തിരയുക

പാപ്പാ: ആഫ്രിക്കാ ഭൂഖണ്ഡത്തിൽ സ്‌നേഹം, നീതി, സമാധാനം എന്നിവയുടെ വിത്തുകൾ മുളയ്ക്കട്ടെ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: കോംഗോ-ദക്ഷിണ സുഡൻ ഇടയസന്ദർശനത്തിൻറെ പുനരവലോകനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദേശ അപ്പൊസ്തോലിക പര്യടനത്തിലായിരുന്നതിനാൽ ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച (08/02/23) പുനരാരംഭിച്ചു. പൊതുദർശന വേദി, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. ഫെബ്രുവരി 8 മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര പ്രാർത്ഥനാ പരിചിന്തന ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഈ ഒമ്പതാം ആചരണത്തിൽ സംബന്ധിക്കുന്നതിന് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് റോമിൽ എത്തിയിരുന്ന യുവജനങ്ങളുടെ ഒരു സംഘവും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പാപ്പാ, ശാലയിലുണ്ടായിരുന്നവരെ കരമുയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.ശാലയിൽ പ്രവേശിച്ച പാപ്പാ, വേദിയിലെത്തിയതിനു ശേഷം റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

മത്തായി: 5,3.9.13.14.16

യേശു തൻറെ ശിഷ്യന്മോരോടു പറഞ്ഞു: ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്....... സമാധാന സ്ഥാപകർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും...... നിങ്ങൾ ഭൂമിയുടെ ഉപ്പാണ്.... നിങ്ങൾ ലോകത്തിൻറെ പ്രകാശമാണ്; മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല.....അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ .”  

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലും ദക്ഷിണ സുഡാനിലും നടത്തിയ അജപാലന യാത്ര പുനരവലോകനം ചെയ്തു.

ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ മുഖ്യ പ്രഭാഷണം: കൃതജ്ഞതാവചസ്സുകൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

കഴിഞ്ഞ ആഴ്ച ഞാൻ രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു: കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കും ദക്ഷിണ സുഡാനും. ദീർഘനാളായി ഞാൻ ആഗ്രഹിച്ചിരുന്ന ഈ യാത്ര ചെയ്യാൻ എന്നെ അനുവദിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നു. രണ്ട് "സ്വപ്നങ്ങൾ": അതായത്, ആഫ്രിക്കയുടെ ഹരിത ശ്വാസകോശം ആയ വലിയൊരു നാടിൻറെ സംരക്ഷകരായ കോംഗൊയിലെ ജനങ്ങളെ സന്ദർശിക്കുക. ആമസോൺ പ്രദേശവും കോംഗോയും ചേർന്ന് ലോകത്തിൻറെ രണ്ടു ശ്വാസകോശങ്ങളാണ്. കോംഗൊ  വിഭവങ്ങളാൽ സമ്പന്നവും, തീ കൊളുത്തന്നവരുള്ളതിനാൽ ഒരിക്കലും അവസാനിക്കാത്ത യുദ്ധത്താൽ രക്തം പുരണ്ടതുമായ ഭൂമിയാണത്. കാൻർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും സ്‌കോട്ട്‌ലൻഡിലെ സഭയുടെ മോഡറേറ്റർ ജനറൽ ഇയാൻ ഗ്രീൻഷീൽഡ്‌സും ചേർന്ന് സമാധാന തീർത്ഥാടനമായി ദക്ഷിണ സുഡാനിലെ ജനതയെ സന്ദർശിക്കുക. വിശിഷ്യ, ക്രിസ്തുവിൽ വിശ്വാസം പങ്കുവയ്ക്കുമ്പോൾ, വൈവിധ്യത്തിൽ, സഹകരണം സാദ്ധ്യമാണെന്നും ആവശ്യമാണെന്നും സാക്ഷ്യപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് പോയി.

കോഗോ പ്രജാധിപത്യ റിപ്പബ്ലിക്കിൽ

ആദ്യത്തെ മൂന്ന് ദിവസം ഞാൻ കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിൻറെ  തലസ്ഥാനമായ കിൻഷാസയിലായിരുന്നു. എനിക്കേകിയ സ്വീകരണത്തിന് രാഷ്ട്രപതിയോടും രാജ്യത്തെ മറ്റ് അധികാരികളോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഞാൻ എത്തിയ ഉടനെ, രാഷ്ട്രപതിയുടെ മന്ദിരത്തിൽ വച്ച് അന്നാടിന് സന്ദേശമേകാൻ എനിക്ക് സാധിച്ചു: പ്രകൃതിയാലും വിഭവങ്ങളാലും, സർവ്വോപരി, അന്നാട്ടിലെ ജനങ്ങളാലും, കോംഗോ ഒരു വജ്രം പോലെയാണ്; എന്നാൽ ഈ വജ്രം തർക്കത്തിനും അക്രമത്തിനും, വൈരുദ്ധ്യമെന്നോണം, ജനങ്ങളുടെ ദാരിദ്ര്യത്തിനും കാരണമായി. ഇത് മറ്റ് ആഫ്രിക്കൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ചലനാത്മകതയാണ്, അത് ആ ഭൂഖണ്ഡത്തിന് പൊതുവെ പ്രസക്തമാണ്: കോളണിവൽക്കരിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, കൊള്ളയടിക്കപ്പെട്ട ഭൂഖണ്ഡം. ഇവയ്ക്കെല്ലാം മുന്നിൽ  ഞാൻ രണ്ട് വാക്കുകൾ പറഞ്ഞു: ആദ്യത്തേത് നിഷേധാത്മകമാണ്: "മതിയാക്കുക!", ആഫ്രിക്കയെ ചൂഷണം ചെയ്യുന്നത് മതിയാക്കുക! രണ്ടാമത്തേത് ഭാവാത്മകമാണ്: ഒരുമിച്ച്, അന്തസ്സോടും പരസ്പര ബഹുമാനത്തോടും കൂടി,  നമ്മുടെ പ്രത്യാശയായ ക്രിസ്തുവിൻറെ നാമത്തിൽ, ഒരുമയോടെ മുന്നേറാം. ചൂഷണമരുത്, ഒത്തൊരുമിച്ച് മുന്നേറാം.

കിഴക്കൻ പ്രദേശത്ത് ആക്രമണത്തിന് ഇരകളാകുന്നവരുമായുള്ള കൂടിക്കാഴ്ച 

മഹത്തായ ദിവ്യകാരുണ്യാഘോഷത്തിൽ ഞങ്ങൾ ക്രിസ്തു നാമത്തിൽ ഒത്തുകൂടി. കിൻഷാസയിൽത്തന്നെ പിന്നീട് വിവിധ കൂടിക്കാഴ്ചകൾ  നടന്നു. സർവ്വോപരി, രാജ്യത്തിൻറെ കിഴക്കൻ മേഖലയിൽ അക്രമത്തിന് ഇരകളായവരുമായി. സാമ്പത്തികവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന സായുധ സംഘങ്ങൾ തമ്മിലുള്ള യുദ്ധത്താൽ വർഷങ്ങളായി പിച്ചിച്ചീന്തപ്പെടുന്ന പ്രദേശം. കള്ളക്കച്ചവടത്തിൻറെ ബലിപീഠത്തിൽ കുരിതികഴിക്കപ്പെട്ട് ഭീതിയിലും അരക്ഷിതാവസ്ഥയിലും ജീവിക്കുന്ന ആളുകൾ. ചില ഇരകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, കുരിശിൻ ചുവട്ടിൽ ആയുധങ്ങളും മറ്റ് മാരക ഉപകരണങ്ങളും ഉപേക്ഷിച്ച  ക്ഷോഭജനക സാക്ഷ്യങ്ങൾ ഞാൻ ശ്രവിച്ചു. അവരോടൊപ്പം ഞാൻ അക്രമത്തോടും കീഴടങ്ങലിനോടും "ഇല്ല" എന്നും അനുരഞ്ജനത്തിനോടും പ്രതീക്ഷയോടും "അതെ" എന്നും പറഞ്ഞു. അവർ ഏറെ സഹിച്ചു, സഹനം തുടരുന്നു.

ജീവകാരുണ്യ പ്രവർത്തകർ

പിന്നീട് അന്നാട്ടിലെ വിവിധ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളുമായി ഞാൻ കൂടിക്കാഴ്ച നടത്തുകയും അവർക്ക് നന്ദി പറയുകയും പ്രോത്സാഹനം പകരുകയും ചെയ്തു. ദരിദ്രർക്കൊപ്പവും ദരിദ്രർക്കു വേണ്ടിയും അവർ നിശബ്ദമായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും അത് അനുദിനം പൊതുനന്മയെ വളർത്തുന്നു. അതുകൊണ്ടാണ് ജീവകാരുണ്യ സംരംഭങ്ങൾ എപ്പോഴും അഭിവർദ്ധകമായിരിക്കണമെന്ന് ഞാൻ ഊന്നിപ്പറഞ്ഞത്, അതായത് വ്യക്തികളുടെയും സമൂഹങ്ങളുടെയും വികസനത്തിന് സഹായിക്കുക മാത്രമല്ല പ്രചോദനം പകരുകയും ചെയ്യണം.

യുവതയും മതബോധകരും

കോഗോയിലെ യുവജനങ്ങളും മതബോധകരുമായുള്ള കൂടിക്കാഴ്ച  ആവേശകരമായിരുന്ന ഒരു നിമിഷമായിരുന്നു. ഭാവിയിയോന്മുഖ വർത്തമാനകാലത്തിൽ ആമഗ്നമായ ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്. സുവിശേഷാനന്ദത്താൽ രൂപപ്പെടുത്തപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവ പുതുതലമുറയ്ക്ക്  കൊണ്ടുവരാൻ കഴിയുന്ന നവീകരണ ശക്തിയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു. പ്രാർത്ഥന, സമൂഹം, സത്യസന്ധത, ക്ഷമ, സേവനം എന്നീ അഞ്ച് വഴികൾ ഞാൻ അവർക്ക് കാണിച്ചുകൊടുത്തു. നീതിയ്ക്കു വേണ്ടി വിളിച്ചപേക്ഷിക്കുന്ന അവരുടെ നിലവിളി കർത്താവ് കേൾക്കട്ടെ.

ദൈവവചന ശക്തിയാൽ പ്രവാചകരാകുക

കിൻഷാസയിലെ കത്തീദ്രലിൽ ഞാൻ വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. ചെറുപ്പക്കാരായ അവർ നിരവധിയാണ്, , കാരണം ദൈവവിളി സമൃദ്ധമാണ്. ആത്മീയ മാന്ദ്യം, ലൗകിക സുഖം, ഉപരിപ്ലവത എന്നീ മൂന്ന് പ്രലോഭനങ്ങളെ അതിജീവിച്ച് ക്രിസ്തുവിൻറെ സ്നേഹത്തിൻറെ സാക്ഷികളെന്ന നിലയിൽ ജനങ്ങളുടെ സേവകരാകാൻ ഞാൻ അവരെ ഉപദേശിച്ചു. അവസാനമായി ഞാൻ, കോംഗോയിലെ മെത്രാന്മാരുമായി അജപാലന സേവനത്തിൻറെ സന്തോഷവും ബുദ്ധിമുട്ടുകളും പങ്കുവച്ചു. ദൈവത്തിൻറെ സാമീപ്യത്താൽ സമാശ്വസിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കാനും ദൈവവചനത്തിൻറെ ശക്തിയാൽ ജനങ്ങൾക്ക് പ്രവാചകന്മാരായിരിക്കാനും ദൈവത്തിൻറെ അനുകമ്പയുടെയും സാമീപ്യത്തിൻറെയും ആർദ്രതയുടെയും അടയാളങ്ങളായിരിക്കാനും ഞാൻ അവരെ ക്ഷണിച്ചു.

പാപ്പാ ദക്ഷിണ സുഡാനിൽ- ആയുധസഹായം ലജ്ജാകരം

യാത്രയുടെ രണ്ടാം ഭാഗം 2011-ൽ ജന്മംകൊണ്ട ദക്ഷിണ സുഡാൻറെ തലസ്ഥാനമായ ജുബയിലാണ് നടന്നത്. ഈ സന്ദർശനത്തിന് വളരെ സവിശേഷമായ ഒരു ലക്ഷണശാസ്ത്രം ഉണ്ടായിരുന്നു. അത് യേശുവിൻറെ വാക്കുകളായ മുദ്രാവാക്യത്തിൽ ആവഷ്കൃതമാണ്: അതായത്,  "അവരെല്ലാം ഒന്നായിരിക്കുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു" (യോഹന്നാൻ 17:21 കാണുക). അത് വാസ്തവത്തിൽ, ആ ദേശത്ത് ചരിത്രപരമായി സന്നിഹിതമായ ആംഗ്ലിക്കൻ കൂട്ടായ്മ, സ്കോട്ട്‌ലൻഡിലെ സഭ എന്നീ രണ്ടു സഭകളുടെ തലവന്മാരോടൊപ്പം നിർവ്വഹിച്ച സമാധാനത്തിൻറെ ഒരു എക്യുമെനിക്കൽ തീർത്ഥാടനമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു യാത്രയുടെ ആഗമന ബിന്ദു ആയിരുന്നു അത്. സംഘർഷത്തെ തരണം ചെയ്ത് സമാധാനം കെട്ടിപ്പടുക്കുന്നതിന്  പ്രതിജ്ഞാബദ്ധരാകാൻ ദക്ഷിണ സുഡാൻറെ അധികാരികൾക്കൊപ്പം 2019-ൽ റോമിൽ ഞങ്ങൾ ഒത്തുകൂടിയിരുന്നു. ദൗർഭാഗ്യവശാൽ, അനുരഞ്ജന പ്രക്രിയ പുരോഗമിച്ചില്ല, നവജാത ദക്ഷിണ സുഡാൻ, യുദ്ധത്തിനും, അക്രമത്തിനും, അഭയാർഥികൾക്കും, ആന്തരികമായി കുടിയിറക്കപ്പെട്ടവർക്കും ജന്മമേകുന്ന അധികാരത്തിൻറെയും മാത്സര്യത്തിൻറെയുമായ പഴഞ്ചൻ യുക്തിയുടെ ഇരയാണ്. അതിനാൽ, അതേ അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഞാൻ,  അഴിമതിയോടും ആയുധക്കടത്തിനോടും "ഇല്ല" എന്നും കൂടിക്കാഴ്ചയോടും സംഭാഷണത്തോടും "അതെ" എന്നും പറയാൻ അവരെ ക്ഷണിച്ചു. പരിഷ്കൃത രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്ന അനേകം നാടുകൾ ദക്ഷിണ സുഡാനെ സഹായിക്കുന്നുണ്ട്, യുദ്ധത്തിന് പ്രചോദനം പകരുന്ന ആയുധങ്ങളാണ് ഈ സഹായത്തിൽ അടങ്ങിയിരിക്കുന്നത്. ഇത്  ലജ്ജാകരമാണ്.  അഴിമതിയോടും ആയുധക്കടത്തിനോടും "ഇല്ല" എന്നും കൂടിക്കാഴ്ചയോടും സംഭാഷണത്തോടും "അതെ" എന്നും പറഞ്ഞുകൊണ്ടു മാത്രമേ മുന്നേറാനാകൂ. ഈ രീതിയിൽ മാത്രമേ വികസനം സാദ്ധ്യമാകൂ, ആളുകൾക്ക് സമാധാനത്തോടെ പ്രവർത്തിക്കാൻ കഴിയൂ, രോഗികൾക്ക് ചികിത്സ ലഭിക്കുകയുള്ളൂ, കുട്ടികൾ സ്കൂളിൽ പോകാൻ സാധിക്കുകയുള്ളൂ.

ഇടയസന്ദർശനത്തിൻറെ ക്രൈസ്തവൈക്യ മാനം

ദക്ഷിണ സുഡാൻ സന്ദർശനത്തിൻറെ എക്യുമെനിക്കൽ സ്വഭാവം, പ്രത്യേകിച്ച്, ആംഗ്ലിക്കൻ സമൂഹത്തിലെയും സ്കോട്ട്ലണ്ടിലെ സഭയിലെയും സഹോദരങ്ങളോടു ചേർന്ന് നടത്തിയ പ്രാർത്ഥനാ വേളയിൽ പ്രകടമായി. ഞങ്ങൾ ഒരുമിച്ച് ദൈവവചനം ശ്രവിച്ചു, സ്തുതിയുടെയും അപേക്ഷയുടെയും മദ്ധ്യസ്ഥതയുടെയും പ്രാർത്ഥനകൾ ഞങ്ങൾ ഒരുമിച്ച് ചൊല്ലി. ദക്ഷിണ സുഡാനിലെ പോലെ വളരെ വൈരുദ്ധ്യമുള്ള ഒരു യാഥാർത്ഥ്യത്തിൽ, ഈ അടയാളം മൗലികമാണ്,  അത് നിസ്സാരമല്ല, കാരണം നിർഭാഗ്യവശാൽ, അക്രമത്തെയും ദുർവിനിയോഗങ്ങളെയും ന്യായീകരിക്കാൻ ദൈവനാമം ദുരുപയോഗം ചെയ്യുന്നവരുണ്ട്.

സംഘർഷാവസ്ഥ

സഹോദരീ സഹോദരന്മാരേ, ദക്ഷിണ സുഡാൻ ഏകദേശം 1 കോടി 10ലക്ഷം നിവാസികളുള്ള ഒരു രാജ്യമാണ്, അതിൽ, സായുധ സംഘട്ടനങ്ങൾ കാരണം, രണ്ട് ദശലക്ഷം ആളുകൾ ആഭ്യന്തരമായി ചിതറപ്പെടുകയും അത്രയുംതന്നെ ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട ഒരു വലിയ കൂട്ടം ആളുകളെ കാണാനും അവരെ ശ്രവിക്കാനും അവർക്ക് സഭയുടെ സാമീപ്യം അനുഭവവേദ്യമാക്കാനും ഞാൻ അഭിലഷിച്ചത്. വാസ്‌തവത്തിൽ, കുടിയിറക്കപ്പെട്ടവർക്കായുള്ള അഭയസങ്കേതങ്ങളിൽ വർഷങ്ങളായി കഴിയുന്ന ഈ പാവങ്ങളുടെ ചാരെ സഭകളും ക്രൈസ്തവ പ്രചോദിത സംഘടനകളും മുൻനിരയിലുണ്ട്. പ്രത്യേകിച്ച്, രാജ്യത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ശക്തികളായ സ്ത്രീകളെ ഞാൻ സംബോധന ചെയ്തു; അക്രമ രഹിതവും, അനുരഞ്ജനവും സമാധാനവും വാഴുന്നതുമായ ഒരു പുതിയ ദക്ഷിണ സുഡാൻറെ വിത്തുകളാകാൻ ഞാൻ എല്ലാവർക്കും പ്രചോദനം പകർന്നു.

ഉപ്പും വെളിച്ചവും ആകുക

തുടർന്ന്, ആ പ്രാദേശിക സഭയിലെ ഇടയന്മാരും സമർപ്പിതരുമായുള്ള കൂടിക്കാഴ്ചയിൽ, ഞങ്ങൾ, മോശയെ ദൈവത്തോടുള്ള അനുസരണത്തിൻറെയും മദ്ധ്യസ്ഥതയിലുള്ള സ്ഥൈര്യത്തിൻറെയും മാതൃകയായി കണ്ടു.ദക്ഷിണ സുഡാൻ സന്ദർശനത്തിൻറെയും ഈ അജപാലന യാത്രമുഴുവൻറെയും അവസാന കർമ്മമായിരുന്ന ദിവ്യകാരുണ്യ ആഘോഷത്തിൽ, ഞാൻ, സുവിശേഷത്തെ പ്രതിധ്വനിപ്പിച്ചു.  വളരെയധികം പ്രശ്‌നങ്ങൾ നിറഞ്ഞ ആ മണ്ണിൽ "ഉപ്പും വെളിച്ചവും" ആയിരിക്കാൻ ക്രിസ്ത്യാനികൾക്ക് പ്രചോദനം പകർന്നു. ദൈവം തൻറെ പ്രത്യാശ വയ്ക്കുന്നത് വലിയവരിലും ശക്തരിലും അല്ല, മറിച്ച് ചെറിയവരിലും എളിമയുള്ളവരിലുമാണ്. അതാണ് ദൈവത്തിൻറെ വഴി.

നന്ദി

ദക്ഷിണ സുഡാൻറെ അധികാരികൾക്ക്, പ്രസിഡൻറിന്, യാത്രാ സംഘാടകർക്ക്, സന്ദർശനം സുഗമമായി നടക്കാൻ പരിശ്രമിച്ച എല്ലാവർക്കും, അവരുടെ പരിശ്രമങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഈ എക്യുമെനിക്കൽ യാത്രയിൽ എന്നെ അനുഗമിച്ചതിന് എൻറെ സഹോദരങ്ങളായ ജസ്റ്റിൻ വെൽബിക്കും ഇയാൻ ഗ്രീൻഷീൽഡ്‌സിനും ഞാൻ നന്ദി പറയുന്നു. കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിലും ദക്ഷിണ സുഡാനിലും അഖിലാഫ്രിക്കയിലും സ്‌നേഹത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയുമായ ദൈവ രാജ്യത്തിൻറെ വിത്തുകൾ മുളക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നന്ദി.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ അവസാനം അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഭൂകമ്പബാധിത തുർക്കിക്കും സിറിയയ്ക്കും വേണ്ടി

തുർക്കിയിലും സിറിയയിലും ആയിരങ്ങളുടെ ജീവനെടുക്കുകയും നഗരങ്ങളെ നാശവാശിഷ്ടക്കൂമ്പാരങ്ങളാക്കി മാറ്റുകയും ചെയ്ത ഭൂകമ്പദുരത്തിൽ മാർപ്പാപ്പാ ഒരിക്കൽക്കൂടി തൻറെ വേദന അറിയിക്കുകയും ഭുകമ്പബാധിതരോടുള്ള തൻറെ സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ആയിരക്കണക്കിനാളുകളുടെ മരണത്തിനു കാരണമാകുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കനത്ത പ്രഹരമേല്പിച്ച ഭൂമികുലുക്കമുണ്ടായ തുർക്കിയിലെയും സിറിയയിലെയും ജനങ്ങളെ താൻ ഓർക്കുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും വിനാശകരമായ ദുരന്തത്തിൻറെ യാതനകളനുഭവിക്കുന്ന എല്ലാവരോടുമുള്ള തൻറെ സാമീപ്യം പാപ്പാ പ്രകടിപ്പിക്കുകയും ദുരിതാശ്വാസ പ്രവർത്തകർക്ക് നന്ദി പറയുകയും, ഒരു നീണ്ട കാല യുദ്ധം തകർത്തിരിക്കുന്ന അവിടത്തെ പ്രദേശങ്ങളോട് ഐക്യദാർഢ്യം കാണിക്കാൻ എല്ലാവർക്കും പ്രചോദനം പകരുകയും ചെയ്തു. ഭുകമ്പബാധിതർക്കായി പരിശുദ്ധ ദൈവമാതാവിൻറെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ട് പാപ്പാ നന്മനിറഞ്ഞ മറിയമേ എന്ന പ്രർത്ഥന ചൊല്ലുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ഫെബ്രുവരി 11-ന് അടുത്ത ശനിയാഴ്ച (11/02/23) ലൂർദ്ദ് നാഥയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ അമലോത്ഭവ നാഥയുടെ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നതിനും അവൾ എല്ലാവരുടെയും ഹൃദയത്തെ സന്തോഷഭരിതമാക്കി നിലനിർത്തുന്നതിനും  ജീവിത യാത്രയിൽ എല്ലാവരെയും തുണയ്ക്കുന്നതിനും വേണ്ടി  പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2023, 12:22

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >