട്. നമ്മുടെ അനുദിന ജീവിതത്തിൽ എത്ര എത്ര യുവജീവിതങ്ങളെയാണ് തങ്ങൾ ഭാഗമായിരിക്കുന്ന സമൂഹത്തിനു വേണ്ടി പൊതു പ്രവർത്തനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നവരായി നാം കണ്ടെത്തുക. തെരുവീഥികളിലുള്ളവർക്കും അനാഥർക്കും സമൂഹത്താൽ വലിച്ചെറിയപ്പെട്ടവർക്കും വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയാക്കുന്ന നന്മ നിറഞ്ഞ അനേകം യുവതി യുവാക്കളുമുണ്ടെന്ന സത്യം നമുക്ക് സന്തോഷവും പ്രത്യാശയും പകരുന്നു.

സ്വീകരിക്കുന്നതിനേക്കാൾ  നൽകുന്നതിലാണ് കൂടുതൽ സന്തോഷം

ഇരുപത്തി നാലു വയസുള്ള ഒരു യുവാവാണ് ലോക പ്രസിദ്ധനായ ഫുട്ബോൾ താരം സാടിയോ മാനേ സെനഗൽ.  അദ്ദേഹം ആഴ്ചയിൽ 140 മില്യൺ കോടി രൂപ അതായത് പതിനാലു കോടി രൂപ  സമ്പാദിക്കുന്നതായാണ്  കണക്ക്. ഇത്രയും സമ്പാദിക്കുന്ന സാടിയോ പല വേദികളിലും ഡിസ്പ്ലേ പൊട്ടിയ തന്റെ ഫോണുമായി പ്രത്യക്ഷപെട്ടിരുന്നു. ഒരു അഭിമുഖത്തിൽ ഇക്കാര്യം കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഡിസ്പ്ലൈ വേഗം മാറ്റുമെന്നും വേഗം ശരിയാക്കാം എന്നുമാണ്. അപ്പോൾ എന്തിനാണ് താങ്കൾ ഡിസ്പ്ലേ മാറ്റുന്നത്? പല കോടികൾ സമ്പാദിക്കുന്ന താങ്കൾക്കു പുതിയ ഒരു ഫോൺ വാങ്ങാമല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം നമ്മെ വിസ്മയിപ്പിക്കും. സാടിയോ പറഞ്ഞത് "എനിക്ക് ആയിരം മൊബൈൽ ഫോണും, പത്തു ഫെറാറി കാറുകളും, രണ്ടു ജെറ്റ് വിമാനങ്ങളും, വജ്ര വാച്ചുകളും വാങ്ങാം. എന്നാൽ എന്തിനു ഞാൻ ഇതൊക്കെ വാങ്ങണം? ഞാൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്, ഭക്ഷണത്തിനായി കഷ്ടപ്പെട്ടിട്ടുണ്ട്,  എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല, ചെരിപ്പുകൾ ഇല്ലാതെ നടന്നിട്ടുണ്ട്, പാദരക്ഷകൾ ഇല്ലാതെ ഞാൻ കളിച്ചിട്ടുണ്ട്, നല്ല വസ്ത്രങ്ങൾ ഇല്ലാതിരുന്നിട്ടുണ്ട്, പട്ടിണി അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് ഞാൻ നിറയെ സമ്പാദിക്കുന്നു, ആ  പണം കൊണ്ട് ഞാൻ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ വിദ്യാലയങ്ങൾ നിർമ്മിച്ചു, എന്റെ രാജ്യത്തിൽ ജീവിക്കുന്ന ദരിദ്രരായ കുഞ്ഞുങ്ങൾക്ക് പുതിയ പാദരക്ഷകളും, വസ്ത്രങ്ങളും, ഭക്ഷണവും ഞാൻ നൽകുന്നു. സുഖപ്രദമായി ആഡംബരമായി ജീവിക്കുന്നതിനു പകരം ഞാൻ എന്റെ ജനങ്ങളോടൊപ്പം എന്റെ സമ്പാദ്യം പങ്കു വെച്ച് ജീവിക്കുന്നു" എന്ന്. ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കുന്ന മനുഷ്യരിൽ ഒരാളായി സാടിയോയും. ഈ യുവാവ് മറ്റുള്ളവരുടെ ജീവിതത്തിലും അത്ഭുതമായി തന്നെ ജീവിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ മറ്റുള്ളവർക്ക് സ്നേഹം നൽകാൻ കഴിയുകയുള്ളു.

നമ്മുടെ സന്തോഷങ്ങൾ വേണ്ടെന്നു വെച്ച്  യുവത്വം നഷ്ടപ്പെടുത്തണം എന്നല്ല ഇവിടെ പറഞ്ഞു വരുന്നത്. മറിച് നാം അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്കും പകർന്ന് പങ്കുവയ്ക്കാനാണ് നാം പരിശ്രമിക്കേണ്ടത് എന്നാണ്. അങ്ങനെ നാം ജീവിക്കണമെങ്കിൽ നമുക്കുള്ളതെല്ലാം ദൈവം നമുക്കു തന്ന ദാനമാണ് എന്നും ദൈവത്താൽ നാം സ്നേഹിക്കപ്പെടുന്നു എന്നുമുള്ള തിരിച്ചറിവു വേണം. അവന്റെ സ്നേഹത്താൽ സ്നേഹിക്കപ്പെടാൻ നമ്മെ അനുവദിക്കണം. കാരണം ദൈവത്തിനു മാത്രമേ നാമായിരിക്കുന്നതു പോലെ നമ്മെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുകയുള്ളു.  ദൈവം നിങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല എപ്പോഴും തന്റെ സൗഹൃദം, പ്രാർത്ഥനയിൽ തീഷ്ണത, അവിടുത്തെ വചനത്തിന് വേണ്ടി കൂടുതൽ ദാഹം, ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിനെ സ്വീകരിക്കാൻ കൂടുതൽ ആഗ്രഹം, അവിടുത്തെ സുവിശേഷം അനുസരിച്ച് ജീവിക്കാൻ കൂടുതൽ ആഗ്രഹം, കൂടുതൽ ആന്തരിക ശക്തി, കൂടുതൽ സമാധാനവും ആധ്യാത്മിക സന്തോഷവും എന്നിവയെല്ലാം മേൽക്കുമേൽ നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് പാപ്പാ പറയുന്നു. ശ്രദ്ധിക്കുക! ദൈവം ജെറമിയ പ്രവാചകനോടു പറയുന്നത് പോലെ നമ്മോടും പറയുന്നു നാം വിലപ്പെട്ടവരും അമൂല്യരുമാണ് എന്ന്.

സ്നേഹത്തിന് കൊടുക്കാൻ മാത്രമേ അറിയൂ. നമുക്കും കൊടുക്കാം. അമർത്തി കുലുക്കി കൊടുക്കാം. തിരികെ ഒന്നും പ്രതീക്ഷിക്കാതെ കൊടുക്കാം.അതിൽ നിന്നും ലഭിക്കുന്ന സന്തോഷം അമൂല്യമാണ്. അതാർക്കും നമ്മിൽ നിന്നും നഷ്ടപ്പെടുത്താനും കഴിയില്ല. അതിനാൽ ചെറുപ്പക്കാർക്ക് നമുക്ക് നൽകാൻ കഴിയുന്ന ഒരേ ഒരു പാഠം സ്നേഹിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ്. യഥാർത്ഥ സ്നേഹത്തിന്റെ പാഠങ്ങളും മാതൃകകൾ അവർക്കു മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല അത്തരം മാതൃകകളായി സ്വയം തീരുവാനും നമുക്കു  പരിശ്രമിക്കാം. തീർച്ചയായും യുവജനങ്ങൾ അവ കണ്ടെത്തുകയും അവ തിരിച്ചറിയും ചെയ്യും. അതാണ് അവർക്ക് നാം  കൈമാറേണ്ട യഥാർത്ഥ പൈതൃകം. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതിലാണ് കൂടുതൽ സന്തോഷം സ്നേഹമില്ലാത്ത ജീവിതം ഒരു വരണ്ട ജീവിതമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2023, 08:23