തിരയുക

പാപ്പാ: പ്രാർത്ഥന, വിവേചന ബുദ്ധിയുടെ അനിവാര്യ ഘടകം!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: വിവേചനബുദ്ധി

ജോയി കരിവേലി, വത്തിക്കാൻ സറ്റി

അന്തരീക്ഷം പൊതുവെ കാർമേഘാവൃതമായിരുന്നെങ്കിലും ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, ഈ ബുധനാഴ്ചയും (28/09/22)  വത്തിക്കാനിൽ അനുവദിച്ച, പ്രതിവാരപൊതുദർശനത്തിൻറെ വേദി, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ ചത്വരം ആയിരുന്നു. ബസിലിക്കാങ്കണത്തിലേക്ക്, എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള തുറന്ന വെളുത്ത വാഹനത്തിൽ, പാപ്പാ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. വാഹനത്തിൽ തന്നോടൊപ്പം ഏതാനും കുട്ടികളെയും കയറ്റി, തീർത്ഥാടകരും സന്ദർശകരുമടങ്ങിയ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ പാപ്പാ അവർക്കെല്ലാവർക്കും അഭിവാദ്യമർപ്പിച്ചു. പ്രസംഗവേദിയിലേക്കാനയിക്കുന്ന പടവുകൾക്കരികെ നിറുത്തിയ വാഹനത്തിൽ നിന്ന് കുട്ടികൾ ഇറങ്ങി. അതിനു ശേഷം വാഹനം പടവുകളിലുടെ പ്രസംഗവേദിക്കരികിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോൾ പാപ്പാ വാഹനത്തിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിക്ക് മുമ്പ്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് മുമ്പ് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തദ്ദനന്തരം  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വചനം                     

“നിങ്ങൾ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാൻ ശദ്ധിക്കുവിൻ...... നിങ്ങൾ ഭോഷന്മാരാകാതെ കർത്താവിൻറെ അഭീഷ്ടമെന്തെന്ന് മനസ്സിലാക്കുവിൻ. ....ആത്മാവിനാൽ പൂരിതരാകുവിൻ. സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ.... ഗാനാലാപനങ്ങളാൽ പൂർണ്ണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ. എപ്പോഴും എല്ലാറ്റിനും വേണ്ടി  നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ നാമത്തിൽ പിതാവായ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുവിൻ.” പൗലോസ് എഫെസോസുകാർക്കെഴുതിയ ലേഖനം 5,15.17-20.

ഈ വായനയ്ക്കു ശേഷം പാപ്പാ, വിവേചനബുദ്ധിയെ അധികരിച്ച് താൻ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടർന്നു. വിവേചനബുദ്ധിയുടെ ഘടകങ്ങളും കർത്താവുമായുള്ള സഹവാസവും ആയിരുന്നു ഈ പരിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:

വിവേചനബുദ്ധി സുപ്രധാനം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വിവേചനബുദ്ധിയെന്ന വിഷയത്തെക്കുറിച്ചുള്ള പരിചിന്തനം നമുക്ക് പുനരാരംഭിക്കാം, കാരണം നമ്മുടെ ഉള്ളിൽ സംഭവിക്കുന്നവ തിരിച്ചറിയുന്നതിൽ  വിവേചനബുദ്ധി സുപ്രധാനമാണ്. വികാരങ്ങളും ആശയങ്ങളും എവിടെനിന്നു വരുന്നു, അവ എവിടേക്ക്, എന്തു തീരുമാനത്തിലേക്ക് നമ്മെ നയിക്കുന്നു എന്ന് നാം വിവേചിച്ചറിയണം ഇന്ന് നാം അതിൻറെ ഘടനാപരമായ ഘടകങ്ങളിൽ ആദ്യത്തേതായ പ്രാർത്ഥനയെക്കുറിച്ചാണ് ചിന്തിക്കുക. വിവേചിച്ചറിയുന്നതിന് നാം ഒരു അന്തരീക്ഷത്തിൽ, പ്രാർത്ഥനാവസ്ഥയിൽ ആയിരിക്കേണ്ടതുണ്ട്.

ആത്മീയ വിവേചനത്തിന് പ്രാർത്ഥന ഒഴിച്ചുകൂടാനാകാത്ത സഹായമാണ്, സർവ്വോപരി അതിൽ സ്നേഹബന്ധങ്ങൾ ഉൾപ്പെടുമ്പോൾ, അത് നമ്മെ ഒരു സുഹൃത്തിനോടെന്നപോലെ ലാളിത്യത്തോടും മമതയോടും കൂടി ദൈവത്തോടു സംസാരിക്കാൻ അനുവദിക്കുന്നു. ചിന്തകൾക്ക് അപ്പുറത്തേക്ക് പോകാനും വാത്സല്യപൂർണ്ണമായ സ്വാഭാവികതയോടെ  കർത്താവുമായി അടുപ്പത്തിലാകാനും അറിയലാണത്. ദൈവവുമായുള്ള സഹവാസവും അവിടത്തോടുള്ള ഉറച്ചവിശ്വാസവുമാണ് വിശുദ്ധരുടെ ജീവിതരഹസ്യം. അത് അവരിൽ വളരുകയും അവിടത്തേക്ക് പ്രീതികരമായതെന്തെന്ന് തിരിച്ചറിയുക അനായാസകരമാക്കിത്തീർക്കുകയും ചെയ്യുന്നു.  പ്രാർത്ഥന ദൈവവുമായുള്ള സഹവാസവും അവിടത്തോടുള്ള വിശ്വാസവും ആണ്. തത്തമ്മയെപ്പോലെ വാക്കുകൾ ആവർത്തിക്കലല്ല പ്രാർത്ഥന. യഥാർത്ഥ പ്രാർത്ഥന ഈ സ്വാഭാവികതയും കടത്താവിനോടുള്ള സ്നേഹവും ആണ്. അവിടത്തെ ഹിതം നമ്മുടെ നന്മയല്ല എന്ന ഭയത്തെയൊ സംശയത്തെയൊ ഈ സഹവാസം മറികടക്കുന്നു. ഭയവും സംശയവുമാകുന്ന ഈ പ്രലോഭനം ചിലപ്പോഴൊക്കെ നമ്മുടെ ചിന്തകളിലൂടെ കടന്നുപോകുകയും നമ്മുടെ ഹൃദയത്തെ അസ്വസ്ഥതയിലേക്കും അനിശ്ചതത്വത്തിലേക്കും നയിക്കുകയും ചെയ്യുന്നു.  

വിവേകം പൂർണ്ണമായ ഉറപ്പ് ആവശ്യപ്പെടുന്നില്ല, കാരണം അത് ജീവിതത്തെ സംബന്ധിച്ചതാണ്, ജീവിതം എല്ലായ്പ്പോഴും യുക്തിസഹമല്ല, ഒരു വിഭാഗം ചിന്തയിൽ ഒതുക്കാനാകാത്ത നിരവധി മാനങ്ങൾ അതിനുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു, എന്നിരുന്നാലും, അങ്ങനെ സംഭവിക്കുമ്പോൾ പോലും, നമ്മൾ എല്ലായ്പ്പോഴും അതിനനുസരിച്ചായിരിക്കില്ല പ്രവർത്തിക്കുക. അപ്പൊസ്തോലനായ പൗലോസ് വിവരിച്ച അനുഭവം നമുക്കും എത്രയോ തവണ ഉണ്ടായിട്ടുണ്ട്: " ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്" (റോമാക്കാർക്കുള്ള ലേഖനം 7:19). നമ്മൾ യുക്തി മാത്രമല്ല, യന്ത്രങ്ങളല്ല, കാര്യങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശങ്ങൾ ലഭിച്ചാൽ മാത്രം പോരാ: കർത്താവിനായി തീരുമാനമെടുക്കുന്നതിനുള്ള സഹായം എന്നതുപോലെ തന്നെ തടസ്സങ്ങളും സർവ്വോപരി വാത്സല്യസംബന്ധിയാണ്.

മർക്കോസിൻറെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യേശു ചെയ്ത ആദ്യത്തെ അത്ഭുതം ഭൂതോച്ചാടനമാണെന്നത് ശ്രദ്ധേയമാണ് (മർക്കോസ്. 1,21-28). കഫർണാമിലെ സിനഗോഗിൽ വെച്ച് അവിടന്ന് ഒരുവനെ പിശാചിൽ നിന്ന് മോചിപ്പിക്കുന്നു, സാത്താൻ തുടക്കം മുതൽ അവതരിപ്പിക്കുന്ന ദൈവത്തിൻറെ തെറ്റായ രൂപത്തിൽ നിന്ന്, അതായത്, നമ്മുടെ സന്തോഷം ആഗ്രഹിക്കാത്തവനാണ് ദൈവം എന്ന തെറ്റായ രൂപത്തിൽ നിന്ന് അവിടന്ന് അവനെ മോചിപ്പിക്കുന്നു: യേശു ദൈവമാണെന്ന് പിശുചുബാധിതന് അറിയാം, എന്നാൽ അത് അവിടന്നിൽ വിശ്വസിക്കാൻ അവനെ പ്രേരിപ്പിക്കുന്നില്ല, വാസ്തവത്തിൽ, അവൻ പറയുന്നു: "നീ ഞങ്ങളെ നശിപ്പിക്കാൻ വന്നിരിക്കുന്നു" (മർക്കോസ് 1:24).

ക്രിസ്ത്യാനികൾ ഉൾപ്പെടെ അനേകർ ഒരേ കാര്യം ചിന്തിക്കുന്നു: അതായത്, യേശു ദൈവപുത്രനായിരിക്കാം, എന്നാൽ നമ്മുടെ സന്തോഷം അവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവർ സംശയിക്കുന്നു; തീർച്ചയായും, അവിടത്തെ നിർദ്ദേശം ഗൗരവമായി എടുക്കുന്നത് ഒരാളുടെ ജീവിതം നശിപ്പിക്കുകയാണ്, നമ്മുടെ ആഗ്രഹങ്ങൾ, നമ്മുടെ അതിശക്തമായ അഭിലാഷങ്ങൾ ത്യജിക്കുകയാണെന്ന് ചിലർ ഭയപ്പെടുന്നു. ഈ ചിന്തകൾ ചിലപ്പോൾ നമ്മുടെ ഉള്ളിലേക്കും എത്തിനോക്കുന്നു: ദൈവം നമ്മോട് വളരെയധികം ആവശ്യപ്പെടുന്നു, അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മിൽ നിന്ന് എടുത്തുകളയാൻ അവിടന്ന് ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുന്നു. ചുരുക്കത്തിൽ, അവിടന്ന് നമ്മെ ശരിക്കും സ്നേഹിക്കുന്നില്ല എന്ന്. മറിച്ച്, കർത്താവുമായുള്ള കൂടിക്കാഴ്ചയുടെ അടയാളം സന്തോഷമാണെന്ന് നമ്മുടെ ആദ്യ സമാഗമത്തിൽ നാം കണ്ടു. എന്നാൽ, ദുഃഖം അല്ലെങ്കിൽ ഭയം അവിടന്നിൽ നിന്നുള്ള അകല്ചയുടെ അടയാളങ്ങളാണ്: "ജീവനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ, കൽപ്പനകൾ പാലിക്കുക", യേശു ധനികനായ യുവാവിനോട് പറയുന്നു (മത്തായി 19:17). നിർഭാഗ്യവശാൽ, ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം, "സൽ ഗുരുവിനെ" കൂടുതൽ അടുത്ത് പിൻചെല്ലുകയെന്ന അവൻറെ ഹൃദയാഭിലാഷം സാക്ഷാത്ക്കരിക്കാൻ ചില തടസ്സങ്ങൾ അനുവദിച്ചില്ല. അവൻ താൽപ്പര്യമുള്ള, പരിശ്രമശാലിയായ ഒരു ചെറുപ്പക്കാരനായിരുന്നു, അവൻ യേശുവിനെ കാണാൻ മുൻകൈ എടുത്തിരുന്നു, എന്നാൽ അവൻ സ്വന്തം ഇഷ്ടങ്ങളിൽ വളരെ വിഭജിക്കപ്പെട്ടിരുന്നു, സമ്പത്ത് അവന് അതിപ്രധാനമായിരുന്നു. തീരുമാനമെടുക്കാൻ യേശു അവനെ നിർബന്ധിക്കുന്നില്ല, എന്നാൽ സുവിശേഷം പറയുന്നു, ആ യുവാവ് "ദുഃഖിതൻ" (വാക്യം 22) ആയി യേശുവിൽ നിന്ന് അകന്നുപോയി എന്ന്. കർത്താവിൽ നിന്ന് അകന്നുപോയവർ, അവർക്ക്, ധാരാളം സമ്പത്തും സാധ്യതകളും ഉണ്ടായിരുന്നിട്ടും, ഒരിക്കലും സന്തുഷ്ടരല്ല.

വിവേചിച്ചറിയുക എളുപ്പമല്ല, കാരണം ബാഹ്യരൂപഭാവങ്ങൾ വഞ്ചനാപരമാണ്, എന്നാൽ ദൈവവുമായുള്ള സഹവാസത്തിന് സംശയങ്ങളെയും ഭയങ്ങളെയും മൃദുവായി അലിയിച്ചുകളയാൻ കഴിയും, വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻറെ മനോഹരമായ പ്രയോഗമനുസരിച്ച്, അവിടത്തെ "മൃദുല വെളിച്ചം" ഉപരിയുപരി സ്വീകരിക്കാൻ അത് നമ്മുടെ ജീവിതത്തെ പ്രാപ്തമാക്കും. വിശുദ്ധർ പ്രതിബിംബിത വെളിച്ചത്താൽ വിളങ്ങുകയും അസാധ്യമായത് സാധ്യമാക്കിത്തീർക്കുന്ന ദൈവത്തിൻറെ സ്നേഹനിർഭരമായ സാന്നിദ്ധ്യം, അവരുടെ അനുദിന ലളിത കർമ്മങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം സ്നേഹിച്ച് ദീർഘകാലം ഒരുമിച്ചു ജീവിച്ച രണ്ടു ഭാര്യാഭര്യർത്താക്കന്മാർ അവസാനം ഒരുപോലെ ആയിത്തീരുമെന്ന് പറയപ്പെടുന്നു. വൈകാരിക പ്രാർത്ഥനയെക്കുറിച്ചും സമാനമായ ചിലത് പറയാൻ കഴിയും: നമ്മുടെ സത്തയുടെ ആഴങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന എന്തോ ഒന്നെന്നപോലെ നമ്മുടെ പ്രകൃതിക്ക് സുപ്രധാനമായത് എന്താണൊ അത് തിരിച്ചറിയാൻ  പ്രാർത്ഥന  ക്രമേണ, എന്നാൽ ഫലപ്രമായ രീതിയിൽ, നമ്മെ കൂടുതൽ കൂടുതൽ പ്രാപ്തരാക്കുന്നു.

നമുക്ക് ഈ കൃപയ്ക്കായി പ്രാർത്ഥിക്കാം: അതായത്, ഒരു സുഹൃത്ത് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ, കർത്താവുമായി സൗഹൃദത്തിൽ ജീവിക്കാൻ കഴിയുന്നതിന് വേണ്ടി. (cf.വി.ഇഗ്നേഷ്യസ് ലൊയോള, ആത്മീയ വ്യായാമങ്ങൾ, 53). നാം അന്യോന്യം അപേക്ഷിക്കേണ്ട ഒരു കൃപയാണിത്: യേശുവിനെ നമ്മുടെ ഏറ്റവും വലിയ, വിശ്വസ്തനായ സുഹൃത്തായി, നമ്മെ കവർച്ച ചെയ്യാത്തവനും, എല്ലാറ്റിനുമുപരിയായി, അവനിൽ നിന്ന് അകന്നുപോയാലും ഒരിക്കലും നമ്മെ കൈവിടാത്തവനുമായ മിത്രമായി കാണാൻ കഴിയുന്നതിന്. അവിടന്ന് ഹൃദയവാതിലിനടുത്തുണ്ട്.”ഞാൻ നിന്നോടുകൂടെയുണ്ട്, എനിക്ക് ഒന്നും അറിയേണ്ട” എന്ന് നാം പറയുന്നു. അവിടന്ന് മൗനം പാലിക്കുന്നു, കൈയ്യെത്തും ദൂരെ അവിടന്ന് നില്ക്കുന്നു, അവിടന്ന് സദാ വിശ്വസ്തനാണ്. കർത്താവിനെ ഹൃദയംകൊണ്ട് അഭിവാദനം ചെയ്യുന്ന പ്രാർത്ഥനയോടെ, വാത്സല്യത്തിൻറെ പ്രാർത്ഥനയോടെ, കുറച്ചുമാത്രം വാക്കുകളാലും എന്നാൽ സൽക്കർമ്മങ്ങളാലുമുള്ള പ്രാർത്ഥനയാൽ നമുക്ക് മുന്നേറാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ നിഷ്ഠൂരമായി പീഢിപ്പിക്കപ്പെടുന്ന ഉക്രൈയിനിലെ പാവം ജനങ്ങളളെ അനുസ്മരിച്ചു. തൻറെ ദൂതനായി ഉക്രൈയിൻ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കിയുമായി താൻ ബുധനാഴ്ച രാവിലെ സംസാരിച്ചതും അദ്ദഹം അതിഭീകരമായ കാര്യങ്ങൾ തന്നോട് പങ്കുവച്ചതും പാപ്പാ അനുസ്മരിച്ചു. പിഢിപ്പിക്കപ്പെടുന്ന ആ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. 

സെപ്റ്റംബർ 29-ന്  മിഖായേൽ ഗബ്രിയേൽ റഫായേൽ എന്നീ മുഖ്യദൂതന്മാരുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും ഈ തിരുന്നാൾ ദൈവികപദ്ധതികളോട് ഒന്നുചേരാനുള്ള ആത്മാർത്ഥമായ ആഗ്രഹം എല്ലാവരിലും ഉണർത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2022, 12:47

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >