തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം...  (Vatican Media)

“ക്രിസ്തു ജീവിക്കുന്നു”: ദ്രോഹിക്കുന്നവരോടു ക്ഷമിക്കാം

Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 165ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് അവരുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

165. “നിങ്ങൾ അനുഭവിച്ച ദ്രോഹങ്ങൾ മറ്റുള്ളവരിൽ നിന്ന് പിന്മാറാനും തന്നിലേക്ക് തന്നെ തിരിയാനും കോപ വികാരത്തെ വളർത്താനും നിങ്ങളെ പ്രലോഭിപ്പിച്ചേക്കും. എന്നാൽ ക്ഷമിക്കാനുള്ള ദൈവത്തിന്റെ ആഹ്വാനം ശ്രവിക്കുന്നത് ഒരിക്കലും നിർത്തരുത്. റുവാണ്ടായിലെ മെത്രാന്മാർ അത് നന്നായി രേഖപ്പെടുത്തി: "മറ്റൊരാളുമായി രമ്യതപ്പെടാൻ ഒന്നാമതായി, ആ വ്യക്തിയിലെ നന്മ കാണാൻ നിങ്ങൾക്ക് കഴിയണം. ദൈവമാണ് ആ നന്മയോടെ അയാളെ സൃഷ്ടിച്ചത്. ദ്രോഹത്തെ ദ്രോഹിയിൽ നിന്ന് വേർതിരിച്ചറിയാനുള്ള വലിയ പരിശ്രമം അതിന് ആവശ്യമാണ്‌. അതിന്റെ അർത്ഥം ഇതാണ് : ആ വ്യക്തി ചെയ്ത ദ്രോഹത്തെ നിങ്ങൾ വെറുക്കുന്നു. എന്നാൽ, ആ വ്യക്തിയെ, അയാൾക്ക്‌ ദൗർബല്യമുണ്ടെങ്കിലും നിങ്ങൾ സ്നേഹിക്കുന്നു. എന്തെന്നാൽ ആ വ്യക്തിയിൽ നിങ്ങൾ ദൈവത്തിന്റെ പ്രതിഛായ കാണുന്നു.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ദ്രോഹിയോടു ക്ഷമിക്കാം

ഒരു സൂഫി ഗുരുവിനോടു ചോദിച്ചു: എന്താണ് ക്ഷമ? ഗുരു പറഞ്ഞു "പൂക്കളെ ഞെരിച്ചമർത്തുമ്പോഴും അവ തിരിച്ചു നൽകുന്ന സുഗന്ധമാണത് " ഈ ലോകത്തിൽ പരുക്കേൽക്കാത്തവരായി ആരുമില്ല. എല്ലാവർക്കും പരിക്ക് പറ്റിട്ടുണ്ട്. നമ്മളും മറ്റുള്ളവർക്ക് കുറെ ഏറെ പരിക്കുകൾ കൈമാറീട്ടുണ്ട്. പോട്ടെ സാരമില്ല എന്ന് പറഞ്ഞു ക്ഷമിക്കുവാനും മറക്കുവാനും കഴിയണം. അങ്ങനെ കഴിയുന്നില്ലെങ്കിൽ ഉടുതുണി പോലും വലിച്ചെടുത്തവനെ തന്റെ  മനസ്സോടു തുന്നി ചേർത്തുവച്ച്  അവനങ്ങനെ ചെയ്തത് അറിയാതെയാണെന്നും അവനോടു പൊറുക്കണമെയെന്നും തന്റെ അപ്പനോടു കുരിശിൽ കിടന്ന് വിളിച്ചു കരയുന്ന ക്രിസ്തുവിന്റെതാണെന്ന് പറഞ്ഞു നടക്കാൻ നമുക്ക് കഴിയാതെ വരും.

ക്ഷമ എന്നത് പറഞ്ഞും കേട്ടുമല്ല പരീക്ഷിച്ചുതന്നെ പഠിക്കേണ്ട ഒരു വലിയ പാഠമാണെന്ന് വായിച്ചതോർക്കുന്നു. ജീവിതത്തിൽ നാം അഭ്യസിക്കേണ്ട സാധനയാണ് ക്ഷമ.

ഇന്ന്  നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ ദ്രോഹിച്ചവരോടു ക്ഷമിക്കാമെന്നു പറഞ്ഞു തരുന്നു. ക്ഷമ സ്വന്തമാക്കാൻ നാം കുറെ കഷ്ടപ്പെടേണ്ടി വരും. കാരണം ഒരാൾ നമുക്ക് നൽകിയ ദ്രോഹം അത്ര പെട്ടെന്നോ ഒരു നിമിഷം കൊണ്ടോ നമ്മെ വിട്ടു പോകുന്നതല്ല. നമ്മെ അത് നിരന്തരം വേട്ടയാടി കൊണ്ടിരിക്കും. മരണം വരെയും എന്തിന്  നമ്മെ ദ്രോഹിച്ച വ്യക്തി ഒരു പക്ഷെ മരിച്ചു പോയെങ്കിൽ കൂടി അയാൾ നമ്മോടു കാണിച്ച ദ്രോഹത്തിന്റെ മുറിവ് നമ്മെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷെ നമ്മുടെ ദ്രോഹങ്ങൾ പൊറുക്കുന്ന നമ്മുടെ തെറ്റുകൾ  മറക്കുന്ന നമ്മൾ ഏൽപ്പിച്ച പരിക്കുകൾ പരാതി കൂടാതെ വഹിക്കുന്ന ദൈവത്തിന്റെ വാക്കു കേട്ട് മറ്റുള്ളവരുടെ ദ്രോഹങ്ങൾ നാം ക്ഷമിച്ചേ മതിയാവൂ. അല്ലെങ്കിൽ വീണ്ടും വീണ്ടും നമ്മോടു പൊറുക്കുന്ന ക്രിസ്തുവിനെ നാം വേദനിപ്പിച്ചു കൊണ്ടേയിരിക്കും. നമ്മെ ദ്രോഹിക്കുന്നവരോടു നാം പുലർത്തേണ്ട മനോഭാവം ക്രിസ്തുവിന്റേതാണെങ്കിൽ നമുക്ക് പിന്നെ അപരരോടു ക്ഷമിക്കാതിരിക്കാൻ യാതൊരു ന്യായവുമില്ല.

നമ്മെ വേദനിപ്പിച്ചവർ നമ്മുടെ പ്രിയപ്പെട്ടവരാണെങ്കിൽ അവരോടു ക്ഷമിക്കാൻ എളുപ്പമാണ്. നെടുവീർപ്പുകളോടെയാണെങ്കിലും നാം ക്ഷമിക്കും, മറക്കും. എങ്കിലും ചില നേരങ്ങളിൽ ആ വേദനകൾ നമ്മെ വല്ലാതെ വീണ്ടും വീണ്ടും വ്രണപ്പെടുത്തി കൊണ്ടേയിരിക്കും. അപ്പോഴൊക്കെ നാം ധ്യാനിക്കേണ്ടത് ക്രിസ്തുവിനെ മാത്രമായിരിക്കണം. നമുക്ക് നേരെ പെയ്യുന്ന ദ്രോഹത്തിന്റെ കന്മഴയെ ക്ഷമയുടെ കുടക്കീഴിൽ പിടിച്ച് നിറുത്തുവാൻ നമുക്ക് ശക്തി ലഭിക്കേണ്ടത് ക്രിസ്തുവിൽ നിന്നു മാത്രമാണ്. കാരണം ദ്രോഹത്തിന്റെ പേമാരിയിൽ ക്രിസ്‌തു നന്നായി തന്നെ സ്നാനപ്പെട്ടിട്ടുണ്ട്.

അവനെ ഒറ്റിക്കൊടുത്തത് അവന്റെ കൂടെ ഒട്ടിചേർന്ന് നടന്നവൻ തന്നെയായിരുന്നു. അവനെ ദ്രോഹിക്കുവാൻ ഒറ്റുക്കാരൻ സ്വീകരിച്ചത് വെറും മുപ്പത് വെള്ളിനാണയവും തന്റെ ദ്രോഹത്തെ അടയാളപ്പെടുത്താൻ നൽകിയത് സ്നേഹത്തിന്റെ മുദ്ര തന്നെയായ ചുംബനവും. എന്നിട്ടും യേശു സ്നേഹത്തിന്റെ വിരുന്നു മേശയിൽ നിന്ന് അയാളെ അകറ്റാതെ അയാളെയും ക്ഷണിച്ചു കൂടെയിരുത്തി. ഒന്നിലും നിന്ന് മാറ്റി നിറുത്താതെ അവന്റെ പാദങ്ങളും കഴുകി.

യേശുവിന്റെ ക്ഷമയുടെ പാഠം

അവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ആരൊക്കെ ഉപേക്ഷിച്ചാലും ആരൊക്കെ ഇടറിയായും ഞാൻ കൂടെയുണ്ടാകുമെന്ന് പറഞ്ഞ ശിമയോന്റെ പുത്രനും ക്രിസ്തുവിനെ ദ്രോഹിച്ചു. യേശു എല്ലായിടത്തും കൊണ്ടുനടന്നവനായിരുന്നു പത്രോസ്. യേശു ചെയ്തതെല്ലാം കണ്ടവൻ. ദൈവത്തിന്റെ പുത്രൻ, മിശിഹാനാഥൻ എന്നൊക്കെ വിളിച്ചു പറഞ്ഞവൻ. എന്നാൽ തനിക്ക് അയാളെ അറിയില്ല എന്ന് ആവർത്തിച്ച് പറഞ്ഞു    കൊണ്ടാണ് അയാൾ ക്രിസ്തുവിനെ ദ്രോഹിച്ചത്. ഉദരം നൽകി, ഉയിർ നൽകി, പാടിയുറക്കി ഉണർത്തി, ഊട്ടി വളർത്തിയ അമ്മയെയും അപ്പനെയും തള്ളി പറയുന്ന ഇന്നിന്റെ ചില പുത്രന്മാരെ പോലെ അയാൾ പറഞ്ഞു. എനിക്കറിയില്ല.

പിന്നെ കൂടെ നടന്ന എല്ലാവരും ഒറ്റക്കെട്ടായത് പെസഹാ രാത്രിയുടെ അന്നായിരുന്നു. അതിനു മുൻപ് വരെ അവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ആരാണ് വലിയവനെന്നും ആർക്കൊക്കെ എവിടെയൊക്കെ കസേരയിട്ട് ദൈവരാജ്യത്തിലിരിക്കണമെന്നൊക്ക തർക്കിച്ചിരുന്നവർ അന്ന് സ്വരക്ഷയെ പ്രതി മാത്രം ഗുരുവിനെ തനിച്ചാക്കാൻ ഒറ്റക്കെട്ടായി.  ഓടിയൊളിച്ചു. എന്നിട്ടും അവരെ തിരക്കി ക്രിസ്തു എത്തി. അവരോടു നിരുപാധികം ക്ഷമിച്ചു.

എന്നെ അനുഗമിക്കുക എന്ന് പറഞ്ഞ് തിരയിൽ നിന്നും തീരത്തേക്ക് വിളിച്ച ദൈവത്തെയും മൂന്നു വർഷത്തോളം രഹസ്യമായും പരസ്യമായും പഠിപ്പിച്ച ദൈവരാജ്യത്തിന്റെ നന്മകളെയും വിസ്മരിച്ച് വീണ്ടും തിരതള്ളുന്ന കടലിൽ, വഞ്ചിയിൽ, മത്സ്യത്തിൽ ആശ്രയം തേടിയപ്പോഴും ആഴത്തിൽ വലയിറക്കാൻ പറഞ്ഞ് അത്ഭുതങ്ങളുടെ പ്രാതൽ ഒരുക്കിയതും ക്ഷമയുടെ ഓർമ്മപ്പെടുത്തലായിരുന്നു. ഇങ്ങനെ പുലരികളും രാവുകളും അവൻ ക്ഷമയുടെ പാഠം പഠിപ്പിച്ചു കൊണ്ടേയിരുന്നു. ഈ ഗുരുവിനെ ഒരു വട്ടം മാത്രം ഹൃദയം കൊണ്ട് അനുഭവിക്കുകയാണെങ്കിൽ പിന്നെ നമുക്കാർക്കും നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കാതിരിക്കാൻ കഴിയുകയില്ല.

ക്ഷമിക്കുന്നവർക്ക് വലിയ മനസ്സുണ്ടെന്നു പറയാറുണ്ട്. കാരണം അവരുടെ മനസ്സിൽ സ്നേഹത്തിന്റെ അളവ് കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം. ധൂർത്ത പുത്രന്റെ ഉപമയിലെ അപ്പന്റെ ഹൃദയം തന്നെ വിട്ട് പോയ മകനെ നോക്കി കാത്തിരിക്കുന്നു. തന്നെക്കാളും തന്റെ സ്വത്ത് ഇഷ്ടപ്പെട്ട മകനോടു തന്റെ സ്വത്താണ് അവനെന്ന് പറയാൻ കാത്തിരിക്കുന്നു. വഴിയോരം കാത്തിരിക്കുന്ന ആ മനസ്സിൽ സ്നേഹം ക്ഷമയായി അവതരിക്കുന്നത് കൊണ്ടാണത്. ക്രിസ്തു പഠിപ്പിച്ച ഈ ഉപമയിൽ തന്റെ വാർദ്ധക്യത്തിൽ തന്നെ ഉപേക്ഷിച്ച മകനോടു ഒട്ടും കോപിക്കാത്ത ആ അപ്പന്റെ മനസ്സിന് ക്ഷമയെന്നല്ലാതെ, സ്നേഹമെന്നല്ലാതെ മറ്റ് ഏത് വിശേഷണമാണ് നൽകാൻ കഴിയുന്നത്? ഭൂമിയിലെ മനുഷ്യരായ പിതാക്കൾ ഇപ്രകാരം ചെയ്താൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ക്ഷമയാർന്ന സ്നേഹം ഊഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടാണ് പാപ്പാ, ദ്രോഹിക്കുന്നവരോടു പൊറുക്കാൻ പറയുന്നത്. പാപ്പാമാരുടെ ഏറ്റ് പറച്ചിലുകൾ പോലും നമ്മോടു അത് തന്നെയാണ് പഠിപ്പിക്കുന്നത്. ദൈവത്തെ പോലെ നമുക്ക് ക്ഷമിക്കാൻ കഴിയുകയില്ല. എന്നാൽ ദൈവത്തെ പ്രതി നമുക്ക് നമ്മെ വേദനിപ്പിച്ചവരോടു ക്ഷമിക്കാൻ കഴിയും. അപ്പോഴാണ് നാം ദൈവരാജ്യത്തിന്റെ പുത്രരെന്ന് വിളിക്കപ്പെടുന്നത്. ആ സ്നേഹത്തിന്റെ സാക്ഷികളാവുന്നത്. അതിന് നമുക്ക്  നമ്മെ തന്നെ വിട്ടു കൊടുക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2022, 10:31