തിരയുക

പാപ്പാ: സഹോദര സ്നേഹവും സാമൂഹിക സൗഹൃദവും സൃഷ്ടിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: അവിശ്വസ്തനായ കാര്യസ്ഥൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വേനൽച്ചൂടിന് അന്ത്യംകുറിച്ചുകൊണ്ട് പെട്ടെന്ന് തണുപ്പു കടന്നുവന്നിരിക്കുന്ന ഒരു അന്തരീക്ഷമായിരുന്നു ഈ ഞായറാഴ്ച (18/09/22) റോമിൽ. അന്ന്  ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യഹ്നപ്രാർത്ഥന നയിച്ചു. വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതിനും പാപ്പായുടെ ആശീർവ്വാദം സ്വീകരിക്കുന്നതിനുമായി, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായിരുന്നു. ബസിലിക്കാങ്കണത്തിൽ, ദേവാലയാഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കൽ നിന്നാണ് പാപ്പാ ത്രികാല ജപം നയിക്കാറുള്ളത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30-ന് കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് അവലംബം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (21/08/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പതിനാറാം അദ്ധ്യായം 1-13   വരെയുള്ള വാക്യങ്ങൾ, അതായത് – അവിശ്വസ്തനായ കാര്യസ്ഥൻറെ ഉപമ ആയിരുന്നു. പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരമായിരുന്നു:

അവിശ്വസ്തനായ കാര്യസ്ഥൻ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം നമുടെ മുന്നിൽ അവതരിപ്പിക്കുന്ന ഉപമ (cf. Lk 16:1-13) നമുക്ക് മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. യേശു അഴിമതിയുടെ ഒരു കഥ പറയുന്നു: മോഷ്ടിക്കുകയും പിന്നീട് യജമാനൻ അത് കണ്ടുപിടിക്കുകയും ആ അവസ്ഥയിൽ നിന്ന് കരകയറുന്നതിന് തന്ത്രപൂർവ്വം ശ്രമിക്കുകയും ചെയ്യുന്ന അവിശ്വസ്തനായ കാര്യസ്ഥൻ. നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഈ തന്ത്രം എന്താണ് ഉൾക്കൊള്ളുന്നത് - അത് ഉപയോഗിക്കുന്നത് ഒരു അഴിമതിക്കാരനാണ് - യേശുവിന് നമ്മോട് പറയാനുള്ളത് എന്താണ്?

രക്ഷപ്പെടാൻ ശ്രമിക്കുന്ന  തന്ത്രശാലിയായ കാര്യസ്ഥൻ

തൻറെ യജമാനൻറെ സ്വത്തുക്കൾ ചൂഷണം ചെയ്തതിനാൽ അഴിമതിക്കാരനായ ഈ കാര്യസ്ഥൻ കുഴപ്പത്തിലാകുന്നാതായി നാം കഥയിൽ കാണുന്നു; ഇപ്പോൾ അയാൾ കണക്കുകൊടുക്കേണ്ടിവരുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ അവൻ തളരുന്നില്ല, തൻറെ വിധിക്ക് കീഴടങ്ങുന്നില്ല, സ്വയം ഇരയായിത്തീരുന്നില്ല; നേരെമറിച്ച്, അവൻ ഉടൻ കൗശലത്തോടെ പ്രവർത്തിക്കുന്നു, ഒരു പരിഹാരം തേടുന്നു, അവൻ പരിശ്രമശാലിയാണ്. നമ്മിൽ ഒരു പ്രഥമ പ്രകോപനമുളവാക്കാൻ യേശു ഈ കഥ വിനിയോഗിക്കുന്നു: അവിടന്ന് പറയുന്നു "ഈ ലോകത്തിൻറെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിൻറെ മക്കളേക്കാൾ കുശാഗ്രബുദ്ധികളാണ്" (ലൂക്കാ 16,8). അതായത്, ചില ലൗകിക മാനദണ്ഡങ്ങൾക്കനുസൃതമായി ഇരുട്ടിൽ സഞ്ചരിക്കുന്നവന്, കുഴപ്പങ്ങൾക്കിടയിലും എങ്ങനെ രക്ഷപ്പെടാമെന്ന് അറിയാം, മറ്റുള്ളവരെക്കാൾ മിടുക്കനാകാൻ അവനറിയാം; മറിച്ച്, യേശുവിൻറെ ശിഷ്യന്മാർ, അതായത്, നമ്മൾ, ചിലപ്പോൾ, മയക്കത്തിലാഴുകയും,അല്ലെങ്കിൽ നിഷ്കളങ്കരായിരിക്കുകയും ചെയ്യുന്നു, ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ തേടാൻ മുൻകൈയെടുക്കുന്നതിന് നമുക്ക് അറിയില്ല (cf. എവഞ്ചേലി ഗൗതിയും-Evangelii gaudium, 24). ഉദാഹരണത്തിന്, വ്യക്തിപരവും സാമൂഹികവും അതുപോലെതന്നെ സഭാപരവുമായ പ്രതിസന്ധികളുടെ നിമിഷങ്ങളെക്കുറിച്ച്  ഞാൻ ചിന്തിക്കുന്നു: ചില സമയങ്ങളിൽ നിരാശയ്ക്ക് നാം കീഴടങ്ങുന്നു, അല്ലെങ്കിൽ നാം പരാതികളിൽ വീണുപോകുന്നു, ഇരകളാണെന്ന ഭാവത്തിലമരുന്നു. മറിച്ച്, ഒരാൾക്ക് സുവിശേഷം പിൻചെന്നുകൊണ്ട് സമർത്ഥനാകാം എന്ന് യേശു പറയുന്നു, ഉണർന്നിരിക്കുകയും യാഥാർത്ഥ്യത്തെ വിവേചിച്ചറിയുന്നതിൽ ശ്രദ്ധയുള്ളവനായിരിക്കുകയും, നമുക്കും മറ്റുള്ളവർക്കുമായി നല്ല പരിഹാരങ്ങൾ തേടാൻ സർഗ്ഗാത്മകത പുലർത്തുകയും ചെയ്യുക.

സമ്പാദ്യം ഉപയോഗിച്ച് സൗഹൃദം സൃഷ്ടിക്കുന്ന കാര്യസ്ഥൻ 

എന്നാൽ യേശു നമുക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്രബോധനവുമുണ്ട്. വാസ്തവത്തിൽ, കാര്യസ്ഥൻറെ തന്ത്രം എന്തിലടങ്ങിയിരിക്കുന്നു? കടക്കെണിയിലായവർക്ക് ഒരു ഇളവ് നൽകാൻ അവൻ തീരുമാനിക്കുന്നു, അങ്ങനെ അവൻ അവരെ തൻറെ ചങ്ങാതികളാക്കുന്നു, യജമാനൻ തന്നെ പുറത്താക്കുമ്പോൾ അവർക്ക് തന്നെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് അവൻ അവനുവേണ്ടി സമ്പത്ത് ശേഖരിക്കാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ, ഭാവിയിൽ തന്നെ സഹായിക്കാൻ കഴിയുന്ന സുഹൃത്തുക്കളെ ഉണ്ടാക്കാൻ അവൻ അവ ഉപയോഗിക്കുന്നു. മോഷണം എന്ന അതേ പാതയിൽത്തന്നെ. അപ്പോൾ, യേശു, വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഒരു പ്രബോധനം നമുക്ക് നല്കുന്നു: "അധാർമ്മിക സമ്പത്ത് കൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ, അങ്ങനെ അത് നിങ്ങളെ കൈവെടിയുമ്പോൾ, അവർ നിങ്ങളെ നിത്യഭവനങ്ങളിൽ സ്വീകരിക്കും" (ലൂക്കാ 16, 9). നിത്യജീവൻ അവകാശമാക്കാൻ, അതായത്, ഈ ലോകവസ്തുക്കൾ ശേഖരിക്കേണ്ട ആവശ്യമില്ല, പ്രത്യുത നമ്മുടെ സാഹോദര്യ ബന്ധങ്ങളിൽ നാം ജീവിച്ച ഉപവിയാണ് പ്രധാനം. ആകയാൽ യേശുവിൻറെ ക്ഷണം ഇതാണ്: ഈ ലോകവസ്തുക്കൾ നിങ്ങൾക്കും നിങ്ങളുടെ സ്വാർത്ഥതയ്ക്കും വേണ്ടി മാത്രമായി ഉപയോഗിക്കരുത്, മറിച്ച് സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിനും നല്ല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും ദുർബ്ബലരായവരെ പരിപാലിക്കുന്നതിനും വിനിയോഗിക്കുക.

അഴിമതിക്കഥകൾ ഇന്നും!

സഹോദരീ സഹോദരന്മാരേ, ഇന്നത്തെ ലോകത്തിൽ പോലും സുവിശേഷത്തിൽ കണ്ടതുപോലുള്ള അഴിമതിക്കഥകൾ ഉണ്ട്; സത്യസന്ധമല്ലാത്ത പെരുമാറ്റം, അന്യായ നയങ്ങൾ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തിരഞ്ഞെടുപ്പുകളിൽ ആധിപത്യം പുലർത്തുന്ന സ്വാർത്ഥത, കൂടാതെ നിരവധിയായ മറ്റ് അവ്യക്ത സാഹചര്യങ്ങൾ. എന്നാൽ ക്രിസ്ത്യാനികളായ നാം നിരുത്സാഹപ്പെടാനോ, അല്ലെങ്കിൽ,അതിലും മോശമായി, സകലവും അനുവദിച്ചുകൊടുക്കാനോ നിസ്സംഗത പാലിക്കാനോ പാടില്ല. നേരെമറിച്ച്, സുവിശേഷത്തിൻറെതായ വിവേകത്തോടും സാമർത്ഥ്യത്തോടും കൂടി, ഈ ലോകവസ്തുക്കളെ- ഭൗതികമായവ മാത്രമല്ല, കർത്താവിൽ നിന്ന് നമുക്ക് ലഭിച്ച എല്ലാ ദാനങ്ങളും, ഉപയോഗിച്ച് - നമ്മെത്തന്നെ സമ്പന്നരാക്കാനല്ല – മറിച്ച്, നന്മ ചെയ്യുന്നതിൽ സർഗ്ഗാത്മകത പുലർത്താൻ, സഹോദര സ്നേഹവും സാമൂഹിക സൗഹൃദവും സൃഷ്ടിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇത് വളരെ പ്രധാനമാണ്: നമ്മുടെ പെരുമാറ്റത്തിലൂടെ നമുക്ക് സാമൂഹിക സൗഹൃദം സൃഷ്ടിക്കാനാകും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ആത്മാവിൽ ദരിദ്രരും പരസ്പര ഉപവിയിൽ സമ്പന്നരുമാകുന്നതിന് നമ്മെ സഹായിക്കാൻ ഏറ്റം പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

കാസഖ്സ്ഥാൻ സന്ദർശനം

ആശീർവ്വാദാനന്തരം പാപ്പാ, ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ച് തനിക്ക് ഇക്കഴിഞ്ഞ 13-15 വരെ തീയതികളിൽ കസാഖ്സ്ഥാൻ സന്ദർശിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു. അടുത്ത ബുധനാഴ്ച പൊതുകൂടിക്കാഴ്ചാവേളയിൽ താൻ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

യുദ്ധവിരാമവും സമാധാനവും, പാപ്പായുടെ അഭ്യർത്ഥന

അസർബൈജാനും അർമേനിയയും തമ്മിലുള്ള സമീപകാല പോരാട്ടങ്ങളിൽ തനിക്കുള്ള ദുഃഖവും പാപ്പാ പ്രകടിപ്പിച്ചു. ഈ സംഘർഷങ്ങൾക്ക് ഇരകളായവരുടെ കുടുംബങ്ങളോടുള്ള തൻറെ ആത്മീയ സാമീപ്യം പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു. സമാധാന ഉടമ്പടി മുന്നിൽ കണ്ടുകൊണ്ട് വെടിനിർത്തൽ കരാർ  പാലിക്കാൻ പാപ്പാ ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആയുധങ്ങൾ നിശബ്ദമാകുകയും സംഭാഷണം ആരംഭിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമാധാനം സാദ്ധ്യമാകൂ എന്നത് വിസ്മരിക്കരുതെന്ന് പാപ്പാ പറഞ്ഞു.

യാതനകളനുഭവിക്കുന്ന ഉക്രൈയിൻ ജനതയ്‌ക്കുവേണ്ടിയും യുദ്ധം നിണപങ്കിലമാക്കിയ എല്ലാനാടുകളിലും സമാധാനം സംസ്ഥാപിക്കപ്പെടന്നതിനു വേണ്ടിയും പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഇറ്റലിയിലെ പ്രളയബാധിത പ്രദേശത്തിന് പാപ്പായുടെ പ്രാർത്ഥനകൾ

അതിശക്തമായ വെള്ളപ്പൊക്കം നാശം വിതച്ച മദ്ധ്യ ഇറ്റലിയിലെ മാർക്കെ പ്രദേശത്തെ ജനങ്ങൾക്ക് പാപ്പാ തൻറെ പ്രാർത്ഥനകൾ ഉറപ്പു നൽകി. ഈ ജലപ്രളയ ദുരന്തത്തിൽ മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ആ സമൂഹത്തിന് കർത്താവ് ശക്തിയേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച റോമാക്കാരും വിവിധ രാജ്യക്കാരുമായ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം, എല്ലാവ‍ര്‍ക്കും,  നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2022, 12:14

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >